Sikh Massacre

ഈ ദിവസങ്ങളിൽ ഭരണകൂടം സ്വയം നിഷ്ക്രിയരായപ്പോൾ ജനങ്ങൾ ജാതിമതഭേദമെന്യേ ഒരുമിക്കാൻ തീരുമാനിച്ചു.എന്നാൽ ഇത്തരം കമ്മിറ്റികൾ വളരെ ഫലപ്രദമായ രീതിയിൽ പ്രവര്‍ത്തിച്ചത് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള സംഘടിത സമുദായങ്ങൾ താമസിക്കുന്ന കോളനികളിലായിരുന്നു.എന്നാൽ വളരെ ദുഷ്കരമായ ചുറ്റുപാടിൽ ജീവിക്കാൻ വിധിക്കപ്പെട്ട പാവപ്പെട്ടവരുടെയും അസംഘടിത സമുദായങ്ങളുടെയും കോളനികളിൽ ആളുകൾക്ക് ഫലപ്രദമായ പ്രതിരോധം തീർക്കാൻ കഴിഞ്ഞില്ല.

എല്ലാ മേഖലകളിലും പക്ഷേ കുറച്ചുപരെങ്കിലും തങ്ങളുടെ അയൽപക്കക്കാരായ സിഖുകാരെ രക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഉദാഹരണത്തിന് ത്രിലോക്പുരിയിലെ സരീന്ദർകൗറും കുടുംബവും എങ്ങനെയാണ് രക്ഷപ്പെട്ടതെന്നു പരിശോധിക്കുമ്പോൾ നമുക്കിത് മനസ്സിലാവും. കൗർ തന്റെ മകനെ വീട്ടിൽ പൂട്ടിയിട്ടതിനു ശേഷം മകളോടൊപ്പം പുറത്തു വന്നു. അക്രമികൾ നൂറുകണക്കിന് കട്ടകൾ കൗറിന്റെ വീട്ടിലേക്കെറിഞ്ഞു. കൗറിന്റെ വീടു മുഴുവൻ നശിപ്പിച്ചു, എങ്കിലും അയൽക്കാരായ ഹിന്ദുക്കൾ അപകടസാധ്യത അവഗണിച്ചും ആ കുടുംബത്തെ രക്ഷിച്ചു. ആക്രമികൾ കൗറിന്റെ വീടിന്റെ വാതിൽ തല്ലിപ്പൊളിച്ച് അകത്തു കയറുന്നത് തടയാൻ അയല്‍ക്കാരൻ വാതിലിനു മുമ്പിൽ വന്നു തടസ്സം നില്‍ക്കുകയും ചെയ്തു.

സിഖുകാർ താരതമ്യേന കുറവായ സ്ഥലങ്ങളിൽ ആദ്യദിവസത്തെ അപ്രതീക്ഷിത ആക്രമണത്തിനു ശേഷം ഹിന്ദുക്കളും മുസ്ലീങ്ങളും സംഘടിച്ച് സിഖുകാരെ സംരക്ഷിച്ചു.പല സിഖുകുടുംബങ്ങളും തങ്ങളുടെ അയൽക്കാർ അവരുടെ ജീവൻ പണയം വെച്ചും തങ്ങളെ ആക്രമികളിൽ നിന്നൂം രക്ഷിച്ചെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. ത്രിലോക്പുരിയിൽ തന്നെ സിഖുകാർക്കു കൂടുതൽ അപായം സംഭവിച്ചത് സിഖുകാർ കൂട്ടം കൂട്ടമായി താമസിക്കുന്ന 30, 32 സെക്ടറുകളിലാണ്. സിഖുകാർ മറ്റു സമൂഹങ്ങളുടെ കൂടെ ഇഴുകിച്ചേർന്ന് താമസിക്കുന്ന സ്ഥലങ്ങളിൽ അപായത്തിന്റെ തോത് വളരെ കുറവായിരുന്നു.

ഷാഹദാര (Shahdara) യിലെ ഷാൻ കൗറിനെ രക്ഷിച്ചത് ഒരു മുസൽമാനായിരുന്നു. അദ്ദേഹം കൗറിനേയും കുടുംബത്തേയും സുരക്ഷിതമായ സ്ഥലത്തെത്തിച്ചു. ഷാക്കൂർപൂരിലെ (Shakurpur) ഹിന്ദുകുടുംബം മൂന്നു സിഖു കുടുംബങ്ങളെ തങ്ങളുടെ വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചു. അവരുടെ വേഷവിധാനങ്ങളിൽ മാറ്റം വരുത്തി അവിടെനിന്നും റിക്ഷകളിൽ കയറി രക്ഷപ്പെടാനുള്ള അവസരമൊരുക്കി. പല കേസുകളിലും ആണുങ്ങൾ കൊല്ലപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്ത അവസരങ്ങളിലും സ്ത്രീകളും കുട്ടികളും അവരുടെ അയൽപക്കത്തെ വീടുകളിൽ അഭയം തേടുകയാണുണ്ടായത്.

മദ്ധ്യവർഗ്ഗം താമസിക്കുന്ന യമുനാനദിക്കരികെ ഉള്ള സ്ഥലമായ ദിൽഷാദ് ഗാർഡനിലേക്ക് മാറിയ സിഖ് കുടുംബം പറയുന്നത്, ചുറ്റുപാടുകളിൽ കലാപവും തീവെയ്പും കൊലപാതകങ്ങളും നടന്നിട്ടും തങ്ങളെ അയൽപക്കത്തുള്ളവർ സംരക്ഷിച്ചു. ആവശ്യത്തിനു ഭക്ഷണവും പരിരക്ഷയും തന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും ഒരാവശ്യത്തിനും ഞങ്ങൾക്ക് പുറത്തിറങ്ങേണ്ടിവന്നിട്ടില്ല. ഡൽഹി പട്ടണം മുഴുവനും പാലിന്റെ ക്ഷാമം അനുഭവിക്കുന്ന സമയമായിട്ടും ഞങ്ങൾ അത് അറിഞ്ഞതേയില്ല. പല ഹിന്ദു കുടുംബങ്ങളും ഇതുപോലെ ഞങ്ങളുടെ അയൽപക്കക്കാരയ സിഖുകാരുടെ വിലയേറിയ സാധനങ്ങളായ കാറ്, പണം, ആഭരണങ്ങൾ, മുതലായവ സംരക്ഷിച്ചു.

തന്റെ അമ്മയുടെ അയൽക്കാരായ മുസ്ലിങ്ങൾ എങ്ങനെയാണ് തന്റേയും തന്റെ കുടുംബത്തേയും രക്ഷിച്ചതെന്ന് മഹീന്ദർ കൗർ ഞങ്ങളോടു പറഞ്ഞു. അവർ നന്ദ് നഗരിയിലാണ് താമസിച്ചിരുന്നതെങ്കിലും ആ ദിവസം തന്റെ ഭർത്താവിന്റേയും മൂന്നു മക്കളുടേയും കൂടെ യമുനാ വിഹാറിലെ സഹോദരന്റെ അടുത്തുപോയിരിക്കുകയായിരുന്നു. നവംബർ ഒന്നാം തീയതി രാവിലെ ഒൻപതുമണി ആയപ്പോഴേയ്ക്കും അക്രമികൾ സഹോദരന്റെ വീടിന്റെ പരിസരത്ത് എത്തി.ആ സമയത്ത് വീട്ടിൽ മൂന്നു പുരുഷന്‍മാരും രണ്ടു സ്ത്രീകളും അഞ്ചു കുട്ടികളുമുണ്ടായിരുന്നു. ഇവർ വീട് പൂട്ടിയിട്ട് അകത്ത് ഒളിച്ചിരുന്നു.. ഇവരെ സംരക്ഷിക്കുവാൻ വേണ്ടി അയൽപക്കക്കാർ ആക്രമികളോട് വീട്ടിൽ ആരും അവരൊക്കെയും കലാപം പേടിച്ചു രാത്രി തന്നെ സ്ഥലം വിട്ടെന്നും അക്രമികളോട് പറഞ്ഞു. ഇതുകേട്ട അക്രമികൾ ആ ശ്രമം ഉപേക്ഷിച്ചു അടുത്തുള്ള ഗുരുദ്വാര തീവെച്ചു. അതിനുശേഷം ചില സിഖ് ഗൃഹങ്ങൾക്കും തീവെച്ചു. അക്രമികൾ കുറച്ചു ദൂരത്തേയ്ക്ക് പോയപ്പോൾ അയൽക്കാരിൽ ചിലർ ഞങ്ങളോട് അവിടെ നിന്ന് വേഗം രക്ഷപ്പെടാൻ ആവശ്യപ്പെട്ടു. പക്ഷേ പുറത്തിറങ്ങാൻ ഞങ്ങൾക്ക് ഭയമായിരുന്നു. അക്രമികൾ അവരുടെ തേർവാഴ്ച തുടരുന്നുണ്ടായിരുന്നു. അയൽപക്കത്തുള്ളവർ എന്തായാലും ഞങ്ങളെ വീട്ടിൽ ഒളിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമായി. ഏകദേശം മൂന്നുമണി ആയപ്പോൾ കുറച്ച് മുസ്ലീം യുവാക്കൾ ഞങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്താനായി വന്നു. ഇവരൊക്കെയും മഹീന്ദറിന്റെ അമ്മയുടെ വീടിനടുത്തുള്ളവരായിരുന്നു. ശരിക്കു പറഞ്ഞാൽ മുസ്ലീം ഭൂരിപക്ഷം മേഖലയായ ജാഫ്റാബാദിൽ നിന്നും വന്നവരായിരുന്നു ഈ യുവാക്കൾ. കുറച്ചു പർദ്ദകളും ഇവർ കരുതിയിരുന്നു. മൂന്നു പുരുഷന്‍മാരും രണ്ട് ആൺകുട്ടികളും പർദ്ദ ധരിച്ചു. അതിനുശേഷം അവരെ ജാഫ്റാബാദിൽ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. ഇവരെയൊക്കെയും ദുരിതാശ്വാസ ക്യാമ്പുകൾ വരുന്നതുവരെ മുസ്ലീങ്ങൾ അവിടെ സംരക്ഷിച്ചു. ആ തക്കസമയത്ത് തന്നെ ഈ യുവാക്കൾ അവരെ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ എല്ലാം നാമാവശേഷമായേനെ. അഞ്ചുമണിയോടെ അക്രമികൾ വീണ്ടും തിരിച്ചുവന്നു. വീടിന്റെ മുഴുവൻ വാതിൽ പൊളിച്ചു അകത്തുകയറി വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കവരാൻ തുടങ്ങി. എങ്കിലും അയൽപക്കത്തുള്ളവരുടെ ചെറുത്തു നിൽപ്പിന്റെ ഫലമായി അക്രമികൾക്ക് ആ വീട് തീ വെക്കാൻ സാധിച്ചില്ല. മഹീന്ദർ കൗർ പറയുന്നത് ഇതേപോലെ അനവധി സിഖുകാരെ ജാഫ്റാബാദിലെ മുസ്ലീങ്ങൾ രക്ഷിച്ചുവെന്നാണ്.

സഹായംലഭിച്ചത്പര്യാപ്തമായിരുന്നില്ല.

പല സംഭവങ്ങളിലും അയൽപക്കത്തുള്ളവർ വലിയ അപായസാധ്യത ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. പല കുടുംബങ്ങളും സിക്കുകാർക്കു അഭയം നൽകിയെങ്കിലും ആക്രമികളുടെ എണ്ണം വർദ്ധിക്കുന്നത് കണ്ടു ഭയന്ന് സിക്കുകാരോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോവാൻ പറയുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും ആണുങ്ങളോട് ഇറങ്ങിപ്പോകാൻ പറയുന്ന അവസരം ഉണ്ടായിരുന്നു. കാരണം അവർ ഭയപ്പെട്ടിരുന്നു, സിക്കുകാരെ സംരക്ഷിച്ചതിന്റെ പേരിൽ തങ്ങളും ആക്രമിക്കപ്പെടുമോ എന്ന്. ശരിക്കു പറഞ്ഞാൽ ഈ പ്രവൃത്തി അവരെ മരണത്തിലേയ്ക്ക് തള്ളിവിടുന്നതിനു തുല്യമായിരുന്നു. കാരണമെന്തെന്നാൽ പുറത്തു ആക്രമികളുടെ എണ്ണം വളരെ കൂടുതലായതുകൊണ്ട് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടവർ രക്ഷപെടുക എന്നുള്ളത് അസാദ്ധ്യമായ കാര്യമായിരുന്നു.

ഇത്രയും അക്രമങ്ങൾ അഴിച്ചു വിട്ടതിനുശേഷവും ഇത്രയും സിഖുകാരെ വധിച്ചതിനുശേഷവും അക്രമികൾ ഒരു സിഖുകാരനെ പോലും വെറുതെ വിടരുത് എന്ന തീരുമാനത്തിലായിരുന്നു എന്നു തോന്നുന്നു. എന്തെന്നാൽ, അവർ വീണ്ടും വീണ്ടും മടങ്ങി വരികയും എല്ലാ വീടുകളിലും കയറി പരിശോധിക്കുകയും ഒരൊറ്റ സിഖ് ആൺതരി പോലും എവിടെയും ഒളിച്ചിരിക്കുന്നില്ല എന്നും ഉറപ്പ്‌ വരുത്തുകയും ചെയ്തിരുന്നു. ഒളിച്ചിരുന്നവരെ കണ്ടുപിടിച്ചാൽ ആ സന്ദർഭത്തിൽ തന്നെ അവരെ പച്ചയോടെ കത്തിക്കുമായിരുന്നു. ചില സമയത്ത് സിഖുകാരുടെ വീടിന്റെ മേൽക്കുര പൊളിച്ച് അകത്തു കയറി ഒരാൾ പോലും രക്ഷപെട്ടിട്ടില്ല എന്നു ഉറപ്പുവരുത്താനും ഈ അക്രമികൾ മടിച്ചില്ല. ഇത്രയും ഭയാനകമായ സന്ദർഭമായിട്ടും മറ്റുളള സമൂഹങ്ങളിലെ കുറേ ആളുകളെങ്കിലും സിഖുകാരെ രക്ഷിക്കാനായുളള ചെറുത്തുനിൽപ്പ് നടത്തി എന്നുളളതാണ് ഈ കറുത്ത ദിനങ്ങളിൽ ഉണ്ടായിരുന്ന ഒരേയൊരു ആശ്വാസം. എങ്കിലും ലഭിച്ച സഹായം വളരെ കുറവായിരുന്നു എന്നതിൽ സംശയമില്ല. പലരും രഹസ്യമായി തങ്ങളുടെ സിഖ്‌ അയല്‍ക്കാരെ ഒളിപ്പിക്കാനും രക്ഷപെടാനും സഹായിച്ചിരുന്നെങ്കിലും, ഹിന്ദുക്കളുടെയും മറ്റുള്ളവരുടെയും ഭാഗത്തു നിന്നും കൂട്ടായ ഒരു ശ്രമം ഉണ്ടായിരുന്നില്ല. അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ അക്രമികളെ തുരത്താൻ അവർക്ക് കഴിഞ്ഞേനെ.

വലിയ അക്രമി സംഘങ്ങളെ വരെ തുരത്തിയോടിക്കാൻ നിശ്ചയദാര്‍ഢ്യമുള്ള ചെറിയ കൂട്ടായ്മകൾക്കു സാധിച്ചിരുന്നു. ഉദാഹരണത്തിന്, കലാപത്തിന് തീപ്പൊരി വിതറിയ AIIMSൽ നിന്നും ഒരു ഫർലോംഗ് ദൂരത്തുള്ള യൂസഫ് സരായി മാർക്കറ്റിലെ ഹിന്ദുക്കൾ കൂട്ടായ ശ്രമത്തിലൂടെ സിഖുകാരുടെ കടകൾ സംരക്ഷിച്ചു. അക്രമികൾ വന്നു ഗുരുദ്വാരക്ക് തീ വെച്ചു. അടുത്ത നീക്കം അടുത്തുള്ള സിഖു കടകൾ തീവെക്കുകയും കവർച്ച നടത്തുകയുമായിരുന്നു. ഹിന്ദുക്കൾ ഈ കടയുടെ മുമ്പിൽ വന്നു കിടന്നു. എന്നിട്ട് അക്രമികളോട് തങ്ങളെ കൊന്നതിനുശേഷമേ ഈ കടകൾ നശിപ്പിക്കാനാവൂ എന്നു പറഞ്ഞു. അവസാനം അക്രമികൾക്കു പിൻവാങ്ങേണ്ടിവന്നതിനാൽ അവിടെ ഒരു കടപോലും കൊള്ളയടിക്കപ്പെടുകയോ കത്തിക്കപ്പെടുകയോ ചെയ്തിട്ടില്ല.