Sikh Massacre

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്ത്രീകൾ ഒഴിവാക്കപ്പെട്ടു

എല്ലാ കൊലപാതകങ്ങളുടെയും കൊള്ളയുടേയും കൊള്ളിവെയ്പിന്റെയും സംഘാടകർ പുരുഷന്മാരായിരുന്നു.എന്നാല്‍ ആദ്യത്തെ ആക്രമണത്തിനു ശേഷം സ്ത്രീകളും കുട്ടികളും തങ്ങള്‍ക്ക് കയ്യില്‍ കിട്ടുന്നതൊക്കെ കൈക്കലാക്കി ഈ കൊള്ളയില്‍ പങ്കുചേര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ഉദാഹരണമായി പഞ്ചാബി ബാഗില്‍ ,ജെ.ജെ കോളനിയില്‍ നിന്നും മദിപൂരില്‍ നിന്നുമുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും വന്ന് ഗുരുദ്വാരകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള കൊള്ളമുതലുകൾ പങ്കിട്ടെടുത്തു.എന്നാല്‍ ആക്രമണം നടത്തിയത്‌ പുരുഷന്മാർ മാത്രമായിരുന്നു.

പ്രതിരോധത്തിനും സമാധാനത്തിനും വേണ്ടിയുള്ള സംഘടിത ശ്രമങ്ങളില്‍ പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്.മിക്ക സ്ഥലത്തും സ്ത്രീകളെ അതില്‍ നിന്നെല്ലാം ഒഴിവാക്കിയിരുന്നു.ടി.വി.യില്‍ ചില സ്ത്രീകളുടെ അഭിമുഖത്തില്‍ രാത്രി മുഴുവന്‍ കാവല്‍ നിന്നവര്‍ക്ക്‌ ചായയുണ്ടാക്കി കൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്തിരുന്നത് എന്നു പറഞ്ഞിരുന്നു.

ഞാന്‍ താമസിച്ചിരുന്ന ലജ്പത് നഗറില്‍ ആദ്യശ്രമമെന്ന നിലയില്‍ ഞങ്ങളുടെ ബ്ളോക്കിലെ റസിഡന്റ്സ് അസോസിയേഷന്‍റെ ഒരു യോഗം വിളിച്ചിരുന്നു.എന്നാല്‍ അത് അത്ര കാര്യക്ഷമമായി നടന്നിരുന്ന അസോസിയേഷന്‍ ആയിരുന്നില്ല.വീട്ടില്‍ പുരുഷന്‍മാരുള്ള സ്ത്രീകളാരും അതില്‍ അംഗങ്ങളായിരുന്നില്ല.പ്രായപൂര്‍ത്തിയായ ആണ്‍മക്കളില്ലാത്ത വിധവകളോട് പോലും അംഗത്വഫീസ്‌ കൃത്യമായി വാങ്ങിയിരുന്നെങ്കിലും അവരാരും കമ്മിറ്റിയിലോ അതിന്റ പ്രവര്‍ത്തനങ്ങളിലോ താത്പര്യം കാണിച്ചിരുന്നില്ല.എന്റെ വീട്ടില്‍ പുരുഷന്‍മാർ ഇല്ലാത്തത്‌ കൊണ്ട് ഞാന്‍ അതില്‍ അംഗമായിരുന്നു.യോഗം വിളിക്കുകയാണെങ്കില്‍ എന്നെയും അറിയിക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്നെയോ മറ്റു സ്ത്രീകളെയോ ആലോചനായോഗത്തില്‍ പങ്കെടുപ്പിച്ചില്ല.പുരുഷന്മാർ പ്രതിരോധ പ്രവര്‍ത്തനം അവരുടെ ജോലിയായി മാത്രം കരുതി.ആക്രമണം ഉണ്ടാവുകയാണെങ്കില്‍ സ്ത്രീകൾ വീട്ടിനുള്ളിലേക്ക് ഓടുമെന്നു കരുതി.

രാത്രിയില്‍ യുവാക്കൾ തെരുവുകളില്‍ റോന്തു ചുറ്റി.വഴിയില്‍ കാണുന്ന സ്ത്രീകളെ ശകാരിച്ചു.അവരുടെ കൈകളില്‍ ലാത്തികളും ഇരുമ്പ്‌ കമ്പികളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു.അക്രമികളെയും ഈ രാത്രി കാവല്ക്കാരെയും ഒരുമിച്ചു കണ്ടാല്‍ വേര്‍തിരിച്ചറിയാന്‍ പോലും പ്രയാസമായിരുന്നു.ലജ്പത് നഗറിലും മറ്റ് ചില സ്ഥലങ്ങളിലും അകമികളാണ്‌ എന്ന് തെറ്റിദ്ധരിച്ച് ഈ കാവല്‍ സംഘങ്ങൾ പരസ്പരം ആക്രമിച്ച സംഭവങ്ങളും ഉണ്ടായി.

പല യുവാക്കളും തങ്ങൾ കണ്ട സിനിമയിലെ നായകന്‍മാരെപ്പോലെ ആകാനുള്ള അവസരമായാണ് ഇതിനെ കണ്ടത്.ചിലർ വ്യാജ മുന്നറിയിപ്പുകളും കിംവദന്തികളും പ്രചരിപ്പിക്കാനുള്ള നല്ല അവസരമായും കരുതി.ചെറിയ പ്രകോപനങ്ങള്‍ക്കും അല്ലെങ്കിൽ പ്രകോപനങ്ങൾ സങ്കല്‍പ്പിച്ച് യുവാക്കൾ വടികളുമായി റോഡിലൂടെ ഓടാന്‍ തുടങ്ങി .ഞങ്ങളുടെ പ്രദേശത്തെ യുവാക്കളുടെ ആക്രമണ സ്വഭാവവും അവരുടെ റോഡിലെ പ്രകടനങ്ങളും കണ്ടപ്പോൾ അത് ഇനി വേറൊരു കലാപത്തിനു വഴിമരുന്നിടുമോ എന്ന ഉത്കണ്ട എനിക്ക്‌ തോന്നിയിരുന്നു.

ഞങ്ങളുടെ പ്രദേശത്തെയും മിക്ക സ്ഥലങ്ങളിലേയും സ്ത്രീകളെല്ലാം അവരുടെ ഭര്‍ത്താവോ സഹോദരന്മാരോ മക്കളോ പുറത്ത്‌ നിന്നെത്തിക്കുന്ന കിംവദന്തികളുടെ പ്രചാരകരായിരുന്നു.പുരുഷന്‍മാരാരും തന്നെ സ്ത്രീകളെ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ പങ്കെടുപ്പിക്കാനോ ഒരു അടിയന്തിര ഘട്ടത്തിൽ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു സ്ത്രീകളുമായി കൂടിയാലോചന നടത്താനോ തയ്യാറായില്ല.അതേ സമയം തങ്ങളുടെ പുരുഷന്‍മാരുടെ ജീവന്‍ അപകടമുള്ളത് കൊണ്ട് വീടിനു പുറത്തുള്ള ജോലികൾ കൂടി സ്ത്രീകൾ ചെയ്യേണ്ടി വന്നു.എന്നാൽ മിക്ക വീടുകളിലും തീര്‍ച്ചയായും സ്ത്രീകളും ആപത്തിനെ എങ്ങനെ നേരിടാം എന്നുള്ള ആലോചനയിൽ പങ്കെടുത്തിരുന്നു.എന്നാൽ സാമൂഹ്യ തലത്തിൽ അങ്ങനെയൊരു കൂടിയാലോചന അനുവദിക്കപ്പെട്ടില്ല.

എന്നാൽ സ്ത്രീകൾ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.പ്രത്യേകിച്ചും ഡല്‍ഹി വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും ദുരിതാശ്വാസ സംഘങ്ങൾ രൂപീകരിക്കുന്നതിൽ സജീവമായിരുന്നു.എന്നാൽ ചില കോളേജ്‌ അധികാരികൾ ഈ വിദ്യാര്‍ത്ഥിനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചു.ഉദാഹരണമായി മിരണ്ടാ ഹൌസിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും സന്ദര്‍ശകര്‍ക്കും താമസക്കാരുടെ പുറത്തേക്കുള്ള പോക്കും വരവിനും കര്‍ക്കശമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി.അതുകൊണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക്‌ പുറത്തുപോയി ആശ്വാസ പ്രവര്‍ത്തനങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം കുറഞ്ഞു.ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്താലുള്ള അപകടങ്ങളെക്കുറിച്ച് പെണ്‍കുട്ടികളെ പലതവണ താക്കീത് നല്‍കി. ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന സമാധാന ജാഥയിൽ പങ്കെടുക്കുന്നതിൽ നിന്ന് യൂണിവേഴ്സ്റ്റി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ വിലക്കുകയും ചെയ്തു.

ഈ നാളുകളിലെ അനുഭവങ്ങളിൽ നിന്ന് ഉറപ്പാകുന്ന ഒരു സത്യം;സാഹചര്യങ്ങളേയും അനുഭവങ്ങളേക്കാളും ആളുകളുടെ മുന്‍വിധികളാണ് അവരുടെ ചിന്തയെ കൂടുതൽ സ്വാധീനിക്കുന്നത് എന്നതാണ്.ഉദാഹരണമായി സമുദായങ്ങൾ ആക്രമിക്കപ്പെട്ടപ്പോളെല്ലാം പുരുഷന്മാർ പൊതുവേ സ്വന്തം കുടുംബത്തെ പ്രതിരോധിക്കാന്‍ കഴിവില്ലാത്തവരായാണ് കാണപ്പെട്ടത്.മിക്ക സംഭവങ്ങളിലും സ്ത്രീകൾ മുന്നോട്ടുവന്ന് തങ്ങളുടെ വീടിനെയും മക്കളെയും ഭര്‍ത്താവിനെയും സംരക്ഷിക്കാനാണ് ശ്രമിച്ചത്.സമാനതരത്തിലുള്ള സംഭവങ്ങൾ പലസ്ഥലത്തും കാണാം.ആസാമിലും ബീഹാറിലെ ആദിവാസി പ്രസ്ഥാനങ്ങളിലും,വിഭജന കാലത്തും വിവിധ കലാപങ്ങളുടെ സമയത്തും എല്ല്ലാം.പുരുഷന്മാരാണ് സമുദായത്തിന്റെ സംരക്ഷകർ, സ്ത്രീകൾ അതിനു പ്രാപ്തിയില്ലാത്തവരാണ് എന്ന കെട്ടുകുഥ ഇതോടെ പൊളിഞ്ഞു വീഴുന്നു.

ഭരണകൂടത്തിന്റെ പങ്ക്

ഒരര്‍ത്ഥത്തിൽ അതത്ര അസാധാരണമായ സമയമായിരുന്നില്ല.സര്‍ക്കാർ സംവിധാനം മുഴുവൻ “ മുകളിലുള്ളവരുടെ ചവിട്ടും തള്ളും കിട്ടുന്നത് വരെ അനങ്ങുകയോ എന്തെന്കിലും ചെയ്യുകയോ ഇല്ലാ” എന്ന തങ്ങളുടെ സ്ഥിരം ആപ്തവാക്യത്തിൽ തന്നെ ഉറച്ചുനിന്നിരുന്നു.എന്തെങ്കിലും ചെയ്യുന്നത് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ അധികാരത്തിലുള്ളവരെ അസഹ്യപ്പെടുത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എൻ കെ സക്സേന ഇത് വളരെ ചുരുക്കി കൃത്യമായി പറഞ്ഞിട്ടുണ്ട്,(നവംബർ 25 ലെ ഏക്സ്പ്രസ് മാഗസിനിൽ ഇത് വന്നിരുന്നു)”എനിക്ക് യാതൊരു സംശയവുമില്ല,മിക്ക പോലീസുകാരും അപകടകരമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായത്, അവരുടെ കണക്കുകൂട്ടലിൽ ജോലിയിലുള്ള പരാജയത്തിനു ജോലി നഷ്ടപ്പെടുന്നത് വെറും ഒരു ശതമാനവും എന്നാൽ ജോലി ആത്മാര്‍ത്ഥമായി ചെയ്തതിന് അപമാനിക്കപ്പെടുന്നവർ അമ്പതു ശതമാനത്തിനു മുകളിലുമായിരുന്നു.ഇത്തരം നിഷ്ക്രിയത്വത്തിന്റെ ശ്രദ്ധേയമായ ഉദാഹരണം ആകാശവാണി ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത കൈകാര്യം ചെയ്ത രീതിയാണ്.അവരാണ് ഏറ്റവും അവസാനമായി ആ വാര്‍ത്ത അറിയിച്ചത്.ബി.ബി.സി പോലുള്ള വിദേശ റേഡിയോ നിലയങ്ങൾ നേരത്തെ തന്നെ വാര്‍ത്തയും വിവിധ ലോകനേതാക്കളുടെ അനുശോചന സന്ദേശങ്ങളും പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന സമയത്ത് ആകാശവാണി അവരുടെ പതിവ് സിനിമാ ഗാനപരിപാടി തന്നെ കേള്‍പ്പിച്ചുകൊണ്ടിരുന്നു.അത് ഇന്ത്യയിലെ സര്‍ക്കാർ ഉടമസ്ഥയിലുള്ള ഒരു മാദ്ധ്യമത്തിന്റെ വിശേഷ ലക്ഷണവും, മാനസിക വിധേയത്വത്തിന്റെയും അടിമത്വപരമായ മറച്ചുവെക്കലിന്റെയും സവിശേഷമായ പ്രകടനമായിരുന്നു.നഗരം കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോൾ പല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും,ഇന്ദിരാഗാന്ധിയുടെ ശരീരം കിടത്തിയിരുന്ന തീന്‍മൂര്‍ത്തി ഭവനിലായിരുന്നു.ശ്രീമതി ഗാന്ധിയുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ വരുന്ന വിദേശ നേതാക്കളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍.മറ്റുള്ളവർ കൊള്ളയും കൊലപാതകവും ബലാല്‍സംഗവും സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു.