1 – നരേന്ദ്ര മോഡി – ഗുജറാത്തി ന്യൂനപക്ഷത്തിന്റെ കണ്ണിലൂടെ

സഫര്‍ സരേഷ് വാല

സഫര്‍ സരേഷ് വാല

2002ലെ കലാപശേഷം മോഡിക്കെതിരായി ആഗോളതലപ്രചരണം നടത്തിയയാളാണ് ഗുജറാത്തി മുസ്ലീമായ സഫര്‍ സരേഷ്‌വാല. പക്ഷേ അന്താരാഷ്ട്രനീതിന്യായ കോടതിയില്‍ നല്‍കിയ ആ പരാതിയിലൂടെ പെട്ടെന്ന് പ്രശസ്തനായ അദ്ദേഹം വളരെപ്പെട്ടെന്ന് ആ തീരുമാനം പിന്‍വലിച്ചു. 2002ലെ കലാപത്തില്‍ സ്വകുടുംബത്തിനു ഭാരിച്ച നഷ്ടമുണ്ടായിട്ടും ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ വെറുപ്പിന് പാത്രമായ മോഡിക്കെതിരെ നീങ്ങാനുള്ള ആര്‍ജ്ജവം സഫറിനുണ്ടായിരുന്നു. കലാപത്തില്‍ അവരുടെ ഫാക്ടറി പൂര്‍ണ്ണമായും നശിച്ചിരുന്നു. സഫരിന്‍റെ കുടുംബത്തിന് 1960, 1970, 1980, 1990 കാലഘട്ടങ്ങളിലെ മിക്ക കലാപങ്ങളിലും തത്തുല്യമായ നാശനഷ്ടം സഹിക്കെണ്ടിവന്നിരുന്നു. എല്ലാ തവണയും ഫാക്ടറി ഭസ്മീകരിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തിരുന്നു.

കേസ്‌ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക വഴി രാഷ്ട്രീയമായി “അക്ഷന്തവ്യമായ അപരാധം” ചെയ്തുപോയ സഫര്‍ അതിനു കനത്തവില നല്‍കേണ്ടി വന്നു. സ്വസമുദായം തന്നെ അദ്ദേഹത്തെ ആക്രമിക്കാന്‍ മുന്നില്‍ നിന്നു. സമുദായത്തെ വിലയ്ക്ക് വിറ്റവന്‍ എന്നായിരുന്നു മാധ്യമപരിഹാസം,. നായകവേഷത്തില്‍ നിന്നും പ്രതിനായകവേഷത്തിലേക്കുള്ള ഈ പരിവേഷം സഫറിനു ചാര്‍ത്തിക്കൊടുത്തതും ഒരിക്കല്‍ അയാളെ പിന്താങ്ങിയവരായിരുന്നു. ഗുജറാത്തിനെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചകളില്‍ സഫറിനെ ഞാന്‍ കുറച്ചൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും അയാളുടെ വാചകം മുഴുമിക്കാന്‍ അവതാരകര്‍ അനുവദിച്ചുകണ്ടിട്ടേയില്ല. മോഡിവിരുദ്ധപ്രചാരണത്തിന് മിഴിവുകൂട്ടാന്‍ വേണ്ടിയാണ് സഫറിനെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുന്നത് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.

സഫറിനെ ഞാന്‍ ആദ്യമായി നേരിട്ട് കാണുന്നത് 2013 ജനുവരിയില്‍ അഹമ്മദാബാദില്‍ നടന്ന ഗുജറാത്ത്‌ സമ്മിറ്റിനിടെയാണ്. ഗുജറാത്ത്‌ വികസനം പൊള്ളയാണെന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാനാണ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചത്‌. പക്ഷേ നേരിട്ട് സംസാരിച്ചതോടെ ഞെട്ടിക്കുന്ന പലതും ഞാന്‍ കേട്ടു. മോഡിക്കെതിരെ അന്താരാഷ്‌ട്രതലത്തില്‍ പ്രചരണം ആരംഭിച്ച വ്യക്തിയില്‍ നിന്നും ഞാന്‍ കേള്‍ക്കുമെന്ന് ധരിച്ചതൊന്നുമല്ല കേട്ടത് ! മോഡിവിരുദ്ധരില്‍ ഒരാള്‍ പോലും ഇന്നേവരെ അദ്ദേഹവുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നു എനിക്ക് അപ്പോള്‍ത്തന്നെ ബോദ്ധ്യമായി. സഫറുമായുള്ള റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട വീഡിയോ സംഭാഷണങ്ങള്‍ മണിക്കൂറുകളോളം ദൈര്‍ഘ്യമുള്ളതാണ്. അഹമ്മദാബാദില്‍ വച്ച് രണ്ടുതവണ, മുംബൈയിലും ഡല്‍ഹിയിലും വച്ച് ഓരോതവണ എന്നിവയാണ് ആ അഭിമുഖങ്ങള്‍. ഇവ കൂടാതെ സ്കൈപ്പ് വഴി നടത്തിയ സംഭാഷണങ്ങളും ഫോണ്‍ സംഭാഷണങ്ങളില്‍ കുറിച്ചെടുത്ത വസ്തുതകളും എന്‍റെ കൈവശമുണ്ട്.

പരമാവധി സത്യസന്ധ്യമായാണ് ഈ വിവരങ്ങള്‍ സഫര്‍ തന്നതെങ്കിലും ഒരു ഉറപ്പിനുവേണ്ടി SIT റിപ്പോര്‍ട്ട് ഞാന്‍ വിശദമായി പരിശോധിച്ചു. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നു കിട്ടിയ വിവരങ്ങളുമായി സഫറിന്‍റെ സംഭാഷണം പലവുരു ഒത്തുനോക്കി. എന്നിട്ടും സഫര്‍ പറഞ്ഞതില്‍ അസത്യമായി എന്തെങ്കിലുമുണ്ടെന്നു എനിക്ക് തെളിയിക്കാന്‍ സാധിച്ചില്ല. ഗുജറാത്തിമുസ്ലീങ്ങളുടെ രാഷ്ട്രീയത്തില്‍ പുതുമ കൊണ്ടുവന്ന ആളാണ്‌ സഫര്‍. ദേശീയതലത്തില്‍ത്തന്നെ മുസ്ലീം രാഷ്ട്രീയത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നു.

സഫറിന്‍റെ വിവരണങ്ങളുമായി ഞാന്‍ പല പ്രമുഖരുടെയും അഭിപ്രായങ്ങള്‍ ഒത്തുനോക്കി. മഹേഷ്‌ ഭട്ട്, സലിം ഖാന്‍, ആസിഫാ ഖാന്‍, വി വി അഗസ്റ്റിന്‍, റയീസ്‌ ഖാന്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്. ഇവരെക്കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ചില ഗുജറാത്ത്‌ ഗവണ്‍മെന്റുദ്യോഗസ്ഥരുമുണ്ട്. പദവിയെ മാനിച്ചു അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല. അവരില്‍ വി വി അഗസ്റ്റിന്‍, റയീസ് ഖാന്‍ എന്നിവരൊഴികെ എല്ലാവരും ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തിയാണ് സംസാരിച്ചത്. അഗസ്റ്റിന്‍ ഇംഗ്ലീഷിലും റയീസ് ഹിന്ദിയിലുമാണ് സംസാരിച്ചത്‌. അവരുടെ സംഭാഷണശകലങ്ങള്‍ അര്‍ത്ഥവ്യത്യാസമേതുമില്ലാതെ പരിഭാഷപ്പെടുത്തി ഇവിടെ ചേര്‍ത്തിട്ടുണ്ട്.

പൂര്‍ണ്ണമായും വസ്തുതകള്‍ മനസ്സിലാക്കാതെ നരേന്ദ്രമോഡിയുമായി സംസാരിക്കുന്നത് വ്യര്‍ത്ഥമാണെന്ന് മനസ്സിലായതുകൊണ്ട് തുടക്കത്തില്‍ അദ്ദേഹവുമായി നടത്തണമെന്ന് കരുതിയ അഭിമുഖം പിന്നീടേയ്ക്ക് മാറ്റിവച്ചു. അദ്ദേഹവുമായി സംവദിക്കുന്നതിലും നല്ലത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സാധാരണ ഗുജറാത്തികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയസഹചാരികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വാക്കുകളിലൂടെ വിലയിരുത്തുന്നതാണെന്നു ഞാന്‍ ധരിച്ചു.

സഫറുമായുള്ള സംഭാഷണം എനിക്കൊരു പ്രേരണ ആയതുകൊണ്ട് തുടക്കം സഫറില്‍ നിന്നുതന്നെയാകട്ടെ. സഫറിന്‍റെ വാക്കുകളിലൂടെ നമുക്ക് നീങ്ങാം.

“ ഞാന്‍ സുന്നി ബോറ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ഞങ്ങള്‍ ഏകദേശം 250 വര്‍ഷങ്ങള്‍ക്കു മുന്‍പ് സൗദി അറേബ്യയില്‍ നിന്നും കുടിയേറിയവരാണ്. ദൗഡി ബോറകളായി പലരും ഞങ്ങളെ തെറ്റിദ്ധരിക്കാറുണ്ട്. അവര്‍ മുസ്ലീം സമൂഹത്തിന്‍റെ ഒരു ചെറിയ ശതമാനം മാത്രമേയുള്ളൂ. പക്ഷേ ഞങ്ങള്‍ [സുന്നി ബോറകള്‍] ഗുജറാത്തില്‍ ധാരാളം ആള്‍ക്കാരുണ്ട്. ഞങ്ങളില്‍ പലരും ചെറുകിട-ഇടത്തരം കച്ചവടം നടത്തുന്നവരാണ്. ഗുജറാത്തിലെ ഒട്ടുമിക്ക മദ്രസകളും ഞങ്ങളുടേതാണ്. പണ്ഡിതന്‍ മൗലാന വസ്തന്‍വിയും ഒരു സുന്നി ബോറയാണ്. ദേവ്ബന്ധിലുള്ള മദ്രസ പോലെത്തന്നെ തുല്യപ്രാധാന്യവും പഴക്കവുമുള്ള ഒരു മദ്രസ ദാഭേലിലുമുണ്ടെന്ന് അധികമാര്‍ക്കുമറിയില്ല.

സുന്നി മുസ്ലീങ്ങള്‍ക്കിടയില്‍ത്തന്നെ ഏറ്റവും ഉന്നതവിഭാഗങ്ങളില്‍ ഒന്നാണ് ഞങ്ങള്‍. ഞങ്ങള്‍ നിത്യേന അഞ്ചുനേരം നിസ്കരിക്കും. സ്ത്രീകള്‍ എല്ലാവരും ബുര്‍ഖാധാരികളാണ് താനും. മതവിശ്വാസികളാണെങ്കിലും ഞങ്ങള്‍ ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. എന്നെക്കണ്ടാല്‍ ഒരു യാഥാസ്ഥിതികനെന്നു തോന്നുമെങ്കിലും ഞങ്ങള്‍ ഭിന്നമായ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്നവരാണ്. ഈ നീണ്ട താടിയും അഞ്ചുനേരത്തെ നിസ്കാരവും എന്‍റെ ഭാര്യയുടെ ബുര്‍ഖയും കൂടാതെ ഞങ്ങള്‍ ചെയ്തിട്ടുള്ള ഹജ്ജ്‌ കര്‍മ്മവും പിന്തുടരുന്ന ഇസ്ലാമികരീതികളും ഞങ്ങളെ യാഥാസ്ഥിതികരാക്കിയില്ല, എന്തെന്നാല്‍ ഞങ്ങള്‍ ഇസ്ലാമികചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു.