Sikh Massacre

ഇവർ തന്നെ തങ്ങളെ മസബി സിഖുകാർ ആയി കാണുന്നില്ല. അവരെ മറ്റു സിഖുകാർ വളരെ താണ ജാതി ആയിട്ടാണ് കണക്കാക്കുന്നത്. ത്രിലോകപുരിയിലെ മക്കൻ ബായി എന്ന സ്ത്രീ ഈ ഭിന്നത വളരെ വ്യക്തമായി ചുരുക്കി പറഞ്ഞു “പഞ്ചാബി സിഖുകാർ സേഠുകൾ ആണ് ,ഞങ്ങൾ ലബന സിഖുകാർ തൊഴിലാളികളും. പാരമ്പര്യമായി ഞങ്ങൾ കട്ടിൽ നിർമ്മിക്കുന്ന വിഭാഗമാണ്”.പട്ടണത്തിലെ വ്യവസായികളായ പ്രബല സിഖ് വിഭാഗത്തെയും സ്വവിഭാഗത്തെയും ചൂണ്ടിയാണ് മക്കൻഭായിയുടെ ഈ പ്രതികരണം.

ലബന സിക്കുകാരിലും അന്യോന്യം താരതമ്യപ്പെടുത്തുമ്പോൾ നമുക്ക് വ്യത്യാസങ്ങൾ കാണാം. മെക്കാനിക്ക്, ഡ്രൈവർ തുടങ്ങിയ ജോലികളിൽ ഏർപ്പെട്ട സിഖ് കുടുംബങ്ങളുടെ ജീവിതരീതിയും പഴയ പരമ്പരാഗത ജോലികളിൽ ഏർപ്പെടുന്നവരുടെ ജീവിതരീതിയും തമ്മിൽ വ്യത്യാസങ്ങൾ കാണാം. ആ വിഭാഗത്തിനു നല്ലവീടുകളും അവശ്യം വീടുകളിൽ വേണ്ട ഉപകരണങ്ങളും ടിവിയും ഒക്കെക്കാണാം. പക്ഷേ ഇതിൽ സ്വന്തം വീടുകൾ പണിയാൻ കഴിയാത്ത വിഭാഗം മിക്കവരും കുടിലുകളിൽ ആണ് താമസം. അനധികൃതമായി അവർ കുടിലുകൾ സ്ഥാപിച്ചുകൊണ്ട് അവിടെ അവരുടെ അതിജീവനം നടത്തുന്നു. മിക്ക കുടിലുകളും പാർക്കിനുവേണ്ടി നിശ്ചയിച്ച സ്ഥലത്താണുള്ളത്.

ലബന സിക്കുകാർ ത്രിലോകപുരിയിലെ ക്ളസ്റ്റർ മുപ്പതിലും മുപ്പത്തിരണ്ടിലും കൂട്ടത്തോടെ താമസിക്കുന്നു. ചില കുടുംബങ്ങൾ അവിടെ ഇവിടെയായി മറ്റു പല വിഭാഗങ്ങളുടെ കൂടെ ജീവിക്കുന്നു. ലബനസിക്കുകാർക്ക് അവരുടേതായ ചെറിയ ഗുരുദ്വാരകൾ ഉണ്ട് ലബനസിക്കുകാരും പഞ്ചാബി രാഷ്ട്രീയവും തമ്മിലും യാതൊരു ബന്ധവുമില്ല. ഈ വിഭാഗം കൂടുതലും കോൺഗ്രസിനെ അനുകൂലിക്കുന്ന വിഭാഗമാണ്. അതുകൊണ്ടുതന്നെ തങ്ങൾക്കെതിരെ ഇങ്ങനെയൊരു ആക്രമണമുണ്ടാകുമെന്ന് ഈ വിഭാഗവും ഡൽഹിയിലെ സിഖ് ജനതയും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല പക്ഷേ അതു സംഭവിച്ചു.

ആദ്യ ചെറുത്തു നിൽപ്പ്

ത്രിലോക്പുരിയിൽ നിന്നുമാത്രം നാനൂറിൽ അധികം ആളുകൾ കൊല്ലപ്പെട്ടു. അതിൽ തന്നെ കൂടുതൽ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ലബന സിക്കുകാർ കൂട്ടത്തോടെ താമസിക്കുന്ന 2 ബ്ളോക്കുകളിൽനിന്നുമാണ്. ത്രിലോക്പുരി ബ്ളോക്ക്‌ മുപ്പതിൽ താമസിക്കുന്ന ഗുബർ സിംഗ് നവംബർ 1ലെ സംഭവങ്ങൾ വിവരിക്കുന്നത് ഇങ്ങനെയാണ് “ത്രിലോക്പുരിയിൽ ആദ്യം തീവച്ചു നശിപ്പിക്കപ്പെട്ട വീട് എന്റേതാണ്, ഞാൻ തുന്നൽ വേല ചെയ്യുന്നു. രാവിലെ കടകളിൽ പോയി തുണികൾ കൊണ്ടുവന്നു വീട്ടിൽ ഇരുന്ന് തുണികൾ തയ്ക്കുന്നു. ഒക്ടോബർ 31ന് ഞാൻ തുണികളുമായി വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ ശ്രീമതി ഇന്ദിരാഗാന്ധിയുടെ വധത്തെപ്പറ്റിക്കേട്ടു. വരുന്നവഴിയിൽ ആരും ഉപദ്രവിക്കുകയോ അപശബ്ദങ്ങൾ പുലമ്പുകയോ ചെയ്തില്ല. അതുകൊണ്ടുതന്നെ അടുത്ത ദിവസം ഇങ്ങനെ

ഒരാപത്ത് ഞങ്ങളെ കാത്തിരിക്കുന്നുവെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പക്ഷേ പിറ്റേന്നു രാവിലെ ഏകദേശം പത്തുമണിക്കടുത്ത് ഞങ്ങൾ ബഹളം കേട്ടു പുറത്തിറങ്ങി. ബഹളത്തിന്റെ കാരണം അന്വോഷിക്കാൻ വേണ്ടി വീടിന്റെ മേൽക്കൂരയിൽ കയറിയപ്പോൾ നോയിഡാ കോളനിയുടെ ഭാഗത്തുനിന്നും കടുത്തപുക ഉയരുന്നു. അതിന്റെ കൂടെ മനുഷ്യമാംസം കത്തുന്ന ഗന്ധം വരാൻ തുടങ്ങി. ഒരു ആൾക്കൂട്ടം വലിയ ഗുരുദ്വാരക്ക് തീയിട്ടു എന്ന് വിളിച്ചു പറയുന്നത് കേട്ടു.ഇനി ലബന സിഖ്‌ ഗുരുദ്വാര കത്തിക്കാൻ പോകുന്നു എന്നുംകേട്ടു. ഇത് കേട്ട ഞങ്ങൾ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി ഞങ്ങളുടെ ഗുരുദ്വാര സംരക്ഷിക്കാൻ വേണ്ടി പാഞ്ഞു. ഗുരുദ്വാര സംരക്ഷിക്കാൻ ഇറങ്ങിയപ്പോഴും ഞങ്ങൾ കരുതി ഇതു ചെറിയ അടിപിടികളിൽ ഒതുങ്ങുമെന്നും ഞങ്ങൾ ഈ ജനക്കൂട്ടത്തെ പിടിച്ചുനിർത്തുന്നതിന്റെ ഇടയിൽ പോലീസ് വന്ന് ഞങ്ങളെ സംരക്ഷിക്കുമെന്നും. പക്ഷേ ഇത് ഇത്രയും വഷളാവുമെന്ന് ഞങ്ങൾ കരുതിയതേ ഇല്ല.ത്രിലോക്‌ പുരിയിൽ ഇതിനു മുന്‍പ്‌ ഹിന്ദുക്കളും സിഖുകാരും തമ്മിൽ കലഹത്തിന്റെ അന്തരീക്ഷമേ ഉണ്ടായിരുന്നില്ല.”

ഞങ്ങളുടെ കൂട്ടത്തിലെ പലരും പ്രാണരക്ഷാർത്ഥം അടുത്തുള്ള വഴികളിൽ. അവസാനം ആ ബ്ളോക്കും ഗുരുദ്വാരയും സംരക്ഷിക്കാൻ ഞങ്ങൾ അഞ്ഞൂറോളം പേർ മാത്രം ബാക്കിയായി. അൻപതു പേരുവച്ചു ഞങ്ങൾ ഓരോ കവലകളിലും ഇരുപ്പറപ്പിച്ചു. പക്ഷേ അക്രമികൾ നാലായിരത്തിലധികം പേരുണ്ടായിരുന്നു. അവർ കൂട്ടത്തോടെ വന്നു ഗുരുദ്വാര ആക്രമിക്കാൻ തുടങ്ങി. ഞങ്ങൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അവർ അവരുടെ കൈയിൽ ഉണ്ടായിരുന്ന ലാത്തികൾ കൊണ്ടു തല്ലുകയും കല്ലേറു നടത്തുകയും ചെയ്തു. ഞങ്ങളും തിരിച്ചു കല്ലെറിഞ്ഞു പ്രതിരോധിക്കാൻ ശ്രമിച്ചു. എന്റെ കൈകൾ നോക്കൂ, കല്ലേറിൽ മുറിഞ്ഞതാണീ കൈപ്പത്തി. സാരമായ പരിക്കുകൾ പറ്റി, ചിലരുടെ തല പിളർന്നു. അക്രമികളുടെ എണ്ണം കൂടുതലായതുകൊണ്ട് അവർ ഞങ്ങളെ നിശ്ശേഷം അടിച്ചമർത്തി,അതുകൊണ്ടു തന്നെ പതുക്കെ ഞങ്ങൾക്കു പ്രതിരോധത്തിൽ നിന്നും പിൻമാറേണ്ടിവന്നു. അക്രമികൾ ഞങ്ങളുടെ വീടു ലക്ഷ്യമാക്കി അക്രമണം അഴിച്ചുവിടാൻ തുടങ്ങി. അവർ ഗുരുദ്വാരക്ക് തീവച്ചു. പ്രതിരോധിക്കാൻ വന്നവർ കൂട്ടം തെറ്റി പലരും വീണ്ടും വീണ്ടും അക്രമിക്കപ്പെട്ടു.

അവർ ഞങ്ങളുടെ വീട് അക്രമിക്കാൻ തുടങ്ങി, ഞങ്ങൾ രക്ഷപ്പെടാൻ വേണ്ടി ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. അവർഎല്ലാ വീടുകളും അക്രമിച്ചു അവിടെയുള്ള സാധന സാമഗ്രികളൊക്കെയും എടുത്തുകൊണ്ടുപോയി. ഇതൊക്കെ കണ്ട് നാല് പോലീസുകാർ അവിടെ ഉണ്ടായിരുന്നു. അവർ ഞങ്ങളോട് വാളുകൾ താഴെയിട്ട് തിരിച്ച് പോവാൻ പറഞ്ഞു ഒരു കുഴപ്പവും സംഭവിക്കില്ല എന്നു പറഞ്ഞു അതുംപറഞ്ഞ് പോലീസുകാർ ഞങ്ങളെ ആക്രമികളാൽ കൊല്ലപ്പെടാൻ വിട്ടുകൊടുത്തുകൊണ്ട് അവിടെ നിന്നും പോയി ”

ബ്ളോക്ക് മുപ്പത്തിരണ്ടിലെ സാജൻസിംഗ് പറയുന്നു. “അക്രമികളുടെ കയ്യിൽ മൂന്ന് തോക്കുകൾ ഉണ്ടായിരുന്നു. പോലീസ് സിഖുകാരോട് സമാധാനം പുനസ്ഥാപിക്കാം എന്ന ഉറപ്പ്‌ നല്‍കി വീട്ടിലേക്ക് തിരിച്ചുപോകുവാൻ പറഞ്ഞു.. ഞങ്ങൾ പോലീസിനെ വിശ്വസിച്ചു അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോയി. ഈ കാരണം കൊണ്ടാണ് ഞങ്ങളുടെ ആളുകളെ ആക്രമികൾക്ക് കൂട്ടമായി കൊലചെയ്യാൻ സാധിച്ചത്”. സാജൻസിംഗ് ഒരു എസ്എച്ച്ഒയെക്കുറിച്ച് പറഞ്ഞു ,ആ എസ്.എച്ച്.ഒ.അക്രമികളെ സജീവമായി പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ”നിങ്ങൾക്കാകെ മൂന്നു ദിവസങ്ങളാണ് ബാക്കി ഉള്ളത് നിങ്ങളുടെ ജോലി നന്നായി ചെയ്യുക. ഒരുത്തനെയെങ്കിലും ജീവനോടെ വെറുതെ വിട്ടാൽ എനിക്ക് പ്രശ്നമാണ്”. ഈ മേഖലയിലെ മറ്റുള്ളവരും ഇതേ മൊഴി നൽകിയതായി കാണാം.

കൂട്ടായി ഉള്ള പ്രതിരോധം തകര്‍ന്നതോടെ, അവർ വളരെ ദുര്‍ബലമായ അവസ്ഥയിലായിരുന്നു. ഓരോരുത്തരും സ്വജീവൻ രക്ഷിക്കാനായി ഒരു ഒളിസ്ഥലത്തിനായി പാഞ്ഞു.ഗുൽസാർസിംഗ് തുടരുന്നു “ഒന്നാം തീയ്യതി വൈകുന്നേരമായപ്പോഴേക്കും അക്രമികൾ തിരിച്ചുപോയി, നാളെ തിരിച്ചുവരുമെന്നും സ്ത്രീകളെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണിപ്പെടുത്തി ആണ് അക്രമികൾ തിരിച്ചു പോയത് .ഒന്നാം തീയ്യതി അനേകം പേർ മരിച്ചു വീണു. അര ഡസനോളം ആളുകൾ എന്റെ മുന്നിൽ തന്നെ പിടഞ്ഞു വീണു മരിച്ചു. അക്രമികൾ അവരെ ലാത്തികൊണ്ട്മർദ്ദിച്ചു. ഞങ്ങളുടെ കൃപാണ്‍(സിഖുകാരുടെ വിശ്വാസപ്രകാരം അരയിൽ സൂക്ഷിക്കുന്ന ചെറിയ കത്തിയാണ് കൃപാണ്‍)ഞങ്ങളുടെ കൈയ്യിൽ നിന്നും പിടിച്ചു പറിച്ചു അതുകൊണ്ടു പലരെയും കുത്തി. അവർ ഞങ്ങളുടെ വീട് കൊള്ളയടിക്കുമ്പോൾ എന്നെ പിടിച്ചു എന്റെ മുടി അവർ പാതി കത്തിക്കുകയും മുറിച്ചു കളയുകയും ചെയ്തു. അവർ കൂടുതൽ അക്രമം അഴിച്ചു വിടുന്നതിന് മുൻപ് ഞാൻ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു”.