Sikh Massacre

എന്നാല്‍ ഗ്രാമങ്ങളോടും പുനരധിവാസ കോളനികളോടും ചേര്‍ന്ന് കിടക്കുന്ന മധ്യ-ഉപരിവര്‍ഗ്ഗ കോളനികൾ പലതും ഗുരുതരമായി അക്രമങ്ങള്‍ക്ക്‌ ഇരയായി.സിഖു ഭവനങ്ങൾ തിരഞ്ഞുപിടിച്ചുള്ള കൊള്ള തങ്ങളുടെ വീടുകളിലേക്കും വ്യാപിക്കുമോ എന്ന് അവരെല്ലാം ഭയപ്പെട്ടു.അധോവര്‍ഗ്ഗത്തില്‍പ്പെട്ടവർ തങ്ങളുടെ വളര്‍ച്ചയില്‍ അസൂയയും വിദ്വേഷവുമുള്ളവരായിരുന്നെന്നും തങ്ങള്‍ക്ക് സാധാരണഗതിയില്‍ സ്വപ്നംകാണാന്‍ പോലും കഴിയാത്ത വസ്തുക്കൾ കൊള്ളചെയ്യാനുള്ള അവസരമായി അവർ ഇതിനെ കണ്ടുവെന്ന് പല സമ്പന്ന കോളനിവാസികളും എന്നോടു പറഞ്ഞു.

തൊട്ടടുത്ത വീടിനു തീവെച്ചാല്‍ അത് തന്റെ വീട്ടിലേക്കും വ്യപിക്കുമോ എന്ന ഭയമോ അല്ലെങ്കില്‍ അക്രമികൾ തന്റെ വീടും ആക്രമിക്കുമോ എന്ന ഭയമോ , കൂടുതല്‍ പേരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രേരിപ്പിച്ചു.വിഷമകരമായ കാര്യം എന്തെന്നാല്‍ അയല്‍വാസികൾ തന്നെ അക്രമികള്‍ക്ക് സിഖു ഭവനങ്ങൾ കാട്ടിക്കൊടുത്ത സംഭവങ്ങളും ഉണ്ടായിരുന്നു എന്നതാണ്.

ബാബര്‍പൂരിലെ ഒരു സ്‌ത്രീ പറയുന്നു,” എന്റെ വീട്ടിലേക്ക് അക്രമികളെ കൂട്ടിക്കൊണ്ടുവന്നത് പ്രദേശത്തെ റേഷന്‍ കടയുടമയാണ്.ഞങ്ങള്‍ക്ക്‌ നല്ലതുപോലെ അറിയാവുന്ന ആളായിരുന്നു അയാൾ.ഞങ്ങള്‍ക്ക്‌ അയാളുമായി എല്ലാക്കാലത്തും നല്ല ബന്ധവും ആയിരുന്നു.പക്ഷേ അയാളും സഹോദരനും ഞങ്ങളെ ഒറ്റിക്കൊടുത്തു.ഞങ്ങളുടെ സ്ഥലത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു കൊലയാളികൾ.ഒന്നാം തീയതി ഉച്ചസമയത്താണ് അവർ വന്നത്‌.എന്റെ മകന്‍ തലേന്നു രാത്രി തന്നെ മുടി മുറിച്ചിരുന്നു.അവന്‍ രാത്രി മുഴുവനും അയല്‍വാസികളോടൊപ്പം പ്രദേശത്ത് കാവല്‍ നിന്നിരുന്നു.അവന്‍ മുടിമുറിച്ചിരുന്നെങ്കിലും റേഷന്‍ കടക്കാരന്‍ അവനെ തിരിച്ചറിഞ്ഞു.അയാൾ അവനെ ചൂണ്ടിക്കൊണ്ട് “അവന്‍ സര്‍ദാർ ആണ്, കൊല്ലവനെ” എന്ന് ആക്രോശിച്ചു.അക്രമികൾ അവനെയും എന്റെ ഭര്‍ത്താവിനെയും മണ്ണെണ്ണയൊഴിച്ച് തീവെച്ചു കൊന്നു”.

മിക്ക സ്ഥലത്തും തൊട്ടടുത്ത അയല്‍വാസികളെല്ലാം സിഖുകാര്‍ക്ക് സഹായങ്ങൾ ചെയ്തിരുന്നു എന്നതും അവരാരും അക്രമത്തില്‍ പങ്കാളികളായില്ല എന്നതും സത്യമാണ്.അക്രമങ്ങളില്‍ പങ്കാളികളായ പ്രാദേശിക വാസികൾ മറ്റു ബ്ളോക്കുകളിലോ തെരുവുകളിലോ നിന്നുള്ളവരായിരുന്നു.

കിംവദന്തികളും ആയുധമാകുന്നു

അയല്‍ക്കാരും സുഹൃത്തുക്കളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന സമയത്ത്‌ അവരെ പിന്തിരിപ്പിക്കാന്‍ ക്രൂരമായ കിംവദന്തികൾ പ്രചരിപ്പിക്കാന്‍ തുടങ്ങി.ത്രിലോകപുരിയിലും മറ്റിടങ്ങളിലും, സിഖുകാര്‍ക്ക്‌ അഭയംകൊടുത്ത നിരവധി കുടുംബങ്ങൾ, സിഖുകാർ അവര്‍ക്ക്‌ അഭയം കൊടുത്ത വീട്ടുകാരെത്തന്നെ നിര്‍ദ്ദയം വധിച്ചു എന്നതരത്തിലുള്ള അവിശ്വസനീയവും അസ്വസ്ഥജനകവുമായ കഥകൾ തങ്ങൾ കേട്ടതായി എന്നോട് പറഞ്ഞു.അതുപോലെ സിഖുകാരന്റെ മുടിമുറിച്ചു കൊടുത്ത ഉപകാരത്തിനു പകരമായി ഒരുക്ഷുരകന്റെ കാതിലും വയറ്റിലും വാൾ കൊണ്ട് വെട്ടി എന്നായിരുന്നു വേറൊരു കഥ.ഇത്തരം കഥകൾ സമ്പന്നരുടെയും പാവപ്പെട്ടവരുടെയും ഇടയില്‍ ഒരുപോലെ പ്രചരിച്ചിരുന്നു.

ദൗര്‍ഭാഗ്യവശാല്‍ ഇത്തരം അപവാദപ്രചരണങ്ങൾ സിഖുകാർ കടുത്ത ആക്രമണങ്ങള്‍ക്ക് ഇരയായതിനു ശേഷവും തുടര്‍ന്നു. ഈ കൂട്ടക്കൊലക്കിടയിലും അതിനു ശേഷവും സിഖുകാർ പഞ്ചാബിലും മറ്റിടങ്ങളിലും എങ്ങനെ പ്രതികാരം ചെയ്യുന്നു, അല്ലെങ്കില്‍ പ്രതികാരത്തിന് തയ്യാറെടുക്കുന്നു എന്ന തരത്തിലുള്ള കിംവദന്തികൾ എല്ലായിടത്തും പ്രചരിച്ചിരുന്നു.വെള്ളത്തില്‍ വിഷം കലര്‍ത്തി,ട്രെയിനുകൾ നിറയെ കൊല്ലപെട്ട ഹിന്ദുക്കൾ ,അങ്ങനെ യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിഞ്ഞ കഥകൾ കാട്ടുതീ പോലെ ഡല്‍ഹി മുഴുവന്‍ പടര്‍ന്നു.പക്ഷെ സിഖുകാർ പ്രതികാരത്തിനു തയ്യാറെടുക്കുന്നു എന്ന തരത്ത്തിലുല്‍ കഥകൾ വരുത്തിവെച്ച നാശനഷ്ടങ്ങൾ വിവരണാതീതമായിരുന്നു

ഞങ്ങളുടെ സ്ഥലത്തിനടുത്തുള്ള ഒരു ഒരു വീട്ടിലെ വേലക്കാരി ഞങ്ങളോട് പറഞ്ഞത് ഹിന്ദുക്കൾ അപകടത്തിലാണ് അതുകൊണ്ട് കോളനിയിലേക്ക് പട്ടാളത്തിനെ വിളിക്കണമെന്നാണ്.കാരണം സമീപത്തെ ബാലാസാഹെബ് ഗുരുദ്വാരയില്‍ അഭയം തേടിയിട്ടുള്ള സിഖുകാർ തങ്ങളെ ആക്രമിക്കുമെന്ന് അവരെ ആരോ വിശ്വസിപ്പിച്ചിരുന്നു.

9000 സിഖുകാർ എല്ലാ തരത്തിലുള്ള ആയുധങ്ങളുമായി പ്രതികാരത്തിനു തയ്യാറെടുത്ത് ഗുരുദ്വാരയില്‍ സംഘടിച്ചിരിക്കുന്നു എന്ന തരത്തിലുള്ള കിംവദന്തി പരന്നിരുന്നു.യഥാര്‍ത്ഥത്തില്‍ വളരെ ദയനീയമായ സാഹചര്യത്തിലുള്ള 1500 പേരാണ്(കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു)ആ ഗുരുദ്വാരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടായിരുന്നത്.അതുപോലെ സിഖുകാർ വന്‍തോതില്‍ സംഘടിച്ചിരിക്കുന്നത് കൊണ്ട് ഗുരുദ്വാരകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിടണമെന്ന ആവശ്യവും ഇതേപോലെ വ്യാപിച്ചിരുന്നു.