Sikh Massacre

ഡൽഹി സിറ്റിയിലെ എല്ലാ ഭാഗത്തും ഒരേപോലെ ഒരേ രീതിയിൽ അക്രമണപരമ്പര നടന്നു എന്നുള്ളതുതന്നെ ഇതൊരു പെട്ടെന്നുണ്ടായ വികാരപ്രക്ഷോഭമായിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയെ തെളിവാണ്. പട്ടണത്തിലെ വിവിധ ഭാഗങ്ങളിലെ ക്രൂരതയ്ക്ക് വിധേയരായവർ പറഞ്ഞത് അക്രമം തുടങ്ങിയത് ഒൻപതു മണിക്കും പത്തുമണിക്കും ഇടയിലെന്നാണ്. എല്ലാ അക്രമികളും കൈയ്യിൽ ലാത്തിയോ, കത്തിയോ, മണ്ണെണ്ണയോ കരുതിയിരുന്നു. ചില സ്ഥലങ്ങളിൽ കൈതോക്കുകൾ ഉപയോഗിച്ചതായും കാണാം. എല്ലായിടത്തും ആണുങ്ങളെ തിരഞ്ഞുപിടിച്ചു കൊല്ലുകയായിരുന്നു. ഏകദേശം ഒരേ രീതിയിൽ ഉള്ള കൊലപാതക രീതിയാണ് കൂട്ടക്കൊല നടന്ന മേഖലകളിലെല്ലാം അക്രമികൾ അവലംബിച്ചത്. ഇരയെ ലാത്തികൊണ്ടു മർദ്ദിച്ചു അവശനാക്കുകയോ കത്തി കൊണ്ടു കുത്തി മുറിവേൽപ്പിച്ചു അവശനാക്കുകയോ ചെയ്തതിനുശേഷം ദേഹത്തു മണ്ണെണ്ണയോ, ഡീസലോ, പെട്രോളോ ഒഴിച്ചു പച്ചയ്ക്ക് കത്തിക്കുകയായിരുന്നു ചെയ്തത്. വളരെ ചെറിയ തോതിൽ പൊള്ളലുകളോടെ രക്ഷപ്പെട്ട ഇരകളെ നമുക്ക് കാണാം.

ഒരു ദൃക്സാക്ഷിയുടെ മൊഴി നമുക്ക് ചില സംഭവവികാസങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി തരും. AIIMS ആശുപത്രി പരിസരത്തു നടന്ന സംഭവങ്ങൾ, നമുക്ക് ചില ഭയാനകമായ മുദ്രാവാക്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിതരും. “ഖൂൻ കാ ബദ്ലാ ഖൂൻ സേ ലേംഗേ” (ചോരയ്ക്ക് പകരം ചോര) എന്ന മുദ്രാവാക്യമായിരുന്നു ഡൽഹി മുഴുവനും അക്രമികൾ വിളിച്ചിരുന്നത്.“ഒക്ടോബർ ഒന്നിന് ഒന്നരമണിക്കും അഞ്ചു മണിക്കും ഇടയിൽ ഞാൻ AIIMS ഹോസ്പിറ്റലിന്റെ പുറത്തുണ്ടായിരുന്നു. രണ്ടു ട്രക്കുകളിൽ അടുത്ത ഗ്രാമത്തിലെ ആളുകളെ AIIMS ആശുപത്രിയുടെ പരിസരത്ത് കൊണ്ടുവന്നു. അവർ പതുക്കെ വണ്ടിയിൽ നിന്നും ശ്രദ്ധയോടെ ഒരു തിടുക്കവും കാണിക്കാതെ ഇറങ്ങി. അവർ ആജ്ഞ കാത്ത് നിൽക്കുന്ന പട്ടാളക്കാരെപ്പോലെ കാണപ്പെട്ടു.” ഈ ട്രക്കുകൾക്ക് പുറകെ മറ്റൊരു ട്രക്ക് വന്നു. അതിൽ നിറയെ ലാത്തികളും ഇരുമ്പുകമ്പികളുമായിരുന്നു. ആ ട്രക്കിൽ ഡ്രൈവറിനെ കൂടാതെ ഒരു ആളുപോലും ഉണ്ടായിരുന്നില്ല. ഏകദേശം മൂന്നുമണി ആയപ്പോൾ യമുന മേഖലയിലെ കോൺഗ്രസ്സിന്റെ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ എത്തി അവിടെ വന്ന ജനങ്ങളെ അഭിസംബോധന ചെയ്തു. പിന്നീടാണ് മനസ്സിലായത് ഈ വ്യക്തി ആയിരുന്നു യമുന മേഖലയിൽ കൊലപാതക പരമ്പരകൾ ആസൂത്രണം ചെയ്തത് എന്ന്. വളരെ വികാരതീവ്രമായ ഒരു പ്രസംഗം ആയാൾ നടത്തി. പ്രസംഗത്തിന്റെ ഇടയിൽ നാടകീയമായ രംഗങ്ങളും മുദ്യാവാക്യം മുഴക്കലും അരങ്ങേറി. അയാളായിരുന്നു ആദ്യം ഈ “ചോരയ്ക്ക് പകരം ചോര” എന്ന മുദ്രാവാക്യം വിളിച്ചത്. അതിനുശേഷം ഈ മുദ്രാവാക്യം പ്രസിദ്ധി ആർജ്ജിച്ചു. ഇവരുടെ ആദ്യ ഇര വിനയ് നഗർ പോലീസ് സ്റ്റേഷനിലെ എസ്.എച് .ഓ. (സ്റ്റേഷന്‍ ഹൗസ് ഓഫീസർ) ആയ സിഖുകാരൻ ആയിരുന്നു. അദ്ദേഹം തന്റെ ബൈക്കിൽ ആണ് വന്നത്. അയാളെ കമ്പികൾ കൊണ്ട്ആളുകൾ ആക്രമിച്ചു എങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അയാളെ രക്ഷിച്ചു. എന്റെ അഭിപ്രായത്തിൽ ഇതായിരുന്നു സിഖുകാർക്ക് എതിരെ ഡൽഹിയിൽ നടന്ന ആദ്യ അക്രമവും അത് തുടങ്ങിയത് ആ കോണ്ഗ്രസ് നേതാവിന്റെ ആജ്ഞയിലും. അവിടെ കൂടിയിരുന്ന ജനക്കൂട്ടം ഉടനെ അവിടെ നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്ക്‌ നീങ്ങി. നവരോജി നഗർ (Navaroji Nagar) ഐ.എൻ. എ മാർക്കറ്റ് (INA Market), യൂസഫ് സരായി (Yusuf Sarai), സൗത്ത്‌ എക്സ്റ്റന്‍ഷന്‍(south extension) അങ്ങനെ വിവിധ ദിശകളിലേക്ക് അക്രമികൾ നീങ്ങി. സിഖുകൾ ഓടിച്ചിരുന്ന വാഹനങ്ങൾ എല്ലാം അക്രമികൾ തടഞ്ഞുവെച്ചു. അവർ സിഖുകാരെ മർദ്ദിക്കുകയും വാഹനത്തിന് തീ വെക്കുകയും ചെയ്തു. ചില സിഖുകാരെ കത്തിച്ചുകൊന്നു. ഈ മേഖലയിലെ സിഖുകാരുടെ കടകൾ മുഴുവന്‍ കൊള്ളയടിക്കുകയും തീ വെക്കുകയും ചെയ്തു.”

പത്രമാധ്യമങ്ങളിൽ വന്ന ഭൂരിപക്ഷം അന്വേഷണാത്മക റിപ്പോർട്ടുകളിൽ നിന്നും ഇരകളുടെ മൊഴികളിൽ നിന്നും കോൺഗ്രസ്സ് (ഐ)യുടെ ഉന്നതനേതാക്കന്മാരാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് എന്നു വ്യക്തമായി മനസ്സിലാക്കാം. ഈ നേതാക്കന്മാർ അവരവരുടെ മണ്ഡലങ്ങളിൽനിന്നും സാമൂഹ്യവിരുദ്ധരെ ഒരുമിച്ചു കൊണ്ടുവന്നു ഈ കലാപത്തിൽ ഉപയോഗിച്ചു. ഈ സംഘങ്ങള്‍ക്ക് സ്ഥിരമായി കോൺഗ്രസ്സിന്റെ പരിലാളനം ലഭിച്ചുപോന്നിരുന്നു. ഈ കൂട്ടക്കൊല സമയത്ത് ആ സാമൂഹ്യ വിരുദ്ധരെ കോൺഗ്രസ്സ് സിഖുകാരെ വധിക്കാനും, ബലാൽസംഗം ചെയ്യാനും കൊള്ളയടിക്കാനും ഉപയോഗിച്ചു. മാത്രമല്ല, ഈ തെമ്മാടികളെ ആരും ഒരുവിധത്തിലും ഉപദ്രവിക്കില്ലെന്നും ഉറപ്പുനല്‍കി.ഡല്‍ഹിയിലെ ജനനിബിഡമായ പുനരധിവാസ കോളനികളും ഡല്‍ഹിയോട്‌ ചേര്‍ന്നു കിടക്കുന്ന യു.പി.യിലെയും ഹരിയാനയിലെയും അതിര്‍ത്തി ഗ്രാമങ്ങളും കഴിഞ്ഞ ഒരു ദശകമായി കോണ്ഗ്രസ്സിന്റെ(ഐ) ശക്തികേന്ദ്രങ്ങളും വോട്ടുബാങ്കുകളുമായി അതീവവൈദഗ്ധ്യത്തോടെ വളര്‍ത്തിയെടുത്തിരുന്നു.ഈ മേഖലകളിൽ നിന്നാണ് കോൺഗ്രസ്സ് റാലികള്‍ക്കുവേണ്ടി വേണ്ടി ട്രക്കുകളിൽ നിറച്ച് ആളുകളെ എത്തിക്കുന്നത്.ഈ ജാഥത്തൊഴിലാളികള്‍ ഭരിക്കുന്ന പാർട്ടിയുടെ ചട്ടകമായി പ്രവർത്തിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് എല്ലായ്പ്പോഴും. ഗുണ്ടാനേതാക്കൾ പാർട്ടിയുടെ ചിലവിൽ ആണ് ജീവിക്കുന്നത്. അവർക്ക് നിശ്ചിത തുക എല്ലാമാസവും ലഭിക്കുന്നു. അതുകൊണ്ടാണ് കോൺഗ്രസ്സ് (ഐ) നേതാക്കള്‍ക്ക് കുറച്ചു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് തെമ്മാടികളെ ഈ ക്രൂരതകൾക്ക് വേണ്ടിസജ്ജീകരിക്കാൻ കഴിഞ്ഞത്. ഈ ക്രൂരതകളിൽ സജീവമായി പങ്കെടുത്തതിൽ മിക്കവരും പ്രായം കുറഞ്ഞ ചെറുപ്പക്കാരോ കൌമാരം കടക്കാത്ത പയ്യന്മാരോ ആയിരുന്നു. ഈ വിഭാഗത്തെ ഇതുപോലുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാൻ വളരെ പെട്ടെന്നു സാധിക്കും.

ജാട്ടുകളും ഗുജ്ജറുകളും, പട്ടികജാതിക്കാരും, പാവപ്പെട്ട മുസ്ലീങ്ങളും ആണ് അക്രമികളിൽ മിക്കവരും എന്നത് പല റിപ്പോർട്ടുകളിലും സൂചിപ്പിച്ചിരുന്ന പ്രധാനപ്പെട്ട കാര്യമാണ്. ഈ സമാന ഘടന ഡൽഹിയിലെ കിലോമീറ്ററുകള്‍ അകലെയുള്ള വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പല ഇരകളും കോൺഗ്രസ്സ് (ഐ) അക്രമികൾക്ക് വോട്ടേഴ്സ് ലിസ്റ്റും റേഷൻ കടകളിൽ നിന്നുള്ള ലിസ്റ്റും കൊടുത്തിട്ടുണ്ടായിരുന്നു എന്ന് ആരോപിക്കുന്നു. ഇതുവഴി സിഖുകാരുടെ സ്ഥലങ്ങൾ മനസ്സിലാവാനും കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം മനസ്സിലാക്കാനും വേണ്ടിയാണ് ഇതു നൽകിയതെന്ന് ഇരകളിൽ ചിലർ പറയുന്നു. സിഖുകാരുടെ കടകളും വീടുകളും എവിടെയൊക്കെ ഉണ്ടെന്നും ഏതൊക്കെ ഹിന്ദു വീടുകളിൽ സിഖുകാർ വാടകക്കാരായി നിൽക്കുന്നുവെന്നും ഏതൊക്കെ സിഖ് വീടുകളിൽ ഹിന്ദുക്കൾ വാടകക്കാരായി നിൽക്കുന്നുവെന്നുമുള്ള പൂർണ്ണ അറിവ് അക്രമികൾക്കുണ്ടായിരുന്നു. ഇത്രയും പരിപൂർണ്ണമായ പദ്ധതിയോടു കൂടിയാണ് അക്രമികൾ അക്രമം അഴിച്ചുവിട്ടത്. സിഖുകാർ ഹിന്ദുക്കളുടെ വീടുകളിൽ താമസിക്കുന്ന വീടുകൾ ഒരു പ്രത്യേക രീതിയിൽ ആണ് അക്രമികൾ ആക്രമിച്ചത്. വീടുകൾ കത്തിക്കുന്നതിനു പകരം സിഖുകാരെ പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുവന്നു കത്തിക്കുകയാണ് ചെയ്തത്. സിഖുകാരുടെ മാത്രം സാധനങ്ങൾ അവരുടെ വാടക വീടുകളിൽ നിന്ന് കൊള്ളയടിക്കുകയും ചെയ്തു.

പല വാർത്താമാധ്യമങ്ങളും കലാപത്തിന്റെ ആസൂത്രകരായി പല പ്രധാന കോണ്ഗ്രസ് നേതാക്കളുടെയും പേരെടുത്ത് പറഞ്ഞിരുന്നു.

PUCL – PUDR ന്റെ അന്വേഷണ റിപ്പോർട്ടിൽ (“അരാണ് തെറ്റുകാർ”) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എച്ച്.കെ.എൽ. ഭഗത്ത്,കൂടാതെ മംഗോള്‍പുരി (Mangolpuri)യിലെ എം.പി. ആയിരുന്ന സജ്ജൻ കുമാർ, അക്രമികൾക്കെല്ലാം 100 രൂപയും ഒരു കുപ്പി മദ്യവും വീതം കൊടുത്തുവെന്നു പറയപ്പെടുന്നു. ഇതുപോലെ തന്നെ ലളിത് മാക്കനും (കോൺഗ്രസ്സിന്റെ തൊഴിലാളി യൂണിയൻ നേതാവും കൗൺസിലറും) അക്രമികൾക്ക് 100 രൂപയും ഓരോ കുപ്പി മദ്യവും നൽകിയെന്നും കലാപത്തിൽ വളരെ സജീവമായി പങ്കെടുത്തുകൊണ്ട് അക്രമികളെ പ്രചോദിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കരോൾ ബാഗിലെ എം.പി. ധരംദാസ് ശാസ്ത്രി, സദര്‍ മണ്ഡലത്തിലെ എം.പി. ജഗദീഷ്‌ ടൈറ്റ്ലർ, മുനിസിപ്പൽ കോർപ്പറേഷൻ അംഗം ഡോ. അശോക് കുമാർ, മറ്റൊരു അംഗം ജഗദീഷ് ചന്ദ്ര തോകാസ്, കോർപ്പറേഷൻ അംഗം ഈശ്വർ സിംഗ്, ഫൈസ് മുഹമ്മദ് കോൺഗ്രസ്സ് യൂത്ത് നേതാവ് ,സത്ബീർസിംഗ് (ജാട്ട്)യൂത്ത് കോൺഗ്രസ്സ് നേതാവ്, കോൺഗ്രസിന്റെ പ്രാദേശിക നേതാക്കന്മാരും കോൺഗ്രസ്സിന്റെ തെമ്മാടികളും ഗു­കളുമാണ് കൂട്ടക്കൊല നിയന്ത്രിച്ചിരുന്നത്. നവറോജി മാർക്കറ്റിൽ, യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിയായ പ്രവീൺ ശർമ്മ ഒരു സിഖു കടയുടെ മുമ്പിൽ നിന്നുകൊണ്ട് അക്രമികളെ കട തല്ലിപ്പൊളിക്കുവാനും കൊള്ളയടിക്കുവാനും ആഹ്വാനം ചെയ്യുന്നത് കണ്ടവരുണ്ട്. അടുത്ത കുടിലുകളിൽ താമസിക്കുന്ന ചെറിയ കുട്ടികളോട് ഷോപ്പിലുള്ള സാധനങ്ങൽ എടുത്തുകൊണ്ടുപോകാൻ പ്രവീൺ ശർമ്മ ആവശ്യപ്പെട്ടു. വിതരണം ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്നു. ശരിക്കു പറഞ്ഞാൽ ഇതാണ് കോൺഗ്രസ്സിന്റെ സോഷ്യലിസം നടപ്പിലാക്കുന്ന വഴി. ‘ഗരീബി ഹഠാവോ പ്രവര്‍ത്തനം (പട്ടിണിയില്ലാതാക്കൽ) എന്നു ഞ്നാനസ്നാനം ചെയ്യപ്പെട്ട കൊള്ളയടിയിൽ പങ്കെടുക്കുവാൻ തങ്ങളെയും ക്ഷണിച്ചതായി ത്രിലോകപുരിയിലെ താമസക്കാര്‍ പലരും പറഞ്ഞിട്ടുണ്ട്..

ഈ നാലു ദിവസവും ഭരണകക്ഷിയിലെ അതികായന്‍മാര്‍ ഇന്ദിരാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ തെരഞ്ഞെടുത്ത രീതി വളരെ നിര്‍ലജ്ജവും അധ:പതിച്ചതുമായിരുന്നു.ഒരു ദേശീയ പാര്‍ട്ടിയുടെ പ്രധാന നേതാക്കന്‍മാര്‍ വെറും ഗുണ്ടാ നേതാക്കന്‍മാരായി മാറി.ഇത് ശരിക്കും ഒരു ഗുണ്ടാത്തലവന്‍ മറ്റൊരു ഗുണ്ടാഗ്രൂപ്പിനാൽ കൊല്ലപ്പെട്ടതിന്റെ പ്രതികാരം തീർക്കുന്നത് പോലെയായിരുന്നു.ഇവിടെ എതിര്‍ഗ്രൂപ്പിന്റെ സ്ഥാനത്ത് ആരുമില്ലാത്തത് കൊണ്ട് അവര്‍ നീണ്ട താടിയും മുടിയും ഉള്ള സിഖുകാരെ എതിരാളികളായി കണ്ടു. അവരെ തങ്ങളുടെ ഗുണ്ടാരാജിന് ഭീഷണിയായി കണ്ടു.അതുകൊണ്ടു തന്നെ എതിരാളിയെ ഭയപ്പെടുത്തി ശക്തി തെളിയിക്കുവാന്‍ അവര്‍ തീരുമാനിച്ചു.പ്രധാന കോണ്ഗ്രസ് നേതാക്കളുടെ ഇത്ര സജീവമായ ഇടപെടലിനു കാരണമായി പറയപ്പെടുന്നത് കോൺഗ്രസ്സ് “തങ്ങളുടെ ശക്തി പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്താണത്രേ.”

പ്രതിരോധശ്രമങ്ങളുംഅയൽപക്കക്കാരുടെസഹായങ്ങളും

ഈ കറുത്ത ദിനങ്ങളിലും പ്രത്യേകമായി എടുത്തുപറയേ­ കാര്യമാണ് മിക്ക കോളനികളിലും മാർക്കറ്റ് മേഖലകളിലും നടന്ന പ്രതിരോധ പ്രവർത്തനങ്ങളും ശാന്തിക്ക് വേണ്ടിയുള്ള കമ്മിറ്റികളുടെ നിർമ്മാണവും. പല കോളനികളിലും ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും സംയുക്തമായി തങ്ങളുടെ അയാള്‍ക്കാരെ പുറത്തു നിന്നു വന്ന അക്രമികളിൽ നിന്നും പ്രതിരോധിച്ചു.പ്രശ്നക്കരെയെല്ലാം തുരത്തുകയും പ്രദേശത്തേക്ക് അക്രമിസംഘങ്ങളെ കടത്തിവിടാതെ ശക്തമായി പ്രതിരോധിക്കുകയും ചെയ്തു.തെരുവുകളിൽ ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് രാത്രി മുഴുവൻ അവർ അയല്‍വീടുകള്‍ക്ക്‌ കാവൽ നിന്നു.