1 – നരേന്ദ്ര മോഡി – ഗുജറാത്തി ന്യൂനപക്ഷത്തിന്റെ കണ്ണിലൂടെ

മോഡിവിരുദ്ധപ്രചരണം നടത്തിയതില്‍ പ്രധാനികള്‍ ആരും തന്നെ ഗുജറാത്തികളോ ഗുജറാത്തിമുസ്ലീങ്ങളോ അല്ലെന്നുള്ളതാണ് എന്നെ ഏറ്റവുമധികം കുഴപ്പിച്ച സംഗതി. ഗുജറാത്തിനുള്ളില്‍ നിന്നുമുള്ള മോഡിവിരുദ്ധബ്രിഗേഡിന്‍റെ വക്താക്കള്‍ ആരും തന്നെ മുസ്ലീം അല്ലെന്നുള്ളതും ശ്രദ്ധേയമാണ് ! ഏതെങ്കിലും ഒരു ഗുജറാത്തി മുസ്ലീം മോഡിക്കനുകൂലമായി സംസാരിച്ചുപോയാല്‍ വളരെപ്പെട്ടെന്നു തന്നെ അയാള്‍ ഒതുക്കപ്പെടുന്നു. ആരെയോ ഭയന്നിട്ടെന്ന വണ്ണം അയാള്‍ പിന്നെ വെളിച്ചപ്പെടാറുമില്ല. ബഹുമാന്യനായ മുസ്ലീം പണ്ഡിതനായ മൗലാനാ വസ്തന്‍വിയ്ക്ക് ദേവ്ബന്ധ് സര്‍വ്വകലാശാലാ വി സി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതിനു കാരണം ഗുജറാത്തിമുസ്ലീങ്ങളുടെ അവസ്ഥ മോഡിയുടെ ഭരണം വന്ന ശേഷം മെച്ചപ്പെട്ടു എന്ന് തുറന്നു പറഞ്ഞതിനാണ്. ഉര്‍ദു ദിനപത്രം “നയി ദുനിയാ”യുടെ എഡിറ്റര്‍ ഷാഹിദ്‌ സിദ്ദിഖി ആക്രമിക്കപ്പെട്ടത് മോഡിയുമായി ഒരു അഭിമുഖം നടത്തിയതിന്‍റെ പേരിലാണ്. ആ ആക്രമണത്തിന് പിന്നാലെ സിദ്ദിഖി വീണ്ടും മോഡിവിരുദ്ധഗീതകവുമായി എന്‍ ഡി ടി വിയില്‍ പ്രത്യക്ഷപ്പെട്ടു.

സ്ഥിരമായുള്ള മോഡിവിരുദ്ധപ്രചരണത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയം വിഷലിപ്തമായി മാറി. ഗ്രാമീണഗുജറാത്തിലെ മികച്ച നിരത്തുകളെക്കുറിച്ചോ ഗ്രാമ-നഗര ഭേദമെന്യേ ദിവസം മുഴുവനായുള്ള വൈദ്യുതിലഭ്യതയെക്കുറിച്ചോ മിണ്ടിയാല്‍ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണ്. കശ്മീര്‍ വിഘടനവാദികളെ പിന്തുണയ്ക്കാം, നിത്യേന ഭീകരന്‍മാരെ പരിശീലിപ്പിച്ചുവിടുന്ന പാകിസ്ഥാനുമായി സന്ധിസംഭാഷണമാവാം, മൂന്നാംകിട കൊലപാതകികളായ മാവോയിസ്റ്റുകളെ പാവങ്ങളുടെ പടനായകരായി ചിത്രീകരിക്കാം, അതിനൊരു തെറ്റുമില്ല, പക്ഷെ ഗുജറാത്തിലെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പാടില്ല ! അത് രാഷ്ട്രീയപരമായി ആത്മഹത്യാപരമാണ്, എന്തെന്നാല്‍ നിങ്ങള്‍ എന്നേക്കുമായി വര്‍ഗ്ഗീയവാദിയെന്നു മുദ്ര കുത്തപ്പെടും !

ഇത്തരത്തില്‍ മോഡിവിരുദ്ധര്‍ എന്തിനാണ് ബൗദ്ധികതീവ്രവാദം നടത്തുന്നത് ? മോഡിയെ ഇങ്ങനെ ഭയക്കാന്‍ മാത്രം എന്താണ് കാരണം ? 1947നു ശേഷം നൂറുകണക്കിനു കലാപം കണ്ട ഗുജറാത്തില്‍ 2002നു ശേഷം വംശീയകലാപങ്ങള്‍ ഉണ്ടായില്ലെന്നത് എന്തുകൊണ്ട് “മതേതരവാദികള്‍” തുറന്നു പറയുന്നില്ല ? മോഡിയുടെ ദശകത്തിലേറെ നീണ്ട കലാപ രഹിത ഭരണത്തെക്കുറിച്ച് ഗുജറാത്തി മുസ്ലീങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്‌ ? എന്തുകൊണ്ട് അവര്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നു ?

മോഡി ഒരു രക്തദാഹി എന്ന് ചിത്രീകരിക്കുന്ന ചില വിചിത്രവാദങ്ങളാണ് താഴെ നല്കിയിരിക്കുന്നവ

 • മോഡി ക്രിസ്ത്യന്‍ – മുസ്ലീം ന്യൂനപക്ഷത്തിന്‍റെ ശത്രുവാണ്.
 • ഹിന്ദു വോട്ടുബാങ്കിനു വേണ്ടി മോഡി മുസ്ലീങ്ങളെ കുരുതികൊടുത്തു.
 • മോഡിഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷം ഭയപ്പാടോടെ രണ്ടാംകിട(മൂന്നാം കിട) പൗരന്‍‌മാരായാണ് കഴിയുന്നത്.
 • മുസ്ലീങ്ങളുടെ അവസ്ഥ ചേരിനിവാസികളേക്കാള്‍ കഷ്ടമാണ്.
 • ഹിന്ദുത്വശക്തികള്‍ ആക്രമിക്കുമെന്ന് ഭയന്നാണ് മോഡിക്ക്‌ മുസ്ലീങ്ങള്‍ വോട്ട് ചെയ്യുന്നത്.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ 2002 കലാപത്തെക്കുറിച്ചുള്ള എന്‍റെ പഠനം ആരംഭിച്ചത് ഇനിപ്പറയുന്ന ചോദ്യങ്ങളില്‍ നിന്നാണ്.

 • എന്താണ് ഗുജറാത്ത്‌ കലാപത്തിനു മാത്രമുള്ള പ്രത്യേകത ?
 • എന്താണ് ആ കലാപത്തില്‍ വ്യക്തിപരമായി മോഡിക്കുള്ള പങ്ക് ?
 • കലാപത്തെക്കുറിച്ച് ഗുജറാത്തി മുസ്ലീങ്ങള്‍ക്ക് പറയാനുള്ളതെന്ത് ?
 • മോഡിവിരുദ്ധര്‍ ആരോപിക്കുമ്പോലെയാണ് കാര്യങ്ങളെങ്കില്‍ എന്തുകൊണ്ട് 2002നു ശേഷം ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടായില്ല ?
 • മോഡിയെ ഭയക്കുന്നതുകൊണ്ടാണോ ഓരോ തെരഞ്ഞെടുപ്പിലും മോഡിക്ക് വോട്ടു ചെയ്യുന്ന മുസ്ലീങ്ങളുടെ എണ്ണം കൂടി വരുന്നത് ?
 • മോഡിയെ മുസ്ലീങ്ങള്‍ക്ക് ഭയമാണെങ്കില്‍ എന്തുകൊണ്ടാണ് പഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബാനറില്‍ നൂറുകണക്കിന് മുസ്ലീങ്ങള്‍ ജയിച്ചുകയറിയത്‌ ?

മോഡിയുടെ വികസനമാതൃകയും എന്‍റെ പഠനവിഷയമായിരുന്നു. അതിലെ ഭരണപരിഷ്കാരങ്ങളുടെ സ്വഭാവം, അതില്‍ത്തന്നെ കൂടുതല്‍ സൂക്ഷ്മമായി പോലീസ്‌ വിഭാഗത്തിലെ പരിഷ്കാരങ്ങള്‍ എന്നിവ കൂടുതല്‍ വിശദമായി പഠിച്ചു. മോഡിയുടെ സാമ്പത്തികവികസനമാതൃക ഇതുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതിനാലാണ് ഈ മുന്‍ഗണന നല്‍കിയത്. തന്‍റെ മാതൃക എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി മോഡി അവകാശപ്പെടുന്നു. വിമര്‍ശകര്‍ അതിനെ “കുത്തകകള്‍ക്ക് സഹായകം, ദരിദ്രരെ ദ്രോഹിക്കുന്നത്, കര്‍ഷകവിരുദ്ധം, ഭൂരിപക്ഷത്തിനു വേണ്ടിയുള്ളത്, ന്യൂനപക്ഷവിരുദ്ധം” എന്നൊക്കെ അധിക്ഷേപിക്കുന്നു. ഈ വാദങ്ങളെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമായ ചെറുകിട കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ [മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍] എന്നിവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നത് എന്‍റെ പഠനവിഷയമായി. ഈ പരിഷ്കാരങ്ങള്‍ അവരുടെ ജീവിതനിലവാരം ഉയര്‍ത്തിയോ അതോ പരിതാപകരമാക്കിയോ ? പഠനത്തിന്‍റെ വിശദാംശങ്ങള്‍ തുടര്‍ന്ന് വായിക്കുക.

ഗുജറാത്ത്‌ സന്ദര്‍ശനത്തിനു മുന്‍പ് തന്നെ ഒരുവിഭാഗം ഗുജറാത്തി മുസ്ലീങ്ങളെയും അവരുടെ താമസസ്ഥലങ്ങളെയും ഞാന്‍ എന്‍റെ പഠനത്തിനായി തെരഞ്ഞെടുത്തിരുന്നു. മോഡിക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട കേസുകളും ഗുജറാത്തിലേക്കുള്ള എന്‍റെ ആദ്യസന്ദര്‍ശനവും പഠിപ്പിച്ചതില്‍ നിന്നും ഒരംശം ഇവിടെ പങ്കുവയ്ക്കുന്നു. ഇതുവരെ ഞാന്‍ മനസ്സിലാക്കിയത് മഞ്ഞുകട്ടയുടെ അഗ്രം മാത്രമാണ്. വരുംമാസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശനങ്ങള്‍ക്ക് ഞാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

മോഡിയുടെ മേല്‍ കുളയട്ടയെപ്പോലെ പറ്റിക്കിടക്കുന്ന കളങ്കമായ 2002ലെ കലാപത്തെ സംബന്ധിച്ചുള്ള വിവരങ്ങളോടെ തുടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധി പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങളില്‍ വെളിപ്പെട്ട വസ്തുതകളും അവരുടെ പ്രധാനപ്രസ്താവനകളും ഇതില്‍ ഉള്‍പ്പെടുന്നു. ചെകുത്താന്‍ സമം മോഡി എന്ന് കരുതുന്ന ഒരു വലിയ വിഭാഗത്തിന് ഇതൊരുപക്ഷേ ഞെട്ടിപ്പിക്കുന്നതായിരിക്കും. എന്തുതന്നെയായാലും മോഡിവിരുദ്ധവൈറസ്‌ ബാധയേറ്റവരോട് ഒരു അഭ്യര്‍ത്ഥന – ഞാന്‍ ഇവിടെ പങ്കുവച്ച വിവരങ്ങളെല്ലാം തന്നെ ഗുജറാത്തിലെ അറിയപ്പെടുന്ന, ആദരണീയരായ വ്യക്തികളില്‍ നിന്നും ശേഖരിച്ചവയാണ്. മോഡിയുടെ ചെകുത്താന്‍വല്‍ക്കരണത്തെ അവരെന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതിന് ശക്തമായ തെളിവുകളാണ് ഇവ. എന്തെങ്കിലും പിഴവുകള്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ സത്യസന്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അത് ചെയ്യുക. പിഴവ് ബോദ്ധ്യമായാല്‍ ഞാന്‍ തിരുത്താന്‍ തയ്യാറാണ്.