Sikh Massacre

മിക്ക നിരീക്ഷകരും ഒരു കാര്യം സമ്മതിക്കുന്നു.ആക്രമണങ്ങൾ തുടങ്ങിയത്, ഒക്ടോബർ 31 നു പൊതുസ്ഥലങ്ങളിലോ,തെരുവുകളിലോ,ബസ്സുകളിൽ യാത്രചെയ്തുകൊണ്ടിരുന്നതോ ആയ സിഖുകാരെ മര്‍ദിച്ച ഒറ്റപ്പെട്ട സംഭവങ്ങളിലൂടെയാണെന്ന്.ഇന്ദിരാഗാന്ധി 2 സിഖു സുരക്ഷാഭടന്‍മാരാൽ കൊല്ലപ്പെട്ട ദേഷ്യത്തിലുള്ള യാദൃശ്ചിക പ്രതികരണമായി ഇതിനെ കരുതാമായിരുന്നു.പക്ഷേ അടുത്ത മൂന്നു ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ ഇത് യാദൃശ്ചികമായിരുന്നു എന്ന ധാരണ തള്ളിക്കളയുന്നു.

സിഖുകാരുടെ വീടുകള്‍ക്കും ഗുരുദ്വാരകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നേരെ നവംബർ ഒന്നിനു തുടങ്ങിയ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ശൈലി പരിശോധിച്ചാൽ മനസ്സില്ലാവും,ഈ ആക്രമണങ്ങൾ വളരെ അധികം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് എന്ന്.അവർ കൊള്ളക്കും കൊലക്കുമായി ഒരു വന്‍ജനക്കൂട്ടത്തെത്തന്നെ സംഘടിപ്പിച്ചിരുന്നു.

ഈ ആക്രമണങ്ങളെ സാമാന്യമായി മൂന്നായി തിരിക്കാം .

  1. മദ്ധ്യവര്‍ഗ്ഗ–ഉപരിമദ്ധ്യവര്‍ഗ്ഗ സിഖ് സമൂഹങ്ങൾ താമസിക്കുന്ന ലജ്പത് നഗർ,ജാംഗ്പുര,ഡിഫന്‍സ്‌ കോളനി ,ഫ്രന്റ്സ് കോളനി മഹാറാണി ബാഘ് , പട്ടേൽ നഗർ, സഫ്ദര്‍ജംഗ് എൻക്ളേവ്,പഞ്ചാബി ബാഘ് മുതലായ സ്ഥലങ്ങളിൽ നടന്ന കൊള്ളയും കൊലപാതകങ്ങളും. അവിടങ്ങളിലെ വീടുകൾ, ഗുരുദ്വാരകൾ , കടകൾ മുതലായവ വ്യാപകമായി കൊള്ളയടിക്കപെടുകയും കത്തിക്കുകയും ചെയ്തു . കൂടാതെ ബസ്സുകൾ , കാറുകൾ , ട്രക്കുകൾ ,സ്കൂട്ടറുകൾ മുതലായ വാഹനങ്ങൾ വ്യാപകമായ രീതിയിൽ തീവെച്ച് നശിപ്പിക്കപ്പെട്ടു . കുറച്ചു പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും മറ്റു ചിലർ കൊല്ലപ്പെടുകയും ചെയ്തു .പക്ഷെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു മദ്ധ്യവര്‍ഗ്ഗ കോളനികളിൽ കുറച്ചു ജീവനുകളേ നഷ്ടമായുള്ളു.
  2. നഗരത്തിനടുത്തുള്ള പുരധിവാസ കോളനികളിലും,ചേരികളിലും,ഗ്രാമങ്ങളിലും ആസൂത്രിതമായി നടന്ന കൂട്ടക്കൊലയും ബലാല്‍സംഗങ്ങളും അനുബന്ധമായി നടന്ന കൊള്ളയും കൊള്ളിവെയ്പും.ഏറ്റവും കൂടുതൽ കൊലകൾ നടന്നത് ത്രിലോക പുരി , കല്യാണ്‍ പുരി, മംഗോൾ പുരി , സുല്‍ത്താൻ പുരി , നന്ദ് നഗരി , പാലം ഗ്രാമം , ശകൂർ പൂർ , ഗംമറി എന്നി മേഖകളിലാണ്. വീടുകളുടെയും കുടിലുകളുടെയും നീണ്ട നിര തന്നെ തീ വെച്ച് നശിപ്പിക്കപെടുകയും പുരുഷന്‍മാരെയും കുട്ടികളെയും തല്ലിയോ കുത്തിയോ കൊല്ലുകയും ചിലരെ ജീവനോടെ ചുട്ടുകരിക്കുകയും സ്ത്രീകളെ കൂട്ടത്തോടെ മാനഭംഗപ്പെടുത്തുകയും ചിലരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഒരുപാടു പേരെ ഇപ്പോഴും കാണ്മാനില്ല.വീടുകളോടൊപ്പം ഗുരുദ്വാരകൾ മുഴുവനും അഗ്നിക്കിരയാക്കി.
  3. സിഖു പുരുഷന്‍മാരും ആണ്‍കുട്ടികളും തെരുവുകളിലും ചന്തകളിലും, ട്രെയിനുകളിലും ബസ്സുകളിലും ജോലിസ്ഥലത്ത്‌ വെച്ചും ക്രൂരമായി കൊലചെയ്യപ്പെട്ടു.കുറച്ചുപേരെ ജീവനോടെ കത്തിച്ചു.കുറേപ്പേർ ഓടുന്ന ട്രെയിനില്‍നിന്ന് വലിച്ചെറിയപ്പെട്ടു.കു റച്ചുപേർ ഗുരുതരമോ നിസ്സാരമോ ആയ പരിക്കുകളോടെ രക്ഷപെട്ടു. സിഖുകാരെപ്പോലെ തോന്നുന്ന എല്ലാവരും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായി.

മുകളിൽ പറഞ്ഞ നിരീക്ഷണങ്ങൾ കൂടുതലും, യമുനാ തീരത്തെ പല കോളനികളിൽ(പ്രധാനമായും ത്രിലോക് പുരി)നിന്നുള്ള കലാപബാധിതരായ സ്ത്രീകളുമായും പുരുഷന്‍മാരുമായും ഞങ്ങൾ നടത്തിയ, നിരവധി ടേപ്പ്‌ റെക്കോര്‍ഡ്‌ ചെയ്ത അഭിമുഖങ്ങളിൽ നിന്നാണ്. ഈ ഭാഗത്തെ ജനങ്ങൾ ആയിരുന്നു ഈ വംശഹത്യയുടെ കാലത്ത് ഏറ്റവും അധികം ദുരിതം അനുഭവിച്ചത് . ഇന്നും അവർ ഇതിന്റെ കരങ്ങളിൽ നിന്നും പുറത്തേക്കു വന്നിട്ടില്ല. മറ്റു ചില നിരീക്ഷണങ്ങൾ ലജ്പത് നഗറിലെ എന്റെ അയല്‍പക്കത്ത് ഞാൻ നേരിട്ട് കണ്ടതും എന്റെ അയല്‍വാസികളുമായും നഗരത്തിലെ മറ്റു മദ്ധ്യവര്‍ഗ്ഗകോളനികളിലെ സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തിൽ നിന്നുമാണ്.

ഏറ്റവും രൂക്ഷമായ ആക്രമണം ഏറ്റുവാങ്ങിയ സ്ഥലം

ത്രിലോക്‌ പുരി, അടിയന്തിരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ ചേരിനിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ വന്ന പുനരധിവാസ കോളനികളിലൊന്നാണ്.ഡല്‍ഹിയിലെ ചേരികളിൽ നിന്നും അനധികൃത കോളനികളിൽ നിന്നും ആയിരക്കണക്കിന് കുടുംബങ്ങളെ ബലമായി ഒഴിപ്പിച്ചു.അവരെ നഗരത്തിൽ നിന്നും മൈലുകൾ അകലെയുള്ള സ്ഥലങ്ങളിൽ പുനരധിവസിപ്പിച്ചു.എല്ലാ കുടുംബങ്ങള്‍ക്കും 225 ചതുരശ്ര അടി സ്ഥലവും ചിലര്‍ക്ക്‌ വീടു വെക്കാൻ വായ്പയും നല്‍കി.അങ്ങനെ ആ പാവങ്ങൾ അവിടെ താമസമുറപ്പിച്ചു.

ആ സമയത്ത്‌ പലരും നഗരത്തിലെ പാവപ്പെട്ട ചേരിനിവാസികളോടുള്ള ക്രൂരതയും അടിച്ചമര്‍ത്തലുമായി ഇതിനെ കണ്ടിരുന്നെങ്കിലും,കോണ്ഗ്രസ്സിന്(ഐ) ഈ പുരനരധിവാസ കേന്ദ്രങ്ങളൊക്കെയും അവരുടെ ശക്തികേന്ദ്രങ്ങളും വോട്ടുബാങ്കുകളുമായി മാറ്റാൻ കഴിഞ്ഞു.കാരണം ആ കുടുബങ്ങള്‍ക്കെല്ലാം പതുക്കെ പതുക്കെ തങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നു എന്ന തോന്നലുണ്ടായി. അനധികൃത ചേരിയിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിലൊരു വീടുമായി.ഞങ്ങൾ അഭിമുഖം നടത്തിയ ഭൂരിഭാഗം കലാപബാധിതരും ഇന്ദിരാഗാന്ധിയോടും അവരുടെ പാര്‍ട്ടിയോടും ഈ ഉപകാരത്തിന് നന്ദിപ്രകടിപ്പിച്ചിരുന്നു. എങ്കിലും ഈ സ്ഥലം ഡൽഹിയിൽ നിന്നും വളരെ അകലെ ആയതുകൊണ്ട്, പലരും തങ്ങൾക്ക് കിട്ടിയ സ്ഥലങ്ങൾ വിറ്റു മറ്റു ഭാഗങ്ങളിലേക്ക് നീങ്ങിയിരുന്നു. കാരണം വളരെ പാവപ്പെട്ട അവര്‍ക്ക്‌ നിത്യവൃത്തിക്കായി ദിവസവും നഗരത്തിൽ എത്തേണ്ടിയിരുന്നു.പല മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളും ഇവരുടെ വസ്തുക്കൾ വാങ്ങുകയുണ്ടായി .അതുകൊണ്ടു തന്നെ ഇന്ന് ഈ കോളനികളിൽ ഒരു സാമൂഹിക വ്യവസ്ഥയുടെ മഹത്തായ മിശ്രണം കാണാം.ഉദാഹരണമായി ത്രിലോക് പുരിയിൽ തന്നെ നമുക്ക്‌ ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും,ഹിന്ദുക്കളും, ക്രിസ്ത്യാനികളും സിഖുകാരും എല്ലാം വളരെ അടുപ്പത്തോടെ ജീവിക്കുന്നത് കാണാം.

ചെറിയ കടകൾ മുതൽ ബിസിനസ്സ് നടത്തുന്നവരും,വീട്ടു ജോലികൾ ചെയ്യുന്നവരും ചെറിയ സര്‍ക്കാർ ഉദ്യോഗങ്ങൾ ഉള്ളവരും റിക്ഷാ വലിക്കുന്നവരും ആട്ടോ റിക്ഷാ ഓടിക്കുന്നവരും വീടുതോറും സാധനങ്ങൾ കൊണ്ടു നടന്നു വില്‍ക്കുന്നവരും കരകൌശല വസ്തുക്കൾ ഉണ്ടാക്കുന്നവരും അങ്ങനെ വിവിധ തൊഴിലുകളിൽ ഏര്‍പ്പെടുന്നവരെ ഇവിടെ കാണാം.സാംസ്കാരികപരമായും ഭാഷാപരമായും ഭിന്നതകൾ ഉണ്ടായിട്ടും സാധാരണസമയങ്ങളിൽ അയല്‍ക്കാർ തമ്മിൽ വളരെ രമ്യതയോടെ സൗഹാര്‍ദ്ദപരമായി യാതൊരു വലിപ്പ വ്യത്യാസങ്ങളും ഇല്ലാതെ സഹകരിക്കുന്നത് കാണാം.

ത്രിലോക് പുരിയിലെ സിഖുകാരിലും നമുക്ക് വിഭിന്നതകൾ കാണാം. അവിടെയുള്ളവരിൽ ഭൂരിപക്ഷം വരുന്ന, പ്രത്യേകിച്ച്ച് കലാപത്തിൽ ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിച്ച സിഖുകാര്‍ ലബന സിഖുകാർ എന്ന് അറിയപ്പെടുന്നു.അവർ പഞ്ചാബി സിഖുകാർ അല്ല .ഈ സിഖു ജനത വിഭജനകാലത്ത് സിന്ധിലെ സിഖ്ലിഗർ എന്ന പ്രദേശത്ത് നിന്നും പാലായനം ചെയ്തുവന്നവരാണ്.ഈ കൂട്ടർ ഹിന്ദിയോ അല്ലെങ്കിൽ സിന്ധിലെ അവരുടെ തദ്ദേശീയ ഭാഷയോ ആണ് സംസാരിക്കുന്നത്.പഞ്ചാബി ഭാഷയുമായി ഈ ഭാഷക്ക് വളരെ അന്തരമുണ്ടു താനും. ഈ വിഭാഗത്തിന്റെ പരമ്പരാഗത തൊഴിൽ നെയ്ത്തും, നെല്ലു കുത്തലുമാണ്. ഇന്നും ഈ വിഭാഗത്തിൽ കുറച്ചു പേർ ഈ ജോലി ചെയ്യുന്നതായി കാണാം. ഭൂരിഭാഗംപേരും മറ്റു തൊഴിലുകളിലേക്ക് മാറിക്കഴിഞ്ഞു.ചിലർ ആട്ടോറിക്ഷാ ഓടിക്കുന്നു മറ്റു ചിലർ റിക്ഷാ വലിക്കുന്നു. ചിലർ റെയിൽവേ സ്റ്റേഷനിൽ പോര്ട്ടറായി ജോലി ചെയ്യുന്നു. ചിലർ മെക്കാനിക്കുകൾ ആയും, ആശാരി ആയും നിർമ്മാണ പ്രവൃത്തിയിലും മറ്റും ജോലി ചെയ്യുന്നതായും കാണാം. ചിലകുടുംബങ്ങളിലെ ആളുകൾ ഗൾഫിൽ ജോലി ചെയ്യുന്നു.