പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തിരണ്ടാമാണ്ട് ഫെബ്രുവരി മാസം ഭാരതത്തിന്റെ

സിംഹഭൂമികയായ ഗുജറാത്തില്‍ നടന്ന രൂക്ഷമായ കലാപം മറ്റേതൊരു ഇന്ത്യക്കാരനേയും പോലെ എന്നെയും വല്ലാതെ പിടിച്ചുലച്ച സംഭവമാണ്. മാധ്യമങ്ങളും വിവിധ സംഘടനാപ്രവര്‍ത്തകരായ സുഹൃത്തുക്കളുമൊക്കെ അതിനു കൊടുത്ത പ്രാധാന്യവും പ്രചരണവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ എന്റെ മനസ്സിലും മോഡി തന്നെയായിരുന്നു കലാപത്തിനു പരിപൂര്‍ണ്ണ ഉത്തരവാദി. അതുകൊണ്ട് തന്നെ കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി പണം പിരിച്ചെടുത്ത സമയത്തുതന്നെ മോഡിക്കെതിരായി പ്രസിദ്ധീകരിക്കപ്പെട്ട പത്രികകളില്‍ ഞാനും ഒപ്പുചാര്‍ത്തി. മാനുഷിയിലേക്ക് തല്സംബന്ധിയായി വന്ന ഗുജറാത്ത് വിരുദ്ധ ലേഖനങ്ങള്‍ മുഴുവന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തുവെങ്കിലും സ്വന്തം പേരില്‍ ഒരു ഗുജറാത്ത് വിരുദ്ധ ലേഖനം എഴുതുന്നതില്‍ ഞാന്‍ വിമുഖയായിരുന്നു. ഈ ബഹളങ്ങള്‍ക്കിടയില്‍ എനിക്ക് ഗുജറാത്ത് സന്ദര്‍ശിക്കാനോ സാഹചര്യങ്ങള്‍ ഉടനടി നേരിട്ട് വിലയിരുത്താനോ സാധിച്ചില്ല എന്നതായിരുന്നു കാരണം. അതിനുള്ള സമയം ലഭിച്ചില്ലെന്നതാണ് സത്യം. കാശ്മീരിലെയും പഞ്ചാബിലെയും അനുഭവങ്ങള്‍ തന്നെ മാധ്യമങ്ങള്‍ ഒരു കലാപത്തെ എങ്ങനെയാണ് സമീപിക്കുക എന്നറിയാന്‍ എനിക്ക് ധാരാളമായിരുന്നു. ഏതു കലാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലും റിപ്പോര്‍ട്ടറുടെ കാഴ്ചപ്പാടും അയാള്‍ പിന്തുടരുന്ന ആദര്‍ശവും ആ റിപ്പോര്‍ട്ടിനെ സ്വാധീനിക്കും എന്നറിയുന്നതുകൊണ്ടു തന്നെ മാധ്യമങ്ങളില്‍ വന്നിരുന്ന തുടരന് വാര്‍ത്തകളെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ തയ്യാറായില്ല. എന്റെ തന്നെ മുന്‍കാല റിപ്പോര്‍ട്ടിംഗ് അനുഭവങ്ങള്‍ അതിനു ആധാരവുമായി.
ഞാന്‍ നിരവധി കലാപങ്ങളെക്കുറിച്ച് പഠിക്കാന്‍ സമയം ചിലവഴിച്ചിട്ടുണ്ട്.1980ല്‍ മീററ്റിലും മാല്ലിയാനയിലും നടന്ന തുടര്‍ച്ചയായ കലാപങ്ങള്‍ , 1984ലെ സിഖ് വംശഹത്യ, 1989ലെ ജമ്മു കലാപം, 1993ലെ ബോംബെ കലാപം മുതലായവ.കൂടാതെ ബീഹാര്ഷരിഫ്, ഭിവണ്ടി, ജംഷഡ്പൂര്‍ കലാപങ്ങള്‍, അഹമ്മദാബാദിലും സൂററ്റിലും നടന്ന തുടര്‍ച്ചയായ കലാപങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപങ്ങളെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ട്.ഇതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യം ഡല്‍ഹിയില്‍ നടന്ന സിഖ് വംശഹത്യയില്‍ ഒഴികെ മറ്റു കലാപങ്ങളില്‍ എല്ലാം തന്നെ കോണ്‍ഗ്രസിനും വിവിധ പാര്‍ട്ടികള്‍ക്കും തുല്യ പങ്കാളിത്തമുണ്ട് എന്നതായിരുന്നു.ബാബറി മസ്ജിദ് തകര്‍ത്തതിനു ശേഷമുണ്ടായ വര്ഗ്ഗീയധ്രുവീകരണത്തില് പോലും കോണ്‍ഗ്രസും ബി ജെ പിയും ഒരേപോലെ കുറ്റക്കാരാണ്.
മഹാത്മാഗാന്ധി പാകിയ ആദര്‍ശഭരിതമായ അടിത്തറയില്‍ നിന്നുള്ള പ്രവര്‍ത്തനം ഉണ്ടാകേണ്ട കോണ്‍ഗ്രസില്‍ നിന്നും അതിനു വിരുദ്ധമായ പ്രവര്‍ത്തികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നത് ഒരു വിരോധാഭാസമാണ്. അത് തന്നെയാണ് കോണ്‍ഗ്രസ് ഒരു പ്രസ്ഥാനം എന്ന നിലയില്‍ പല സ്ഥലത്തും പാര്ശ്വവല്ക്കരിക്കപ്പെട്ടത്. ആദര്‍ശം വിളമ്പുന്ന കോണ്‍ഗ്രസ് തന്നെയാണ് 2002 കലാപത്തില്‍ സംഘപരിവാറിനേക്കാള്‍ അക്രമം സംഘടിപ്പിച്ചതും ! ആ കലാപത്തില്‍ കൊലയും കൊള്ളയും കൊള്ളിവെപ്പും നടത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് കോണ്‍ഗ്രസ് ആണെന്ന് വിദ്യാസമ്പന്നരായ പല ഗുജറാത്തികളും എന്നോട് വെളിപ്പെടുത്തുകയുണ്ടായി ! പുറമേ പ്രചരിക്കുമ്പോലെ ആ കലാപത്തില്‍ മുസ്ലീങ്ങള്‍ മാത്രമല്ല കഷ്ടനഷ്ടം സഹിച്ചവര്‍. ആയിരക്കണക്കിന് ഹിന്ദുക്കളും ഉറ്റവരെയും സര്‍വ്വസമ്പാദ്യവും നഷ്ടപ്പെട്ടു അഭയാര്‍ഥികേന്ദ്രങ്ങളില്‍ ആശ്രയം തേടിയവരില്‍പ്പെടുന്നു.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ലോകത്ത് കലാപം സൃഷ്ടിച്ച ഒരേയൊരു പാര്‍ട്ടി ബിജെപിയാണെന്നും ചെകുത്താനെപ്പോലും തോല്‍പ്പിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു ഭീകരജീവിയാണ് നരേന്ദ്രമോഡിയെന്നുമുള്ള പ്രചരണം നിഷ്പക്ഷനായ ഒരാള്‍ക്ക് തൊണ്ട തൊടാതെ വിഴുങ്ങാന്‍ അല്പം ബുദ്ധിമുട്ട് അനുഭവപ്പെടും. സാധാരണക്കാരില്‍ അലോസരം സൃഷ്ടിക്കുന്ന തരത്തില്‍ വര്‍ഷങ്ങളോളമായി ഈവിധ പ്രചരണം നടത്തുന്ന സംഘടനകളും മനുഷ്യാവകാശ, മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും വരെ കോണ്‍ഗ്രസ്സിന്റെ ആശീര്‍വാദത്തോടെയാണ് സത്യത്തില്‍ പ്രവര്‍ത്തിക്കുന്നത് ! അവരില്‍ പലര്‍ക്കും കോണ്‍ഗ്രസിന്റെ കയ്യയച്ചുള്ള സഹായം കിട്ടുന്നുമുണ്ട്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരകലാപമായ സിഖ് വംശഹത്യയില്പ്പോലും ഇരകള്‍ക്ക് വേണ്ടി വാദിച്ച ഞങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യം “കുറ്റക്കാരെ ശിക്ഷിക്കൂ” എന്നായിരുന്നു. അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം അന്നത്തെ പ്രധാനമന്ത്രി രാജിവ് ഗാന്ധി, ആഭ്യന്തരമന്ത്രി നരസിംഹറാവു, ദല്‍ഹി ലഫ്. ഗവര്‍ണര്‍ പി ജി ഗവായ് എന്നിവര്ക്കായിരുന്നെങ്കിലും ഒരാളെപ്പോലും ചെകുത്താനെന്നു മുദ്ര കുത്തിയിരുന്നില്ല. വ്യക്തിപരമായ ഭര്‍ത്സനങ്ങളുടെ അകമ്പടിയോടെ ഒരാളുടെ തലയില്‍ മാത്രം വച്ചുകെട്ടുന്ന കാഴ്ചയാണ് 2002 ഗുജറാത്ത് കലാപത്തിലുടനീളം കണ്ടത് !

പ്രസിദ്ധ തിരക്കഥാകൃത്തായ സലിം ഖാനുമായി ഈയിടെ നടത്തിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ചോദിക്കുകയുണ്ടായി “ മുംബൈ കലാപസമയത്ത് മഹാരാഷ്ട്ര ഭരിച്ചിരുന്ന മുഖ്യമന്ത്രിയെ എത്രപേര്‍ ഓര്‍ക്കുന്നുണ്ട് ? മുംബൈ കലാപത്തിനു മുന്നില്‍ ഗുജറാത്ത് കലാപം ഒന്നുമല്ലായിരുന്നു എന്നോര്‍ക്കണം. മല്യാന, മീററ്റ് കലാപസമയങ്ങളിലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ആര്‍ക്കൊക്കെ അറിയാം ? ഭഗല്പൂരിലെയും ജംഷഡ്പൂരിലെയും കലാപസമയത്തെ ബീഹാര്‍ മുഖ്യമന്ത്രിയെ ? ആരും ഓര്‍ക്കില്ല .. കാരണം ഈ കലാപസമയങ്ങളിലൊക്കെ പ്രസ്തുതസംസ്ഥാനങ്ങളുടെ ഭരണം കോണ്‍ഗ്രസിനായിരുന്നു ! ഇന്ത്യ സ്വതന്ത്രമായ ശേഷം ഗുജറാത്ത് മാത്രം നൂറുകണക്കിന് കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ ചിലത് 2002 കലാപത്തെക്കാള്‍ ഭീതിദവും. രണ്ടുമാസത്തില്‍ ഒരിക്കലെന്ന നിലയ്ക്കാണ് അവിടെ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഡല്‍ഹിയിലെ സിഖ് വംശഹത്യാസമയത്ത് ആരാണ് അവിടം ഭരിച്ചിരുന്നത് ? ഇങ്ങനെ ഒക്കെ ആയിട്ടും മോഡി മാത്രം എങ്ങനെ ചെകുത്താന്റെ പ്രതിരൂപം ആകും ? ”
ഈയടുത്ത കാലത്ത് നടന്ന ബോഡോ-മുസ്ലീം കലാപം അധികമാരും
മറന്നുകാണില്ല.അതിനിരയായ എത്രയോ സാധാരണക്കാരുടെ സര്‍വതും ചുട്ടുകരിക്കപ്പെട്ടു ..
എത്രയോ പേര് സ്വഗ്രാമം വിട്ടു അഭയാര്‍ഥികള്‍ ആകേണ്ടി വന്നു ! അതൊക്കെ ഇന്ന് എത്രപേര്‍ ഓര്‍ക്കുന്നുണ്ട് ? 2012 ജൂലൈയില്‍ നടന്ന ആ കലാപത്തിലെ അഭയാര്‍ഥികളുടെ എണ്ണം മാത്രം നാല് ലക്ഷമാണ് ! പൂര്‍ണ്ണമായും ഒഴിപ്പിക്കപ്പെട്ട നാനൂറു ഗ്രാമങ്ങളിലെ ആള്ക്കാര് ഇന്ന് കഴിയുന്നതാകട്ടെ 270 അഭയാര്‍ഥി ക്യാമ്പുകളിലും. അവരുടെയൊക്കെ അവസ്ഥ പരമദയനീയമാണ്. അസമില്‍ വളരെ വലുതായ ആര്മിക്യാമ്പ് ഉണ്ടായിട്ടുകൂടി പ്രശ്നത്തില്‍ അവരെ ഇടപെടുത്താന്‍ മുഖ്യമന്ത്രിക്ക് നാലുദിവസം വേണ്ടി വന്നു. എന്നിട്ടും അതെന്തേ ആരും ഓര്‍ക്കാത്തത് ?
മോഡിവിരുദ്ധപ്രചരണം നടത്തിയതില്‍ പ്രധാനികള്‍ ആരും തന്നെ ഗുജറാത്തികളോ ഗുജറാത്തിമുസ്ലീങ്ങളോ അല്ലെന്നുള്ളതാണ് എന്നെ ഏറ്റവുമധികം കുഴപ്പിച്ച സംഗതി. ഗുജറാത്തിനുള്ളില്‍ നിന്നുമുള്ള മോഡിവിരുദ്ധബ്രിഗേഡിന്റെ വക്താക്കള്‍ ആരും തന്നെ മുസ്ലീം അല്ലെന്നുള്ളതും ശ്രദ്ധേയമാണ് ! ഏതെങ്കിലും ഒരു ഗുജറാത്തി മുസ്ലീം മോഡിക്കനുകൂലമായി സംസാരിച്ചുപോയാല്‍ വളരെപ്പെട്ടെന്നു തന്നെ അയാള്‍ ഒതുക്കപ്പെടുന്നു. ആരെയോ ഭയന്നിട്ടെന്ന വണ്ണം അയാള്‍ പിന്നെ വെളിച്ചപ്പെടാറുമില്ല. ബഹുമാന്യനായ മുസ്ലീം പണ്ഡിതനായ മൗലാനാ വസ്തന്‍വിയ്ക്ക് ദേവ്ബന്ധ് സര്‍വ്വകലാശാലാ വി സി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതിനു കാരണം ഗുജറാത്തിമുസ്ലീങ്ങളുടെ അവസ്ഥ മോഡിയുടെ ഭരണം വന്ന ശേഷം മെച്ചപ്പെട്ടു എന്ന് തുറന്നു പറഞ്ഞതിനാണ്. ഉര്‍ദു ദിനപത്രം “നയി ദുനിയാ”യുടെ എഡിറ്റര്‍ ഷാഹിദ് സിദ്ദിഖി ആക്രമിക്കപ്പെട്ടത് മോഡിയുമായി ഒരു അഭിമുഖം നടത്തിയതിന്റെ പേരിലാണ്. ആ ആക്രമണത്തിന് പിന്നാലെ സിദ്ദിഖി വീണ്ടും മോഡിവിരുദ്ധഗീതകവുമായി എന്‍ ഡി ടി വിയില്‍ പ്രത്യക്ഷപ്പെട്ടു.
സ്ഥിരമായുള്ള മോഡിവിരുദ്ധപ്രചരണത്താല് ഇന്ത്യന്‍ രാഷ്ട്രീയം വിഷലിപ്തമായി മാറി. ഗ്രാമീണഗുജറാത്തിലെ മികച്ച നിരത്തുകളെക്കുറിച്ചോ ഗ്രാമ-നഗര ഭേദമെന്യേ ദിവസം മുഴുവനായുള്ള വൈദ്യുതിലഭ്യതയെക്കുറിച്ചോ മിണ്ടിയാല്‍ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണ്. കശ്മീര്‍ വിഘടനവാദികളെ പിന്തുണയ്ക്കാം, നിത്യേന ഭീകരന്മാരെ പരിശീലിപ്പിച്ചുവിടുന്ന പാകിസ്ഥാനുമായി സന്ധിസംഭാഷണമാവാം, മൂന്നാംകിട കൊലപാതകികളായ മാവോയിസ്റ്റുകളെ പാവങ്ങളുടെ പടനായകരായി ചിത്രീകരിക്കാം, അതിനൊരു തെറ്റുമില്ല, പക്ഷെ ഗുജറാത്തിലെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പാടില്ല ! അത് രാഷ്ട്രീയപരമായി ആത്മഹത്യാപരമാണ്, എന്തെന്നാല്‍ നിങ്ങള്‍ എന്നേക്കുമായി വര്‍ഗ്ഗീയവാദിയെന്നു മുദ്ര കുത്തപ്പെടും !
ഇത്തരത്തില്‍ മോഡിവിരുദ്ധര്‍ എന്തിനാണ് ബൗദ്ധികതീവ്രവാദം നടത്തുന്നത് ? മോഡിയെ ഇങ്ങനെ ഭയക്കാന്‍ മാത്രം എന്താണ് കാരണം ? 1947നു ശേഷം നൂറുകണക്കിനു കലാപം കണ്ട ഗുജറാത്തില്‍ 2002നു ശേഷം വംശീയകലാപങ്ങള്‍ ഉണ്ടായില്ലെന്നത് എന്തുകൊണ്ട് “മതേതരവാദികള്‍” തുറന്നു പറയുന്നില്ല ? മോഡിയുടെ ദശകത്തിലേറെ നീണ്ട കലാപ രഹിത ഭരണത്തെക്കുറിച്ച് ഗുജറാത്തി മുസ്ലീങ്ങള്‍ക്ക് എന്താണ് പറയാനുള്ളത് ? എന്തുകൊണ്ട് അവര്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നു ?
മോഡി ഒരു രക്തദാഹി എന്ന് ചിത്രീകരിക്കുന്ന ചില വിചിത്രവാദങ്ങളാണ് താഴെ നല്കിയിരിക്കുന്നവ
- മോഡി ക്രിസ്ത്യന്‍ – മുസ്ലീം ന്യൂനപക്ഷത്തിന്റെ ശത്രുവാണ്.
- ഹിന്ദു വോട്ടുബാങ്കിനു വേണ്ടി മോഡി മുസ്ലീങ്ങളെ കുരുതികൊടുത്തു.
- മോഡിഭരണത്തിന് കീഴില്‍ ന്യൂനപക്ഷം ഭയപ്പാടോടെ രണ്ടാംകിട(മൂന്നാം കിട) പൗരന്മാരായാണ് കഴിയുന്നത്.
- മുസ്ലീങ്ങളുടെ അവസ്ഥ ചേരിനിവാസികളേക്കാള് കഷ്ടമാണ്.
- ഹിന്ദുത്വശക്തികള്‍ ആക്രമിക്കുമെന്ന് ഭയന്നാണ് മോഡിക്ക് മുസ്ലീങ്ങള്‍ വോട്ട് ചെയ്യുന്നത്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ 2002 കലാപത്തെക്കുറിച്ചുള്ള എന്റെ പഠനം ആരംഭിച്ചത് ഇനിപ്പറയുന്ന ചോദ്യങ്ങളില്‍ നിന്നാണ്.
- എന്താണ് ഗുജറാത്ത് കലാപത്തിനു മാത്രമുള്ള പ്രത്യേകത ?
- എന്താണ് ആ കലാപത്തില്‍ വ്യക്തിപരമായി മോഡിക്കുള്ള പങ്ക് ?
- കലാപത്തെക്കുറിച്ച് ഗുജറാത്തി മുസ്ലീങ്ങള്‍ക്ക് പറയാനുള്ളതെന്ത് ?
- മോഡിവിരുദ്ധര്‍ ആരോപിക്കുമ്പോലെയാണ് കാര്യങ്ങളെങ്കില്‍ എന്തുകൊണ്ട് 2002നു ശേഷം ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടായില്ല ?
- മോഡിയെ ഭയക്കുന്നതുകൊണ്ടാണോ ഓരോ തെരഞ്ഞെടുപ്പിലും മോഡിക്ക് വോട്ടു ചെയ്യുന്ന മുസ്ലീങ്ങളുടെ എണ്ണം കൂടി വരുന്നത് ?
- മോഡിയെ മുസ്ലീങ്ങള്‍ക്ക് ഭയമാണെങ്കില്‍ എന്തുകൊണ്ടാണ് പഞ്ചായത്ത്/കോര്പ്പറേഷന്/മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബാനറില്‍ നൂറുകണക്കിന് മുസ്ലീങ്ങള്‍ ജയിച്ചുകയറിയത് ?
മോഡിയുടെ വികസനമാതൃകയും എന്റെ പഠനവിഷയമായിരുന്നു. അതിലെ ഭരണപരിഷ്കാരങ്ങളുടെ സ്വഭാവം, അതില്‍ത്തന്നെ കൂടുതല്‍ സൂക്ഷ്മമായി പോലീസ് വിഭാഗത്തിലെ പരിഷ്കാരങ്ങള്‍ എന്നിവ കൂടുതല്‍ വിശദമായി പഠിച്ചു. മോഡിയുടെ സാമ്പത്തികവികസനമാതൃക ഇതുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതിനാലാണ് ഈ മുന്‍ഗണന നല്‍കിയത്. തന്റെ മാതൃക എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി മോഡി അവകാശപ്പെടുന്നു. വിമര്‍ശകര്‍ അതിനെ “കുത്തകകള്‍ക്ക് സഹായകം, ദരിദ്രരെ ദ്രോഹിക്കുന്നത്, കര്‍ഷകവിരുദ്ധം, ഭൂരിപക്ഷത്തിനു വേണ്ടിയുള്ളത്, ന്യൂനപക്ഷവിരുദ്ധം” എന്നൊക്കെ അധിക്ഷേപിക്കുന്നു. ഈ വാദങ്ങളെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമായ ചെറുകിട കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ [മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍] എന്നിവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നത് എന്റെ പഠനവിഷയമായി. ഈ പരിഷ്കാരങ്ങള്‍ അവരുടെ ജീവിതനിലവാരം ഉയര്‍ത്തിയോ അതോ പരിതാപകരമാക്കിയോ ? പഠനത്തിന്റെ വിശദാംശങ്ങള്‍ തുടര്‍ന്ന് വായിക്കുക.
ഗുജറാത്ത് സന്ദര്‍ശനത്തിനു മുന്‍പ് തന്നെ ഒരുവിഭാഗം ഗുജറാത്തി മുസ്ലീങ്ങളെയും അവരുടെ താമസസ്ഥലങ്ങളെയും ഞാന്‍ എന്റെ പഠനത്തിനായി തെരഞ്ഞെടുത്തിരുന്നു. മോഡിക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട കേസുകളും ഗുജറാത്തിലേക്കുള്ള എന്റെ ആദ്യസന്ദര്‍ശനവും പഠിപ്പിച്ചതില്‍ നിന്നും ഒരംശം ഇവിടെ പങ്കുവയ്ക്കുന്നു. ഇതുവരെ ഞാന്‍ മനസ്സിലാക്കിയത് മഞ്ഞുകട്ടയുടെ അഗ്രം മാത്രമാണ്. വരുംമാസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശനങ്ങള്‍ക്ക് ഞാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
മോഡിയുടെ മേല്‍ കുളയട്ടയെപ്പോലെ പറ്റിക്കിടക്കുന്ന കളങ്കമായ 2002ലെ കലാപത്തെ സംബന്ധിച്ചുള്ള വിവരങ്ങളോടെ തുടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധി പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങളില്‍ വെളിപ്പെട്ട വസ്തുതകളും അവരുടെ പ്രധാനപ്രസ്താവനകളും ഇതില്‍ ഉള്‍പ്പെടുന്നു. ചെകുത്താന് സമം മോഡി എന്ന് കരുതുന്ന ഒരു വലിയ വിഭാഗത്തിന് ഇതൊരുപക്ഷേ ഞെട്ടിപ്പിക്കുന്നതായിരിക്കും. എന്തുതന്നെയായാലും മോഡിവിരുദ്ധവൈറസ് ബാധയേറ്റവരോട് ഒരു അഭ്യര്‍ത്ഥന – ഞാന്‍ ഇവിടെ പങ്കുവച്ച വിവരങ്ങളെല്ലാം തന്നെ ഗുജറാത്തിലെ അറിയപ്പെടുന്ന, ആദരണീയരായ വ്യക്തികളില്‍ നിന്നും ശേഖരിച്ചവയാണ്. മോഡിയുടെ ചെകുത്താന്വല്ക്കരണത്തെ അവരെന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതിന് ശക്തമായ തെളിവുകളാണ് ഇവ. എന്തെങ്കിലും പിഴവുകള്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ സത്യസന്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അത് ചെയ്യുക. പിഴവ് ബോദ്ധ്യമായാല്‍ ഞാന്‍ തിരുത്താന്‍ തയ്യാറാണ്.

2002ലെ കലാപശേഷം മോഡിക്കെതിരായി ആഗോളതലപ്രചരണം നടത്തിയയാളാണ് ഗുജറാത്തി മുസ്ലീമായ സഫര്‍ സരേഷ്വാല. പക്ഷേ അന്താരാഷ്ട്രനീതിന്യായ കോടതിയില്‍ നല്കിയ ആ പരാതിയിലൂടെ പെട്ടെന്ന് പ്രശസ്തനായ അദ്ദേഹം വളരെപ്പെട്ടെന്ന് ആ തീരുമാനം പിന്‍വലിച്ചു. 2002ലെ കലാപത്തില്‍ സ്വകുടുംബത്തിനു ഭാരിച്ച നഷ്ടമുണ്ടായിട്ടും ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ വെറുപ്പിന് പാത്രമായ മോഡിക്കെതിരെ നീങ്ങാനുള്ള ആര്‍ജ്ജവം സഫറിനുണ്ടായിരുന്നു. കലാപത്തില്‍ അവരുടെ ഫാക്ടറി പൂര്‍ണ്ണമായും നശിച്ചിരുന്നു. സഫരിന്റെ കുടുംബത്തിന് 1960, 1970, 1980, 1990 കാലഘട്ടങ്ങളിലെ മിക്ക കലാപങ്ങളിലും തത്തുല്യമായ നാശനഷ്ടം സഹിക്കെണ്ടിവന്നിരുന്നു. എല്ലാ തവണയും ഫാക്ടറി ഭസ്മീകരിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തിരുന്നു.
കേസ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക വഴി രാഷ്ട്രീയമായി “അക്ഷന്തവ്യമായ അപരാധം” ചെയ്തുപോയ സഫര്‍ അതിനു കനത്തവില നല്‍കേണ്ടി വന്നു. സ്വസമുദായം തന്നെ അദ്ദേഹത്തെ ആക്രമിക്കാന്‍ മുന്നില്‍ നിന്നു. സമുദായത്തെ വിലയ്ക്ക് വിറ്റവന് എന്നായിരുന്നു മാധ്യമപരിഹാസം,. നായകവേഷത്തില്‍ നിന്നും പ്രതിനായകവേഷത്തിലേക്കുള്ള ഈ പരിവേഷം സഫറിനു ചാര്‍ത്തിക്കൊടുത്തതും ഒരിക്കല്‍ അയാളെ പിന്താങ്ങിയവരായിരുന്നു. ഗുജറാത്തിനെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചകളില്‍ സഫറിനെ ഞാന്‍ കുറച്ചൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും അയാളുടെ വാചകം മുഴുമിക്കാന്‍ അവതാരകര്‍ അനുവദിച്ചുകണ്ടിട്ടേയില്ല. മോഡിവിരുദ്ധപ്രചാരണത്തിന് മിഴിവുകൂട്ടാന്‍ വേണ്ടിയാണ് സഫറിനെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുന്നത് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
സഫറിനെ ഞാന്‍ ആദ്യമായി നേരിട്ട് കാണുന്നത് 2013 ജനുവരിയില്‍ അഹമ്മദാബാദില്‍ നടന്ന ഗുജറാത്ത് സമ്മിറ്റിനിടെയാണ്. ഗുജറാത്ത് വികസനം പൊള്ളയാണെന്ന പ്രചരണത്തിന്റെ സത്യാവസ്ഥ അറിയാനാണ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചത്. പക്ഷേ നേരിട്ട് സംസാരിച്ചതോടെ ഞെട്ടിക്കുന്ന പലതും ഞാന്‍ കേട്ടു. മോഡിക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രചരണം ആരംഭിച്ച വ്യക്തിയില്‍ നിന്നും ഞാന്‍ കേള്‍ക്കുമെന്ന് ധരിച്ചതൊന്നുമല്ല കേട്ടത് ! മോഡിവിരുദ്ധരില് ഒരാള്‍ പോലും ഇന്നേവരെ അദ്ദേഹവുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നു എനിക്ക് അപ്പോള്‍ത്തന്നെ ബോദ്ധ്യമായി. സഫറുമായുള്ള റെക്കോര്‍ഡ് ചെയ്യപ്പെട്ട വീഡിയോ സംഭാഷണങ്ങള്‍ മണിക്കൂറുകളോളം ദൈര്‍ഘ്യമുള്ളതാണ്. അഹമ്മദാബാദില്‍ വച്ച് രണ്ടുതവണ, മുംബൈയിലും ഡല്‍ഹിയിലും വച്ച് ഓരോതവണ എന്നിവയാണ് ആ അഭിമുഖങ്ങള്‍. ഇവ കൂടാതെ സ്കൈപ്പ് വഴി നടത്തിയ സംഭാഷണങ്ങളും ഫോണ്‍ സംഭാഷണങ്ങളില്‍ കുറിച്ചെടുത്ത വസ്തുതകളും എന്റെ കൈവശമുണ്ട്.
പരമാവധി സത്യസന്ധ്യമായാണ് ഈ വിവരങ്ങള്‍ സഫര്‍ തന്നതെങ്കിലും ഒരു ഉറപ്പിനുവേണ്ടി SIT റിപ്പോര്‍ട്ട് ഞാന്‍ വിശദമായി പരിശോധിച്ചു. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നു കിട്ടിയ വിവരങ്ങളുമായി സഫറിന്റെ സംഭാഷണം പലവുരു ഒത്തുനോക്കി. എന്നിട്ടും സഫര്‍ പറഞ്ഞതില്‍ അസത്യമായി എന്തെങ്കിലുമുണ്ടെന്നു എനിക്ക് തെളിയിക്കാന്‍ സാധിച്ചില്ല. ഗുജറാത്തിമുസ്ലീങ്ങളുടെ രാഷ്ട്രീയത്തില്‍ പുതുമ കൊണ്ടുവന്ന ആളാണ് സഫര്‍. ദേശീയതലത്തില്‍ത്തന്നെ മുസ്ലീം രാഷ്ട്രീയത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നു.
സഫറിന്റെ വിവരണങ്ങളുമായി ഞാന്‍ പല പ്രമുഖരുടെയും അഭിപ്രായങ്ങള്‍ ഒത്തുനോക്കി. മഹേഷ് ഭട്ട്, സലിം ഖാന്, ആസിഫാ ഖാന്, വി വി അഗസ്റ്റിന്, റയീസ് ഖാന് എന്നിവര്‍ അവരില്‍ പ്രമുഖരാണ്. ഇവരെക്കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ചില ഗുജറാത്ത് ഗവണ്മെന്റുദ്യോഗസ്ഥരുമുണ്ട്. പദവിയെ മാനിച്ചു അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല. അവരില്‍ വി വി അഗസ്റ്റിന്, റയീസ് ഖാന് എന്നിവരൊഴികെ എല്ലാവരും ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തിയാണ് സംസാരിച്ചത്. അഗസ്റ്റിന് ഇംഗ്ലീഷിലും റയീസ് ഹിന്ദിയിലുമാണ് സംസാരിച്ചത്. അവരുടെ സംഭാഷണശകലങ്ങള്‍ അര്ത്ഥവ്യത്യാസമേതുമില്ലാതെ പരിഭാഷപ്പെടുത്തി ഇവിടെ ചേര്‍ത്തിട്ടുണ്ട്.
പൂര്‍ണ്ണമായും വസ്തുതകള്‍ മനസ്സിലാക്കാതെ നരേന്ദ്രമോഡിയുമായി സംസാരിക്കുന്നത് വ്യര്‍ത്ഥമാണെന്ന് മനസ്സിലായതുകൊണ്ട് തുടക്കത്തില്‍ അദ്ദേഹവുമായി നടത്തണമെന്ന് കരുതിയ അഭിമുഖം പിന്നീടേയ്ക്ക് മാറ്റിവച്ചു. അദ്ദേഹവുമായി സംവദിക്കുന്നതിലും നല്ലത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സാധാരണ ഗുജറാത്തികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയസഹചാരികള്, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വാക്കുകളിലൂടെ വിലയിരുത്തുന്നതാണെന്നു ഞാന്‍ ധരിച്ചു.
സഫറുമായുള്ള സംഭാഷണം എനിക്കൊരു പ്രേരണ ആയതുകൊണ്ട് തുടക്കം സഫറില്‍ നിന്നുതന്നെയാകട്ടെ. സഫറിന്റെ വാക്കുകളിലൂടെ നമുക്ക് നീങ്ങാം.
“ ഞാന്‍ സുന്നി ബോറ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ഞങ്ങള്‍ ഏകദേശം 250 വര്‍ഷങ്ങള്‍ക്കു മുന്‍പ് സൗദി അറേബ്യയില്‍ നിന്നും കുടിയേറിയവരാണ്. ദൗഡി ബോറകളായി പലരും ഞങ്ങളെ തെറ്റിദ്ധരിക്കാറുണ്ട്. അവര്‍ മുസ്ലീം സമൂഹത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേയുള്ളൂ. പക്ഷേ ഞങ്ങള്‍ [സുന്നി ബോറകള്‍] ഗുജറാത്തില്‍ ധാരാളം ആള്‍ക്കാരുണ്ട്. ഞങ്ങളില്‍ പലരും ചെറുകിട-ഇടത്തരം കച്ചവടം നടത്തുന്നവരാണ്. ഗുജറാത്തിലെ ഒട്ടുമിക്ക മദ്രസകളും ഞങ്ങളുടേതാണ്. പണ്ഡിതന് മൗലാന വസ്തന്വിയും ഒരു സുന്നി ബോറയാണ്. ദേവ്ബന്ധിലുള്ള മദ്രസ പോലെത്തന്നെ തുല്യപ്രാധാന്യവും പഴക്കവുമുള്ള ഒരു മദ്രസ ദാഭേലിലുമുണ്ടെന്ന് അധികമാര്‍ക്കുമറിയില്ല.
സുന്നി മുസ്ലീങ്ങള്‍ക്കിടയില്‍ത്തന്നെ ഏറ്റവും ഉന്നതവിഭാഗങ്ങളില്‍ ഒന്നാണ് ഞങ്ങള്‍. ഞങ്ങള്‍ നിത്യേന അഞ്ചുനേരം നിസ്കരിക്കും. സ്ത്രീകള്‍ എല്ലാവരും ബുര്ഖാധാരികളാണ് താനും. മതവിശ്വാസികളാണെങ്കിലും ഞങ്ങള്‍ ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. എന്നെക്കണ്ടാല്‍ ഒരു യാഥാസ്ഥിതികനെന്നു തോന്നുമെങ്കിലും ഞങ്ങള്‍ ഭിന്നമായ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്നവരാണ്. ഈ നീണ്ട താടിയും അഞ്ചുനേരത്തെ നിസ്കാരവും എന്റെ ഭാര്യയുടെ ബുര്‍ഖയും കൂടാതെ ഞങ്ങള്‍ ചെയ്തിട്ടുള്ള ഹജ്ജ് കര്‍മ്മവും പിന്തുടരുന്ന ഇസ്ലാമികരീതികളും ഞങ്ങളെ യാഥാസ്ഥിതികരാക്കിയില്ല, എന്തെന്നാല്‍ ഞങ്ങള്‍ ഇസ്ലാമികചിന്തകളാല് സ്വാധീനിക്കപ്പെട്ടിരിക്കുന്നു.
2002 ലെ കലാപത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ സൗകര്യപൂര്‍വ്വം മറക്കുന്ന ഒന്നുണ്ട്. നിരന്തരകലാപങ്ങളാല് കലുഷിതമായിരുന്ന ഗുജറാത്ത് അതോടെ ശാന്തമായി എന്നത്. സ്വതന്ത്ര ഇന്ത്യയിലെ അതിരൂക്ഷമായ കലാപം നടന്നത് അഹമ്മദാബാദിലാണ്. അത് 1969ലാണ്. 5000 ത്തിലേറെ മുസ്ലീങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്. പക്ഷേ 24×7 വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ അന്നില്ലാത്തതിനാല്‍ മറ്റുസ്ഥലനിവാസികള്ക്ക് ഇതേപ്പറ്റി അറിയുമായിരുന്നില്ല. ആരും ഇത് ശ്രദ്ധിച്ചിട്ടുമില്ല. ഒരു പശുവില്‍ തുടങ്ങിയ പ്രശ്നം വളര്‍ന്നു വലുതായി കലാപത്തില്‍ അവസാനിക്കുകയായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ ഹിതേന്ദ്രഭായി ദേശായിയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ആയിരുന്നു. അന്ന് ഞങ്ങളുടെ ഓഫീസ്, ഫാക്ടറി തുടങ്ങി എല്ലാം കത്തിനശിച്ചു. കാലുപൂര്‍ എന്നത് ഒരു വലിയ മുസ്ലീം കോളനിയാണ്. അവിടെയുള്ള റിലീഫ് റോഡില്‍ ഒരു പോലീസ് സ്റ്റേഷന് ഉണ്ട്. അതിനു തൊട്ടെതിര്വശം ഒരു മോസ്കും മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള ധാരാളം കടകളും ഉണ്ടായിരുന്നു. കലാപത്തില്‍ അവ മുഴുവന്‍ അഗ്നിക്കിരയായി. മിസിസ് ഇന്ദിരാ ഗാന്ധി കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന അവസരത്തില്‍ അവിടവും സന്ദര്‍ശിക്കുകയുണ്ടായി. എനിക്കന്ന് അഞ്ചുവയസ്സേയുള്ളൂ. ഇന്ദിരാഗാന്ധി കാറില്‍ നിന്നിറങ്ങി തന്റെ സെന്ട്രികളെക്കൊണ്ട് പോലീസ് സ്റ്റേഷനും മോസ്കും തമ്മിലുള്ള ദൂരം അളന്നെടുപ്പിച്ചത് ഇന്നും എനിക്കോര്‍മയുണ്ട്. എന്നിട്ട് അവര്‍ പറയുകയുണ്ടായി ” ഇവിടെ ഒരു പോലീസ് സ്റ്റേഷന് ഉണ്ട്, എന്നിട്ടും വെറും നാല്പ്പതുമീറ്റര് അകലെയുള്ള മോസ്കും കടകളും കത്തിച്ചിരിക്കുന്നു! അതെങ്ങനെ സംഭവിച്ചു?“ ആ കലാപത്തില്‍ മുസ്ലീങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.
ശിക്ഷിക്കുന്നത് പോട്ടെ, അന്നത്തെ കേസുകളില്‍ ഒരു ചാര്‍ജ് ഷീറ്റ് പോലും ഫയല്‍ ചെയ്യുകയുണ്ടായില്ല ! ജഗ് മോഹന്‍ കമ്മിഷന് റിപ്പോര്‍ട്ട് നോക്കിയാല്‍ അറിയാം. പൂര്‍ണ്ണമായ വംശഹത്യ തന്നെയായിരുന്നു അന്ന് നടന്നത് !ആള്‍ക്കാരെ കൊന്നൊടുക്കിയതിനു ഒരു തെളിവുമില്ല. ഇന്നത്തെ പ്രാസംഗികര്‍ എന്തുകൊണ്ടാണ് അന്നത്തെ ഇരകളെക്കുറിച്ചു ഒന്നും മിണ്ടാത്തത് ? 1969 ഇല് അഹമ്മദാബാദില്‍ മാത്രം 5000ത്തിലേറെ മുസ്ലീങ്ങളെ കൊല ചെയ്തു. ആ 5000 കുടുംബങ്ങള്‍ എങ്ങോട്ട് പോയെന്നു ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ?
1985ലും സമാനമായ കലാപമുണ്ടായി. മാസങ്ങളോളം നീണ്ട അനേകം ചെറുകലാപങ്ങള്‍ ഒരു വന്‍കലാപത്തിനു തിരികൊളുത്തി. അന്നും ഞങ്ങളുടെ വീടും ഫാക്ടറിയും അഗ്നിക്കിരയായി. അന്നത്തെ ഞങ്ങളുടെ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ മാധവ് റാവു സോളങ്കിയും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായിരുന്നു ! 1985നും 2002നുമിടയ്ക്ക് രണ്ടുമൂന്നുമാസത്തില് ഒരിക്കല്‍ എന്ന നിലയില്‍ കലാപം ഞങ്ങള്‍ വീക്ഷിച്ചിരുന്നു. അതിനിടയ്ക്ക് 200 ദിവസം നീണ്ടു കര്‍ഫ്യൂ. 1987ലെ കലാപസമയത്ത് കോണ്‍ഗ്രസിന്റെ തന്നെ അമര്‍സിംഗ് ചൗധരിയായിരുന്നു മുഖ്യമന്ത്രി. 1990ലെയും 1992ലെയും കലാപസമയത്ത് കോണ്‍ഗ്രസിന്റെ തന്നെ ചിമന്‍ഭായ് പട്ടേല്‍ ആയിരുന്നു മുഖ്യമന്ത്രി ! 1992ല്‍ വീണ്ടും ഞങ്ങളുടെ ഫാക്ടറി അഗ്നിക്കിരയായി.
1981നും 1985നും ഇടയില്‍ നടന്ന എല്ലാ ദളിത് കലാപങ്ങളും മുസ്ലീംവിരുദ്ധകലാപങ്ങളായി രൂപാന്തരം പ്രാപിക്കുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടിരുന്നത്. ഓരോ തവണയും ഞങ്ങളുടെ ഫാക്ടറി നശിപ്പിക്കപ്പെട്ടുകൊണ്ടേയിരുന്നു. എന്നാല്‍ പോലീസ് ഞങ്ങള്‍ നല്കിയ ഒരു കേസിലും FIR പോലും രജിസ്റ്റര്‍ ചെയ്തില്ല. ഫലം ഞങ്ങളുടെ അന്തസ്സും അഭിമാനവും വ്രണിതമായി. ഇതുകൂടാതെ ആയിരുന്നു ഇന്‍ഷുറന്‍സ് കമ്പനികള്‍ വക അപമാനം. എന്റെ ബിസിനസ് കത്തിനില്‍ക്കുന്ന സമയത്തായിരുന്നു 1992ലെ കലാപം. ഞങ്ങളുടെ ഫാക്ടറി ഒരുപിടി ചാരമായിക്കിടക്കുന്ന സമയത്ത് ഒന്നരക്കോടിയുടെ ഇന്‍ഷുറന്‍സ് ചെയ്ത ഞങ്ങള്‍ക്ക് കമ്പനി തന്നത് ഒന്‍പതു ലക്ഷം രൂപ ! അന്ന് നശിപ്പിക്കപ്പെട്ട മുസ്ലീങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് എന്ത് സംഭവിച്ചു ? ഇങ്ങനെ ഞങ്ങളെ അപമാനിച്ച ഇന്‍ഷുറന്‍സ് കമ്പനികളുടെ മുതലാളി നരേന്ദ്രമോഡി അല്ലല്ലോ ?
എടുത്തുപറയേണ്ടത് ഓരോ കലാപശേഷവും ഹിന്ദുക്കള്‍ തന്നെയാണ് ഞങ്ങളെ പുനരധിവാസത്തിന് സഹായിച്ചിട്ടുള്ളത് എന്നതാണ് ! ഗുജറാത്തിലെ ഹിന്ദുക്കള്‍ മുഴുവന്‍ വര്‍ഗ്ഗീയവാദികള്‍ ആണെങ്കില്‍ അവര്‍ ഞങ്ങളെ സഹായിക്കുമോ ? എന്നേ കൊന്നുകളഞ്ഞേനെ ! അവരുടെ [ഹിന്ദുക്കളുടെ] സഹായം ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ഇന്ന് സമാധാനമായി ജീവിക്കുന്നത്.
2002നു ശേഷം ഞങ്ങള്‍ സാമ്പത്തികമായി പൂജ്യം ആയി. ഞങ്ങള്‍ക്ക് ഓഹരി നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. 250 ആള്‍ക്കാര്‍ക്ക് ജോലിനല്‍കുന്ന ഒരു മുസ്ലീമിനെ സംബന്ധിച്ചേടത്തോളം ഇത്തരം കൈനഷ്ടം കുട്ടിക്കളിയല്ല. കുറഞ്ഞത് 250 കുടുംബങ്ങള്‍ അയാളെ ആശ്രയിക്കുന്നതാണെന്ന്ഓര്ക്കണം.. ഞങ്ങളുടെ നിലനില്പു തന്നെ അവതാളത്തിലായ സമയത്ത് ലോണ്‍ തരാതെ ബാങ്കുകളും ചതിച്ചു. എന്താ ദേശസാല്‍കൃതബാങ്കുകള്‍ ഒക്കെ നരേന്ദ്രമോഡി നടത്തുന്നതാണോ ? അല്ലല്ലോ ?
ഉദാഹരണത്തിന്, കലാപശേഷം എല്ലാമൊന്നു കെട്ടിപ്പടുക്കാനായി ഞാന്‍ I C I C I ബാങ്കിനെ സമീപിച്ചു. എന്റെ വീട് ഗ്യാരണ്ടി നല്കാന് ഞാന്‍ തയ്യാറായിരുന്നു. പക്ഷെ അവസാനനിമിഷം അവര്‍ കാലുമാറി. റിലേഷന്ഷിപ് മാനേജര്‍ എന്നോട് പറഞ്ഞു ” സഫര്‍ ഭായി, M ആണ് താങ്കളുടെ പ്രശ്നം. M നു ലോണ്‍ കൊടുക്കരുതെന്ന് ഒരു അലിഖിതനിയമം ഉണ്ടുപോലും,. M എന്ന് വച്ചാല്‍ മുസ്ലീം. M നെഗറ്റീവ് ലിസ്റ്റില്‍ ആണ്. എന്താ ഈ നെഗറ്റീവ് ലിസ്റ്റ് ഉണ്ടാക്കിയതും നരേന്ദ്രമോഡി ആണോ ? അല്ലല്ലോ ? മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ കാലുപൂര്‍, ജമാല്‍പൂര്‍, പിന്നെ പല്‍ഡി ഭാഗത്തുള്ള ഫൈസ് മുഹമ്മദ് സൊസൈറ്റി എന്നിവയെല്ലാം മേല്‍പ്പറഞ്ഞ നെഗറ്റീവ് ലിസ്റ്റിലാണ് ! അതുകൊണ്ട് ബാക്കി യോഗ്യതകള്‍ എല്ലാമുണ്ടെങ്കില്പ്പോലും ഞങ്ങള്‍ക്കാരും ലോണ്‍ തന്നിരുന്നില്ല.
2002ലെ കലാപസമയത്ത് ഞാന്‍ ലണ്ടനിലായിരുന്നു, പക്ഷേ ഞങ്ങളുടെ പ്രധാന ബിസിനസാകട്ടെ അഹമ്മദാബാദിലും. അതിനു കനത്ത നഷ്ടം നേരിട്ടു. പക്ഷേ എന്നെ നിരാശനാക്കിയത് ഞങ്ങള്‍ക്ക് വേണ്ടി ആരും മിണ്ടാനില്ലാത്ത അവസ്ഥയാണ്. ഞാന്‍ താമസിച്ചിരുന്ന ഡ്യൂസ്ബറിയിലുള്ള മൂന്നു മുസ്ലീങ്ങള്‍ ഹിമ്മത് നഗറില്‍ വച്ച് കൊല്ലപ്പെട്ടു. കലാപവാര്‍ത്ത അറിയാതെ സൂററ്റിലെ കുടുംബവീട് കാണാന്‍ പോയവരാണ് അവര്‍. ഫെബ്രുവരിയിലെ ആ നശിച്ച രാത്രിയില്‍ അവരെ വലിച്ചിഴച്ചു കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അതില്‍ അസ്വാള്‍ എന്ന് പേരുള്ളയാല്എന്റെ അയല്‍വാസിയായിരുന്നു. ഉടന്‍ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് ഞങ്ങള്‍ നിശ്ചയിച്ചു. അങ്ങനെ ഗുജറാത്ത് ഗവണ്മെന്റിനെ അന്താരാഷ്ട്രനീതിന്യായകോടതി സമക്ഷം കൊണ്ടുവരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്നത്തെ ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി ഇംഗ്ലണ്ട് സന്ദര്‍ശനം നടത്താന്‍ പോവുകയായിരുന്നു അന്ന്. അതിനെതിരായി ഞാന്‍ ലണ്ടന്‍ കോടതിയില്‍ ഒരു കേസ് കൊടുത്തു. അതിനു ഉപോല്‍ബലകമായി ചൂണ്ടിക്കാട്ടിയത് കറുത്തവര്‍ഗ്ഗക്കാരുടെ അതിതീവ്ര വലതുപക്ഷസംഘടനയായ നാഷന് ഓഫ് ഇസ്ലാമിന്റെ നേതാവ് ലൂയി ഫറാഖാന് ഇംഗ്ലണ്ടില്‍ പ്രവേശനാനുമതി നിഷേധിച്ചതായിരുന്നു.
ഫറാഖാന് നിഷേധിച്ച അനുമതി അദ്വാനിക്ക് നല്‍കരുതെന്ന് ഞാന്‍ വാദിച്ചു. കേസ് ലണ്ടന്‍ കോടതി സ്വീകരിച്ചതറിഞ്ഞ അദ്വാനി അപമാനം ഒഴിവാക്കാനായി സ്പെയിനില്‍ വച്ച് തന്നെ പര്യടനം വെട്ടിച്ചുരുക്കി മടങ്ങി. അങ്ങനെ കേസ് തള്ളിപ്പോയി. പക്ഷേ എനിക്ക് എന്റെ ഭാഗം എന്താണ് എന്ന് ഭരണകൂടത്തെ അറിയിക്കാനുള്ള ഒരു അവസരമായിരുന്നു അത്. അതൊരിക്കലും മോഡിക്കെതിരായിരുന്നില്ല.
ഞങ്ങള്‍ മോഡിക്കെതിരായ കേസ് നടത്താന്‍ ബ്രിട്ടനിലെ ഒരു മികച്ച നിയമസ്ഥാപനത്തെയാണ് ഏല്‍പ്പിച്ചത്. പണം ഞങ്ങള്‍ക്കൊരു പ്രശ്നമല്ലായിരുന്നു. ഇതിനിടയില്‍ ഞാന്‍ ഒരു ഹീറോ ആവുകയാണെന്നു എനിക്ക് ബോദ്ധ്യം വന്നു. അതെന്റെ മനസ്സില്‍ ഒരു ചോദ്യമിട്ടു. “ഈ കേസ് അന്താരാഷ്ട്രകോടതി മുന്‍പാകെ വരുന്നതോടെ ഞാന്‍ പ്രശസ്തനാകും. പക്ഷേ പരിണതഫലം എന്താണ് ?“ ഇന്‍തിഫാദ പ്രസ്ഥാനം അതിന്റെ പരമകാഷ്ഠയിലാണ് അന്ന്. അമേരിക്ക മുന്‍കൈയെടുത്തു ഇസ്രായേല്‍ പലസ്തീന് പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സമയവും. ബുഷിന്റെ മദ്ധ്യസ്ഥതയില്‍ പലസ്തീനികള്‍ ഷാരോണ്‍, പെരസ് മുതലായവരോടൊപ്പം ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യാന്‍ പോകുന്ന സമയം.
നമ്മള് അറുപതു വര്‍ഷമായി പലസ്തീന് പ്രശ്നം കാണുന്നതാണ്. പലസ്തീന് ഇന്ന് വരെ എങ്ങുമെത്തിയിട്ടില്ല. ലോകത്ത് മറ്റുള്ള ഭാഗങ്ങളിലെ മുസ്ലീങ്ങളുടെ അവസ്ഥയും നമ്മള് കണ്ടതാണ്. ഞങ്ങള്‍ യുദ്ധം ചെയ്തു, പക്ഷേ എന്തുനേടി ? പലസ്തീന്റെ അവസ്ഥ എനിക്ക് വലിയ മനോവിഷമമുണ്ടാക്കിയതാണ്. മുപ്പതുലക്ഷം പേരാണ് അഭയാര്‍ഥികളായി ലെബനനില്‍ കഴിയുന്നത്. അതും വളരെ ദുരിതത്തില്‍. അതുമായി താരതമ്യം ചെയ്താല്‍ മുംബൈയിലെ ചേരികള്‍ സ്വര്‍ഗ്ഗമാണ്.
നേരത്തെ തന്നെ ഇത്തരം ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ഇന്ന് പലസ്തീനികള്‍ മുഴുവന്‍ നല്ലനിലയിലായിരുന്നേനെ.. അവരും ഞങ്ങളും [പലസ്തീനികളും ഗുജറാത്തി മുസ്ലീങ്ങളും] എന്തുചെയ്യണം എന്നാരാണ് തീരുമാനിക്കേണ്ടത് ? കസേരയിലിരുന്നു വാചകമടിക്കുന്നവരോ ? അവരൊക്കെ മികച്ച ഓഫീസുകളില്‍ സുഖമായി ഇരുന്ന് അഞ്ചും പത്തും ജോലികള്‍ ചെയ്തു മാസം ഏഴക്കശമ്പളം പറ്റുന്നവരാണ്. അവര്‍ ഞങ്ങള്‍ക്ക് ആകെ ചെയ്തുതരുന്ന സേവനം കുറെ ഇമെയിലുകള്‍ അയച്ചു തരുന്നതാണ്. ഞങ്ങളാണ് ഗുജറാത്തില്‍ ഇനിയും ജീവിക്കേണ്ടവര്‍. പക്ഷേ ഞങ്ങളെ നിയന്ത്രിക്കുന്നത് ഇത്തരം വ്യക്തികളും. അവര്‍ക്ക് ഇന്ത്യയില്‍ വരാനോ അഹമ്മദാബാദില്‍ ജീവിക്കാനോ താല്പര്യമില്ല. ഇസ്ലാമികവല്ക്കരണത്തെക്കുറിച്ചുള്ള എന്റെ സകലധാരണയും തെറ്റിക്കാന്‍ ഇതു തന്നെ ധാരാളമായിരുന്നു. ഇസ്ലാം എന്നാല്‍ ഒന്ന് എന്നാണു ഞാന്‍ ധരിച്ചിരുന്നത്. പക്ഷേ ഞാന്‍ മനസ്സിലാക്കിയേടത്തോളം അറബികള്‍ അറബികള്‍ തന്നെയായിരിക്കും, പാകിസ്ഥാനികള്‍ പാകിസ്ഥാനികളും. അതൊക്കെ പോട്ടെ, നമ്മുടെ ലഖ്നൗവിലുള്ള മുസ്ലീങ്ങള്‍ ലഖ്നാവി ആണ് ! അവര്‍ക്ക് ഗുജറാത്തി മുസ്ലീങ്ങള്‍ ജീവിച്ചാലും മരിച്ചാലും ഒന്നുമില്ല. അതൊക്കെ പോട്ടെ, അഹമ്മദാബാദി മുസ്ലീമിന് എന്തെങ്കിലും സംഭവിച്ചാല്‍ സൂററ്റി മുസ്ലീമിന് അതൊരു വിഷയമേയല്ല !
എന്നിട്ടും കലാപബാധിതര്‍ക്കുള്ള സഹായമെത്തിക്കാനുള്ള അഭ്യര്‍ത്ഥനയുമായി ഞാന്‍ ലണ്ടനിലെ സകലമോസ്കും കയറിയിറങ്ങി. സഹായം എന്നെ ഏല്‍പ്പിക്കേണ്ട, ഇരകളെയോ സന്നദ്ധസംഘടനകളെയോ ഏല്‍പ്പിച്ചാല്‍ മതി എന്ന് ഞാന്‍ അഭ്യര്‍ഥിച്ചു. എല്ലാം ശരിയാക്കിയെടുക്കാന്‍ ധാരാളം പണം ആവശ്യമുണ്ട്. സമുദായം ഭിക്ഷക്കാരുടെ അവസ്ഥയിലേക്ക് കൂപ്പുകുത്തുന്നത് എനിക്ക് സങ്കല്പ്പിക്കാന് പോലും സാധിച്ചില്ല. അതുകൊണ്ട് തന്നെ അഭയാര്ഥിക്യാമ്പുകളെക്കുറിച്ച് കേട്ടയുടന്‍ എന്റെ സഹോദരനോട് ഏതുവിധേനയും ആ ക്യാമ്പുകള്‍ പൂട്ടിക്കുവാന്‍ ഞാന്‍ അപേക്ഷിച്ചു.
ഇംഗ്ലണ്ടില്‍ ഞാന്‍ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. അവിടെ എന്റേതായി സാമ്പത്തികസേവനങ്ങള്‍ നല്കുന്ന ഒരു കമ്പനിയുണ്ടായിരുന്നു. FSA അംഗീകൃത സാമ്പത്തിക ഉല്പന്നങ്ങള് പുറത്തിറക്കുന്ന ഒരു ടീമില്‍ ഒരു ശരിയത്ത് പണ്ഡിതനോടൊപ്പം ഞാനും അംഗമായിരുന്നു. ലോകത്തിലെ ആദ്യ ഇസ്ലാമിക് ഇക്വിറ്റി ഫണ്ട്, കൂടാതെ ഇസ്ലാമിക് ഫിനാന്‍സ്, ഇസ്ലാമിക് ഫണ്ട് തുടങ്ങിയ ആശയങ്ങള്‍ മുതലായവ എന്റെ വകയാണ്. പിന്നെ ഹാര്‍വാര്‍ഡ് സര്‍വകലാശാല, ഇസ്ലാമിക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് എന്നിവിടങ്ങളില്‍ ഞാന്‍ ഞാന്‍ ക്ലാസെടുത്തിരുന്നു. ഞാന്‍ അത്രയും നല്ല നിലയിലായിരുന്നെങ്കിലും മറ്റുള്ളവരുടെ ഇടയില്‍ നിന്നും മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടായ അനുതാപതരംഗം എന്നെ നിരാശനാക്കി. എല്ലാവര്ക്കും സഹതാപം മാത്രമേയുള്ളൂ, മരിച്ചുപോയവരെപ്പറ്റിയോ ആരുടെയൊക്കെ ഉറ്റവര്‍ പോയെന്നോ ഒന്നും ആരും ചിന്തിക്കുന്നില്ല. ബാക്കിയുള്ളവരൊക്കെ അവരവരുടെ സൗകര്യങ്ങളില്‍ സംതൃപ്തരായിരുന്നു. ഗുജറാത്ത് വിഷയം സ്വീകരണമുറികളില്‍ ചൂടുകബാബിനോടൊപ്പമുള്ള ഒരു ചര്‍ച്ചാവിഷയമായി അസ്തമിക്കുന്നത് ഞാന്‍ ഭീതിയോടെ കണ്ടുനിന്നു. ഇത്തരക്കാരുടെ സഹതാപം ഞങ്ങള്‍ക്ക് വേണ്ട എന്ന് ഞാന്‍ നിശ്ചയിച്ചു. അപ്പോഴേക്ക് ഞാന്‍ മോഡിക്കെതിരായ യുദ്ധം പ്രഖ്യാപിച്ചിരുന്നു. തദവസ്ഥയില്‍ ഗുജറാത്തിലെക്കൊരു മടക്കം അചിന്ത്യം. ഞാന്‍ എന്നോടുതന്നെ ചോദിച്ചു ” ഒന്നു സംസാരിക്കാതെ എങ്ങനെയാണ് ഒരു പ്രശ്നം അവസാനിപ്പിക്കുക ? ഗുജറാത്ത് എന്നല്ല, ഇനി ഏതു കൊലകൊമ്പന്‍ വിഷയമായാലും സംസാരിക്കാതെ എങ്ങനെ തീര്‍ക്കാന്‍ പറ്റും ? “ അപ്പോള്‍ അടുത്ത സംശയം. ” ഞാന്‍ ആരോട് സംസാരിക്കും ? എന്തായാലും ആരോടെങ്കിലും സംസാരിക്കണം. എന്നാല്‍പ്പിന്നെ എന്തുകൊണ്ട് മോഡി ആയിക്കൂടാ ? ”
ഞാന്‍ ഈ പ്രശ്നം രണ്ടുമൂന്നു മുസ്ലീം മതപണ്ഡിതരുടെ മുന്നില്‍ അവതരിപ്പിച്ചു. ആ സമയത്ത് [2003 ആഗസ്റ്റ് 17ന്] വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റുമായി ബന്ധപ്പെട്ട് മോഡി സാഹിബ് ലണ്ടന്‍ സന്ദര്‍ശിക്കാന്‍ പോകുന്നതായി എനിക്കറിയാമായിരുന്നു. അദ്ദേഹത്തെ നേരില്‍ക്കണ്ട് “നിങ്ങള്‍ വാദ്നഗറില്‍ മുസ്ലീങ്ങളുടെ ഇടയില്‍ നിന്നാണ് വരുന്നത്, എന്നിട്ടും നിങ്ങള്‍ക്ക് എന്താണ് ഞങ്ങളോടിത്ര ശത്രുത” എന്ന് ചോദിക്കാന്‍ ഞാന്‍ തീര്‍ച്ചപ്പെടുത്തി. ഇത് ഞാന്‍ ബുദ്ധിമാന്മാരായ ആ പണ്ഡിതരോടു പറഞ്ഞു. അവര്‍ പറഞ്ഞു ” നിനക്ക് ഈ പ്രശ്നം അവസാനിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ മോഡിയോട് നീ നേരിട്ട് സംസാരിക്കണം. ഇല്ലെങ്കില്‍ യുദ്ധം ചെയ്തുകൊണ്ടേയിരിക്കണം. പക്ഷേ ഓര്‍ക്കുക, നീ ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അതിന്റെ പരിധി അചിന്ത്യമായിരിക്കും.” ഖുറാന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ഇസ്ലാമികമായ വഴി പറഞ്ഞുതരാന്‍ ഞാന്‍ അവരോടു അഭ്യര്‍ഥിച്ചു.
അവര്‍ പത്തു ഹദീസുകളും ഖുറാനിലെ ആയത്തുകളും എന്നെ വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു ” നീ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ സംസാരിക്കണം.” അവരില്‍ ഒരാള്‍ സുലേ ഹുദയ്ബിയ്യായെ ഉദ്ധരിച്ച ശേഷം എന്നോട് ചോദിച്ചു “എന്താണ് നിന്റെ ഉദ്ദേശം ?” ഞാന്‍ പറഞ്ഞു “മൗലാനാ, ഒരു പരിഹാരം കാണുന്നതില്‍ കവിഞ്ഞ് ഒരുദ്ദേശവുമില്ല. കലാപത്തിനു മുന്‍പ് ഞങ്ങള്‍ക്ക് ഭരണവുമായി ഒരു ബന്ധവുമില്ലായിരുന്നു. അത്തരം അവസ്ഥയില്‍ ഇനിയും ജീവിക്കുക അസാദ്ധ്യം. സ്കൂളുകള്‍, ആശുപത്രികള്‍, മദ്രസകള്‍ ഒക്കെ നടത്തേണ്ടതുണ്ട്. എല്ലാറ്റിനും സര്‍ക്കാര്‍ സഹായം ആവശ്യമാണ് താനും. ഞങ്ങള്‍ ആരോട് പോയി ചോദിക്കും ?”
അവര്‍ തന്ന ധൈര്യം വച്ചുകൊണ്ട് ഞാന്‍ ആലോചിച്ചു. പൂച്ചയ്ക്ക് എങ്ങനെ മണികെട്ടും ? മോഡിയെപ്പോലെ പ്രഭാവശാലിയായ ഒരാളെ എങ്ങനെ നേരിട്ട് കാണാന്‍ പറ്റും ? കൂടാതെ ഞാന്‍ മോഡിവിരുദ്ധപ്രചരണത്തിന്റെ നേതാവും. അവസാനം സഹായത്തിനായി സുഹൃത്തും സിനിമാസംവിധായക-നിര്‍മ്മാതാ-തിരക്കഥാകൃത്തുമായ മഹേഷ് ഭട്ടിനെ ഞാന്‍ ആശ്രയിച്ചു. അദ്ദേഹം മുസ്ലീങ്ങളുടെ അവകാശസമരങ്ങളില്‍ മുന്‍പന്തിയിലാണ് എന്നും. അഹമ്മദാബാദില്‍ കലാപത്തിന്റെ മൂന്നാം ദിവസം തന്നെ എത്തി മുസ്ലീങ്ങള്‍ക്കൊപ്പം നിന്ന വ്യക്തിയുമാണ് അദ്ദേഹം. ഇതെല്ലാം കൂടാതെ, എന്റെ സഹോദരനോട് ഞങ്ങള്‍ വീണ്ടും സാമ്പത്തികമായി ഉയര്‍ച്ചയിലേക്കു വരാന്‍ സാദ്ധ്യമായതൊക്കെ ചെയ്യാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുമുണ്ടായിരുന്നു.

ഭട്ട് സാഹിബുമായി എനിക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ട്. വിശ്വസിക്കാന്‍ കൊള്ളാവുന്നയാള്. പുതിയ വഴിത്തിരിവുകള്‍ ഞാന്‍ അദ്ദേഹത്തെ അറിയിച്ചു, എന്നിട്ട് മോഡിയുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തിത്തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഭട്ട് സാഹിബ് പറഞ്ഞു “തീര്‍ച്ചയായും വേണം. എല്ലാ പ്രശ്നങ്ങളും അവസാനം ഒരു മേശപ്പുറത്താണ് അവസാനിക്കുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ പോലും അവസാനം ഒരു വിലപേശലില്‍ തീര്‍ന്നു.”
“പക്ഷേ ഭട്ട് സാഹിബ്, നമ്മളെങ്ങനെ മോഡിയെ കാണും ?” ഞാന്‍ ചോദിച്ചു. “പ്രശ്നം തീര്‍ക്കാനാണെങ്കില്‍ ഞാനൊന്ന് നോക്കാം.” ഭട്ട് സാഹിബ് പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം വിളിച്ചിട്ട് പറഞ്ഞു “എന്റെ സുഹൃത്ത് രജത് ശര്‍മ മോഡിയുടെ അടുത്ത ആളാണ്. ഞാന്‍ അയാളോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ എന്തുകൊണ്ട് മോഡിയെ കാണാന്‍ ആഗ്രഹിക്കുന്നു എന്ന് കാട്ടി രജതിനു ഒരു ഇമെയില്‍ അയക്കണം.”
ഞാന്‍ വളരെ സാധാരണ ഭാഷയില്‍ ഒരു ഇമെയില്‍ അയച്ചു. ക്ഷമ ചോദിക്കലോ ഒന്നും ഉണ്ടായില്ല. “ഞങ്ങള്‍ മോഡിക്കെതിരെ വാദിച്ചു, ശരിയാണ്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് മടുത്തു. ഇതുകൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ല. ഇതുമായി മുന്‍പോട്ടു പോയാല്‍ ഞാനൊരുപക്ഷേ ഒരു ഹീറോ ആയേക്കും. പക്ഷേ എനിക്കതിനോട് താല്പര്യമില്ല. അതുകൊണ്ടെനിക്ക് മോഡിയെ കണ്ടു ചോദിക്കണം, എന്താണ് ഞങ്ങളുമായി അയാളുടെ പ്രശ്നമെന്ന്.”
സഫര്‍ സരേഷ്വാല എനിക്കെതിരെ ആരോപണങ്ങള്‍ നിരത്തിയ ആളാണ് , ഒരുപാടു പ്രകടനങ്ങള്‍ നയിച്ചയാളാണ് എന്നുപറഞ്ഞ് മോഡി ചൂടായതായി ഞാന്‍ പിന്നീടറിഞ്ഞു. ഒരുപക്ഷേ അദ്ദേഹം എന്റെ കുടുംബപശ്ചാത്തലം അന്വേഷിച്ചറിഞ്ഞു ഞങ്ങള്‍ നല്ലവരാണെന്ന് മനസ്സിലാക്കിയിരിക്കണം. 2002ലെ കലാപത്തെക്കുറിച്ചു സംസാരിക്കുകയല്ലാതെ എനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നു ഞാന്‍ വ്യക്തമാക്കിയിരുന്നു താനും.
മോഡി ഇന്നത്തെപ്പോലെ ഒരു ഹീറോ ആകുന്നതിനു വളരെ മുന്‍പാണ് ഞങ്ങള്‍ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നടത്തിയത് എന്നോര്‍ക്കണം. അന്ന് മോഡിക്കുള്ള വിശേഷണങ്ങള്‍ ഹിറ്റ്ലര്‍, മിലോസെവിച് എന്നൊക്കെയായിരുന്നു. മോഡിയാണെങ്കില്‍ വെറുക്കപ്പെട്ടവനും. അങ്ങനെയുള്ള ഒരാളില്‍ നിന്നും ഒരുവിധ അനുഭാവവും പ്രതീക്ഷിക്കാന്‍ പോലുമാകില്ല. ഇന്ന് മോഡി സാഹിബിനെക്കാണാന് ആള്ക്കാര് ക്യൂ നില്ക്കുന്നു. മത്സരിച്ചു വാനോളം പുകഴ്ത്തുന്നു.
കൂടിക്കാഴ്ച രജത് മുഖേന ഉറപ്പിച്ചു. ആഗസ്റ്റ് പതിനേഴിന് മോഡി ലണ്ടനില്‍ എത്തുമെന്ന് രജത് ഞങ്ങളെ അറിയിച്ചു. ഞാന്‍ മോഡിയെ അനുഗമിച്ചുവരാന് രജത്തിനോടാവശ്യപ്പെട്ടു,. തന്നെക്കൂടി ഈ ഏടാകൂടത്തിലേക്ക് വലിച്ചിടുന്നതെന്തിനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അദ്ദേഹം വന്നാല്‍ അത് ഞങ്ങള്‍ക്ക് ഗുണകരമായി ഭവിക്കുമെന്നു ഞാന്‍ രജത്തിനെ ധരിപ്പിച്ചു. അങ്ങനെ രജത് ശര്‍മയും മോഡിക്കൊപ്പം ലണ്ടനിലേക്ക് പറന്നു.
വെംബ്ലിയിലുള്ള ഒരു ഹാളില്‍ വച്ച് കാണാം എന്ന് മോഡി സാഹിബ് അറിയിച്ചുവെങ്കിലും ഞങ്ങള്‍ക്ക് അദ്ദേഹത്തോട് സ്വകാര്യമായാണ് സംസാരിക്കേണ്ടത് എന്ന് ധരിപ്പിച്ചപ്പോള്‍ അഞ്ചുമണിക്ക് അദ്ദേഹം താമസിക്കുന്ന ജയിംസ് കോര്‍ട്ടില്‍ വച്ചുകാണാം എന്ന് അദ്ദേഹം അറിയിച്ചു. ആ കൂടിക്കാഴ്ചയുടെ വിജയത്തിന് വേണ്ടി പ്രാര്ഥനാനിരതരായിരിക്കവേ ഞങ്ങളുടെ ചെവിയില്‍ ഇടിത്തീ പോലെ ആ വാര്‍ത്ത വീണു. സഫര്‍ സരേഷ്വാല മോഡി വിഷയത്തില്‍ പാലം വലിച്ചു ! സകലമാധ്യമങ്ങളും ഇതുമാത്രം പ്രചരിപ്പിക്കുന്നു ! ഒരിക്കല്‍ ഹീറോ ആക്കിയവര്‍ തന്നെ വളഞ്ഞുപിടിച്ചു ആക്രമിക്കുന്നു !
“നിങ്ങള്‍ മോഡിയെ തോല്‍പ്പിക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഇലക്ഷനില്‍ തോല്‍പ്പിച്ചു തെളിയിക്കണം.” ഞാന്‍ എന്റെ വിമര്ശകവൃന്ദത്തോട് പറഞ്ഞു. “എന്തായാലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഇലക്ഷനില്‍ വിജയിച്ച ഒരാള്‍ കള്ളത്തരം കാട്ടി വിജയിക്കില്ല. ജനത്തിന്റെ വോട്ട് ആണത്. നിങ്ങള്‍ അതിബുദ്ധിമാന്മാരായിരുന്നെങ്കില് മോഡിയെ തോല്‍പ്പിച്ചേനെ. അതൊട്ട് സാധിച്ചില്ല. എന്നാല്‍ വാചകമടിക്ക് ഒരു കുറവുമില്ല. മോഡിയോട് സംസാരിക്കാന്‍ മറ്റുള്ളവരെ സമ്മതിക്കുകയുമില്ല.”
“ഗുജറാത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു” എന്ന് ഞാനൊരു പ്രസ്താവന നല്കി. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണത് പോലെ ആ വാര്‍ത്ത സകല ദിനപത്രങ്ങളും എന്നെ എതിര്‍ത്ത് പ്രസ്താവന ഇറക്കാന്‍ കാരണമായി. ഒരൊറ്റദിവസം കൊണ്ട് നായകനില്‍ നിന്നും പ്രതിനായകനിലേക്ക് ! ഇംഗ്ലണ്ടിലെ പല പ്രമുഖവ്യക്തികളും എന്നെ മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും പിന്തിരിയാന് പ്രേരിപ്പിച്ചു. പക്ഷേ ഞാനവരെ ഒന്നും ചെവിക്കൊണ്ടില്ല. ഇതാണ് എന്റെ ശരി. എന്തായാലും വ്യക്തിപരമായ ഒരു താല്പര്യം കൊണ്ടല്ല ഞാന്‍ പോകുന്നതും. പലസ്തീനികള്‍ക്ക് ഷാരോണുമായി സംസാരിക്കാമെങ്കില്‍ എനിക്ക് മോഡിയുമായി സംസാരിച്ചുകൂടേ ? സ്വഭാവേന ഷാരോണും മോഡിയും രണ്ടു ധ്രുവങ്ങളിലും.
ശത്രുക്കളോട് പോലും സന്ധിസംഭാഷണമാകാം എന്ന് മൗലാനമാര് പറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് മോഡി ഒന്നുമില്ലെങ്കിലും നാട്ടുകാരനല്ലേ, നമുക്ക് അറിയാവുന്ന ആളാണല്ലോ എന്നായിരുന്നു. വേണമെങ്കില്‍ മോഡിയുടെ കോളറിനു പിടിച്ചു സംസാരിക്കാം. അവര്‍ തന്ന ധൈര്യവും ഖുറാനും ഹദീസും തന്ന ആത്മവിശ്വാസവും കൈമുതലായി ഇരുന്നതുകൊണ്ട് നൂറുകോടി മുസ്ലീങ്ങള്‍ എനിക്കെതിരെ വന്നാലും എന്റെ വഴി ശരിയാണ് എന്നുറക്കെ വിളിച്ചുപറയാനുള്ള തന്റേടം എനിക്കുണ്ടായി. പക്ഷേ മോഡിയെ കാണുന്നതിനു മുന്‍പ് എനിക്ക് ശരിക്കും നരകം കാണേണ്ടി വന്നു. ലോകത്തിന്റെ വിവിധകോണുകളില്‍ നിന്നും അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവും നിറഞ്ഞ 1100 ഇമെയിലുകളാണ് എനിക്ക് ലഭിച്ചത്. ഇതെന്റെ ജിഹാദാണ്. ഞാനുറച്ചു വിശ്വസിച്ചു.
അഞ്ചുമണിക്ക് മോഡി സാഹിബിനെ കാണണം. അതിനു അഞ്ചുമിനിട്ട് മുന്‍പ് ഭട്ട് സാഹിബ് എന്നെ ഫോണില്‍ ബന്ധപ്പെട്ടു. “സഫര്‍ ഭായി, താങ്കള്‍ ഏതായാലും മോഡിയെ കാണാന്‍ പോവുകയല്ലേ, മോഡിയുടെ കണ്ണില്‍ നോക്കി നീതിയില്ലാതെ സമാധാനമുണ്ടാകില്ല എന്ന് പറയാനുള്ള ചങ്കൂറ്റമില്ലെങ്കില്‍ താങ്കള്‍ പോകരുത്.” ഞാന്‍ പറഞ്ഞു, “ഭട്ട് സാഹിബ്, അദ്ദേഹം ഒരു ഭരണാധികാരിയാണ്, ഒരു മുഖ്യമന്ത്രിയാണ്, എത്രനേരം സംസാരിക്കാന്‍ സാധിക്കുമെന്നുപോലും എനിക്കറിയില്ല. ചിലപ്പോള്‍ രണ്ടോ മൂന്നോ മിനിറ്റ് തന്നേക്കാം. ചിലപ്പോള്‍ പരാതി സമര്‍പ്പിച്ചിട്ടു പോയ്ക്കോളാന്‍ പറഞ്ഞേക്കും.” ഭട്ട് പറഞ്ഞു “ശരി എന്റെ പ്രാര്‍ഥനകള്‍ താങ്കള്‍ക്കൊപ്പമുണ്ട്. എന്തായാലും പോകൂ.” അങ്ങനെ ഞാനും എന്റെ സഹോദരനും ഒരു മുസ്ലീം മതപണ്ഡിതനും അടങ്ങുന്ന സംഘം മുന്നോട്ടു നീങ്ങി. ബിസിനസുകാരനായത് കൊണ്ടുതന്നെ എന്നെ അവര്‍ പറഞ്ഞതൊന്നും ബാധിച്ചില്ല. പക്ഷേ പാവം മൗലാനയെ അവര്‍ ഒരു കാഫിര്‍ ആയി മുദ്രകുത്തി. അളവില്ലാത്ത അപമാനമാണ് ആ പാവം സഹിച്ചത്.
മോഡിക്കെതിരെ മാധ്യമങ്ങളില്‍ ആഞ്ഞടിക്കുന്ന മഹേഷ് ഭട്ടാണ് സഫറിനെ ഈ കൂടിക്കാഴ്ചയ്ക്ക് പ്രേരിപ്പിച്ചതെന്ന ഘടകം എനിക്ക് അവിശ്വസനീയമായിത്തോന്നി. സംശയനിവൃത്തിക്കായി ഞാന്‍ മുംബൈക്ക് പോയി. സഫറിന്റെ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗുജറാത്തി മുസ്ലീങ്ങളും മോഡിയുമായുള്ള ബന്ധത്തെക്കുറിച്ച് ഭട്ടിന്റെ അഭിപ്രായം അറിയുകയും ലക്ഷ്യമായിരുന്നു. സഫര്‍ പറഞ്ഞത് മുഴുവന്‍ ശരിവച്ചു കൊണ്ടാണ് ഭട്ട് സംസാരിച്ചത് !

മോഡി ഞങ്ങളെ എങ്ങനെ സ്വീകരിച്ചെന്നു നോക്കണേ ! ഞങ്ങള്‍ കെട്ടിടത്തിനുള്ളില്‍ എത്തിയ സമയം കണക്കുകൂട്ടി അദ്ദേഹം കൃത്യമായി എലിവേറ്ററിനു സമീപം വന്നു ഞങ്ങളെ സ്വീകരിച്ചു. എന്താണ് നടക്കാന്‍ പോകുന്നതെന്നോര്‍ത്തു ഞാന്‍ ശരിക്കും പരിഭ്രാന്തനായിരുന്നു. പക്ഷേ അദ്ദേഹം ഞങ്ങള്‍ക്ക് ഷേക്ക് ഹാന്‍ഡ് തന്നു സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു : “വരൂ സുഹൃത്തേ.”അതോടെ മഞ്ഞുരുകി. റൂമിനുള്ളില്‍ ഒരു ആട്ടുകട്ടില്‍ ഉണ്ടായിരുന്നു. മോഡി അതിലിരുന്നു. എന്നെയും സമീപതിരുത്തി. അദ്ദേഹം സംസാരിച്ചു തുടങ്ങുമ്പോഴേക്ക് ഞാന്‍ പറഞ്ഞു “മിസ്റ്റര്‍ മോഡി, നിങ്ങള്‍ എന്നെക്കാള്‍ താഴ്ന്ന ഗുജറാത്തിയാണ്.” മോഡി ചോദിച്ചു “എങ്ങനെ ?” ഞാന്‍ പറഞ്ഞ,“ഞാന്‍ അഹമ്മദാബാദുകാരനാണ്, അഹമ്മദാബാദുകാരാണ് ഗുജറാത്തികളില്‍ വെച്ച് ഏറ്റവും നല്ല ഗുജറാത്തികള്‍. നിങ്ങള്‍ വാദ്നഗറില്‍ നിന്നാണ്. അവിടെയുള്ളവര്‍ ശരിക്കുമുള്ള ഗുജറാത്തികളല്ല,” “ശരിയാണ്” മോഡി സമ്മതിച്ചു.
ആ കൂടിക്കാഴ്ചയില്‍ ഏകദേശം രജത് ശര്‍മയടക്കം എട്ടുപത്തുപേരുണ്ടായിരുന്നു. നിങ്ങളിവിടെ വന്നത് വൈബ്രന്റ് ഗുജറാത്തിനു വേണ്ടിയാണ്, ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കായി. പക്ഷേ ഈ വളര്‍ച്ച നീതിരഹിതമായത് കൊണ്ടുതന്നെ ശൂന്യമായിരിക്കും. പടിഞ്ഞാറ് [പടിഞ്ഞാറന്‍ രാജ്യങ്ങള്‍] ലോകം ഭരിക്കുന്നത് അവര്‍ നാട്ടുകാര്‍ക്ക് നീതി നല്‍കുന്നത് കൊണ്ട് മാത്രമാണ്. പക്ഷേ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ നോക്കൂ – ഞാന്‍ മുസ്ലീങ്ങളുടെ മാത്രം കാര്യമല്ല പറയുന്നത് – നമ്മള് എല്ലാവരും തന്നെ നമ്മുടെ രാജ്യത്ത് അനീതിയുടെ ഇരകളാണ്. നീതിയില്ലാതെ സമാധാനമുണ്ടാകില്ല.
അതിനുശേഷം നമ്മുടെ മൗലാന മോഡിയോട് നീതിയെപ്പറ്റിയും അതിന്റെ ആവശ്യകതയെപ്പറ്റിയും ഒരു പ്രഭാഷണം തന്നെ നടത്തി. ഗുജറാത്തിലെ ഒരു വമ്പന്‍ ബിസിനസുകാരന് അവിടെ വാച്ചില്‍ ഇടയ്ക്കിടെ നോക്കി ഇരിപ്പുണ്ടായിരുന്നു. മോഡിക്ക് അന്നുതന്നെ വേറേതോ വലിയ പ്രോഗ്രാം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ആ ബിസിനസുകാരനോട് പറഞ്ഞു “വാച്ചില്‍ നോക്കണ്ട. ഞാന്‍ ഇന്ന് ഇവരുടെ കൂടെയാണ്.” അദ്ദേഹം എന്നിട്ട് ഞങ്ങളോട് പറഞ്ഞു, “നിങ്ങള്‍ക്ക് എന്നോട് പറയാനുള്ളതെല്ലാം സമയമെടുത്ത് പറഞ്ഞോളൂ.”
ഉടനെ തന്നെ ഞങ്ങള്‍ കലാപങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. “നിങ്ങള്‍ 2002 ഫെബ്രുവരി 27നു രാവിലെ നിങ്ങള്‍ എന്തെടുക്കുകയായിരുന്നു ? നിങ്ങളെന്തുകൊണ്ട് പോലീസിനെയും ആര്‍മിയും ഉടനടി വിളിച്ചില്ല ? നിങ്ങള്‍ എന്തുകൊണ്ടാ ജുഹപുരയില് പോകാത്തത് ? നിങ്ങളെന്തുകൊണ്ട് അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചില്ല ? മോഡിയോട് SIT പിന്നീട് ചോദിച്ചതും ഇതേ ചോദ്യങ്ങളൊക്കെത്തന്നെയാണ്. എന്നിട്ടും ഞങ്ങള്‍ തന്‍കാര്യത്തിനുവേണ്ടി മോഡിയെ കാണാന്‍ പോയെന്നാണ് ചില വിദ്വാന്മാര് വാദിക്കുന്നത് ! ഇതിലും വലിയ കള്ളമുണ്ടോ ?

മൗലാന ഇസ മന്‍സൂരി മോഡിയോട് വളരെ പരുഷമായി പെരുമാറിയെങ്കിലും മോഡി അദ്ദേഹത്തോട് ആദരപൂര്‍വ്വം പ്രതികരിച്ചു. മൗലാന ഒരു ബഹുമാന്യനായ പണ്ഡിതന് ആണെന്ന് മോഡിക്ക് അറിയാമായിരുന്നു. അദ്ദേഹം മൗലാനയുടെ പ്രഭാഷണം മുഴുവന്‍ അതീവശ്രദ്ധയോടെ കേട്ടത്. “ഹിന്ദുഹൃദയസമ്രാട്ടില്” നിന്നും ഞങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. “മോഡി സാഹിബ്, മറ്റെല്ലാം മറന്നേക്കൂ, ഞങ്ങള്‍ക്ക് നീതി ലഭിക്കണം. താങ്കള്‍ അത് ചെയ്യാമെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ക്കു മുന്നേറാം. വെറും 15% മാത്രമുള്ള ഞങ്ങള്‍ക്ക് മാത്രമല്ല, അനീതിയുടെ എക്കാലത്തെയും ഇരകളായ ഹിന്ദുക്കള്‍ക്കും നീതി ലഭ്യമാക്കണം. എല്ലാവര്ക്കും നീതി ലഭിക്കണം,” എന്ന് മൗലാന അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മൗലാന മോഡിയെ രൂക്ഷമായ ഭാഷയില്‍ത്തന്നെ വിമര്‍ശിക്കുകയായിരുന്നു. എന്നാല്‍ പക്വമതിയായ മോഡി ഇത്രയും ഭൂരിപക്ഷത്തില്‍ ജയിച്ചയാള്‍ ആയിരുന്നിട്ടുപോലും അതെല്ലാം ക്ഷമയോടെ കേട്ടിരുന്നു.
എന്റെ അനിയന് തല്‍ഹ ഇതില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്നും എത്തിയിരുന്നു. അവന് കലാപം മുഴുവന്‍ കണ്ടവനാണ്. കൂടാതെ ആ പ്രദേശങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയയാളുമാണ്. ഞാന്‍ മോഡിയോട് പറഞ്ഞു “നോക്കൂ, ആയിരത്തിലേറെ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. പലമാപൂരിനും വാപിക്കുമിടയിലോ, ഭറൂച്ചിനും ജമ്നാനഗറിനുമിടയിലോ എന്ത് നടന്നാലും, അത് നല്ലതായാലും ചീത്തയായാലും അത് അവസാനിക്കുന്നത് നിങ്ങളിലായിരിക്കണം. കാരണം നിങ്ങളാണ് മുഖ്യമന്ത്രി. എപ്പോഴൊക്കെ പ്രശ്നമുണ്ടായാലും, അത് ഹിന്ദുവിനായാലും മുസ്ലീമിനായാലും നിങ്ങള്‍ക്കാണ് ഉത്തരവാദിത്തം. നിങ്ങളുടെ ഭരണത്തില്‍ ഇതെന്തുകൊണ്ട് സംഭവിച്ചു എന്ന് ചോദിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്.” ഉടനെ മോഡി പ്രതികരിച്ചു, “ശരിയാണ്, ഈ കുഴപ്പങ്ങള്‍ എന്റെ കാലത്താണ് സംഭവിച്ചത്. എനിക്ക് അതെല്ലാം നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നുണ്ട്.” ആള്ക്കാര് പറഞ്ഞുള്ള അറിവ് വച്ച് ഞാന്‍ മനസ്സിലാക്കിയത് മോഡി ഒരിക്കലും ക്ഷമ ചോദിക്കില്ലെന്നായിരുന്നു.. ഞാന്‍ പറഞ്ഞു “ഈ ക്ഷമ ചോദിച്ചത് കൊണ്ട് എന്താവാന്‍ ?” മായ കോഡ്നാനി മുസ്ലീങ്ങളോട് ക്ഷമ ചോദിച്ചാല്‍ ഉടനെ അവരോടു എല്ലാവരും ക്ഷമിക്കുമോ ? കുറ്റങ്ങള്‍ക്ക് ശിക്ഷ നല്കാന് ഇവിടെ ഒരു നീതിന്യായസമ്പ്രദായമുണ്ട്. അപ്പോള്‍ മോഡി ഒരു ക്ഷമ ചോദിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്കെന്തു ഗുണം ? അതിനേക്കാള്‍ അന്തസ്സ് അദ്ദേഹം ആ ക്ഷമ തന്റെ പ്രവൃത്തിയിലൂടെ ചോദിക്കുന്നതാണ്.
ഞങ്ങള്‍ മോഡിയില്‍ നിന്നും ഒരുവിധ പരിഗണനയ്ക്കും അപേക്ഷിച്ചില്ല. ഞങ്ങള്‍ക്ക് വേണ്ടി ഇത് ചെയ്യൂ അതുചെയ്യൂ എന്നൊന്നും അഭ്യര്‍ഥിച്ചില്ല. ഞാന്‍ മോഡിയോട് സംസാരിച്ചു തുടങ്ങിയത് തന്നെ “നിങ്ങള്‍ എപ്പോഴും പറയുന്ന “അഞ്ചുകോടി ഗുജറാത്തികളില്‍” അറുപതുലക്ഷം മുസ്ലീങ്ങളും പെടുമോ ? അതെ എന്നാണു ഉത്തരമെങ്കില്‍ മാത്രം നമുക്ക് ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാം. പക്ഷെ ഞാന്‍ നാലരക്കോടി ഹിന്ദുക്കളുടെ മുഖ്യമന്ത്രിയാണ് എന്നാണു നിങ്ങളുടെ ഉത്തരമെങ്കില്‍ ഇവിടെ വച്ച് പിരിയാം.” അദ്ദേഹം പറഞ്ഞു “തീര്‍ച്ചയായും നിങ്ങളും എന്റെയാണ്. ആ അഞ്ചുകോടി നിങ്ങളും ഉള്‍പ്പെട്ടതാണ്. നര്‍മദയിലെ ജലം സബര്‍മതി വഴി തിരിച്ചുവിടുമ്പോള്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന ജൂഹപുരയില് ഞാന്‍ അതിനെ തടഞ്ഞുവയ്ക്കുന്നുണ്ടോ ? നെഹ്റു പാലത്തിനു സമീപമുള്ളവരില് സബര്‍മതിയിലെ ജലത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ആരാണ് ?”
ഞങ്ങളുടെ ചില പോയിന്റുകള്‍ സാംഗത്യമുള്ളവയാണ്, എന്നാല്‍ മിക്കവയും അതിശയോക്തി കലര്‍ന്നതാണ് എന്ന് ഞങ്ങള്‍ക്ക് പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ട ശേഷം മോഡി പറഞ്ഞു. 2002 ഫെബ്രുവരിയില്‍ ഭരണത്തില്‍ താന്‍ എത്രത്തോളം പുതിയ ആളായിരുന്നു എന്ന് ഞങ്ങളോട് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. 2001ല്‍ പെട്ടെന്ന് മുഖ്യമന്ത്രിയാക്കപ്പെട്ട ഒരു വ്യക്തിയ്ക്ക് മൂന്നരമാസത്തിനിടയിലുണ്ടായ ഒരു കലാപത്തെ നേരിടുക എളുപ്പമല്ല. അതും കേശുഭായി പട്ടേലിന്റെ ഭരണം പോലെ ബിജെപിയുടെ അവസ്ഥയും പരിതാപകരമായിരിക്കുമ്പോള് പ്രത്യേകിച്ചും. മോഡിയുടെ ഉത്തരവാദിത്തം ഈ കുഴപ്പങ്ങളെല്ലാം ഒന്ന് ഒതുക്കി ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നത് മാത്രമായിരുന്നു താനും. ഈ വെല്ലുവിളികള്‍ക്കിടയിലും ഫെബ്രുവരി 27നു അദ്ദേഹം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായിത്തന്നെ ഞങ്ങളോട് പറയുകയുണ്ടായി.
കോണ്‍ഗ്രസ് ഭരണകാലത്തെ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന, ഇതിലേറെ മരണസംഖ്യ ഉണ്ടാകാറുള്ള കലാപങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ ഈ കലാപം വെറും മൂന്നുദിവസത്തില്‍ ഒതുങ്ങിയത് സത്യമാണ്. അത് ഞങ്ങള്‍ക്കും ബോദ്ധ്യപ്പെട്ടു. പോലീസും ഭരണവും ഒക്കെ പൂര്‍ണ്ണമായും വര്‍ഗ്ഗീയമായിരുന്നു അന്നൊക്കെ. ബിജെപിയും മറ്റുള്ളവരും ഹിന്ദു ഡോണ്മാരെ വളര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് മുസ്ലീം ഡോണ്മാരെ വളര്‍ത്തിയിരുന്നു എന്നത് ഏവര്‍ക്കും അറിയുന്ന കാര്യമായിരുന്നു താനും. രണ്ടുകൂട്ടരും ഭരണത്തിലുള്ള സ്വാധീനം വച്ച് കാട്ടിക്കൂട്ടാത്ത അക്രമങ്ങളില്ല. ഗുജറാത്ത് തീരമാണെങ്കില്‍ ദുബായില്‍ നിന്നും സ്വര്‍ണ്ണവും മറ്റും കടത്തുന്ന കള്ളക്കടത്തുകാരുടെ പറുദീസയും.
ഭരണവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന മോഡി 2001ല്‍ ചുമതലയേല്‍ക്കുമ്പോള്‍ ഗുജറാത്തിന്റെ അവസ്ഥ ഇങ്ങനെയാണ് ! ഗുജറാത്ത് അസംബ്ലിയില്‍ ഒരു MLA ആകാന്‍ വേണ്ടി നിന്നപ്പോള്‍ ഹരേന്‍ പാണ്ഡ്യയോട് ഒരു സുരക്ഷിതസ്ഥാനം അദ്ദേഹം ആവശ്യപ്പെട്ടില്ല. മറിച്ച് രാജ്കോട്ടില്‍ നിന്നും മത്സരിച്ചു ജയിച്ചു. 2002 ഫെബ്രുവരി 26നു മോഡി ജയിച്ചതായി പ്രഖ്യാപനം വന്നു. അതിനു തൊട്ടടുത്ത ദിവസം രാവിലെ മോഡി അദ്ദേഹത്തിന്റെ ആദ്യബജറ്റ് സഭയില്‍ അവതരിപ്പിക്കുമ്പോള്‍ ഗോധ്രയില്‍ കൂട്ടക്കൊല നടന്നു ! അത് വെറും യാദൃശ്ചികത മാത്രമായിരുന്നോ ? അദ്ദേഹത്തിന്റെ സത്യസന്ധവും ഹൃദയസ്പര്‍ശിയുമായ വിവരണങ്ങള്‍ ഞങ്ങളെ ശരിക്കും സ്വാധീനിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ സകലവിവരങ്ങളുമുണ്ട്. അന്നേവരെയുള്ള ഞങ്ങളുടെ അനുഭവം എന്താന്നുവച്ചാല് ഞങ്ങള്‍ക്ക് [മുസ്ലീങ്ങള്‍] പറയാനുള്ളത് കേള്‍ക്കാന്‍ ആരുമില്ലെന്നതായിരുന്നു. 1969ലും 1985ലും 1987ലും 1992ലും ഒക്കെ ഞങ്ങള്‍ അത് അനുഭവിച്ചറിഞ്ഞതുമാണ്. അന്നത്തെ മുഖ്യമന്ത്രിമാര്‍ എല്ലാവരും കോണ്‍ഗ്രസുകാരായിരുന്നു. അവരില്‍ ഒരാള്‍ പോലും ഞങ്ങളോട് സംസാരിച്ചിട്ടില്ല.
1992ലെ കലാപശേഷം അഹമ്മദാബാദിലെ പ്രഗല്ഭരായ മുസ്ലീങ്ങള്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിനെ കാണാന്‍ പോയിരുന്നു. അവര്‍ റമദാന് മാസത്തിലാണ് ചെന്നതെന്ന് പോലും ആലോചിക്കാതെ അവരെ നാല് ദിവസം കാത്തുനിര്‍ത്തിച്ചു. എന്നെയും വിളിച്ചതാണ്. ഞാന്‍ പോയില്ല. ഒരാളുടെ മുന്നില്‍ ചെന്ന് കുമ്പിടാന്‍ എന്നെക്കിട്ടില്ലെന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. എന്റെ അവകാശങ്ങള്‍ കിട്ടാന്‍ ഞാന്‍ എന്തിനു ആരെയെങ്കിലും വണങ്ങണം ? എന്റെ അമ്മാവന് പോയിരുന്നു. പക്ഷേ പറഞ്ഞ ദിവസം അവര്‍ക്ക് റാവുവിനെ കാണാന്‍ സാധിച്ചില്ല. അങ്ങനെ അമ്മാവന് തിരികെപ്പോന്നു. പറഞ്ഞ സമയം പാലിക്കാന്‍ പോലും താല്പര്യമില്ലാത്ത ഒരാളെ കണ്ടിട്ട് എന്ത് ചെയ്യാന്‍ എന്നായിരുന്നു അമ്മാവന്റെ ചോദ്യം.
ബാക്കിയുള്ളവര്‍ നാല് ദിവസം അവിടെ തങ്ങേണ്ടി വന്നു. നാലാം ദിവസം അവര്‍ക്ക് സംസാരിക്കാന്‍ സമയം കിട്ടി. രണ്ടു മിനിട്ട് ! ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുസ്ലീങ്ങളുടെ അവസ്ഥ ! പറഞ്ഞാലാര് വിശ്വസിക്കും ? പിന്നെ പോയവര്‍ എങ്ങനെയുല്ലവരാണ് ? ചില്ലറക്കാരല്ല ! അവര്‍ വിലയും നിലയുമുള്ള ഗുജറാത്തികള്‍ ആണ് ! അവരെ വേണമെങ്കില്‍ നിങ്ങള്‍ക്ക് മുസ്ലീങ്ങളുടെ ഇടയിലെ ടാറ്റാ എന്നോ ബിര്‍ള എന്നോ വിളിക്കാം. ഞാന്‍ ഒരു പിച്ചപ്പാത്രവുമായി ഒരുത്തന്റെ മുന്നിലും പോകില്ലെന്ന് ശപഥം ചെയ്തിരുന്നു. എന്റെ അച്ഛന്റെ ദീര്‍ഘകാലസുഹൃത്തും [അറുപതു വര്‍ഷത്തോളം] വളരെ വേണ്ടപ്പെട്ടയാളുമായിരുന്ന എഹ്സാന്‍ ജാഫ്രിയാണ് ആ കൂടിക്കാഴ്ച ഒരുക്കിയത്. കലാപത്തിന്റെ ആദ്യദിവസം തന്നെയുണ്ടായ അദ്ദേഹത്തിന്റെ ദുര്മരണത്തില് ഞങ്ങള്‍ക്ക് വേദനയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത് ? അന്ന് രാവിലെ കൊല്ലപ്പെടുന്നതിനു മുന്‍പ് അദ്ദേഹം അച്ഛനുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടായിരുന്നു.
എഹ്സാന്‍ ജാഫ്രി ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് MPയാണ്. അദ്ദേഹം 1960കളില്‍ ഇന്ദിരാകോണ്ഗ്രസില് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. 1972ല്‍ സിറ്റി യൂണിറ്റ് പ്രസിഡന്റായി.. 1977ലെ അടിയന്തിരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് ഏതാണ്ട് നാമാവശേഷമായെങ്കിലും എഹ്സാന്‍ അഹമ്മദാബാദ് സീറ്റില്‍ നിന്ന് വിജയിച്ചു പാര്‍ലമെന്റ് അംഗമായി. അന്നുമുതല്‍ കോണ്‍ഗ്രസില്‍ പല ഉന്നതപദവികളിലും പ്രവര്‍ത്തിച്ചു വരുകയായിരുന്നു. 1969ലെ കലാപത്തില്‍ അദ്ദേഹത്തിന്റെ വീടും അഗ്നിക്കിരയാക്കിയിരുന്നു.
സഫര്‍ തുടരുന്നു.

കോണ്‍ഗ്രസിന്റെ MLAയും തലമുതിര്‍ന്ന നേതാവുമായിരുന്നു എഹ്സാന്‍ ജാഫ്രി. പക്ഷേ കോണ്‍ഗ്രസ് എങ്ങനെയാണ് അദ്ദേഹത്തോട് പെരുമാറിയത് ? കോണ്‍ഗ്രസിന് ഗുജറാത്തില്‍ വളരെയധികം ശക്തിയുണ്ടായിരുന്നു. മുനിസിപ്പല്‍ കോര്പ്പറേഷന് അവരുടെ കയ്യിലായിരുന്നു. എന്നിട്ടും അവരെന്തുകൊണ്ട് അദ്ദേഹത്തെ രക്ഷിച്ചില്ല ? ആരാണ് അവരെ അതില്‍നിന്നും തടഞ്ഞത് ? സുരക്ഷയ്ക്കായി അദ്ദേഹം പാര്‍ട്ടിക്കാര്‍ക്ക് ഫോണ്‍ ചെയ്തിരുന്നു. അദ്ദേഹത്തെ കൊന്ന ജനക്കൂട്ടത്തില്‍ കോണ്‍ഗ്രസുകാരുണ്ടായിരുന്നു !
ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന സമയമത്രയും ഞങ്ങള്‍ ഒരു മുഖ്യമന്ത്രിയോടാണ് സംസാരിക്കുന്നതെന്ന് തോന്നിയതേയില്ല. മോഡി അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറഞ്ഞാലുടന്‍ അഭിപ്രായം മാറ്റി അദ്ദേഹത്തെ പ്രശംസിക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. മോഡി പറഞ്ഞു “ശരി, ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ? പറയൂ. ഏതെങ്കിലും ഒരു മോസ്ക് ഇപ്പോഴും ഹിന്ദുക്കള്‍ അന്യായമായി കൈവശം വച്ചിട്ടുണ്ടോ ? ആര്‍ക്കെങ്കിലും നഷ്ടപരിഹാരം കിട്ടാന്‍ ബാക്കിയുണ്ടോ ? എങ്കില്‍ അവരുടെ പേരുവിവരങ്ങള്‍ തരൂ.” ഞാന്‍ പറഞ്ഞു “മോഡി സാഹിബ്, ഞങ്ങള്‍ ഇതിനുള്ള തയ്യാറെടുപ്പുകളോടെയല്ല വന്നത്. ഞങ്ങളുമായി താങ്കളുടെ പ്രശ്നമെന്താണ് എന്ന് ചോദിക്കാന്‍ വന്നതാണ്.” മോഡി ഒരു പേപ്പര്‍ എടുത്തു തന്നു, എന്നിട്ടു പറഞ്ഞു “ഇതെന്റെ ഫോണ്‍ നമ്പരാണ്. നരേന്ദ്രമോഡിയെ നിങ്ങള്‍ക്ക് 24×7 ലഭ്യമാണ്. നിങ്ങള്‍ക്ക് അയാളെ പാതിരാത്രിക്കോ വെളുപ്പിനെയോ എപ്പോള്‍ വേണമെങ്കിലും വിളിക്കാം. ഞാന്‍ നീതി നടപ്പാക്കിയിരിക്കും. വാക്ക് തരുന്നു.”
നിങ്ങളുടെ കയ്യില്‍ അതിന്റെ ശബ്ദരേഖയോ വീഡിയോയോ ഉണ്ടോ ?
ഇല്ല. ഞങ്ങള്‍ ഈ മീറ്റിംഗ് രണ്ടരമണിക്കൂര്‍ നീളുമെന്ന് സ്വപ്നേപി കരുതിയതല്ല. ഒരു അഞ്ചുമിനിട്ട്, അതാണ് പ്രതീക്ഷിച്ചത്. ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഒരു സാധാരണക്കാരനോട് ഇത്രയും സംസാരിക്കില്ലല്ലോ. ഒരു പരാതി കൊടുത്തിട്ട് പോയ്ക്കോളാന്‍ പറയും. ഞങ്ങള്‍ അദ്ദേഹത്തോട് [മോഡി] രണ്ടര മണിക്കൂര്‍ വളരെ വിശദമായി സംസാരിച്ചു.

മൗലാന ഇസ മന്‍സൂരി ഒരുമണിക്കൂര്‍ നേരം മോഡിയെ ഒന്ന് വായ തുറക്കാന്‍ പോലും സമ്മതിച്ചില്ല; വളരെ പരുഷമായ വാക്കുകള്‍ ഉപയോഗിച്ച് നിശിതമായ വിമര്‍ശനമായിരുന്നു. ആ ഒരുമണിക്കൂര്‍ മുഴുവന്‍ അദ്ദേഹം മോഡിക്ക് ക്ലാസ് എടുത്തുകൊടുക്കുകയായിരുന്നു. പക്ഷേ മോഡി ഒരു മിനിറ്റ് പോലും ഇടയ്ക്ക് കയറി സംസാരിച്ചില്ല. അവര്‍ മുഴുവന്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ മോഡി തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരുടെ ഓരോ പരാതിയും കുറിച്ച് വിശദമായി അവരോടു സംസാരിച്ചു. അദ്ദേഹത്തിന് ആ കലാപത്തിലെ സകലവിവരങ്ങളെപ്പറ്റിയും അഗാധമായ അറിവുണ്ടായിരുന്നതുകൊണ്ട് പല സ്ഥലങ്ങളിലും നടന്നു എന്ന് പറയുന്ന സംഭവങ്ങളും സമയത്ത് സഹായം എത്തിയില്ലെന്ന ആരോപണങ്ങളും വെറും പുകയാണെന്ന് അവര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. എന്നിട്ട് അദ്ദേഹം മൗലാനയോടായി പറഞ്ഞു “ഞാന്‍ മുഖ്യമന്ത്രിയായിട്ടു വെറും മൂന്നരമാസമേ ആയിരുന്നുള്ളൂ എന്ന് നിങ്ങള്‍ക്കെല്ലാം അറിയാം.. ഈ സംഭവം നടക്കുമ്പോള്‍ എനിക്ക് ഭരണപരിചയം തീരെയില്ല. ഞാന്‍ അതിനു മുന്‍പ് ഒരു MLA പോലും ആയിട്ടില്ല. അതുകൊണ്ട് തന്നെ ഭരണത്തില്‍ എന്റെ പിടി മുറുകിയിട്ടുമില്ലയിരുന്നു. പോലീസ് വെടിവെപ്പില്‍ എത്ര ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു എന്ന് നിങ്ങള്‍ ഓര്‍ക്കണം. ഞാന്‍ എത്രയൊക്കെ സ്ഥലങ്ങളില്‍ പട്ടാളത്തെ അയച്ചു.” ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കയറ്റിയ കഥയൊക്കെ വെറും പച്ചക്കള്ളമാണെന്ന് തെളിവുകള്‍ നിരത്തി അദ്ദേഹം ബോദ്ധ്യപ്പെടുത്തി. ഏതൊക്കെ അഭയാര്‍ഥിക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു, മുസ്ലീങ്ങളെ എങ്ങനെ ഒക്കെ പുനരുത്ഥാനത്തിനു സഹായിച്ചു എന്നൊക്കെ അദ്ദേഹം പറഞ്ഞു. മൗലാന പറഞ്ഞു “ഇതൊക്കെ ശരിയാണെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ ഇത് തുറന്നു പറയുന്നില്ല ?” അത് തുറന്നു പറയുന്നതിലേറെ പ്രവര്‍ത്തിയില്‍ കാട്ടാനാണ് ഇഷ്ടമെന്ന് മോഡി മറുപടി നല്കി.
ചില മദ്രസകളും മുസ്ലീം ഹൗസിംഗ് കോംപ്ലക്സുകളുമൊക്കെ മോഡിയോട് സഹായാഭ്യര്‍ഥന നടത്തിയ ഉടന്‍ പെട്ടെന്ന് പ്രതികരിച്ചത് കൊണ്ട് രക്ഷപ്പെട്ട കഥകളും രജത് ശര്‍മ പറഞ്ഞു. അതെല്ലാം ശരിയാണോ എന്ന് ഞാന്‍ എന്റെ ചില വിശ്വസ്തരോട് അന്വേഷിച്ചു ഉറപ്പു വരുത്തി.
അത്തരം ഒരനുഭവം ബിജെപിയുടെ മുസ്ലീം ലീഡര്മാറില് ഒരാളും പഴയ ക്യാബിനറ്റ് മിനിസ്റ്ററുമായ സയ്യദ് ഷാനവാസ് ഹുസൈന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞ വസ്തുത :

ഛോട്ടാ ഉദയ്പൂരില്‍ ഗുലാം വസ്തന്‍വിയുടെ വിദ്യാഭ്യാസ ട്രസ്റ്റ് നടത്തുന്ന ഒരു മദ്രസയുണ്ട്. 2002ലെ കലാപത്തില്‍ അതിന്റെ ഒരുകൂട്ടം കലാപകാരികള്‍ വളഞ്ഞു. ഏതാണ്ട് നാനൂറോളം കുട്ടികള്‍ ആ സമയത്ത് അതിനുള്ളില്‍ ഉണ്ടായിരുന്നു. ഞാന്‍ വാജ്പേയിയുടെ സഭയില്‍ ഒരു മന്ത്രി ആയിരുന്നതുകൊണ്ട് ചില മുസ്ലീങ്ങള്‍ എനിക്ക് ഫോണ്‍ ചെയ്തു. ഞാന്‍ ഉടന്‍ തന്നെ നരേന്ദ്രമോഡിയെ ഈ അപകടാവസ്ഥയെക്കുറിച്ച് അറിയിച്ചു. മോഡി ഉടന്‍ തന്നെ പ്രതികരിക്കുകയും ചെയ്തു. അതുപോലെ സഹായാഭ്യര്‍ഥന ചെന്നിടത്തെല്ലാം മോഡി ഉടന്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നത് മുഴുവന്‍ നെഗറ്റീവ് വാര്‍ത്തകളായിരുന്നു. സമയോചിതമായ ഇടപെടലുകള്‍ മൂലം കൊല്ലപ്പെട്ടവരെക്കാള്‍ ഏറെപ്പേര്‍ രക്ഷപ്പെട്ടവരുണ്ട്. മൊറാദാബാദിലും ഭഗല്പൂരിലും മീററ്റിലും മറ്റു നിരവധി സ്ഥലങ്ങളിലും നടന്ന കലാപങ്ങളില്‍ എത്രപേരെ ശിക്ഷിച്ചിട്ടുണ്ട് ? നെഹ്രുവിന്റെ കാലഘട്ടത്തിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം കലാപങ്ങളുണ്ടായത്. ഇന്ദിരയുടെയും രാജീവിന്റെയും കാലത്ത് പോലും ഭീകരമായ കലാപങ്ങളുണ്ടായി. ഗുജറാത്ത് ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുന്‍പ് തന്നെ കലാപഭരിതമായിരുന്നു. പക്ഷേ മോഡിയുടെ കാലത്ത് നടന്ന ഈ കലാപങ്ങള്‍ മാത്രം ‘വര്‍ഗ്ഗീയവും’ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ നടന്നവ ‘വര്‍ഗ്ഗീയത’ ഇല്ലാത്തതുമാക്കി അവര്‍ പ്രചരിപ്പിച്ചു.

ഇതൊക്കെ കേട്ടപ്പോള്‍ 2003ഇല് നജ്മ ഹെപ്തുള്ള പറഞ്ഞ ഒരു സംഭവം ഓര്മ വന്നു. ആ സമയത്ത് അവര്‍ [അന്ന് കോണ്‍ഗ്രസ് മെമ്പര്‍] രാജ്യസഭാ ചെയര്‍പേഴ്സണ്‍ ആണ്. അവര്‍ മൗലാന അബുള്‍കലാം ആസാദിന്റെ [മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയും ഏകീകൃത ഇന്ത്യയുടെ ശക്തനായ വക്താവും] ചെറുമകളാണ്. സ്വതന്ത്രഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രി ആസാദായിരുന്നു. ഹെപ്തുള്ള 2004 ഇല് ബിജെപിയില്‍ ചേര്‍ന്നു. 2013 ഫെബ്രുവരിയില്‍ ഞാന്‍ അവരെ ഫോണ്‍ ചെയ്തു മോഡി പണ്ട് സഹായിച്ച കാര്യം ഒന്നുകൂടി വിശദമായി ചോദിച്ചു ഉറപ്പാക്കി.
“കലാപം കൊടുമ്പിരിക്കൊണ്ട് നില്ക്കവേ ആഗാഖാന്റെ ഓഫീസില്‍ നിന്ന് ഹിന്ദുപ്രദേശങ്ങളുടെ ഒത്തമദ്ധ്യത്തിലുള്ള ഖോജാ മുസ്ലീങ്ങളുടെ ഒരു കോളനി ആക്രമണഭീഷണി നേരിടുന്നതായി അറിയിച്ചത്. ഉടന്‍ തന്നെ അദ്വാനിക്ക് ഫോണ്‍ ചെയ്തു. അദ്വാനി മോഡിയെ വിളിച്ചു സംസാരിച്ചു. മിനിട്ടുകള്‍ക്കകം മോഡി എന്നെ വിളിച്ചു: “നജ്മാ ബെന്‍, ഭയക്കേണ്ട, ഞാന്‍ ഈ വിഷയം നേരിട്ട് കൈകാര്യം ചെയ്തുകൊള്ളാം. അവരുടെ സുരക്ഷ ഞാന്‍ ഉറപ്പു തരുന്നു.” വാക്ക് പാലിച്ച മോഡി ഉടന്‍ തന്നെ പട്ടാളത്തെ ആ ഭാഗത്തേക്കയച്ചു അവരുടെ സുരക്ഷ ഉറപ്പാക്കി. കന്കാഡിയ എന്ന ആ പ്രദേശം ഹിന്ദുക്കളാല്‍ ചുറ്റപ്പെട്ടതായിരുന്നതിനാല് ഒരു ആക്രമണം ഉണ്ടായിരുന്നെങ്കില്‍ ഒരു മുസ്ലീം പോലും രക്ഷപ്പെടില്ലായിരുന്നുവെന്നും അത് മറ്റൊരു നരോദ പാട്യ ആകുമായിരുന്നുവെന്നും അവിടെയുള്ള മുസ്ലീങ്ങള്‍ തന്നെ എന്നോട് പറഞ്ഞു. എന്റെ അനുഭവത്തില്‍ മോഡി നേരിട്ട് അറിഞ്ഞ എല്ലാ സംഭവത്തിലും അദ്ദേഹം മികവോടെ ഇടപെട്ടിട്ടുണ്ട്. മോഡി ബോറകളെയും ഖോജകളെയും ധാരാളം സഹായിച്ചിട്ടുണ്ട്. അദ്ദേഹം സ്യെദ്നയുടെ നൂറാം പിറന്നാളിന് പോകുകയുണ്ടായി. ആഗാഖാന്‍ വരെ എന്നോട് നന്ദി പറഞ്ഞു, മോഡിയെ നേരിട്ട് കാണുകയുമുണ്ടായി. അന്നാണെനിക്ക് തോന്നിയത് മുസ്ലീങ്ങള്‍ക്ക് അല്പമെങ്കിലും അന്തസ്സ് കിട്ടുന്നയിടം ബിജെപിയില്‍ മാത്രമേയുള്ളൂ എന്ന്. 2007ഇലെ ഇലക്ഷന് സമയത്ത് ഞാന്‍ വന്നു പ്രചരണം നടത്തണോ എന്ന് ഞാന്‍ മോഡിയോട് ചോദിച്ചിരുന്നു. പക്ഷേ അദ്ദേഹം അത് നിരസിച്ചു. തനിക്ക് വേണ്ടി വല്ലതും ചെയ്യുന്നുണ്ടെങ്കില്‍ അത് ഡല്‍ഹിയില്‍ ഇരുന്നു ചെയ്യൂ എന്നും പറഞ്ഞു.
മോഡിക്കും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനുമെതിരെയുള്ള പരാതി അന്വേഷിക്കാന്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിയമിച്ച സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം [SIT] സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസും പട്ടാളവും കലാപകാരികളില്‍ നിന്നും മുസ്ലീങ്ങളെ രക്ഷിച്ച സംഭവം പരാമര്‍ശിച്ചിട്ടുണ്ട്. ചിലയിടത്ത് സേനകളും കലാപകാരികളും തമ്മില്‍ പ്രശ്നങ്ങളുണ്ടായെങ്കിലും മുസ്ലീങ്ങള്‍ക്ക് ഒന്നും സംഭവിക്കാതെ നോക്കി. അതേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പിന്നീട്.
പക്ഷപാതിത്വവും വീഴ്ചകളും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കില്പ്പോലും പോലീസും ആര്‍മിയും ചേര്‍ന്നു രക്ഷിച്ച മുസ്ലീങ്ങളുടെ എണ്ണം വളരെ അധികമാണ്. കലാപകാരികള്‍ പിടികൂടിയവരെ വരെ സേനകള്‍ രക്ഷിച്ചു. അകപ്പെട്ടു പോയവരെ രക്ഷിക്കാന്‍ ജീവന് പണയം വച്ചും പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെക്കുറിച്ച് തുടക്കത്തില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാണ്. അതില്‍ ചിലത്
- നൂറാനി മോസ്കില്‍ നിന്നും രക്ഷിക്കപ്പെട്ട 5000പേര്. [രക്ഷിച്ചത് അഹമ്മദാബാദ് പോലീസ്].
- മെഹ്സാന ജില്ലയിലെ സര്‍ദാര്‍പുരയില്‍ നിന്നും രക്ഷിക്കപ്പെട്ട 240 പേര്.
- നര്‍ദിപൂര്‍, പോര് ഗ്രാമങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ട 450 പേര്.
- സഞ്ജോലി ഗ്രാമത്തില്‍ നിന്നും രക്ഷിക്കപ്പെട്ട 200 പേര്.
- വഡോദര ജില്ലയിലെ ഫത്തേപുര ഗ്രാമത്തില്‍ നിന്നും രക്ഷിക്കപ്പെട്ട 1500 പേര്.
- കവന്ത് ഗ്രാമത്തില്‍ നിന്നും രക്ഷിക്കപ്പെട്ട 3000 പേര്.
എഹ്സാന്‍ ജാഫ്രിയുടെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ നിന്നുപോലും അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ജാഫ്രി ഉള്‍പ്പെടെ 150 പേര് രക്ഷിക്കപ്പെട്ടു. സാക്കിയ പോലീസിനു നല്കിയ ആദ്യ FIR ല്‍ അത് പറഞ്ഞിട്ടുമുണ്ട്. അവര്‍ നാലുവര്‍ഷത്തിനു ശേഷം മോഡിക്കും മറ്റു 63 പേര്‍ക്കുമെതിരെ തിരിയാന്‍ കാരണം SIT പോലും വിശ്വാസയോഗ്യനല്ലാത്ത സാക്ഷിയെന്ന് വിശേഷിപ്പിച്ച, രേഖകളില്‍ കൃത്രിമം കാണിച്ചതിനു സംശയത്തിന്റെ നിഴലിലുള്ള IPS ഓഫീസര്‍ ശ്രീകുമാറിന്റെ പ്രസ്താവനകളെ മാത്രം വിശ്വസിച്ചതാണ്.
സഫര്‍ തുടരുന്നു..
ഞങ്ങള്‍ മോഡിയുടെ നമ്പര്‍ വാങ്ങിപ്പോന്നു. അന്നത്തെ കാര്യങ്ങള്‍ അവിടം കൊണ്ട് കഴിഞ്ഞു. ഏകദേശം രണ്ടു മാസത്തിനു ശേഷം, ഒക്ടോബറില്‍ ഞാന്‍ ലണ്ടനില്‍ നിന്നും മോഡി സാഹിബിന്റെ ഓഫീസില്‍ വിളിച്ചിട്ട് എന്റെ പേരും നമ്പറും കൊടുത്തു. മൂന്നുമണിക്കൂര്‍ തികയുന്നതിനു മുന്‍പ് എനിക്ക് തിരികെ കോള്‍ വന്നു. ലൈനില്‍ മോഡി ! എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഒരു മുഖ്യമന്ത്രി ഇത്രയും വേഗത്തില്‍ ഒരു സാധാരണക്കാരന്റെ കോള്‍ എടുക്കുന്നതോ തിരികെ വിളിക്കുന്നതോ ഒന്നും എനിക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു.
അദ്ദേഹം പറഞ്ഞു, “അരേ, ഇപ്പോഴാണോ എന്നെ ഓര്‍ക്കുന്നത് ? നമ്മള് കണ്ടത് ആഗസ്റ്റിലാണ്. ഇപ്പൊ ഒക്ടോബര്‍ ആയി.” മോഡി സാഹിബ് എന്റെ കോള്‍ എടുക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാന്‍ വിളിച്ചതാണെന്നു ഞാന്‍ പറഞ്ഞു. ഞാന്‍ എപ്പോഴാണ് തിരികെ ചെല്ലുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു, “മോഡി സാഹിബ്, ഒരു പ്രശ്നമുണ്ട്. ഞാന്‍ താങ്കള്‍ക്കെതിരെ ഇത്രയും പ്രശ്നം സൃഷ്ടിച്ച സ്ഥിതിക്ക് ഞാന്‍ വന്നിറങ്ങിയാലുടനെ എന്നെ പോലീസ് അറസ്റ്റ് ചെയ്യും. അപ്പോള്‍ എന്നെ രക്ഷിക്കാന്‍ താങ്കളുണ്ടാവില്ല.” അദ്ദേഹം വീണ്ടും ചോദിച്ചു, “നിങ്ങള്‍ എപ്പോഴാണ് വരുന്നതെന്ന് പറയൂ.”ഞാന്‍ ഡേറ്റ് പറഞ്ഞു. ഞാന്‍ നവംബറില്‍ ഇന്ത്യയില്‍ വന്നിറങ്ങുമ്പോഴേക്ക് എനിക്ക് സുരക്ഷിതമായി വരാനുള്ള സകല ഏര്‍പ്പാടും അദ്ദേഹം ചെയ്തിരുന്നു. ഞാന്‍ സുരക്ഷിതനായി എത്തിയെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം മുംബൈയില്‍ ആളെ അയച്ചിരുന്നു.
ഞാന്‍ എത്തിയെന്നറിഞ്ഞതും അദ്ദേഹം സെക്രട്ടറിയെക്കൊണ്ട് എന്നെ വിളിപ്പിച്ചു. ഞാന്‍ എപ്പോഴാണ് കാണാന്‍ ചെല്ലുന്നതെന്ന് അന്വേഷിച്ചു. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ ചോദിച്ചു, “ശരി ഇനി പറയൂ. എന്തൊക്കെയാണ് പ്രശ്നങ്ങള്‍. ഇതിന്റെ പേരില്‍ മുസ്ലീങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നില്ല. പക്ഷേ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും അവര്‍ അര്‍ഹിക്കുന്നതു ചെയ്തു കൊടുക്കണമല്ലോ.”
ഇതു പറഞ്ഞത് നരേന്ദ്രമോഡിയാണ്. ഞാന്‍ അദ്ദേഹത്തെ ആവശ്യമില്ലാതെ പ്രശംസിക്കുകയല്ല. എനിക്ക് മോഡിയില്‍ നിന്നും ഒന്നും കിട്ടാനില്ല. ഹിമ്മത് നഗറിലുള്ള ഒരു മുസ്ലീം ഡോക്ടര്‍ നേരിടുന്ന ചെറിയ പ്രശ്നത്തെപ്പറ്റി ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിച്ചു. മോഡിക്ക് പേര് കേട്ടതും ആളെ മനസ്സിലായി. ആ സമയത്ത് അവിടത്തെ സര്‍പഞ്ച് ആയിരുന്നു ആ വ്യക്തി. ഇത്രയും ചെറിയ കാര്യം പോലും അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ ഉണ്ട് ! “അവിടെ ഇന്നയിന്ന ആള്‍ക്കാരുണ്ട്, ഒരു കാര്യം ചെയ്യൂ, നിങ്ങളുടെ ഡോക്ടറോട് രമണ്ഭായിയെ പോയി കാണാന്‍ പറയൂ” എന്നു മോഡി എന്നോടു പറഞ്ഞു. ഞാന്‍ മോഡി ആവശ്യപ്പെട്ടത് പോലെ ഡോക്ടറോട് രമണ്ഭായിയെ പോയി കാണാന്‍ പറഞ്ഞു. കാര്യം ഉടനടി സാധിക്കുകയും ചെയ്തു. നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യണ്ട, പക്ഷേ നിങ്ങളുടെ ആവശ്യങ്ങള്‍ നടക്കാന്‍ വേണ്ടിയെങ്കിലും ഞങ്ങളെ വന്നു കാണൂ. ഞാന്‍ ഒന്നുമില്ലെങ്കിലും നിങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയല്ലേ എന്ന് രമണ്ഭായി പിന്നീട് ആ ഡോക്ടറോട് പറയുകയുണ്ടായി.
പൗരന്മാരോട് ഇത്രയും ലളിതമായി ഇടപെടുന്ന ഒരു മുഖ്യമന്ത്രിയെ ഞാന്‍ അതിനു മുന്‍പ് കണ്ടിട്ടേയില്ല. പ്രത്യേകിച്ച് മുസ്ലീങ്ങളെ മോഡിക്ക് മുന്‍പ് വെറും പുഴുക്കളെപ്പോലെയാണ് കണ്ടിരുന്നത്. ഞങ്ങള്‍ സാധാരണക്കാരാണ്, മുസ്ലീം സമുദായത്തിലെ ടാറ്റയോ ബിര്ളയോ ഒന്നുമല്ല. ഞാന്‍ മോഡിയെ കണ്ടത് എന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനും കുറച്ചു സമാശ്വാസം ഒപ്പിക്കാനുമാണെന്നു പലരും പറഞ്ഞുപരത്തി. 2002ലെ കലാപത്തെക്കുറിച്ചും അത് മുസ്ലീങ്ങളെ എങ്ങനെ ബാധിച്ചു എന്നതും മുഖ്യമന്ത്രി എന്ന നിലയില്‍ മോഡി സാഹിബ് എങ്ങനെ പെരുമാറുന്നു എന്നുമല്ലാതെ അന്ന് വേറൊന്നും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടേയില്ല. അതിനു സാക്ഷി ദൈവവും രജത് ശര്‍മയും മാത്രം. അദ്ദേഹം ഒരു മുഖ്യമന്ത്രിയാണ്. ആ ആദരവ് നല്‍കിയാണ് ഞാന്‍ സംസാരിച്ചതും. പക്ഷേ മൗലാന ഇസ മന്‍സൂരി മോഡി സാഹിബിനെക്കാള്‍ അധികം പ്രായമുള്ള വ്യക്തിയായതിനാല്‍ വളരെ പരുഷമായാണ് സംസാരിച്ചത്. നീതിയെക്കുറിച്ചു ഒരു വലിയ പ്രഭാഷണം തന്നെ നടത്തി അദ്ദേഹം സ്വന്തം മനസ്സിന് തൃപ്തി വരുത്തി.
നിങ്ങള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ഹൃദ്യമായ സ്വീകരണം ലഭിച്ചുള്ളോ അതോ മറ്റു മുസ്ലീങ്ങള്‍ക്കും ഇതേ അനുഭവമാണോ ഉണ്ടായിട്ടുള്ളത് ?
അല്ല. ധാരാളം സംഭവങ്ങള്‍ പറയാനുണ്ട്. പ്രത്യേകിച്ച് മഹേഷ് ഭട്ട് സാഹിബിനോട് ചോദിക്കുക. അദ്ദേഹത്തെ സൂററ്റില്‍ വച്ച് ആക്രമിച്ചപ്പോള്‍ അത് ഉടനടി വിളിച്ചു ചോദിച്ച സംഭവം തന്നെ ഉദാഹരണം.
ഇതേത്തുടര്‍ന്ന് മോഡിയുടെ നിശിതവിമര്ശകരില് ഒരാളായ മഹേഷ് ഭട്ടുമായി ഞാന്‍ നടത്തിയ വീഡിയോ സംഭാഷണത്തിന്റെ വിവരണം ഇനി നല്കുന്നു.
2004 ഇല് ഞാന്‍ മഹ്മൂദ് മദനി സാഹിബിന്റെ കൂടെ സൂററ്റില്‍ ഒരു മോഡിവിരുദ്ധപ്രസംഗം നടത്താന്‍ പോയതാണ്. ആ സമയത്ത് ഗുജറാത്തികള്‍ അസംഖ്യം പ്രശ്നങ്ങള്‍ നേരിടുകയായിരുന്നു. ഞാന്‍ ഓര്‍മയില്‍ സൂക്ഷിച്ചിരിക്കുന്ന ഹദീസിലെ ഒരു വാചകമുണ്ട്. ദുര്‍ബ്ബലനെയും സഹായിക്കണം, ദുഷ്ടനെയും സഹായിക്കണം. അതിന്റെ ശരിയായ അര്‍ഥം ഞാന്‍ മദനി സാഹിബിനോട് ചോദിച്ചു. ഒരു ക്രൂരനാണ് നിങ്ങളെ ഭരിക്കുന്നതെങ്കില്പ്പോലും ആ ക്രൂരന് നിങ്ങളുടെ സഹോദരനാണെങ്കില്‍, അയാള്‍ സഹായമര്ഹിക്കുന്നുണ്ടെങ്കില് അയാളെയും സഹായിക്കേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു തന്നു. ഇത് ഹദീസില്‍ അര്‍ത്ഥമാക്കിയിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം അതെയെന്നു പറഞ്ഞു. ദുര്‍ബലനെ എല്ലാവരും സഹായിക്കും, പക്ഷേ ക്രൂരനെ ആരും സഹായിക്കില്ല. അവന്റെ ക്രൂരത നീങ്ങുമ്പോഴാണ് ശരിക്കുള്ള തുടക്കമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ജമാത്ത് ഇ ഇസ്ലാമി ഒരുക്കിയ പ്രസംഗവേദിയില്‍ നിന്നുകൊണ്ട് ഞാന്‍ പറഞ്ഞു, “നരേന്ദ്രമോഡി, നിങ്ങളിത് കേള്‍ക്കുന്നുണ്ടോ ? നിങ്ങള്‍ തീവ്രവാദത്തിന്റെ കേന്ദ്രം എന്ന് വിശേഷിപ്പിച്ച മതത്തിന്റെ സ്ഥാപകന്‍ പറഞ്ഞതാണിത്.” ഞാന്‍ ആ ഹദീസ് വളരെ വികാരാതിരേകത്തോടെ ചൊല്ലുകയുണ്ടായി. പക്ഷേ അത് ആ ഫോണ്‍ കോളില്‍ അവസാനിക്കുമെന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു.
ഞാന്‍ ഡല്‍ഹിയില്‍ നില്ക്കവേ പെട്ടെന്ന് എനിക്കൊരു കോള്‍ വന്നു. മഹേഷ് സാഹിബ്, ഗുജറാത്ത് മുഖ്യമന്ത്രി താങ്കളോട് സംസാരിക്കാന്‍ താല്പര്യപ്പെടുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ആദ്യം അതാരോ കളിപ്പിക്കാന്‍ വിളിച്ചതാകുമെന്നു ഞാന്‍ കരുതി. അല്ലെങ്കിലേ മോഡിയെപ്പറ്റി വിവാദപരമായ പലതും ഞാന്‍ വിളിച്ചു പറഞ്ഞു നില്ക്കുന്ന സമയമാണ് അത്. പിന്നെ മോഡി എന്തിനെന്നെ വിളിക്കണം ? പക്ഷേ ഞാന്‍ ഈ ചിന്തകളില്‍ നിന്ന് മുക്തനാകുന്നതിനു മുന്‍പ് തന്നെ ഗുജറാത്തി ഭാഷയില്‍, “മഹേഷ് ഭായി സുഖമാണോ ?” എന്നു ഞാന്‍ കേട്ടു.
എന്റെ അച്ഛന് ഗുജറാത്തി ആയതുകൊണ്ട് എനിക്ക് ഭാഷ കേട്ടാല്‍ മനസ്സിലാകും, പക്ഷേ സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു. ഉടനെ അദ്ദേഹം ഹിന്ദിയില്‍ ചോദിച്ചു “താങ്കളെന്നോട് വലിയ ദേഷ്യത്തിലാണെന്നു കേട്ടല്ലോ ?” ഞാന്‍ പറഞ്ഞു, അതെ, ഒരുപാട് പ്രശ്നമുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ക്ക് ഒന്നും ഇതുവരെ പരിഹാരമായിട്ടില്ല. അവരിപ്പോഴും അതിന്റെ പേരില്‍ വളരെ ബുദ്ധിമുട്ടിലാണ്/ (ജാമിയത്തിന്റെ റാലിയില്‍ ഞാന്‍ ഒരുപാട് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു). മോഡി പറഞ്ഞു “മഹേഷ് ഭായി, അഞ്ചോ, 50 ഓ, 500 ഓ, 5000 മോ മുസ്ലീങ്ങളുമായി നിങ്ങള്‍ വരൂ. നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഒരു വേദി തെരഞ്ഞെടുക്കൂ. ഞാന്‍ നിങ്ങളെയെല്ലാം കാണാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും തയ്യാറാണ്. അത് അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
അദ്ദേഹത്തിന്റെ വാക്കുകളില്‍ അല്പം ആത്മാര്‍ത്ഥതയുള്ളതായി എനിക്ക് തോന്നി. എന്തുകൊണ്ടെന്ന് എന്നോട് ചോദിക്കരുത്. നമ്മള് എതിര്‍ക്കുന്ന വ്യക്തിയില്‍ നിന്നാണെങ്കില്‍പ്പോലും ആത്മാര്‍ത്ഥമായി പറയുന്ന വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ തട്ടും. അങ്ങനെ പറഞ്ഞതിന് ഞാന്‍ നന്ദി പറഞ്ഞു. പക്ഷെ ഞാന്‍ മെഹ്മൂദ് മദനിയുമായി വേദി പങ്കിട്ടത് കൊണ്ട് അദ്ദേഹത്തോട് സംസാരിച്ച ശേഷം ഞാന്‍ തിരികെ വിളിക്കാമെന്നു പറഞ്ഞു കാള്‍ കട്ട് ചെയ്തു.
ഞാന്‍ ഉടനെ തന്നെ മെഹ്മൂദ് മദനിയെ വിളിച്ചു, “മെഹ്മൂദ് ഭായി, ഹദീസ് വര്‍ക്ക് ചെയ്തെന്നു തോന്നുന്നു. റസൂലിന്റെ വാക്കുകള്‍ ക്രൂരനായ ഭരണാധികാരിയുടെ ഹൃദയത്തില്‍ തറച്ചു. മോഡി സാഹിബ് എന്നെ ഇപ്പോള്‍ വിളിച്ചു സംസാരിച്ചിരുന്നു. നമുക്ക് എവിടെ, എപ്പോള്‍ വച്ച് വേണമെങ്കിലും അദ്ദേഹത്തെ കാണാമെന്നും നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.”
മദനി പറഞ്ഞു, “വളരെ നല്ല കാര്യം. ഞാന്‍ ഗവേണിംഗ് ബോഡിയുമായി ഒന്ന് ചര്‍ച്ച ചെയ്യട്ടെ. പിന്നെ അച്ഛനോടും ഒന്ന് ചോദിക്കണം. [അദ്ദേഹത്തിന്റെ അച്ഛന് ആ സമയത്ത് ജീവിച്ചിരിപ്പുണ്ട്] എന്നിട്ട് വിളിക്കാം. പക്ഷേ അദ്ദേഹം അതിനുശേഷം എന്നെ വിളിച്ചില്ല.
ഇപ്പോഴും മെഹ്മൂദ് ഭായിയും ഞാനും തമ്മില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്, “ ഞാന്‍ എന്റെ ആത്മകഥ എഴുതുമ്പോള്‍ അതില്‍ ഈ സംഭവം എഴുത്തും. മോഡി എന്നെ വിളിച്ചതും ഞാന്‍ താങ്കളെ വിളിച്ചതും താങ്കള്‍ ഗവേണിംഗ് ബോഡിയോട് ചോദിച്ചിട്ട് വിളിക്കാമെന്നു പറഞ്ഞു വിളിക്കാതിരുന്നതും ഒക്കെ.”
അദ്ദേഹം പറയും, “അതെ, ഞാന്‍ വിളിച്ചില്ല. എന്റെ അച്ഛന് സംസാരിക്കണമെന്ന് തന്നെയാണ് പറഞ്ഞത്. പക്ഷേ മറ്റുള്ളവര്‍ പറഞ്ഞത് മോഡിയുടെ ഓഫര്‍ സ്വീകരിക്കരുത്, അവസാനം നിങ്ങള്‍ അവരുടെ രാഷ്ട്രീയത്തിലെ ഒരു കരു മാത്രമായിത്തീരും എന്ന്.”
ഇപ്പോഴും ഞാന്‍ മെഹ്മൂദ് ഭായിയോട് അതേ ചോദ്യം ചോദിക്കും. അദ്ദേഹം അതേ ഉത്തരം തരും. അതായിരുന്നു മോഡിയുമായുള്ള എന്റെ ആദ്യ സംഭാഷണം.
മുസ്ലീങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനും പരിഹാരങ്ങള്‍ കാണാനും നേരിട്ട് എന്തുകൊണ്ട് പോയില്ല എന്ന് മഹേഷ് ഭട്ടിനോട് ചോദിച്ചപ്പോള്‍ , “ ഇല്ല, ഞാന്‍ അദ്ദേഹത്തെ കാണാന്‍ ഉദ്ദേശിച്ചില്ല. കാരണം ഞാന്‍ ആ സംഘടനയുടെ ആളല്ല. അത് ജാമിയത്തിന്റെ ഒരു റാലി ആയിരുന്നു.” ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു: “പക്ഷേ താങ്കള്‍ക്ക് മുസ്ലീങ്ങളുടെ പ്രശ്നങ്ങള്‍ മുഴുവന്‍ അറിയാമായിരുന്നു. പിന്നെ ജാമിയത്ത് എന്നൊക്കെ നോക്കി ഇരിക്കേണ്ട കാര്യമുണ്ടായിരുന്നോ ? ആരുടെ കൂടെ വേണമെങ്കിലും താങ്കള്‍ക്കു പോകാമായിരുന്നല്ലോ ?”
നോക്കൂ എനിക്ക് ഒരു ഗ്രൂപ്പുമായും ബന്ധമില്ല. ടീസ്റ്റയുടെ ഗ്രൂപ്പ് സ്വന്തം നിലയ്ക്ക് എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഇറാക്ക് അധിനിവേശകാലം മുതല്‍ എനിക്കറിയാവുന്ന ആളാണ് മെഹ്മൂദ് ഭായി. അതുകൊണ്ട് ഞാന്‍ അവിടെ പോയെന്നേ ഉള്ളൂ.
മോഡി സംസാരിക്കാനും പ്രശ്നപരിഹാരം കാണാനും തയ്യാറാണെന്ന് താങ്കള്‍ ടീസ്റ്റയെ അറിയിച്ചിരുന്നോ ? താങ്കള്‍ സ്വന്തനിലയ്ക്ക് പോയി കാണാത്തതെന്ത് കൊണ്ടാണ് ?
ഞാന്‍ ടീസ്റ്റയെ അറിയിച്ചിരുന്നു. സഫറിനോട് പോയി മോഡിയെ കാണാന്‍ പറഞ്ഞത് ഞാനാണെന്ന് അവര്‍ക്കറിയാം. പിന്നെ ഞാന്‍ പിന്‍വാതിലിലൂടെ സമാധാനശ്രമങ്ങള്‍ നടത്തുന്നു എന്നൊരു കിംവദന്തി ഉയരുന്നുണ്ടായിരുന്നു. സഫര്‍ ഒരു ഗുജറാത്തിയാണ്, അയാള്‍ക്ക് പ്രശ്നത്തിന്റെ വ്യാപ്തി നന്നായറിയാം, ആ പ്രശ്നം ഒരു സമുദായത്തിന്റെ മുഴുവനാണ്, മോഡി അവരുടെ തെരഞ്ഞെടുക്കപ്പെട്ട നേതാവും. അപ്പോള്‍പ്പിന്നെ പിന്‍വാതിലിന്റെ ആവശ്യമെന്താണ് ? സഫര്‍ തെക്കുവടക്കോടിയിട്ടും ഒരു സഹായവും കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോള്‍പ്പിന്നെ ഗവണ്മെന്റുമായി സംസാരിക്കുകയല്ലാതെ അയാളെന്തു ചെയ്യണം ? അതിനെയാണ് ചിലര്‍ മൃദുലസമീപനം കൈക്കൊള്ളുന്നു എന്ന് വിളിച്ചത്. ഇക്കാര്യത്തില്‍ എന്തിനാ മൃദുലസമീപനം ?
ടീസ്റ്റയ്ക്ക് സുപ്രീം കോടതിയിലും ഹൈക്കൊടതിയിലുമൊക്കെ പോകാമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നതില്‍ എന്താണ് തടസ്സം ? അവര്‍ മോഡിയെ നേരിട്ട് കാണാന്‍ ശ്രമിച്ചിരുന്നോ ?
എനിക്കറിയില്ല. ഞാന്‍ മറ്റുള്ളവരോട് അവരെന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറില്ല.

ഭട്ടുമായി വളരെ അടുത്ത് പരിചയമുള്ള ശബ്നം ഹാഷ്മി ഈ ഓഫറിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു. എന്തുകൊണ്ടാണ് അവര്‍ മോഡിയെക്കാണാന്‍ പോകാത്തതെന്ന് ഞാന്‍ അന്വേഷിച്ചു.
അവര്‍ ഒരിക്കലെങ്കിലും പോകുമെന്ന് ഞാന്‍ കരുതുന്നില്ല. മാധ്യമവാര്‍ത്തകളെ അവര്‍ കണ്ണുമടച്ചു വിശ്വസിച്ചിരിക്കുകയാണ്. ഷാഹിദ് സിദ്ദിഖ് ഭായി മോഡിയുമായി അഭിമുഖം നടത്തിയെന്ന് അറിഞ്ഞപ്പോള്‍ അതിനു പിന്നിലും ഞങ്ങളാണെന്നായിരുന്നു അവരുടെ വിചാരം. അങ്ങനെ ഒരു കളി നടന്നിട്ടില്ലെന്ന് അവരോടു ഞാന്‍ പറഞ്ഞു. ഷാഹിദ് ഭായി സ്വന്തനിലയ്ക്ക് ഒരു അഭിമുഖം ചോദിക്കുകയും ചോദ്യശരങ്ങള്‍ കൊണ്ട് മൂടുകയുമായിരുന്നു.
എന്തുകൊണ്ടാണ് പത്രലേഖകര്‍ മോഡിയുമായി അഭിമുഖങ്ങള്‍ നടത്താത്തത് ? അവര്‍ക്ക് [ശബ്നം] മുസ്ലീങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മോഡി സംസാരിക്കാനും നഷ്ടപരിഹാരങ്ങള്‍ നല്‍കാനും തയ്യാറാണെന്ന് അവരെ അറിയിക്കേണ്ടതല്ലേ ? അവരെന്തുകൊണ്ടാണ് ഒരിക്കലും മോഡിയെ കാണാന്‍ ശ്രമിക്കാത്തത് ?
ഇത്രയുമായപ്പോഴേക്കും ഭറൂച്ചിലുള്ള ആസിഫാ ഖാന് [കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു] ഇടപെട്ടു : “ശബ്നം ഒരിക്കലും മോഡിയെ കാണില്ല. അവര്‍ക്ക് രാഷ്ട്രീയപരമായ കാരണങ്ങള്‍ ഉണ്ട്.”
മഹേഷ് ഭട്ട് പക്ഷേ ശബ്നത്തെ അനുകൂലിച്ചു പറഞ്ഞു.
അവര്‍ക്ക് സുവ്യക്തമായ ഒരു ആദര്ശമുണ്ടെന്നു ഞാന്‍ കരുതുന്നു. അവര്‍ ഒരിക്കലും ബിജെപിയില്‍ പോകില്ല. എന്നെപ്പോലെ .
മഹേഷ് ഭട്ട്, നമ്മള് ആദര്ശത്തെപ്പറ്റിയല്ല സംസാരിക്കുന്നത്. നമ്മള് മുസ്ലീം സമുദായത്തെപ്പറ്റിയും അവര്‍ക്ക് ന്യായമായി കിട്ടേണ്ട അവകാശങ്ങളെപ്പറ്റിയുമാണ് സംസാരിക്കുന്നത്. 1984 ഇലെ കലാപത്തെക്കുറിച്ച് നമുക്ക് രണ്ടുപേര്‍ക്കും രോഷമുണ്ടെങ്കിലും നമ്മള് കോണ്‍ഗ്രസ് ആദര്ശത്തോടല്ല പൊരുതുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ആ കൂട്ടക്കൊലയ്ക്ക് വളം വച്ച് കൊടുത്തതിനോടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപാതകികളുടെ കൂടെ ചേര്‍ന്നു നിരപരാധികളെ കൊന്നൊടുക്കിയതിനോടുമാണ് നമുക്ക് ദേഷ്യം. നമ്മളെന്താ ആദര്‍ശം നക്കിക്കുടിക്കുകയാണോ ? നിങ്ങള്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചുകൊണ്ട് പോയാലും ലാല്‍ സലാം എന്ന് വിളിച്ചുകൊണ്ട് പോയാലും കൊലപാതകം അതല്ലാതാകുന്നില്ല. ഞാന്‍ പറഞ്ഞുവന്നത്, ശബ്നവുമായി താങ്കള്‍ക്ക് വളരെ അടുപ്പമുള്ള സ്ഥിതിക്ക് നഷ്ടപരിഹാരത്തിന്റെ ആ ലിസ്റ്റുമായി താങ്കള്‍ എന്തുകൊണ്ട് മോഡിയെ സമീപിച്ചില്ല ? അവിടെ വേര്‍തിരിവുണ്ടെന്ന് നിങ്ങള്‍ ആരോപിക്കുന്ന സ്ഥിതിക്ക് ഇത് നിങ്ങള്‍ ചെയ്യേണ്ടതല്ലേ ? ശബ്നമെങ്കിലും ?
ഞാന്‍ അത് അവരോടു ഒരിക്കലും പറഞ്ഞിട്ടില്ല. ഞാന്‍ ഗുജറാത്തിലേക്ക് രണ്ടാമതായി പോയത് 2005ലെ പ്രളയ സമയത്താണ്. റെഡ്ക്രോസ് സൊസൈറ്റി ടീമിനൊപ്പം ആനന്ദിലേക്കാണ് പോയത്. അവിടെയുള്ള മുസ്ലിം പ്രദേശങ്ങളില്‍ ആ പ്രകൃതിദുരന്തത്തില്‍ അവര്‍ക്ക് ഗവണ്മെന്റ് സഹായം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ഉദ്ദേശം. അവര്‍ക്കെല്ലാം സഹായം നേരത്തെ തന്നെ ലഭിച്ചു എന്നറിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ടായി. ഞാന്‍ ബറോഡയില്‍ പോയപ്പോള്‍ അവിടെ കണ്ട ആള്‍ക്കാരും ഇതുതന്നെ പറഞ്ഞു. ആ അനുഭവം ഏതാണ്ട് നമ്മുടെ പായ്ക്കപ്പലിനെ തകര്‍ക്കാന്‍ വന്ന കൊടുങ്കാറ്റ് ഒഴിഞ്ഞുപോയത് പോലത്തെ ഒന്നായിരുന്നു. 2002ലെ ഓര്‍മ്മകള്‍ സൃഷ്ടിച്ച ദേഷ്യത്തിന്റെ കൊടുങ്കാറ്റ്. ഇപ്പോള്‍ ചിത്രമാകെ മാറിപ്പോയി. അവര്‍ക്ക് മറ്റുള്ളവരെപ്പോലെ തുല്യപരിഗണന ലഭിക്കുന്നുണ്ട്. “ദയവായി മിസ്റ്റര്‍ മോഡിയോട് ഞാന്‍ താഴേത്തട്ടില്‍ പോയി വിവരങ്ങള്‍ അറിഞ്ഞതായി അറിയിക്കണം,” രജത് ശര്‍മയോട് ഞാനിങ്ങനെ പറഞ്ഞതായാണ് ഓര്മ. അഹമ്മദാബാദില്‍ പൂര്‍ണ്ണമായും നിയമസംവിധാനങ്ങള്‍ തച്ചുടയ്ക്കപ്പെട്ട കാഴ്ചയാണ് 2002ല്‍ ഞാന്‍ കണ്ടത്. മുസ്ലീങ്ങളാണെങ്കില്‍ അത്യന്തം ഭീതിയിലും. എന്നാലിന്ന് ആ കാഴ്ച തന്നെ മാറിപ്പോയിരിക്കുന്നു. ഈ പ്രളയക്കെടുതികളിലും എനിക്ക് കാണാന്‍ കഴിയുന്നത് പ്രതീക്ഷാനിര്‍ഭരമായ മുഖങ്ങളാണ്. മുസ്ലീങ്ങളെ സഹാനുഭൂതിയോടെ നോക്കിക്കാണുന്ന ഗവണ്മെന്റ്. അത് വളരെ പ്രധാനമായ ഒരു മാറ്റമാണ്. അതില്‍ നിന്നും എനിക്ക് മനസ്സിലായത് ആകെമൊത്തം മാറ്റിമറിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു മാറ്റത്തിന് തുടക്കമിടാന്‍ സാധിച്ചു എന്നതാണ്. നദി അതിന്റെ ഒഴുക്ക് തുടരുന്നു.. അനുസ്യൂതം .. പക്ഷേ ഇപ്പോള്‍ ദിശയ്ക്കല്പം മാറ്റമുണ്ട്.
“നിര്‍ഭാഗ്യവശാല്‍ നമ്മുടെയിടയില്‍ ചില വിവാദവ്യാപാരികളുണ്ട്. വിവാദം സൃഷ്ടിച്ചില്ലെങ്കില്‍ ഉറക്കം വരാത്തവര്‍. ആയുധവിപണിക്ക് നിലനില്ക്കാന് യുദ്ധം കൂടിയേ തീരൂ എന്നത് പോലെ. ഇത്തരക്കാര്‍ക്ക് വെറുപ്പ് സൃഷ്ടിക്കുന്നതില്‍ ഒരു മുഖ്യപങ്കുണ്ട്. അവരുടെ ജീവിതം നിലനിര്‍ത്താന്‍ അവര്‍ക്ക് വിവാദങ്ങള്‍ ആവശ്യമാണ്. ഇങ്ങനെ സൃഷ്ടിക്കുന്ന വെറുപ്പാണ് അവരുടെ പോഷകാഹാരം. മതേതരമൂല്യങ്ങളെപ്പറ്റി ഘോരഘോരം വാചകമടിക്കുന്നവര്‍ മഹാത്മാ[ഗാന്ധി] യെപ്പറ്റി പഠിക്കുന്നത് നല്ലതായിരിക്കും, കാരണം അദ്ദേഹത്തിന്റെ മതേതരത്വത്തിനു മുന്നില്‍ ശത്രുതയ്ക്കു യാതൊരു സ്ഥാനവുമില്ലായിരുന്നു.”
സഫറിന്റെ വാക്കുകള്‍ തുടരുന്നു
മോഡി ഒരു മുസ്ലീം വിരോധിയാണെന്നും ഇലക്ഷന് വിജയത്തിനായി കൃത്രിമമായി കലാപങ്ങള്‍ സൃഷ്ടിച്ചതാണെന്നും ഒക്കെയുള്ള തട്ടിക്കൂട്ട് കേസുകള്‍ പരമോന്നതകോടതി തള്ളിക്കളഞ്ഞില്ലേ. അഴിമതി നിറഞ്ഞ മുന്‍കാലഭരണകൂടങ്ങള്‍ തന്നെ സൃഷ്ടിച്ച കലാപങ്ങള്‍ കാരണം തന്നെ ഗുജറാത്ത് പോലീസിലെയും ഭരണത്തിലേയും ഒരു വലിയ വിഭാഗം വര്ഗ്ഗീയവല്ക്കരിക്കപ്പെട്ടിരുന്നു. അവയില്‍ മിക്കവാറും എല്ലാ കലാപങ്ങളും കോണ്‍ഗ്രസ്സിന്റെ ഭരണകാലഘട്ടത്തില്‍ നടന്നതും. 1995 വരെയുള്ള കാലത്ത് കലാപങ്ങള്‍ക്ക് ഒരു അറുതിയുമില്ലായിരുന്നു. പക്ഷേ ഇവിടെ മോഡി വെറും മൂന്നു ദിവസം കൊണ്ട് കഴിയാവുന്നത്ര സേനയെ ഇറക്കി കലാപം അടിച്ചമര്‍ത്തി.
‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്’ പോലെയുള്ള സംഘടനകള്‍ മോഡിക്കെതിരായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയിരുന്ന [കലാപത്തില്‍ മോഡിയുടെ പങ്ക്, പുനരധിവാസത്തിന്റെ അവസ്ഥ] മുതലായ എല്ലാ കേസിലും മോഡി കുറ്റവിമുക്തനാക്കപ്പെട്ടപ്പോഴും മോഡിക്കെതിരെ ഗുജറാത്തിലെ മുസ്ലീങ്ങളെ ദുരിതപൂര്‍ണ്ണമായ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു എന്ന ആരോപണവുമായി അവര്‍ നടക്കുകയാണ്. ആള്‍ക്കാര്‍ക്ക് ആ റിലീഫ് ക്യാമ്പുകളെക്കുറിച്ചുള്ള സത്യാവസ്ഥ അറിയില്ല. പക്ഷപാതപരമായി ഓരോരുത്തര് പടച്ചുവിട്ട വാര്‍ത്തകള്‍ മാത്രമേ ജനത്തിനറിയൂ. ഞങ്ങളുടെ ഒരു ടീം അസമിലെ അഭയാര്‍ഥിക്യാമ്പ് സന്ദര്‍ശിക്കാന്‍ പോയിരുന്നു. എന്റെ സഹോദരന് അതുകണ്ട് പറഞ്ഞതിങ്ങനെ : “ഇന്ത്യയില്‍ എവിടെയും മുസ്ലീങ്ങള്‍ ഇത്രയും കഷ്ടപ്പാട് നിറഞ്ഞ ചുറ്റുപാടില്‍ ജീവിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.” ഇന്നും രണ്ടരലക്ഷത്തോളം മുസ്ലീങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ആണ്. അതും കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍. അവിടത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് അവന് പറഞ്ഞു. എന്റെ സഹോദരന് ഗുജറാത്തില്‍ അഭയാര്‍ഥിക്യാമ്പ് നടത്തിയിരുന്നു. അതുകൊണ്ട് അവനതു എളുപ്പം മനസ്സിലാകും. ഗുജറാത്തില്‍ ക്യാമ്പുകളൊക്കെ വളരെ ഭേദമായിരുന്നു, കൂടാതെ ഗവണ്മെന്റ് നല്ലപോലെ സഹകരിക്കുകയും ചെയ്തു. അത്തരം ക്യാമ്പുകള്‍ ഉല്ലാസയാത്രയ്ക്ക് പോകാനുള്ള ഇടമാണെന്നല്ല പറഞ്ഞുവരുന്നത്. ഗവണ്മെന്റ് അവിടെ ഭക്ഷണം, വെള്ളം, മരുന്നുകള്‍ തുടങ്ങി എല്ലാം എത്തിച്ചിരുന്നു. ഇന്ത്യയിലെ വേറെ ഏതൊരു ഗവണ്മെന്റിനേക്കാളും മികച്ച രീതിയില്‍ത്തന്നെ. അസമില്‍ മുസ്ലീങ്ങളുടെ അവസ്ഥ അങ്ങേയറ്റം കഷ്ടമാണ്. പക്ഷേ അവരെ ആര്‍ക്കും വേണ്ട. ടീസ്റ്റയോ ശബ്നമോ അവരെ അന്വേഷിച്ചു ചെല്ലാറില്ല. പതിനായിരങ്ങള്‍ ഇന്നും ക്യാമ്പുകളിലാണ്, പക്ഷേ അതേപ്പറ്റി ഒരു മാധ്യമവും പരാമര്‍ശിച്ചു കണ്ടില്ല. പക്ഷേ അതേയാള്ക്കാര് തന്നെ ഗുജറാത്തില്‍ അതിവേഗത്തില്‍ പുനരധിവാസം സാദ്ധ്യമായതുകൊണ്ട് നാലുമാസത്തിനുള്ളില്‍ അടച്ചുപൂട്ടിയ ക്യാമ്പുകളെക്കുറിച്ചും ഗുജറാത്തി മുസ്ലീങ്ങളുടെ കഷ്ടപ്പാടിനെക്കുറിച്ചുമൊക്കെ വാചാലരാകുന്നു.
പുനരധിവാസത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍, സമാശ്വാസതുക എന്ന പേരില്‍ കിട്ടുന്ന തുക നഷ്ടപ്പെട്ടതിനു പകരമാകില്ല. അതാര് തന്നാലും. ഗവണ്മെന്റ് ഒരു സംഖ്യ തരാറാണു പതിവ്. ഇന്ത്യയില്‍ ഒരിടത്തും കലാപത്തിന്റെ ഇരകള്‍ക്ക് അവരുടെ നഷ്ടം നികത്താന്‍ പോന്ന തുക കിട്ടിയിട്ടേയില്ല. കുറച്ചു ലക്ഷങ്ങള്‍ കിട്ടിയേക്കും. ഞങ്ങളുടെ നഷ്ടം അഞ്ചുകോടിയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ദുരിതാശ്വാസം വാങ്ങാന്‍ പോയില്ല. ഒന്നോ രണ്ടോ ലക്ഷം രൂപ തീരെ സാധാരണക്കാര്‍ക്ക് ഒരു വലിയ സംഖ്യ തന്നെയാണ്. അതുകൊണ്ട് അവരത് വാങ്ങാന്‍ പോയി. പക്ഷെ എന്നെപ്പോലെ നഷ്ടം നേരിട്ട ഒരാള്‍ക്ക് രണ്ടുലക്ഷം കിട്ടിയിട്ട് ഒന്നും ചെയ്യാനില്ല.
ഇവിടത്തെ മുസ്ലീങ്ങള്‍ ചെയ്ത ഒരു നല്ലകാര്യം എന്താന്നു വച്ചാല്‍ അവര്‍ ഗവണ്മെന്റിന്റെ കയ്യില്‍ നിന്നും എന്തെങ്കിലും കിട്ടാന്‍ കാത്തിരുന്നില്ല. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അതൊരു പാഠമാണ്. ജാമിയത് ഇ ഉലമ ഇ ഹിന്ദ്, ജമാത്ത് ഇ ഇസ്ലാമിയ, ഇമാരത് ഇ ശരിയ, പിന്നെ ഹൈദരാബാദ്, ബീഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുറച്ചു മുസ്ലീം സന്നദ്ധസംഘടനകള്‍ തുടങ്ങിയവരൊക്കെ കലാപബാധിതര്‍ക്ക് വീടുകള്‍ വച്ചുകൊടുത്തു. വിദേശത്തുള്ളവരില്‍ നിന്നും ഒന്നും തന്നെ കിട്ടിയില്ലെന്നു പറയാം. ഒരുകോടി രൂപ സമ്പാദ്യമുള്ള ഒരാള്‍ പത്തുരൂപ സംഭാവന തന്നാല്‍ നിങ്ങള്‍ക്കെന്തു തോന്നും ? ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള ആള്ക്കാര് [ഞങ്ങളുടെ] അവരുടെ സാമ്പത്തികസ്ഥിതിക്കനുസരിച്ചു ചെയ്യാന്‍ സാധിക്കുമായിരുന്നതൊന്നും ചെയ്തില്ല. പക്ഷേ വിവിധ മുസ്ലീം സംഘടനകളും, ഇന്ത്യക്കകത്തുള്ള ഹിന്ദു-മുസ്ലീം സന്നദ്ധസംഘടനകളും ചേര്‍ന്ന് 15000 ത്തോളം വീടുകള്‍ നിര്മ്മിച്ചുനല്കി.
ഈ പറഞ്ഞത് ഞാന്‍ ഗുജറാത്ത് ഗവണ്മെന്റിന്റെ രേഖകളുമായി ഒത്തുനോക്കി. പുനരധിവാസത്തിലും സമാശ്വാസം നല്‍കുന്നതിലും ഗുജറാത്ത് ഗവണ്മെന്റ് അലംഭാവം കാട്ടിയെന്ന പരാതികള്‍ മുഴുവനും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിക്കളഞ്ഞു. മാത്രമല്ല, ഈ വിഷയങ്ങളില്‍ ഗുജറാത്ത് ഗവണ്മെന്റിന്റെ നടപടികള്‍ ശ്ലാഘനീയമാണെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. ഗുജറാത്ത് ഹൈക്കോടതി ഗവണ്മെന്റ് നടപടികളെ അഭിനന്ദിച്ചതോടൊപ്പം പരാതിക്കാരോടും നല്ലകാര്യങ്ങളെ അഭിനന്ദിക്കാനുള്ള സന്മനസ്സ് കാട്ടുവാന്‍ ഉപദേശിക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിലെ പ്രസക്തഭാഗങ്ങള്‍ :
“.. സംസ്ഥാനം ഇപ്പോള്‍ത്തന്നെ നിരവധി ദുരിതാശ്വാസ-പുനരധിവാസക്യാമ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള, വിരമിച്ച IAS ഉദ്യോഗസ്ഥനായ മിസ്റ്റര്‍ SMF ബുഖാരിയെ പുനരധിവാസത്തിന്റെ മേല്‍നോട്ടത്തിനായി നിയമിച്ചിട്ടുള്ളതിനാല്‍ .., കോടതിയുടെ അഭിപ്രായത്തില്‍ സംസ്ഥാനം അതിന്റെ കഴിവിന്റെ പരമാവധി പരാതിക്കാര്‍ തന്ന വിഷയം പരിഹരിക്കാന്‍ ശ്രമിച്ചിട്ടുള്ളതിനാല്‍ അവരുടെ [സംസ്ഥാനത്തിന്റെ] പരിശ്രമങ്ങള്‍ അഭിനന്ദനീയമാകുന്നു. അത് പരാതിക്കാരുടെ ഭാഗത്തുനിന്നും അത്തരമൊരു അഭിനന്ദനം ഉണ്ടാകേണ്ടതാണ്.” [ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് – സ്പെഷല്‍ CA നമ്പര്‍: 3773/2002, 3 മെയ് 2002]
ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സെല്‍ പുനനാരംഭിക്കണമെന്ന് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും [Cr. MP 3742 in WP 109/2003] അത് സുപ്രീം കോടതി അംഗീകരിച്ചില്ല. പുനരധിവാസത്തില്‍ അലംഭാവമുണ്ടെന്നാരോപിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന പരാതികളും കോടതി തള്ളിക്കളഞ്ഞിരുന്നു. മാത്രമല്ല, പരാതിക്കാരോട് (മഹാശ്വേതാ ദേവി- [WP (Crl.) No.530/2002], മല്ലികാ സാരാഭായ് – [WP (crl.) No. 221/2002]) തര്‍ക്കവിഷയം ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ ഗുജറാത്ത് ഹൈക്കോടതിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. [ഇന്ത്യന്‍ സുപ്രീം കോടതി- WP (Crl.) No.530/2002 & WP (crl.) No. 221 of 2002, (17 Aug 2004)].
വരും മാസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി ദുരിതാശ്വാസക്യാമ്പുകളില്‍ സഹകരിച്ച ആള്‍ക്കാരുമായി കൂടുതല്‍ ബന്ധപ്പെടേണ്ടതുണ്ട്.
സഫര്‍ തുടരുന്നു :
ഈ സംഘടനകള്‍ക്ക് [സ്ഥാപിതതാല്പര്യക്കാരായ] സമുദായത്തിന് വേണ്ടി, അതിനുള്ളില്‍ നിന്ന് പ്രവര്‍ത്തിച്ച ഞങ്ങള്‍ക്ക് പോലും ബോദ്ധ്യമായ സത്യങ്ങള്‍ ബോദ്ധ്യപ്പെടുന്നില്ല. അവരിതുവച്ച് കച്ചവടം നടത്തുകയാണ്. ഉദാഹരണത്തിന് “അള്ളാ, കൂടുതല്‍ അസുഖങ്ങളെ ഇങ്ങോട്ടയച്ചാലും” എന്ന് ഒരു ദുരാഗ്രഹിയായ ഡോക്ടര്‍ പ്രാര്‍ഥിക്കുന്നതു പോലെ ഈ വ്യക്തികള്‍ കൂടുതല്‍ ദുരന്തങ്ങളുണ്ടാകാനും ആള്ക്കാര് നരകിക്കാനും വേണ്ടി പ്രാര്‍ഥിക്കുന്നു. അവര്‍ക്കിതൊരു കച്ചവടം. BMW വില്‍ക്കുന്ന ഏജന്‍സി നടത്തുന്ന ഞാന്‍ എന്തൊരു മണ്ടനാണെന്ന് ചിലപ്പോ എനിക്ക് തോന്നാറുണ്ട്. ഞാന്‍ ഈ സമയത്ത് വല്ല സന്നദ്ധസംഘടനയും നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ എന്റെ മുന്നില്‍ ലോകത്തിന്റെ പലകോണില്‍ നിന്നും ധനമഴ വര്‍ഷിച്ചേനെ. ധാരാളം അവാര്‍ഡുകള്‍ കിട്ടേണ്ട സമയം കഴിഞ്ഞു. പിന്നെ വല്ലവന്റെയും ചെലവില്‍ ജെറ്റില്‍ ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കുകയും ചെയ്യാമായിരുന്നു.
ഗുജറാത്ത് കലാപത്തിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടോ [ശിക്ഷിക്കപ്പെടുന്നുണ്ടോ] ?
മോഡിക്കെതിരായി സ്ഥിരം ഉയര്‍ന്നു കേള്‍ക്കാറുള്ള ഒരു ആരോപണമാണ് ഗവണ്മെന്റ് കലാപത്തിലെ കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ സുതാര്യമല്ല എന്നത്. ടീസ്റ്റ സെതല്‍വാദ് ഈ കാര്യം സുപ്രീം കോടതി വരെ കൊണ്ട് പോയതാണ് പിന്നീട് SIT അന്വേഷണം വരെ എത്തിയത്. ഇപ്പോഴും ആ പ്രതിച്ഛായ ഗുജറാത്ത് ഗവണ്മെന്റിനുണ്ട്. അതേപ്പറ്റി സഫര്‍ വിവരിക്കുന്നു.
ഞാന്‍ എല്ലാ കേസുകളെയും പറ്റി വിശദമായി മനസ്സിലാക്കിയിട്ടുണ്ട്. ഞങ്ങള്‍ നോര്‍വേയില്‍ നിന്നോ സ്കോട്ട്ലന്‍ഡില്‍ നിന്നോ വന്നവരല്ലല്ലോ. ഞങ്ങള്‍ ഇവിടെത്തന്നെയുള്ള മുസ്ലീങ്ങളാണ്. ഞങ്ങള്‍ക്ക് അറിയുന്നത്രയും വിശദമായി പുറത്തു നിന്നും വന്നൊരാള്‍ക്ക് അറിയാന്‍ സാധിക്കില്ലല്ലോ. ടീസ്റ്റ ഇവിടെയുള്ള ആളല്ല, അവര്‍ വരുന്നത് എന്തെങ്കിലും കുഴപ്പമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. ഞങ്ങള്‍ക്ക് എല്ലാം നേരിട്ടറിയാം. അവര്‍ക്ക് ഒരു ചുക്കും അറിയില്ല. മോഡി കുറ്റക്കാരെ സംരക്ഷിക്കാന്‍ കൂട്ടുനിന്നതിന് ഒരു തെളിവുമില്ല. അതിന്റെ തെളിവാണ് ജയിലില്‍ കിടക്കുന്ന ആള്‍ക്കാരുടെ എണ്ണം. ഇന്ത്യയില്‍ ഇതിനു മുന്‍പു നടന്ന ഏതെങ്കിലും കലാപത്തില്‍ ഇത്രയും കടുത്ത നടപടി ഉണ്ടായിട്ടുണ്ടോ ? സത്യത്തില്‍ കുറ്റക്കാരെ സഹായിക്കാത്തതിന്റെ പേരില്‍ മോഡിക്കെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗവും ചില ഹിന്ദുസംഘടനകളും എതിരാണ്. ഈയടുത്ത് നടന്ന ഇലക്ഷനില്‍ എന്തുകൊണ്ടാണ് VHP കോണ്‍ഗ്രസിന് സഹായകമായി നിലപാടെടുത്തത് ? നിങ്ങള്‍ക്കറിയാമോ ? എന്തുകൊണ്ടാ ബജ്റംഗ്ദള്‍ നേതാക്കള്‍ മോഡിക്ക് വേണ്ടി ക്രൂരകൃത്യങ്ങള്‍ നടത്തി എന്ന് തെഹല്‍ക ടീമിനോട് കെട്ടിച്ചമച്ചുണ്ടാക്കിയ കഥ പറഞ്ഞത് ? അതൊക്കെ കോണ്‍ഗ്രസിന്റെ സഹായിക്കാന്‍ വേണ്ടി മാത്രമായിരുന്നു. കോണ്‍ഗ്രസിനാണെങ്കില്‍ മോഡിയെ എതിര്‍ക്കുന്ന ആരും അവരുടെ സഖാവാണ് താനും.
SIT ക്ക് മുന്നിലായാലും ശരി, സുപ്രീം കോടതിക്ക് മുന്നിലായാലും ശരി, എല്ലാ കേസുകളും ഫയല്‍ ചെയ്തത് അന്വേഷണോദ്യോഗസ്ഥന് നല്കിയ ചാര്‍ജ് ഷീറ്റിന്റെ അടിസ്ഥാനത്തിലാണ്. പിന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്റ്റേറ്റ് ഗവണ്മെന്റിന്റെ ആളും. മൂന്നാമത്, 200 പേര് കുറ്റവാളികളാണെന്ന് തെളിഞ്ഞു, അതില്‍ത്തന്നെ 152 പേര്‍ക്ക് ജീവപര്യന്തം കിട്ടി. കൂടുതല്‍പേരുടെ കേസുകള്‍ നടക്കുന്നു. ഈ കേസില്‍ എല്ലാം തന്നെ ദൃക്സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റം തെളിയിക്കപ്പെട്ടിട്ടുള്ളതും. ഇന്ത്യയിലെ ഒരു സെറ്റപ്പ് വച്ചുനോക്കിയാല്‍ ഈ കേസുകളില്‍ മൊഴി നല്‍കാനായി ദൃക്സാക്ഷികള്‍ ജീവനോടെ ഇരുന്ന ചരിത്രമുണ്ടോ ? പറയൂ.
എല്ലാ വിധിപ്പകര്‍പ്പുകളും വായിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കതു മനസ്സിലാകും. വേറെയും തെളിവുകള്‍ ഉണ്ടായിരുന്നു, പക്ഷേ പ്രധാനമായത് ദൃക്സാക്ഷിമൊഴികള്‍ തന്നെ. ഗവണ്മെന്റാണ് ഈ ദൃക്സാക്ഷികളെ സംരക്ഷിച്ചതെന്ന് അതില്‍നിന്നും തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. ബാബു ബജ്രംഗിക്കെതിരെ വരെ സാക്ഷി പറയാന്‍ ആളുണ്ടായി. ബാബുവിനെപ്പോലെ ഒരാള്‍ക്കെതിരെ സാക്ഷി പറഞ്ഞിട്ട് നരോദ പാട്യയില്‍ ജീവിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനെങ്കിലും നിങ്ങള്‍ക്ക് ഗുജറാത്ത് ഗവണ്മെന്റിനെ ഒന്ന് അഭിനന്ദിച്ചുകൂടേ ? 2002ല്‍ പ്രധാനപ്പെട്ട ഒന്‍പതു കൊലപാതകക്കേസുകളും അല്ലാത്ത ചെറിയ ചെറിയ കേസുകളും ആണുണ്ടായത്. 2003-04 കാലഘട്ടത്തില്‍ മറ്റേതൊരു മുസ്ലീമിനെയും പോലെ മുസ്ലീങ്ങള്‍ക്ക് ഗുജറാത്തില്‍ നീതി ലഭിക്കില്ല എന്ന് ഞാനും കരുതിയിരുന്നു. പക്ഷേ ഞങ്ങള്‍ കണ്ടത് എല്ലാ കേസിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതാണ്. ഇപ്പോള്‍ ബില്‍ക്കീസ് ബാനു, ബെസ്റ്റ് ബേക്കറി എന്നീ രണ്ടു കേസുകള്‍ ഒഴികെ എല്ലാത്തിന്റെയും വിചാരണ ഗുജറാത്തിലാണ് നടക്കുന്നത്. അഹമ്മദാബാദിലും ആനന്ദിലും മെഹ്സാനയിലുമുള്ള മജിസ്ട്രേറ്റ് കോടതികളില്‍. ഇവിടത്തെ അന്വേഷണോദ്യോഗസ്ഥര്‍ പോലും ലോക്കല്‍ പോലീസുകാരാണ്.
ഗുജറാത്ത് കലാപത്തിലെ കുറ്റങ്ങളെയും കുറ്റവിചാരണയെയും പറ്റി ഞാന്‍ ഇതുവരെ പഠിക്കാത്തതുകൊണ്ട് അത് ഉള്‍പ്പെടുത്തിയിട്ടില്ല. അതും വരുംമാസങ്ങളിലെ പഠനവിഷയമാക്കാന്‍ ഉദ്ദേശിക്കുന്നു. എന്തായാലും സഫര്‍ പറഞ്ഞ കാര്യങ്ങളെ ഒരു ഗുജറാത്ത് ഗവണ്മെന്റ് ഉദ്യോഗസ്ഥനും പിന്താങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം.
കേന്ദ്രത്തില്‍ നിന്നും അതിശക്തമായ രാഷ്ട്രീയസമ്മര്ദ്ദമുണ്ടായിട്ടുപോലും മോഡിക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കോടതികള്‍ക്ക് സാധിച്ചില്ല. ഒരു കാര്യം ശ്രദ്ധിക്കുക: ശിക്ഷ ലഭിച്ചവരെല്ലാവരും തന്നെ ഗുജറാത്ത് പോലീസ് ഫയല്‍ ചെയ്ത കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടു കോടതി ശിക്ഷിച്ചവരാണ്. ഇവരില്‍ മോഡിയുടെ ഗവണ്മെന്റിലെ ഒരു മന്ത്രിയും ബിജെപി നേതാക്കളും ഉള്‍പ്പെടുന്നു. ഗുജറാത്ത് ഗവണ്മെന്റ് കൊടുത്ത കുറ്റവാളിപ്പട്ടികയില്‍ വളരെക്കുറച്ചു പേരുകള്‍ മാത്രമാണ് SITക്ക് പോലും അധികമായി ചേര്‍ക്കാനായത്. 2002ലെ കലാപത്തെ വളരെ വിചിത്രമായ രീതിയിലാണ് കേന്ദ്രവും സുപ്രീം കോടതിയും കൈകാര്യം ചെയ്തത്. ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമാണ്. ഇന്ത്യയില്‍ ഇതിനു മുന്‍പ് നടന്നിട്ടുള്ള എല്ലാ കലാപങ്ങളും കൈകാര്യം ചെയ്തിട്ടുള്ളത് അതത് സംസ്ഥാനഗവണ്മെന്റുകളാണ്. ഈ ഒരു കലാപത്തില്‍ മാത്രം സുപ്രീം കോടതി നേരിട്ട് അന്വേഷണച്ചുമതല ഏറ്റെടുക്കുകയും അതുവഴി സംസ്ഥാനഗവണ്മെന്റിന്റെ അധികാരത്തില്‍ കൈകടത്തുകയും ചെയ്തു. മോഡിക്കെതിരെ ഒരു തെളിവുമില്ലെന്ന് ടീസ്റ്റയ്ക്ക് നന്നായറിയാം. കോണ്‍ഗ്രസ് എന്തൊക്കെയോ നാറിയ കളികള്‍ കളിച്ചു മോഡിക്കെതിരെ ഒരു കോടതിയുത്തരവ് വാങ്ങി വച്ചിട്ടുണ്ട്. മോഡിയെ വളരെയധികം ബുദ്ധിമുട്ടിച്ച ഒരു സുപ്രീം കോടതി ബഞ്ച് തന്നെ ഉണ്ടായിട്ടും മോഡി ഒരു പ്രശ്നത്തില്‍പ്പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നു തെളിയിക്കാന്‍ അവരെക്കൊണ്ട് സാധിച്ചില്ല. മോഡി അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു കലാപം അടിച്ചമര്‍ത്തിയത് കൊണ്ടാണ് അത്തരം ഒരു തെളിവ് മോഡിക്കെതിരെ ഇല്ലാത്തതും. ഭരണത്തിലോ പാര്‍ട്ടിയിലോ പൂര്ണ്ണനിയന്ത്രണമില്ലാത്ത ഒരു പുതിയ മുഖ്യമന്ത്രി അദ്ദേഹത്തിന് ലഭ്യമായ സകലതിനെയും രംഗത്തിറക്കി ഒരു കലാപം അടിച്ചമര്‍ത്തുക നിസ്സാരമല്ല.
മിസ്റ്റര്‍ രാഘവനും മറ്റു രണ്ട് SIT അംഗങ്ങളും സുപ്രീം കോടതി തന്നെ നിയമിച്ചവരാണ്. പക്ഷേ SITയുടെ മുഴുവന്‍ ചെലവും വഹിക്കേണ്ടി വന്നത് സംസ്ഥാനവും. രാഘവനെ സ്വാധീനിക്കാന്‍ പറ്റില്ലെന്ന് ടീസ്റ്റയ്ക്ക് മനസ്സിലായപ്പോള്‍ അവര്‍ രാഘവനെതിരെ മോശം ആരോപണങ്ങള്‍ ഉന്നയിച്ചു. റിട്ടയര്‍മെന്റിനു ശേഷം രാഘവന് ചെന്നൈയിലാണ് താമസിക്കുന്നത്. അദ്ദേഹം ഗുജറാത്തിനും ഡല്‍ഹിക്കും ഒക്കെ വരുന്നത് ചെന്നൈയില്‍ നിന്നാണ്. ഇടയ്ക്ക് അദ്ദേഹം ഒരു ക്ലാസുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു. അപ്പോള്‍ സുപ്രീം കോടതി അദ്ദേഹത്തെ എന്തോ അത്യാവശ്യകാര്യത്തിനായി വിളിപ്പിച്ചു. അദ്ദേഹത്തിന് ബിസിനസ് ക്ലാസ് യാത്ര അനുവദിച്ചിട്ടുണ്ട്. എന്നിട്ടും ലണ്ടനില്‍ നിന്നും ബിസിനസ് ക്ലാസ് ടിക്കറ്റ് എടുക്കുമ്പോഴത്തെ ചെലവ് ഒഴിവാക്കാനായി അദ്ദേഹം ഇക്കോണമി ക്ലാസിലാണ് യാത്ര ചെയ്തത്. ചെന്നൈയില്‍ നിന്ന് അദ്ദേഹം ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്നെങ്കില്‍ത്തന്നെ റിട്ടേണ്‍ ടിക്കറ്റ് അടക്കം 72000 രൂപയായേനെ. പക്ഷേ അദ്ദേഹം ലണ്ടന്‍ – ഡല്‍ഹി റിട്ടേണ്‍ ടിക്കറ്റ് 40000 രൂപയ്ക്ക് വാങ്ങി അതിലാണ് യാത്ര ചെയ്തത്. അദ്ദേഹത്തിനു ചെന്നൈ – ദല്‍ഹി ടിക്കറ്റിനു മാത്രമേ അനുവാദമുള്ളൂ എന്നിരിക്കെ ലണ്ടന്‍ – ഡല്‍ഹി ടിക്കറ്റിനു കാശ് വാങ്ങിയെന്നും പറഞ്ഞു ടീസ്റ്റ അദ്ദേഹത്തിനെതിരെ പരാതി കൊടുത്തു. ലണ്ടനില്‍ ക്ലാസ് എടുതുകൊണ്ടിരിക്കുന്ന ഒരാളെ കോടതി അത്യാവശ്യമായി വിളിച്ചുവരുത്തിയാല്‍ അദ്ദേഹം സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്തു കൊടുത്തു വരണോ ?
കലാപത്തിലെ ഒന്‍പതു കേസുകളാണ് SIT അന്വേഷിച്ചത്. അതില്‍ നാലെണ്ണം വിധി കാത്തു കഴിയുകയാണ്. SIT കൊടുത്ത കുറ്റപത്രങ്ങളില്‍ പുതുതായി ഉള്‍പ്പെട്ടവര്‍ ആരും തന്നെ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. പക്ഷേ ഗുജറാത്ത് ഗവണ്മെന്റ് നല്കിയ കുറ്റപത്രങ്ങളില്‍ ഉള്‍പ്പെട്ട മിക്കവാറും എല്ലാവര്ക്കും ശിക്ഷ ലഭിച്ചു. മോഡിയുടെ ഭരണത്തെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴെന്തു പറയുന്നു ? രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനവും ഭരണവും രണ്ടുതട്ടില്‍ നിര്‍ത്തുന്നതാണ് മോഡിയുടെ ഏറ്റവും വലിയ പ്രത്യേകത. ബിജെപിക്ക് അധികാരമുണ്ടെന്നു കരുതി അത് മുതലെടുക്കാന്‍ അദ്ദേഹം സ്വന്തം പാര്‍ട്ടിക്കാരെ അനുവദിക്കാറില്ല. മോഡിക്ക് കലാപത്തില്‍ പങ്കുണ്ടായിരുന്നെങ്കില്‍ കലാപസമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന സദാഫിയയുമായി അദ്ദേഹം അകലം പാലിക്കുകയില്ലായിരുന്നു. നേരിട്ട് ഉത്തരവാദിത്തമുണ്ടായിരുന്ന സദാഫിയയ്ക്കെതിരെ ടീസ്റ്റയോ കോണ്‍ഗ്രസോ ചന്ദ്രഹാസമിളക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ? അശോക് നാരായണന്റെ കാര്യം തന്നെ മറ്റൊരു ഉദാഹരണം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് ചീഫ് സെക്രട്ടറി പദവി കൊടുത്തില്ല. മതിയായ സീനിയോറിറ്റി ഉണ്ടായിട്ടും ! കാരണം കലാപം നിയന്ത്രിക്കാന്‍ സാധിച്ചില്ല എന്നതായിരുന്നു. അശോക് നാരായണ്‍ ഒരു നല്ല മനുഷ്യനാണ്, പക്ഷേ അദ്ദേഹത്തിന്റെ വകുപ്പ് കലാപം നിയന്ത്രിക്കുകയെന്ന ശ്രമകരമായ ജോലിയില്‍ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ സീനിയോറിറ്റിയും ആത്മാര്‍ഥതയും പരിഗണിച്ചു തുല്യപദവി നല്‍കിയെങ്കിലും അര്‍ഹിച്ച ചീഫ് സെക്രട്ടറി പദവി നല്‍കിയില്ല. മോഡിക്ക് കലാപത്തില്‍ എന്തെങ്കിലും പങ്കുണ്ടായിരുന്നെങ്കില്‍ ഇവരെയൊക്കെ സംരക്ഷിച്ചേനെ. ഗുജറാത്ത് കോടതികളില്‍ നടന്നിരുന്ന വിചാരണകള്‍ സുപ്രീം കോടതിയിലെ പ്രശ്നത്തില്‍ ഇടപെടുത്തി പരമാവധി വലിച്ചുനീട്ടുക മാത്രമായിരുന്നു ടീസ്റ്റ ആകെ ചെയ്തത്. തട്ടിക്കൂട്ട് തെളിവുകളുമായി പോയിട്ടും സുപ്രീം കോടതിയില്‍ നിന്നും അവര്‍ തുടരെത്തുടരെ സ്റ്റേ ഓര്‍ഡര്‍ സമ്പാദിച്ചതാണ് എന്നെ അതിശയപ്പെടുത്തുന്നത്.

തത്തുല്യമായ വികാരമാണ് റയിസ് ഖാന് പത്താനും പങ്കുവച്ചത്. അദ്ദേഹം ടീസ്റ്റയുടെ പഴയ സഹപ്രവര്ത്തകന് ആയിരുന്നു. ടീസ്റ്റ കോടതിയില്‍ നിന്നും ഏതൊക്കെ സ്റ്റേ ഓര്‍ഡര്‍ വാങ്ങുമെന്ന് മുന്‍കൂട്ടി അറിയാവുന്നതു പോലെയാണ് പെരുമാറിയിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ചില ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതും മോഡി തെറ്റ് ചെയ്യുന്ന ഒരാളെയും, അത് സ്വന്തം പാര്ട്ടിക്കാരാണെങ്കില്പ്പോലും വച്ചുപൊറുപ്പിക്കില്ല എന്നായിരുന്നു. അത് തന്നെയാണ് അദ്ദേഹം രാഷ്ട്രീയമായി നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും കാരണവും. പഴയ കലാപങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും അന്യോന്യം സംരക്ഷിച്ചിരുന്നു. കോണ്‍ഗ്രസും ബിജെപിയും സാമൂഹ്യവിരുദ്ധരും തമ്മിലുണ്ടായിരുന്ന അവിശുദ്ധകൂട്ടുകെട്ട് മോഡി നീക്കം ചെയ്തു.
സഫര്‍ തുടരുന്നു:
ഈ കലാപത്തിന്റെ പ്രത്യേകത എന്താന്നു വച്ചാല്‍ ഇത് ബിജെപിയും മുസ്ലീങ്ങളും തമ്മിലോ വി എച്ച് പിയും മുസ്ലീങ്ങളും തമ്മിലോ ഉള്ള കലാപമല്ലായിരുന്നു. ഒരുപാട് കോണ്‍ഗ്രസുകാരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കലാപത്തില്‍ സജീവമായി ഉണ്ടായിരുന്ന പല കോണ്‍ഗ്രസുകാരെയും എനിക്ക് നേരിട്ടറിയാം. എഹ്സാന്‍ ജാഫ്രിയുടെ വീടിനു മുന്നില്‍ തടിച്ചുകൂടിയ അക്രമിക്കൂട്ടത്തില്പ്പോലും ധാരാളം കോണ്‍ഗ്രസുകാരുണ്ടായിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപം നടത്തിയതിനു അവരില്‍ ചിലര്‍ക്ക് ശിക്ഷയും ലഭിച്ചു. കലാപത്തില്‍ പങ്കുണ്ടായിരുന്ന ചില കോണ്‍ഗ്രസുകാര്‍ക്ക് ശിക്ഷ ലഭിച്ചു. അതില്‍ ഏറ്റവും കുപ്രസിദ്ധന്‍ മേയര്‍ ആയിരുന്ന ഹിമ്മത് സിംഗ് പട്ടേലാണ്. അയാളാണ് വാലി ദക്കാനിയിലെ മസര്‍ തകര്‍ത്തു റോഡ് ഉണ്ടാക്കിയത്. എഹ്സാന്‍ ജഫ്രിയുടെ മരണത്തിന് ഉത്തരവാദിയും അയാളാണ്. അയാള്‍ രക്ഷപ്പെട്ടത് നിയമങ്ങളില്‍ ചില നൂലാമാലകളിലൂടെയാണ്. ടീസ്റ്റ ഇവരുടെയൊന്നും പേര് ഒരിക്കലും മിണ്ടില്ല.
2007 വരെയുള്ള കാലഘട്ടത്തില്‍ ടീസ്റ്റ വിവരങ്ങള്‍ ശേഖരിക്കാനും ഇരകളെ സ്വാധീനിക്കാനും നല്ലതുപോലെ ഉപയോഗിച്ച വ്യക്തിയാണ് റയിസ് ഖാന് പത്താന്. കലാപസംബന്ധിയായ അനേകം ചിത്രങ്ങള്‍ ടീസ്റ്റയ്ക്ക് ശേഖരിച്ചു നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം വീഡിയോ സംഭാഷണത്തില്‍ എന്നോട് വെളിപ്പെടുത്തിയത് ബിജെപി / വിഎച്ച്പി / ബജ്രംഗ്ദള് പ്രവര്‍ത്തകരോടൊപ്പം അറിയപ്പെടുന്ന നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നു എന്ന് അന്നത്തെ ഫോട്ടോഗ്രാഫുകളില്‍ നിന്നും വ്യക്തമായിരുന്നു എന്നാണ്. അതുപോലെ മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കുന്ന ഫോട്ടോഗ്രാഫുകളും അവയില്‍ ഉണ്ടായിരുന്നുവെങ്കിലും ടീസ്റ്റ അതൊന്നും പുറത്തുവിട്ടിട്ടില്ല എന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഹിന്ദുക്കള്‍ക്ക് സംഭവിച്ചതിനെ ടീസ്റ്റയും സംഘവും മനപൂര്‍വം അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനെ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചപ്പോള്‍ വിഎച്ച്പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നൊരു ആരോപണം ഉന്നയിച്ച് തന്റെ ഭാഗം ഒന്ന് വിശദീകരിക്കാന്‍ പോലും അനുവദിക്കാതെ ടീസ്റ്റയും കൂട്ടരും സംഘടനയില്‍ നിന്നും പുറത്താക്കുകയായിരുന്നു എന്നും റയിസ് പറഞ്ഞു. കോണ്‍ഗ്രസുകാരുടെ പങ്കു വെളിവാക്കുന്ന ഫോട്ടോകള്‍ ടീസ്റ്റ പുറത്തു വിട്ടിട്ടേയില്ല, മാത്രമല്ല അത് മാത്രം അപ്രത്യക്ഷമായി. താന്‍ കഷ്ടപ്പെട്ട് സംഭരിച്ച ഫോട്ടോഗ്രാഫുകളുടെ ഒരു കോപ്പി പോലും ടീസ്റ്റ തരാന്‍ തയ്യാറായില്ല. ടീസ്റ്റയുടെ കയ്യിലുള്ള ഇരകള്‍ ഒപ്പിട്ട സത്യവാങ്മൂലങ്ങള്‍ എല്ലാം തന്നെ നുണയാണ് എന്നും റയിസ് പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോള്‍ ടീസ്റ്റ ശമ്പളം കൊടുത്തു നിലനിര്‍ത്തിയിരിക്കുന്ന മുസ്ലീങ്ങള്‍ ഒഴികെ മിക്കവാറും എല്ലാവരും അവരോടു അകലം പാലിക്കുന്നതും. ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ ആയി പ്രത്യക്ഷപ്പെടാനും നുണക്കഥകള്‍ പറയാനും അവര്‍ക്ക് ടീസ്റ്റ മാസം തോറും ചെലവിനുള്ള പണം നല്‍കാറുണ്ട്. 2007 വരെയുള്ള കാലഘട്ടത്തില്‍ സിജെപിക്ക് വേണ്ടി താഴെത്തട്ടിലെ പ്രവര്‍ത്തകനായിരുന്നപ്പോള്‍ അത്തരം കുടുംബങ്ങള്‍ക്ക് മാസാമാസം പണം എത്തിക്കുന്ന ചുമതല തനിക്കായിരുന്നുവെന്നു റയിസ് പറഞ്ഞു. ആ പണമത്രയും നിരവധി മുസ്ലീം രാജ്യങ്ങളില്‍ നിന്നും ഹവാല ഇടപാടുകളിലൂടെ ടീസ്റ്റയ്ക്ക് ലഭിക്കുന്നതും. അതിന്റെ സിംഹഭാഗവും ടീസ്റ്റ തന്നെ വിഴുങ്ങുമെന്നത് മറ്റൊരു യാഥാര്‍ത്ഥ്യവും.

റയിസ് ഖാന് പറഞ്ഞതില്‍ എത്രത്തോളം സത്യമാണ് എന്ന് ഞാന്‍ ഉറപ്പിച്ചിട്ടില്ല. എന്തായാലും അവര്‍ക്കെല്ലാം ചുവടുകള്‍ പിഴച്ചുവെന്നും ഇപ്പോള്‍ ഒരാള്‍ മറ്റേയാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും മനസ്സിലായി. റയിസ് ഇപ്പോള്‍ ടീസ്റ്റയ്ക്കെതിരെ കേസുകള്‍ നടത്തുകയാണ്. അതില്‍ ധാരാളം തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. സിജെപി അപായപ്പെടുത്തുമെന്ന് ഭയമുള്ളതുകൊണ്ടും കേസുകള്‍ നടന്നു കൊണ്ടിരിക്കുന്നതിനാലും കൂടുതല്‍ പറയാന്‍ അദ്ദേഹം താല്പര്യപ്പെട്ടില്ല. ടീസ്റ്റയ്ക്ക് വേണ്ടി ചെയ്ത ഒരു തെറ്റിന് റയിസ് കുറച്ചുനാള്‍ ജയില്‍വാസം അനുഭവിക്കുകയുമുണ്ടായി. കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നവരുടെ ശരീരങ്ങള്‍ വീട്ടുകാരെപ്പോലും അറിയിക്കാതെ കലാപകാരികള്‍ കുഴിച്ചിട്ടിരുന്നിടത്തു നിന്നും കുഴിച്ചെടുക്കാന്‍ ടീസ്റ്റ ആവശ്യപ്പെട്ടതനുസരിച്ച് ഗവണ്മെന്റിനെപ്പോലും അറിയിക്കാതെ ടീസ്റ്റ അയച്ച മാധ്യമങ്ങളുടെ മുന്നില്‍ വച്ചു കുഴിച്ചെടുത്തതിനായിരുന്നു അത്. പോലീസ് സ്ഥലത്തില്ലാതിരുന്നത് കൊണ്ട് തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ ഇത് കാരണമായി. എന്നാല്‍ റയിസിനെ സംരക്ഷിക്കേണ്ട സമയത്ത് ടീസ്റ്റ സംരക്ഷിക്കുകയുണ്ടായില്ലെന്നു മാത്രമല്ല, ജാമ്യം പോലും എടുത്തു നല്‍കിയില്ല എന്ന് റയിസ് ആരോപിക്കുന്നു. ജാമ്യം കിട്ടാന്‍ വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു. റയിസിനു ടീസ്റ്റ തന്നെ അപായപ്പെടുത്തുമെന്ന് ഭയമാണെന്ന് ഇടയ്ക്കിടെ പറയുകയുണ്ടായി. തന്റെ കരങ്ങള്‍ വളരെ വലുതാണെന്നും ഏതു നിമിഷം വേണമെങ്കിലും റയിസിനെ അപായപ്പെടുത്താന്‍ തനിക്ക് സാധിക്കുമെന്നും ടീസ്റ്റ മുന്നറിയിപ്പ് കൊടുക്കാറുണ്ടായിരുന്നു എന്നുമാണ് റയിസ് പറഞ്ഞത്.
സഫര്‍ തുടരുന്നു :
കോണ്‍ഗ്രസിന്റെ പങ്കിനെക്കുറിച്ച് ഇനിയും പറയാനുണ്ട്. അഹമ്മദാബാദില്‍ സുഭാഷ് പാലത്തിനടുത്ത് വാലി ദക്കാനിയുടെ [പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പ്രശസ്ത കവി] ഒരു ശവകുടീരം ഉണ്ടായിരുന്നു. പല്ഡിയിലെ ഒരു മോസ്കിനോടൊപ്പം ഇതും തകര്‍ക്കപ്പെട്ടു. അന്ന് അഹമ്മദാബാദ് കോര്പ്പറേഷന് ഭരിക്കുന്നത് കോണ്‍ഗ്രസാണ്, മേയര്‍ ഹിമ്മത് പട്ടേലും. രായ്ക്കുരാമാനം കോര്പ്പറേഷന് ആ കുടീരം തകര്‍ത്തു തരിപ്പണമാക്കി അതിനു മീതെ റോഡ് പണിതു. കലാപകാരികള്‍ അതിനു ചെറിയ നാശനഷ്ടങ്ങളേ വരുത്തിയിരുന്നുള്ളൂ. പക്ഷേ കോര്പ്പറേഷന് അതിനെ കല്ലിന്മേല് കല്ല് ഇടിച്ചുനിരത്തി. ഇവന്മാരാണ് ബാബറി മസ്ജിദ് തകര്‍ത്തെന്ന് വിലപിക്കുന്നത് ! വാലി ദക്കാനിയുടെ കുടീരം വളരെ പ്രധാനമായിരുന്നു. ബാബറി മസ്ജിദ് ഒരു ശവക്കോട്ടയായിരുന്നു. അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കാനാണ് അവര്‍ ശ്രമിച്ചത്. പക്ഷേ ഇവിടെ ഒരു കുടീരത്തിന്റെ മീതെ അവര്‍ ബുള്‍ഡോസര്‍ ഓടിച്ചുകയറ്റി. അവിടം കൊണ്ടുനിന്നില്ല, അടുത്തുണ്ടായിരുന്ന ഒരു മോസ്കും ഇടിച്ചുനിരത്തി. എന്നിട്ട് അതിനു മീതെ റോഡും ഉണ്ടാക്കി.
മുസ്ലീം പ്രതിനിധികള്‍ മേയറെ കണ്ടു ചോദിക്കുകയുണ്ടായി : “കലാപത്തില്‍ അല്പം നാശനഷ്ടങ്ങളേ ഉണ്ടായുള്ളൂ, പക്ഷേ നിങ്ങള്‍ എന്തിനാണ് അവ ഇടിച്ചുകളഞ്ഞത് ? നിങ്ങളും വിഎച്ച്പിയും തമ്മില്‍ എന്താണ് വ്യത്യാസം ? നിങ്ങള്‍ അവരുടെ ആളാണെന്നാണ് തോന്നുന്നത്.” മേയറുടെ മറുപടി ഇപ്രകാരമായിരുന്നു “എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ ”ഇങ്ങനെ പറയാനുള്ള തൊലിക്കട്ടി അയാള്‍ കാണിച്ചു. കോണ്‍ഗ്രസ്സിന്റെ തന്റേടം ! അത് പുനര്‍നിര്‍മ്മിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അതേപ്പറ്റി സംസാരിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു മറുപടി ! ഈ മഹാന് സോണിയയുടെ പ്രിയപ്പെട്ടവന് ആണ്. 2007ല്‍ സോണിയ ഗുജറാത്തില്‍ വന്നപ്പോള്‍ ഇയാള്‍ അവരുടെ പരിസരത്ത് നിന്ന് മാറിയിട്ടേയില്ല. ഞങ്ങളെ സംബന്ധിച്ച് അയാളാണ് “മരണവ്യാപാരി”. സോണിയയുടെ സമീപം ഹിമ്മത് സിംഗിനെ കണ്ട മുസ്ലീങ്ങള്‍ക്ക് അതിയായ കോപമാണുണ്ടായത്.
കലാപത്തില്‍ തങ്ങള്‍ കുറ്റക്കാരാണെന്ന് കോണ്‍ഗ്രസിന് നല്ലപോലെ അറിയാമായിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് 2002നെപ്പറ്റി വായതുറക്കാത്തത്. ഇന്നും ടി വി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു ഒരൊറ്റ മുസ്ലീം പോലും ഇല്ലാത്തതും അതേസമയം ബിജെപിയെ പ്രതിനിധീകരിച്ച് കുറഞ്ഞത് നാലഞ്ചു ഗുജറാത്തി മുസ്ലീങ്ങള്‍ എങ്കിലും പങ്കെടുക്കുന്നതും. കോണ്‍ഗ്രസ് ഈ ചര്‍ച്ചകളില്‍ മുസ്ലീങ്ങളെ പങ്കെടുപ്പിച്ചാല്‍ അതോടെ മുസ്ലീം വോട്ട് കിട്ടുന്നത് നില്‍ക്കുമെന്ന് അവര്‍ക്ക് ഭയമുണ്ട്. അതുകൊണ്ടാണ് ഇലക്ഷനുകളില്‍ വിഎച്ച്പി / ആര്‍എസ്എസ് ടൈപ്പുകളെ മാത്രം ചൂണ്ടിക്കാട്ടി അവര്‍ സംസാരിക്കുന്നത്. വിഎച്ച്പിയുടെ എ ടീം പോലും കോണ്‍ഗ്രസിനേക്കാള്‍ വളരെ ഭേദമാണ്. കോണ്‍ഗ്രസിന് ‘M’ വാക്കിനോട് വെറുപ്പ് മാത്രമേയുള്ളൂ.
അതേസമയം മുസ്ലീങ്ങള്‍ പരാതിയുമായി നരേന്ദ്രമോഡിയെ സമീപിച്ചപ്പോഴൊക്കെയും അതില്‍ അതിവേഗം തീര്‍പ്പുകള്‍ ഉണ്ടാക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. മോഡിയും കോണ്‍ഗ്രസ് നേതാക്കളുമായുള്ള വ്യത്യാസം തെളിയിക്കാന്‍ ഞാന്‍ ഒരുദാഹരണം കൂടി തരാം.
SEBI (Securities and Exchange Board of India) ഒരു സമയത്ത് എനിക്ക് ഒരുപാട് തലവേദനയുണ്ടാക്കിയപ്പോള്‍ മഹേഷ് ഭട്ട് പറഞ്ഞതനുസരിച്ച് ഞാന്‍ സല്മാന് ഖുര്‍ഷിദിനെ കാണാന്‍ ചെന്നു. അദ്ദേഹം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള മന്ത്രിയും സുപ്രീം കോടതിയിലെ വക്കീലും ആണല്ലോ. എനിക്ക് വ്യക്തിപരമായ ആവശ്യങ്ങളൊന്നുമില്ല, എന്റെ പേപ്പറുകള്‍ ഒന്ന് കാണിക്കണമെന്ന് മാത്രമേയുള്ളൂ എന്ന് ഞാന്‍ ഭട്ടിനോട് പറഞ്ഞിരുന്നു. ഈ മന്ത്രാലയം ഉണ്ടായതു തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നേരിട്ട് സമീപിക്കാന്‍ വേണ്ടിയാണ്. എന്റെ പേപ്പറുകള്‍ കണ്ടശേഷം എനിക്ക് നീതി ലഭിച്ചില്ലെന്ന് മനസ്സിലായാല്‍ മാത്രം ഖുര്‍ഷിദ് ഇടപെട്ടാല്‍ മതിയാകും എന്നും ഞാന്‍ പറഞ്ഞിരുന്നു. പ്രത്യേകിച്ചൊരു ഉദാരതയും വേണ്ട. അങ്ങനെ ഭട്ട് ഒരു അപ്പോയിന്മെന്റ് സംഘടിപ്പിച്ചു തന്നു.
അത് 2009ല്‍ എപ്പോഴോ ആയിരുന്നു. ദിവസം കൃത്യമായി ഓര്‍മയില്ല. ഞങ്ങള്‍ മുംബൈയില്‍ നിന്നും ഡല്‍ഹിക്ക് പോയി. അവിടെ ഞാന്‍ ചെന്ന് മണിക്കൂറുകളോളം കാത്തിരുന്നപ്പോള്‍ എനിക്കയാള് 15 സെക്കന്റ് സമയം പോലും അനുവദിച്ചില്ല. ഇത് SEBIയും സാമ്പത്തികമന്ത്രാലയവും ഉള്‍പ്പെടുന്ന വിഷയമായതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു കൈകഴുകി. എനിക്ക് സഹായം ചെയ്തില്ലെങ്കിലും സാരമില്ല, എന്റെ ഭാഗം ഒന്ന് കേള്‍ക്കാന്‍ തയ്യാറാകണമെന്ന് പറഞ്ഞിട്ട് അയാള്‍ അതും ചെയ്തില്ല. മധുജി, നിങ്ങളുടെ കാര്യം സാധിച്ചാലും ഇല്ലെങ്കിലും ശരി, പരാതി കേള്‍ക്കുകയെങ്കിലും ചെയ്യണ്ടേ ? അത് നമ്മുടെ അവകാശമാണ്. അതേസമയം മോഡി സാഹിബിന്റെ ഓഫീസില്‍ ഒന്ന് വിളിച്ചാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് തിരികെ കാള്‍ വന്നിരിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി ആ പതിവ് തെറ്റിയിട്ടില്ല. എന്റെ മാത്രം അനുഭവമല്ല. നിങ്ങള്‍ വിളിച്ചാല്‍ അവര്‍ പേരും നമ്പറും ചോദിക്കും. അതാണ് അവരുടെ രീതി.
ഖുര്‍ഷിദിനെ കണ്ടശേഷം ഞാന്‍ വളരെ നിരാശനായിരുന്നു. അല്പം നിലയും വിലയുമുള്ള ഒരാളുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരനായ ഒരു മുസ്ലീമിന്റെ അവസ്ഥ എന്തായിരിക്കും ? ഇങ്ങനത്തെ ഒരു ന്യൂനപക്ഷമന്ത്രാലയം ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ മാത്രം മതി. ഇവരെന്താണ് ചെയ്യുന്നതെന്ന് വച്ചാല്‍ ഞങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളൊന്നും തരില്ല, പകരം ന്യൂനപക്ഷമന്ത്രാലയം ഉണ്ടാക്കി വച്ചിട്ട് ഈ അടുത്ത കാലത്തെങ്ങും പ്രായോഗികമാക്കാന്‍ ഉദ്ദേശമില്ലാത്ത പതിനഞ്ചിനപരിപാടി പ്രഖ്യാപിക്കും. എനിക്ക് ഗുജറാത്തില്‍ ലഭിക്കുമ്പോലെ എന്റെ അവകാശങ്ങള്‍ മാത്രം ലഭിച്ചാല്‍ മതി. ഞാന്‍ സന്തുഷ്ടനാണ്.
ചെറുകിട കമ്പനികളെ നശിപ്പിക്കാനാണ് SEBI എന്നൊരു സ്ഥാപനം. നിങ്ങള്‍ ഒരു കൊടുംകുറ്റവാളി ആണെന്ന മട്ടിലാണ് അവര്‍ ആരോപണമുന്നയിക്കുന്നത്. അവരെന്നെ ഒരുപാട് പരിഹസിച്ചു, ഇല്ലാത്ത കാര്യങ്ങള്‍ എന്റെ തലയില്‍ കെട്ടിവച്ചു, എന്റെ ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറായില്ല, മുന്‍കൂട്ടി വിധി തയ്യാറാക്കി വച്ചിട്ട് കോമാളിയാക്കുന്നത് പോലെ. എന്റെ കാര്യം നോക്കണ്ട, എന്നെപ്പോലെ നൂറുകണക്കിന് ആള്ക്കാര് വേറെയുമുണ്ട്. മുസ്ലീങ്ങളെ കളിയാക്കാന്‍ SEBIയെ ഏല്‍പ്പിച്ചത് മോഡിയാണോ ? അല്ലല്ലോ ?
മോഡിയും “ഉന്നതമായ” കോണ്‍ഗ്രസും പരാതികള്‍ക്ക് പരിഹാരം കാണുന്നതെങ്ങനെയെന്നു നമുക്ക് പരിശോധിക്കാം. അതിനുമുന്‍പ് ഒന്ന് പറഞ്ഞോട്ടെ, ഞങ്ങള്‍ മുസ്ലീങ്ങളുടെ പുനരധിവാസവുമായും നിയമപരമായ പ്രശ്നങ്ങളുമായും മുന്നോട്ടു പോയപ്പോഴും എല്ലാം അതാതിന്റെ വഴിക്ക് നീങ്ങട്ടെ എന്ന് കരുതി. നിയമം അതിന്റെ പണി ചെയ്തുകൊള്ളുമെന്നു ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ പ്രധാനോദ്ദേശ്യം സമുദായത്തെ സ്വന്തം കാലില്‍ നിര്‍ത്തുകയെന്നതായിരുന്നു. അതിനു ഞങ്ങള്‍ക്കാവശ്യം വിദ്യാഭ്യാസവും. ഞങ്ങള്‍ ഒരു വിദ്യാഭ്യാസജിഹാദ് തന്നെ നടത്തുകയുണ്ടായി. അതിന്റെ ഫലം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. കലാപത്തിനു മുന്‍പ് ഞങ്ങളുടെ നഗരത്തില്‍ വെറും മൂന്നു മുസ്ലീം സ്കൂളുകളാണുണ്ടായിരുന്നത്. ഇന്ന് അഹമ്മദാബാദില്‍ മാത്രം പതിനേഴു സ്കൂളുകള്‍ ഉണ്ട്. മുസ്ലീം കോളെജുകളും. ജമാല്പൂരിലെ FD കോളേജില്‍ മാത്രം 1000 പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്റെ കുടുംബത്തില്‍ത്തന്നെ എന്റെ സഹോദരിയും ഭാര്യാസഹോദരിയും ചേര്‍ന്ന് പാവപ്പെട്ടവര്‍ താമസിക്കുന്ന ഷാപൂരില്‍ ഒരു സ്കൂള്‍ നടത്തുന്നുണ്ട്. അവിടെ മാത്രം 650 പെണ്‍കുട്ടികള്‍ പഠിക്കുന്നു. ഞങ്ങള്‍ക്ക് ഇതാണ് മുഖ്യം. അല്ലാതെ വല്ല ടിവി ചാനലിലും പോയിരുന്നു മോഡിയെ പത്തു തെറി പറഞ്ഞു സെക്കുലര്‍ ഹീറോകള്‍ ആവുന്നത് ഞങ്ങളുടെ വിഷയമല്ല. എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ അത് ആള്‍ക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു കാണിക്കണം.
ലൈസന്‍സ് രാജ് ഇപ്പോഴുമുണ്ട്, കൂടാതെ റൈറ്റ് ടു എജുക്കേഷന്‍ ആക്റ്റ് ഒരു കൊടുവാളായി ചെറിയ സ്വകാര്യസ്കൂളുകള്‍ക്ക് തലയ്ക്കു മീതെ ഉണ്ടുതാനും. അപ്പോള്‍ മുസ്ലീം സമുദായത്തിന്റെ ഈവക സംരംഭങ്ങളോട് സര്‍ക്കാര്‍ എങ്ങനെ സഹകരിക്കുന്നു ?
ലൈസന്‍സ് രാജ് ഇന്ത്യയില്‍ എവിടെയുമുള്ള സ്കൂളുകള്‍ക്ക് ഒരു പ്രശ്നം തന്നെയാണ്. പക്ഷേ ഇപ്പോള്‍ മുസ്ലീം പ്രദേശങ്ങളില്‍ സ്കൂളുകള്‍ തുറക്കുന്നത് വളരെ എളുപ്പമായിട്ടുണ്ട്. മുന്‍പ് മുസ്ലീങ്ങള്‍ക്ക് സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം കൊടുക്കാന്‍ പാടില്ലെന്ന് ഒരു അലിഖിതനിയമം ഉണ്ടായിരുന്നു. അന്നൊക്കെ ആരും ഇതിനു ശ്രമിക്കില്ല. ഞങ്ങളെത്ര ശ്രമിച്ചാലും അനുവാദം കിട്ടില്ല. പിന്നെ എന്തിനു വെറുതെ എന്ന മനോഭാവമായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാം മാറിപ്പോയി. വിദ്യാഭ്യാസം മുതല്‍ ജലസേചനം വരെയുള്ള എന്ത് നല്ലകാര്യം തുടങ്ങുന്നതിനും ഗവണ്മെന്റ് നല്ലതുപോലെ പ്രോല്‍സാഹനം നല്‍കുന്നുണ്ട്.
ഞങ്ങള്‍ മോഡിയോട് രണ്ടു കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളൂ. വലിയതോതില്‍ ചരക്കുനീക്കത്തിനുള്ള അനുവാദമാണ് അതിലൊന്ന്. പിന്നെ ഭരണപരമായ കുടുക്കുകള്‍ ഒഴിവാക്കിത്തരണം എന്നതായിരുന്നു രണ്ടാമത്തേത്. രണ്ടും അദ്ദേഹം ഇന്നുവരെ പാലിച്ചിട്ടുമുണ്ട്. അതുകൊണ്ട് മാത്രമാണ് സ്കൂളുകളും മറ്റും ഇന്നുണ്ടായതും. 2001ല്‍ മുസ്ലീങ്ങളുടേത് എന്ന് പറയാന്‍ രണ്ടു സ്കൂള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് പതിനേഴെണ്ണം ഉണ്ട്. അതിനാവശ്യമായുള്ള ചരക്കുനീക്കങ്ങള്‍ക്കും ഭരണപരമായ അനുവാദങ്ങള്‍ക്കും ഗവണ്മെന്റ് സഹകരണം അത്യാവശ്യമാണ്. തോന്നുംപടി ഒരു സ്കൂള്‍ തുടങ്ങാന്‍ പറ്റില്ലല്ലോ. ഇന്ന് ഞങ്ങളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ വളരെ കാര്യമായി സഹകരിക്കുന്നുണ്ട്.
അതിനും ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റും. ഉദാഹരണത്തിന് മുസ്ലീം പ്രദേശമായ ബാപ്പു നഗറില്‍ ഒരു സ്കൂള്‍ ഉണ്ട്.അവിടെ ഹിന്ദു മാനേജ്മെന്റ് ഉള്ള ഒരു നൂതന് സ്കൂളുമുണ്ട്. മുസ്ലീങ്ങളുടെ എണ്ണം കൂടിയപ്പോള്‍ അവര്‍ അത് മുസ്ലീങ്ങള്‍ക്ക് വിറ്റു. അവിടെ 1400 പെണ്‍കുട്ടികള്‍ രാവിലെയുള്ള ഷിഫ്റ്റിലും 1400 ആണ്‍കുട്ടികള്‍ ഉച്ചയ്ക്കുള്ള ഷിഫ്റ്റിലും പഠിക്കുന്നുണ്ട്. ഒരു ഞായറാഴ്ച രാത്രി ഏകദേശം പത്തരമണിയായിക്കാണും, ആ സ്കൂളിന്റെ ഉടമകളില്‍ ഒരാള്‍ എന്നെ വിളിച്ചു. “സഫര്‍ മിയാ, ഒരു വലിയ പ്രശ്നമുണ്ട്. ഞങ്ങളുടെ സ്കൂള്‍ കെട്ടിടം തകര്‍ക്കപ്പെടാന്‍ പോവുകയാണ്. ഇവിടെ മുഴുവന്‍ പോലീസുകാരാണ്. രാവിലെ പത്തരമണിക്ക് ഇത് തകര്‍ക്കുമെന്നാണ് അവര്‍ പറഞ്ഞത്.” എനിക്കെന്തു ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ ചോദിച്ചു. മോഡിക്കല്ലാതെ വേറെയാര്‍ക്കും സ്കൂള്‍ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ അയാളോട് പരിഹാസരൂപേണ ചോദിച്ചു,” ഇപ്പോള്‍ നിങ്ങള്‍ക്ക് മോഡി മാത്രമേയുള്ളൂ ? അള്ളാ മിയാ എന്താ അപ്രത്യക്ഷനായോ ? മോഡിയെന്താ ദൈവമാണോ ? ഇപ്പോള്‍ത്തന്നെ പത്തരയായി. ഞാന്‍ ഈ അസമയത്ത് മോഡിയെ എങ്ങനെ വിളിക്കാനാണ് ?” പക്ഷേ അയാള്‍ എന്നോട് മോഡിയെ അപ്പോള്‍ത്തന്നെ വിളിച്ചുപറയാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
ഈ സംഭവം നടക്കുന്നത് 2007 ഇലാണ്. രാത്രി പത്തേമുക്കാലിന് ഞാന്‍ മോഡിയെ വിളിച്ചു ! അദ്ദേഹം പുറത്തു പോയിരിക്കുകയാണെന്ന് സെക്രട്ടറി പറഞ്ഞു. ദയവുചെയ്ത് നാളെ രാവിലെ ഏഴുമണിക്ക് മുന്‍പ് എന്നെ ഒന്ന് വിളിക്കാന്‍ മോഡി സാഹിബിനോട് പറയണമെന്ന് ഞാന്‍ അയാളോട് പറഞ്ഞു. പിറ്റേന്ന് രാവിലെ 6:59 ആയപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ കാള്‍ വന്നു.”എന്താ രാവിലെ ഇത്ര അത്യാവശ്യമായി വിളിക്കണമെന്ന് പറഞ്ഞത് ?” ഞാന്‍ പറഞ്ഞു” സര് ബാപ്പു നഗറില്‍ ഒരു മുസ്ലീം സ്കൂള്‍ ഉണ്ട്. ആ കെട്ടിടം നിയമപരമാണോ അല്ലയോ എന്നെനിക്ക് അറിയില്ല. പക്ഷേ അവിടത്തെ മുന്‍സിപ്പാലിറ്റി അത് തകര്‍ക്കാന്‍ പോവുകയാണ്. ദയവു ചെയ്തു അത് തടയണം.” അദ്ദേഹം പറഞ്ഞു, “അല്പം പ്രയാസമാണ്, ആ കെട്ടിടം നിയമാനുസൃതമല്ല, മാത്രമല്ല, അത്തരത്തിലുള്ള മുഴുവന്‍ കെട്ടിടങ്ങളും തകര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവുമുണ്ട്.” അതെന്തായാലും ഇതൊരു സ്കൂളിന്റെ കാര്യമാണ്, താങ്കള്‍ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നായി ഞാന്‍. മോഡി ചിരിച്ചുകൊണ്ട് പറഞ്ഞു, “അല്ല, ആ സ്കൂള്‍ തകര്‍ത്താല്‍ പിന്നെ 2800 പിള്ളാരുടെ പ്രശ്നം എന്റെ തലയില്‍ത്തന്നെ വരും. അതുകൊണ്ട് ഞാന്‍ എന്തെങ്കിലും ചെയ്യാം.” അന്ന് സ്കൂള്‍ തകര്‍ക്കുന്നത് മോഡി നിര്‍ത്തിവച്ചു. പിന്നീട് അദ്ദേഹമയച്ച ഉദ്യോഗസ്ഥര്‍ സ്കൂള്‍ കെട്ടിടം എങ്ങനെ നിയമനുസൃതമാക്കാം എന്ന് ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. പക്ഷേ ഇതൊക്കെ സാധിച്ചത് മോഡി അന്ന് ഇടപെട്ടതുകൊണ്ട് മാത്രമാണ്.
2005ലാണ് മറ്റൊരു സംഭവം. ഗോധ്ര കൊലപാതകവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന മൂന്നു മുസ്ലീം മതപണ്ഡിതര്‍ക്കെതിരെ വാറന്റ് വന്നു. അത് അവരുടെ വീടുകളുടെ ചുവരുകളില്‍ കൊണ്ട് ഒട്ടിച്ചു വയ്ക്കുകയായിരുന്നു. ആള്ക്കാര് എന്നോട് വന്നു പറഞ്ഞത്, “ഡല്‍ഹിയില്‍ നമുക്കൊരു ശക്തനായ മുസ്ലീം നേതാവുണ്ട്. നമുക്ക് അദ്ദേഹത്തെ വിളിക്കാം.” ഞാന്‍ പറഞ്ഞു, നിങ്ങള്‍ അദ്ദേഹത്തെ വിളിച്ചാലും ശരി, അദ്ദേഹമല്ല ഗുജറാത്ത് ഭരിക്കുന്നതെന്ന ഓര്മ വേണം. നിങ്ങള്‍ക്ക് മോഡിയോട് സംസാരിക്കേണ്ടി വരും. അവര്‍ പറഞ്ഞു, “ഇല്ല ഞങ്ങള്‍ ഞങ്ങളുടെ അഹമ്മദ് ഭായിയോടു മാത്രമേ സംസാരിക്കുകയുള്ളൂ.” അവര്‍ നാല് നമ്പരിലേക്ക് വിളിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ല. അവസാനം അദ്ദേഹത്തിന്റെ ഓഫീസില്‍ ഫോണ്‍ നമ്പര്‍ ഏല്‍പ്പിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, “അദ്ദേഹം ഇന്ന് രാത്രിക്കകം നമ്മെ ഉറപ്പായും വിളിക്കും.” ശരിയെന്നു ഞാനും പറഞ്ഞു. പിറ്റേന്ന് അവര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, “അദ്ദേഹം ഇതുവരെ വിളിച്ചില്ല.” അപ്പോള്‍ ഞാന്‍ നമുക്ക് മോഡിയുടെ ഓഫീസില്‍ വിളിക്കാമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, “ഞാന്‍ അവിടെ ഒരു സന്ദേശം കൊടുക്കാം. രണ്ടുമൂന്നു മണിക്കൂറിനുള്ളില്‍ തിരികെ കാള്‍ വരും. അതുകൊണ്ട് പെട്ടെന്ന് നിങ്ങള്‍ എല്ലാ വസ്തുതകളും എന്നോട് പറയണം. വീണ്ടും വീണ്ടും വിളിക്കാന്‍ വയ്യ.”
പക്ഷേ ഞാന്‍ വിളിച്ചപ്പോ മോഡി അവിടെത്തന്നെയുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. തൊട്ടുപിന്നാലെ അദ്ദേഹം ലൈനില്‍ വരുകയും ചെയ്തു. ഞാന്‍ സംഭവം മുഴുവന്‍ അദ്ദേഹത്തോട് പറഞ്ഞു. ഈ മൂന്നുപേരും നല്ലവരാണെന്നും എന്റെ സ്വന്തം പിതാവിനെക്കുറിച്ചു അഭിപ്രായം പറയുന്നത് പോലെ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നും ഞാന്‍ അദ്ദേഹത്തോട് ആണയിട്ടു പറഞ്ഞു. അവര്‍ വളരെ ബഹുമാന്യരാണ്. അവരെ എന്തിനിങ്ങനെ ബുദ്ധിമുട്ടിക്കുന്നു എന്നറിയില്ല. ദയവു ചെയ്തു അത് ഉദ്യോഗസ്ഥരെ അറിയിക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. മോഡി പറഞ്ഞു “അവരുടെ പേരുകള്‍ പറയൂ.” ഞാന്‍ പേരുകള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹം അത് എഴുതിയെടുക്കുകയായിരുന്നുവെന്നു തോന്നുന്നു. ഈ സംഭാഷണം നടന്നു കൊണ്ടിരിക്കവേ അവരില്‍ ഒരു മൗലാന അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുക്കപ്പെട്ടു എന്നറിയിച്ചു. അതും ഞാന്‍ മോഡിയോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, “ഈ വ്യക്തിക്ക് വിദേശത്ത് പോകേണ്ട ആവശ്യം എപ്പോള്‍ വരികയാണോ അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന് പാസ്പോര്‍ട്ട് നല്‍കും. ഞാന്‍ വാക്കുതരുന്നു.”
ഈ കാള്‍ കഴിഞ്ഞു എട്ടുമണിക്കൂര്‍ തികയുന്നതിനു മുന്‍പ് ഡപ്യൂട്ടി കമ്മീഷണര്‍ നേരിട്ടുപോയി ആ നോട്ടീസുകള്‍ നീക്കം ചെയ്യുകയും ഔദ്യോഗികമായി പിന്‍വലിക്കുകയും ചെയ്തു. സെക്ഷന്‍ 268 പ്രകാരം ജയിലില്‍ അടയ്ക്കപ്പെട്ട് പത്തുവര്‍ഷത്തിലേറെയായി പുറംലോകം കാണാന്‍ കഴിയാതിരുന്ന മുസ്ലീങ്ങളുടെ കാര്യവുമായി ബന്ധപ്പെട്ടും ഞങ്ങള്‍ അദ്ദേഹത്തെ സമീപിക്കുകയുണ്ടായി. അവരില്‍ അഞ്ചുപയ്യന്മാര്ക്ക് മനുഷ്യത്വപരമായ പരിഗണന നല്കി വിട്ടയക്കുകയുണ്ടായി.
സ്വയംപ്രഖ്യാപിത സെക്കുലര്‍ രാഷ്ട്രീയക്കാരും മോഡിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറയാനാണെങ്കില്‍ ഇനിയുമുണ്ട്. ആറുമാസങ്ങള്‍ക്ക് മുന്‍പ് മഹേഷ്ഭട്ടിന്റെ ജിസം 2 പ്രദര്ശനമടുത്തപ്പോള് ഗുജറാത്തിലും മഹാരാഷ്ട്രയിലുമുള്ള എന്‍സിപി പ്രവര്‍ത്തകര്‍ അത് റിലീസ് ചെയ്താല്‍ ആ തിയേറ്റര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അത്തരമൊരു തല്ലിപ്പൊളി പടം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു അവര്‍ പോസ്റ്റര്‍ ഒക്കെ വലിച്ചുകീറിയിരുന്നു. പക്ഷേ ദേശീയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഒരു സിനിമയാണ് അത്. എന്‍സിപിയുടെ “സദാചാരപോലീസ് ” പക്ഷേ പിടിവാശിയിലായിരുന്നു. അവസാനം മഹേഷ് ഭട്ട് ശരദ് പവാറിനെ [എന്‍സിപിയുടെ നേതാവ്] നേരിട്ട് വിളിച്ചു സംസാരിച്ചു. “ഗുജറാത്തിലുള്ള നിങ്ങളുടെ “സെക്കുലര്‍” പാര്‍ട്ടി കേഡര്‍മാര്‍ എന്റെ ചിന്ത്രം റിലീസ് ചെയ്യുന്ന തിയേറ്ററിന്റെ സ്ക്രീന്‍ വലിച്ചുകീറുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. ഞാന്‍ മോഡിയുടെ രാഷ്ട്രീയ എതിരാളിയാണ്, എന്നാലും ഞാന്‍ അദ്ദേഹത്തെ വിളിച്ചു സംരക്ഷണം ആവശ്യപ്പെടട്ടെ ? നിങ്ങള്‍ എന്നെക്കൊണ്ട് അത് ചെയ്യിക്കുമോ ? ”
ഇത് സംഭവിക്കുമ്പോള്‍ ഞാനും കൂടെയുണ്ട്. ശരദ് പവാര്‍ പറഞ്ഞത് ഒന്നും സംഭവിക്കില്ല, ധൈര്യമായിരിക്കൂ എന്നാണ്.പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്‍സിപിക്കാരുടെ ഭീഷണി കൂടുതലായി എന്ന് ഭട്ട് എന്നെ വിളിച്ചു പറഞ്ഞു. ഭട്ട് സാഹിബിനു വേണ്ടി ഞാന്‍ മോഡിയോട് സംസാരിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഭട്ട് മോഡിയുടെ ഒരു ആജന്മശത്രുവാണെങ്കിലും ഞാന്‍ മോഡിയെ സമീപിച്ചു. അദ്ദേഹത്തിന്റെ മറുപടി വളരെ വ്യക്തമായിരുന്നു, “ഇക്കാര്യത്തില്‍ ഒരു പ്രശ്നമുണ്ടാക്കാന്‍ ഗവണ്മെന്റ് ആരെയും അനുവദിക്കില്ല. നിയമം നടക്കും. സെന്‍സര്‍ ബോര്‍ഡ് അനുമതി കൊടുത്ത ഒരു ചിത്രത്തെ തടയാന്‍ നിയമം ആരെയും അനുവദിച്ചിട്ടില്ല.” ഭട്ട് സാഹിബിനോട് സമാധാനമായിരുന്നു കൊള്ളാന്‍ പറയാന്‍ അദ്ദേഹം എന്നെ ഏല്‍പ്പിച്ചു. ഗവണ്മെന്റ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പും നല്കി.
പതിനഞ്ചു മിനിട്ട് കഴിഞ്ഞില്ല, അതിനു മുന്‍പ് എന്നെ ഭട്ട് വിളിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഗവണ്മെന്റ് കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന് എന്‍സിപിക്കാര്‍ ഏറ്റവും അക്രമാസക്തരായിരിക്കുന്ന ബറോഡ നഗരത്തിലെ കമ്മീഷണര്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്ത് അറിയിച്ചു എന്ന് പറയുകയുണ്ടായി. തിയറ്റര്‍ ഉടമകള്‍ ഭയന്നിരിക്കയാണ്, അതുകൊണ്ട് പ്രദര്‍ശനം തടസ്സപ്പെടും എന്ന് ഭട്ട് സാഹിബ് കമ്മീഷണറെ അറിയിച്ചിരുന്നു. കമ്മീഷണര്‍ നേരിട്ട് ചെന്ന് തിയറ്റര്‍ ഉടമകളെ കണ്ടു ഭയക്കേണ്ടതില്ലെന്ന് അറിയിച്ചു. ഫിലിം വളരെ സമാധാനപരമായിത്തന്നെ റിലീസ് ചെയ്തു. ഭട്ട് സാഹിബ് പറഞ്ഞു “യാര്, ഇത്രയും ചുറുചുറുക്കോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഭരിക്കുന്ന ഒരാളെ ഞാന്‍ ഇന്ത്യയിലെവിടെയും കണ്ടിട്ടില്ല !” ഫിലിം ഫെഡറേഷന് മീറ്റിങ്ങില്‍ മോഡിയുടെ പെരുമാറ്റത്തെയും നിയമം നടത്താന്‍ അങ്ങേയറ്റം ബദ്ധശ്രദ്ധമായിരിക്കുന്നതിന് ഗുജറാത്തിനെയും ഭട്ട് പ്രശംസിച്ചിരുന്നു.
ഇതേപ്പറ്റി നിങ്ങള്‍ക്ക് മഹേഷ് ഭട്ടിനോട് ചോദിക്കാം. ഇതു തന്നെയാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു തരും. ഇത്തരം കാര്യങ്ങളൊക്കെ ടിവിയില്‍ നേരത്തെ എന്തുകൊണ്ട് വന്നില്ല എന്ന് ഞാന്‍ മോഡിസാഹിബിനോട് ചോദിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു “ഫനാ റിലീസ് ചെയ്യാന്‍ പറ്റിയില്ല, വിഎച്ച്പിയുടെ എതിര്‍പ്പു മൂലം പര്‍സാനിയ റിലീസ് ചെയ്യാന്‍ പറ്റിയില്ല. അവര്‍ സംവിധായകന് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി. എന്നാല്‍പ്പിന്നെ ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം എന്തുതന്നെയായാലും ഇനിമുതല്‍ നിയമം മാത്രം നോക്കിയാല്‍ മതിയെന്ന് ഞാനും വിചാരിച്ചു.”