2 – ഗോധ്ര കലാപകാലത്ത് മോഡി സ്വീകരിച്ച നടപടികള്‍

2002 ഫെബ്രുവരി 27നു ഗോധ്രയില്‍ നടന്ന ട്രെയിന്‍ തീവെപ്പില്‍ കുട്ടികളും സ്ത്രീകളും അടക്കം 58 മനുഷ്യരാണ് വെന്തുവെണ്ണീറായത്. അതിനു തിരിച്ചടിയെന്നോണം 28നു രാവിലെ ആദ്യകലാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അത് മാര്‍ച്ച് 1, 2 തീയതികളിലും രൂക്ഷമായിത്തുടര്‍ന്നു. മാര്‍ച്ച് 3 ഓടുകൂടി കലാപം നിയന്ത്രണവിധേയമായി. അതിനുശേഷമുണ്ടായ ചില ചെറുകലാപങ്ങള്‍ വളരെവേഗത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു. മോഡി എങ്ങനെയാണ് ഈ കലാപങ്ങള്‍ നിയന്ത്രിച്ചതെന്ന് വിശദമായി മറ്റൊരു ലേഖനത്തില്‍ പറയാം. ഇപ്പോള്‍ വളരെ ചുരുക്കത്തില്‍ ഒന്നു നോക്കാം. സാധാരണയായി ഇത്തരം കലാപങ്ങള്‍ എങ്ങനെ “നിയന്ത്രണവിധേയമാക്കി” എന്ന ഗവണ്‍മെന്‍റ് രേഖകള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവയാണ്. അന്വേഷണം ഗവണ്‍മെന്‍റിനെ വെള്ളപൂശാന്‍ വേണ്ടി മാത്രമാകുമ്പോള്‍ പ്രത്യേകിച്ചും. പക്ഷേ ഗുജറാത്ത് കലാപത്തിലെ അന്വേഷണറിപ്പോര്‍ട്ടുകള്‍ താഴെ നല്‍കുന്ന കാരണങ്ങളാല്‍ത്തന്നെ വിശ്വസനീയമാണ്.

 1. അന്വേഷണകമ്മീഷനുകളും എസ്‌ഐ‌ടി അന്വേഷണവും പരമാവധി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതാണ്. മാധ്യമങ്ങളാകട്ടെ പരമാവധി മോഡിക്ക് എതിരും. കൂടാതെ എസ്‌ഐ‌ടി ആണെങ്കില്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലും.
 2. ആര്‍മിയെയും പാരാമിലിട്ടറിയെയും വിന്യസിച്ചു എന്നു ഒരു ഗവണ്‍മെന്‍റിന് ചുമ്മാ തട്ടിവിടാന്‍ ഒക്കുകയില്ല. അവരെ വിന്യസിക്കണമെങ്കില്‍ വളരെ വിശദമായ പ്രോട്ടോക്കോളുകള്‍ അനുസരിച്ചു മാത്രമേ സാധിക്കുകയുള്ളൂ.
 3. കേന്ദ്രഏജന്‍സികളുടെ അന്വേഷണം നടന്നു പോകുന്നതിനാല്‍ത്തന്നെ ഹിന്ദുക്കളും മുസ്ലീങ്ങളുമായി എത്രപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു, എത്ര ബുള്ളറ്റുകള്‍ ഉതിര്‍ക്കപ്പെട്ടു എന്നതൊക്കെ വായില്‍ത്തോന്നുന്നത് പോലെ തട്ടിവിടാന്‍ ഒക്കില്ല.

ഇതിലേതെങ്കിലും തെറ്റായിരുന്നുവെങ്കില്‍ നരേന്ദ്രമോഡി എസ്‌ഐ‌ടിയുടെയോ നാനാവതി കമ്മീഷന്‍റെയോ ഗുജറാത്ത് ഹൈക്കോടതിയുടെയോ മുന്നില്‍ നിന്നും കയ്യുംവീശി പോരില്ലായിരുന്നു. കലാപം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളിലേക്ക് ഒന്നു എത്തിനോക്കാം. 27/02/2002 :

 • ഏതാണ്ട് വൈകീട്ട് നാലരയോട് കൂടി മുഖ്യമന്ത്രി ഗോധ്രയില്‍ എത്തുന്നു. കത്തിക്കപ്പെട്ട റെയില്‍ ബോഗികള്‍ സന്ദര്‍ശിച്ച ശേഷം ഇപ്രകാരം പറയുന്നു :
  • ഗവണ്‍മെന്‍റ് ഇത് വളരെ സീരിയസ് ആയിത്തന്നെ കാണുന്നു. ഈ ക്രൂരത ചെയ്തിട്ട് രക്ഷപ്പെട്ടുപോകാന്‍ ആരെയും അനുവദിക്കുന്നതല്ല. ഈ ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നത് സമുദായഐക്യമാണ്. അതിനു തുരങ്കം വെക്കാന്‍ ആരെയും അനുവദിക്കുന്നതല്ല. ഇതുവെറുമൊരു വര്‍ഗ്ഗീയകലാപമല്ല. അങ്ങേയറ്റം പൈശാചികമായ കൂട്ടക്കൊലയാണ്. ക്രമസമാധാനം ഉറപ്പാക്കാന്‍ ഈ ഗവണ്‍മെന്‍റ് പ്രതിജ്ഞാബദ്ധമാണ്. ഗവണ്‍മെന്‍റ് അതിന്‍റെ കടമ ചെയ്യും.[അവലംബം: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം]
  • 27നു വൈകിട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ഗോധ്രകലാപത്തിലെ നടുക്കവും ദുഖവും അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. ആള്‍ക്കാര്‍ നിയമം കയ്യിലെടുക്കരുതെന്നും ഗവണ്‍മെന്‍റ് നീതിപൂര്‍വ്വകമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
 • ഗോധ്രയിലും അതുപോലെ കലാപസാദ്ധ്യതയുള്ള പ്രദേശങ്ങളിലും അന്നുതന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
 • 27/02/2002നു ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ലഭിച്ച ജാഗ്രതാനിര്‍ദ്ദേശത്തില്‍ പ്രശ്നസാദ്ധ്യതയുള്ള മേഖലകളില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റിയും ഏര്‍പ്പാടാക്കേണ്ട പോലീസ് ബന്തവസ്സിനെപ്പറ്റിയും വിശദീകരിച്ചിരുന്നു.
 • പോലീസ് കമ്മീഷണര്‍മാര്‍ ജില്ലാ ന്യായാധിപന്മാര്‍ പോലീസ് സൂപ്രണ്ടുമാര്‍ എന്നിവരെല്ലാം തന്നെ സംഭവഗതിവിഗതികള്‍ നിരീക്ഷിക്കാനായി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്നു
 • പ്രശ്നസാദ്ധ്യത മുന്നില്‍ക്കണ്ട് കേന്ദ്രഗവണ്മെന്‍റ്റിനോട് ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് സമയത്ത് വിന്യസിക്കാനായി പത്തു കമ്പനി പാരാമിലിറ്ററി ഫോഴ്സിനെയും നാലു കമ്പനി ദ്രുതകര്‍മ്മസേനയെയും ആവശ്യപ്പെട്ടിരുന്നു.
 • ഗോധ്ര കൂട്ടക്കൊലയെത്തുടര്‍ന്ന് ഫെബ്രുവരി 27 മുതല്‍ തന്നെ വലിയ തോതിലുള്ള അറസ്റ്റുകള്‍ നടന്നിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളുമായി ധാരാളം പേര്‍ കരുതല്‍ തടങ്കലില്‍ ആയി. 217 പേര്‍ അറസ്റ്റിലായതില്‍ 137 പേര്‍ ഹിന്ദുക്കളും 80 പേര്‍ മുസ്ലീങ്ങളും ആയിരുന്നു. മോഡിയുടെ ക്യാബിനറ്റില്‍ ഉണ്ടായിരുന്ന ബിജെപിക്കാര്‍ തന്നെ ആക്രമത്തിന് നേതൃത്വം കൊടുത്തപ്പോഴായിരുന്നു ഇത്.
 • 6000 പേര്‍ അടങ്ങുന്ന ഗുജറാത്ത് പോലീസ് ഫോഴ്സ് മുഴുവനായും വിന്യസിക്കപ്പെട്ടിരുന്നു.
 • സ്റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്സും സെന്‍ട്രല്‍ പാരാമിലിറ്ററിയും അടക്കം 62 കമ്പനി ഫോഴ്സ് വിന്യസിക്കപ്പെട്ടിരുന്നു.
 • ഗോധ്രയില്‍ നിന്നും തിരികെ എത്തിയ ഉടനെ മുഖ്യമന്ത്രി രാത്രി 11 മണിക്ക് ഉന്നതോദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചുകൂട്ടി. എന്തൊക്കെ അടിയന്തിരമായി ചെയ്യണം എന്നൊക്കെ വിശദമായി ചര്ച്ച ചെയ്തു തീരുമാനിച്ചിരുന്നു. സൈന്യത്തെ വിന്യസിക്കണോ എന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. ഗുജറാത്തില്‍ തന്നെ ഉണ്ടായിരുന്ന ആര്‍മി യൂണിറ്റിനോട് അടിയന്തിരസാഹചര്യം കണക്കിലെടുത്തു ഗുജറാത്തില്‍ സൈന്യവിന്യാസത്തിന്‍റെ സാദ്ധ്യതകള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് ആക്രമണത്തെത്തുടര്‍ന്നു പാകിസ്താനില്‍ നിന്നുള്ള തീവ്രവാദഭീഷണി മൂലം സൈന്യത്തെ മുഴുവനായി ഗുജറാത്ത് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണെന്ന് ആര്‍മി മറുപടി കൊടുത്തു. അതിനാല്‍ത്തന്നെ ഗുജറാത്തില്‍ ആര്‍മിവിന്യാസം ആവശ്യമെങ്കില്‍ അനുവദിക്കേണ്ടത് ആഭ്യന്തരമന്ത്രാലയത്തിന്‍റെ പരിഗണനയില്‍ വരുന്ന വിഷയമായിരുന്നുതാനും.

28/02/2002 :

 • ഗുജറാത്തില്‍ പ്രശ്നം വഷളാകുമെന്ന് കണ്ടു ഗുജറാത്ത് ഗവണ്‍മെന്‍റ് അയല്‍സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവരോടു പോലീസ് സേനയെ ആവശ്യപ്പെട്ടു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ്സിങ്ങും രാജസ്ഥാന്‍ മുഖ്യമന്ത്രിയെ അശോക് ഗെലോട്ടും തങ്ങളുടെ കയ്യില്‍ പോലീസ് ഇല്ലെന്നു പറഞ്ഞു ആ ആവശ്യം നിരസിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് കുറച്ചു പോലീസ് ഫോഴ്സിനെ അയച്ചു. കലാപം അടിച്ചമര്‍ത്തിയ ഉടനെ ആ പോലീസ് സേനയെ ഗുജറാത്ത് മഹാരാഷ്ട്രയിലേക്ക് മടക്കി അയച്ചു.
 • മോഡി അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന അദ്വാനിയെ ഫോണില്‍ ബന്ധപ്പെട്ടു സൈന്യത്തെ അയച്ചുതരാന്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.
 • ഉച്ചയ്ക്ക് രണ്ടരയോട് കൂടി ആര്‍മിവിന്യാസം ആവശ്യപ്പെട്ടു ഗുജറാത്ത് ഗവണ്‍മെന്‍റ് പ്രതിരോധമന്ത്രാലയത്തിലെ സെക്രട്ടറിയ്ക്ക് ഫാക്സ് അയച്ചു.
 • ഗുജറാത്ത് അതിര്‍ത്തിയില്‍ ഓപറേഷന്‍ പരാക്രം നടന്നിരുന്നതിനാല്‍ ആര്‍മി യൂണിറ്റുകളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആകാശമാര്‍ഗ്ഗേണ കൊണ്ടുവരേണ്ടി വന്നു.
 • ഗുജറാത്തിലേക്ക് മടങ്ങിവരികയായിരുന്ന 6000 ഹജ് തീര്‍ഥാടകരുടെ സുരക്ഷ മുഖ്യമന്ത്രി നേരിട്ടു ഉറപ്പ് വരുത്തിയിരുന്നു. മാര്‍ച്ച് 20 ഓട് കൂടി 400 ഗ്രാമങ്ങളില്‍ നിന്നുമുള്ള 6000 പേരും സുരക്ഷിതമായി നാട്ടില്‍ എത്തി.
 • എല്ലാ സാമൂഹ്യവിരുദ്ധരെയും വര്‍ഗ്ഗീയവാദികളെയും ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.
 • അന്ന് രാത്രി പത്തരയോട് കൂടി അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഗാന്ധിനഗറില്‍ വന്നു മുഖ്യമന്ത്രിയെ കാണുകയുണ്ടായി.
 • ആര്‍മിക്കാരെയും കൊണ്ട് ആദ്യത്തെ വിമാനം അന്ന് പാതിരാത്രിയോട് കൂടി അഹമ്മദാബാദില്‍ എത്തി. 13 കോളം ആര്‍മി വിന്യസിക്കപ്പെട്ടു.

2002 ഫെബ്രുവരി 28 നു നരേന്ദ്രമോഡി നടത്തിയ പ്രസ്താവനകള്‍ : [ഗുജറാത്ത് ദൂരദര്‍ശന്‍ അന്ന് വൈകിട്ട് 7 മണി മുതല്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തത്]

 • ഈ സംഭവവികാസങ്ങളില്‍ ഗുജറാത്തി ജനതയോടൊപ്പം ഞാനും ദുഖം പങ്കുവയ്ക്കുന്നു. പക്ഷേ ഇതിന് പ്രതിവിധി ആക്രമമല്ല.
 • ദയവായി എല്ലാവരും സമാധാനം പാലിക്കണമെന്ന് ഞാന്‍ കൂപ്പുകൈകളോടുകൂടി അഭ്യര്‍ഥിക്കുന്നു. എല്ലാവരും രോഷം അടക്കണം.
 • ഇപ്പോള്‍ നമ്മള്‍ സമാധാനചിത്തരായി ആത്മനിയന്ത്രണം കൈവിടാതിരിക്കേണ്ട സമയമാണ്. കുറ്റക്കാരെ ആരെയും ഗവണ്‍മെന്‍റ് വെറുതെ വിടുന്നതല്ല.
 • ഗുജറാത്തി ജനതയോട് ഗുജറാത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി അദ്ദേഹം അഭ്യര്‍ഥിക്കുകയുണ്ടായി
 • ഗുജറാത്തിനെ സുരക്ഷിതമായിരിക്കുവാന്‍ നിങ്ങള്‍ സഹായിക്കില്ലേ ? ഗുജറാത്ത് ഗവണ്‍മെന്‍റ് നിങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നു. കുറ്റക്കാരെ നമുക്ക് നിയമപരമായി ശിക്ഷിക്കാം.
 • നിരപരാധികളെ ബാധിക്കാതിരിക്കാന്‍ എല്ലാവരുടെയും സഹായസഹകരണം ആവശ്യമാണ് എന്നും മോഡി അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്രയും ദേഷ്യത്തിലിരിക്കുന്ന നിങ്ങളോട് ഗുജറാത്തിന്‍റെ തനതു സഹിഷ്ണുത കാട്ടുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു. നമുക്ക് ഗുജറാത്തിനെ സമാധാനത്തിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും മുന്നോട്ട് നയിക്കാം. നിയമത്തിന്‍റെ കരങ്ങള്‍ ശക്തമാക്കാം.
 • രാജ്യം മുഴുവന്‍ നമ്മുടെ ദുഖം പങ്കുവയ്ക്കുന്നുണ്ട്. പക്ഷേ ഇവിടെ സമാധാനം പാലിക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്. നിങ്ങളുടെ ദേഷ്യവും വേദനയും എനിക്കു മനസ്സിലാകും. പക്ഷേ ഗുജറാത്തിന്റെ ഭാവിയെക്കുറിച്ച് ഓര്‍ക്കുക. ഗുജറാത്തിന്റെ മുഖത്ത് ഒരു ആഡി കിട്ടാതിരിക്കാന്‍ നാം 5 കോടി ഗുജറാത്തികളും നിയന്ത്രണം പാലിക്കണം.
 • നിരപരാധികള്‍ കൊല്ലപ്പെടാതിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. വെറുപ്പിനെ വെറുപ്പ് കൊണ്ട് ജയിക്കുക സാദ്ധ്യമല്ല. ഇപ്പോള്‍ നാം ചെയ്യേണ്ടത് നിയമത്തിന്റെ കാരങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ടു സമാധാനം പുനസ്ഥാപിക്കുക എന്നതാണ്. കുറ്റക്കാരെ മുഴുവന്‍ ശിക്ഷിക്കാന്‍ നിങ്ങള്‍ സഹായിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

01/03/2002:

 • ചീഫ് സെക്രട്ടറി ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവിറക്കുന്നു.
 • വ്യോമമാര്‍ഗ്ഗേണ വരേണ്ടിവന്നിട്ടും കലാപത്തിന്റെ 20ആം മണിക്കൂറില്‍ തന്നെ ആര്‍മി സംസ്ഥാനത്ത് വിന്യസിക്കപ്പെടുന്നു.
 • പ്രതിരോധമന്ത്രിയുടെ നേരിട്ടുള്ള സാന്നിദ്ധ്യത്തിലായിരുന്നു വിന്യാസം.
 • യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ആര്‍മിവിന്യാസം. അഹമ്മദാബാദ് മജിസ്ട്ട്രേട്ട് ആര്‍മിക്കായി 6 ബസുകള്‍, 9 ട്രക്കുകള്‍, 15 ജീപ്പുകള്‍ എന്നിവ വെളുപ്പിന് 2.30 നു തന്നെ അനുവദിച്ചു. വൈകീട്ട് 3 മണിയോടുകൂടി 26 റെഡ് ഫ്ലാഗുകളും അനുവദിക്കപ്പെട്ടു. അന്നേദിവസം തന്നെ 39 മറ്റുവാഹനങ്ങളും ആര്‍മിക്കായി അനുവദിക്കപ്പെട്ടു.
 • ആര്‍മിക്കായി മാത്രം 18 മൊബൈല്‍ ഫോണുകള്‍ അനുവദിക്കപ്പെട്ടു. 1 ആം തീയതി രാവിലെ തന്നെ പോലീസില്‍ നിന്നും ആര്‍മിയെ സഹായിക്കുന്നതിനായി ലെയ്സണ്‍ ഓഫീസര്‍മാരെയും അകമ്പടി ഉദ്യോഗസ്ഥരെയും നിയമിച്ചു.
 • രാവിലെ 11 മണിയോടുകൂടി കലാപബാധിതമായ പല്‍ഡി, ജൂഹപുര, വേജാല്‍പൂര്‍, ഷാപൂര്‍, ബാപ്പുനഗര്‍, രാഖിയാല്‍, ഗോമതിപൂര്‍, മേഘനിനഗര്‍, ദ്രൈയപൂര്‍, കാലുപൂര്‍, നരോദ, ഡാനിയ ലിംബ എന്നീ പ്രദേശങ്ങളില്‍ ആര്‍മി എത്തിച്ചേര്‍ന്നു.
 • ആകെ ആര്‍മിക്കായി മാത്രം 131 വാഹനങ്ങള്‍ നല്‍കപ്പെട്ടു.
 • മജിസ്ട്രേട്ടിന്‍റെ ഉത്തരവുകൂടാതെ വെടിവെയ്ക്കാന്‍ സാദ്ധ്യമല്ലാത്തതിനാല്‍ ആര്‍മിക്കായിമാത്രം 32 എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെ അനുവദിച്ചു.

01/03/2002 നു നരേന്ദ്രമോഡി നടത്തിയ പ്രസ്താവനകള്‍:

 • അക്രമികളെ വെടിവയ്ക്കാന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 • ഗുജറാത്തിന്‍റെ ശാന്തിയും സമാധാനവും ജനവികാരം ഇളക്കിവിട്ടു ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു നീക്കവും അനുവദിക്കുന്നതല്ല.
 • സമാധാനം പുനസ്ഥാപിക്കുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ശക്തമായി നേരിടും.
 • വാര്‍ത്തകള്‍ പുറത്തുവിടുന്നതിന് മുന്‍പ് സത്യാവസ്ഥ ഉറപ്പുവരുത്തുക. ഇല്ലാത്ത കഥകള്‍ പുറത്തുവിടാതിരിക്കുക.
 • ഒരു ക്രിയ-പ്രതിക്രിയ ശൃംഖല തന്നെ നടക്കുകയാണ്. ഇതുരണ്ടും ഉണ്ടാകരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. [സീ ടിവിയുടെ സുധീര്‍ ചൌധരിക്ക് കൊടുത്ത അഭിമുഖത്തില്‍ നിന്ന്. സീ ടിവി അവസാനവാചകം ഒഴിവാക്കി അതിനെ സംപ്രേഷണം ചെയ്തു.
 • അക്രമം പടരുന്നത് തടയാനായി സമുദായങ്ങളുടെ പേരുകള്‍ കൊടുക്കുന്നതു നിര്‍ത്തുക [പത്രസമ്മേളനം]
 • അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണിച്ചു ദയവായി വികാരം ആളിക്കത്തിക്കാതിരിക്കുക.
 • സമാധാനം പാലിക്കുക.
 • ക്രമസമാധാനം കര്‍ശനമായി പാലിക്കപ്പെടും. [പത്രസമ്മേളനം]

02/03/2002:

 • രാജ്കോട്ടിലേക്ക് വന്ന 14 വിമാനങ്ങളില്‍ ആദ്യത്തേത് വെളുപ്പിനെ 3 മണിയോടുകൂടി ലാന്‍ഡ് ചെയ്തു. അന്നേദിവസം 1.30 യോടുകൂടി 2 കോളം ആര്‍മി ഗോധ്രയിലും വിന്യസിക്കപ്പെട്ടു.
 • കൂടാതെ ബറോഡയിലേക്ക് 2 കോളം ആര്‍മി, രാജ്കോട്ടിലേക്ക് 2 കോളം ആര്‍മി എന്നിവയും വിന്യസിക്കപ്പെട്ടു. 477 ഹിന്ദുക്കളും 96 മുസ്ലീങ്ങളും ഉള്‍പ്പെടെ 573 പേര്‍ ‍കരുതല്‍തടങ്കലിലായി. പോലീസ് വെടിവെപ്പില്‍ 12 ഹിന്ദുക്കളും 4 മുസ്ലീങ്ങളും അടക്കം 16 പേര്‍ കൊല്ലപ്പെട്ടു. 482 ഹിന്ദുക്കളും 229 മുസ്ലീങ്ങളും അക്രമത്തിന്‍റെ പേരില്‍ തടവിലാക്കപ്പെട്ടു.
 • 6412 എസ്‌ആര്‍‌പി‌എഫ്കാരും 2400 സി‌പി‌എം‌എഫ്കാരും അടക്കം 8812 പേര്‍ സംസ്ഥാനത്ത് വിന്യസിക്കപ്പെട്ടു.

02/03/2002 നു നരേന്ദ്രമോഡി നടത്തിയ പ്രസ്താവനകള്‍:

 • സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ക്രമസമാധാനം നടപ്പിലാക്കുന്നതില്‍ സഹായിക്കണമെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു.
 • ഗുജറാത്തിനാവശ്യം സമാധാനമാണ്. വര്‍ഗീയലഹളയല്ല.
 • ക്രമസമാധാനം പുനസ്ഥാപിക്കാനും ജനത്തിനെ സാന്ത്വനിപ്പിക്കാനും സംസ്ഥാനഗവണ്‍മെന്‍റ് പ്രതീജ്ഞാബദ്ധമാണ്.
 • സമാധാനപാലനം എന്ന കര്‍ത്തവ്യത്തില്‍ നിന്നും ഗവണ്‍മെന്റിന് നാണിച്ചു മാറിനില്‍ക്കാനാവില്ല.
 • നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കുന്നതല്ല, അത്തരക്കാരെ കര്‍ശനമായി നേരിടുന്നതായിരിക്കും.

03/03/2002:

 • ചെറിയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്ന് 10.35 ഓടുകൂടി ഭവ്നഗറിലേക്കും 11 മണിയോടുകൂടി സൂറത്തിലേക്കും ആര്‍മി കോളം വിന്യസിക്കപ്പെട്ടു. ആകെ 26 കോളം ആര്‍മിയാണ് സംസ്ഥാനത്തുടനീളം വിന്യസിക്കപ്പെട്ടത്.
 • അന്നേദിവസം 280 ഹിന്ദുക്കളും 83 മുസ്ലീങ്ങളും കരുതല്‍തടങ്കലില്‍ അടയ്ക്കപ്പെട്ടു. 416 ഹിന്ദുക്കളും 173 മുസ്ലീങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടു. 10 ഹിന്ദുക്കള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

03/03/2002 നു നരേന്ദ്രമോഡി നടത്തിയ പ്രസ്താവനകള്‍:

 • നിയമം നടപ്പിലാക്കുന്നതില്‍ ഗവണ്‍മെന്‍റ് കയ്യും കെട്ടി നോക്കി നില്‍ക്കില്ല. സമാധാനപുനസ്ഥാപനം എല്ലാവരു‍ടെയും ചുമതലയാണ്. സുരക്ഷാസേനയുമായി സഹകരിച്ചു എത്രയും പെട്ടെന്നു ക്രമസമാധാനം നടപ്പില്‍ വരുത്താന്‍ സഹായിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.
 • അന്നത്തെ ഗുജറാത്ത് സമാചാറിനോട് മോഡി ഇപ്രകാരം പറഞ്ഞു: കഴിഞ്ഞ വര്‍ഷത്തെ ഭൂകമ്പവും ഇപ്പോഴത്തെ കലാപവും ഒക്കെ സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന വിദ്യാര്‍ഥികളെ ബാധിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മാര്‍ച്ച് പരീക്ഷകള്‍ നടക്കേണ്ട മാസമാണ്. അതിനാല്‍ രക്ഷകര്‍ത്താക്കളോടും രക്ഷിതാക്കളോടും അദ്ധ്യാപകരോടും സമാധാനപുനസ്ഥാപനത്തില്‍ സഹായിക്കണമെന്നും അങ്ങനെ വിദ്യാര്‍ഥികള്‍ക്ക് സമാധാനപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ പരീക്ഷകള്‍ എഴുതാന്‍ അവസരം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.

04/03/2002:

 • 65 കമ്പനി എസ്‌ആര്‍‌പി‌എഫ്, 29 കമ്പനി സി‌പി‌എം‌എഫ് എന്നിവ അന്നേദിവസം സംസ്ഥാനത്തുടനീളം വിന്യസിക്കപ്പെട്ടു. 241 ഹിന്ദുക്കളും 44 മുസ്ലീങ്ങളും അടക്കം 285 പേര്‍ കരുതല്‍ തടങ്കലിലായി. 301 ഹിന്ദുക്കളും 75 മുസ്ലീങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടു. 4 ഹിന്ദുക്കള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
 • കലാപത്തിനിടെ പോലീസ് 103,559 തവണ വെടിവെച്ചു. അതില്‍ പകുതിയും ആദ്യ 72 മണിക്കൂറിലായിരുന്നു.
 • കലാപത്തിനിടെ 66,268 ഹിന്ദുക്കളും 10,861 മുസ്ലീങ്ങളും കസ്റ്റഡിയില്‍ എടുക്കപ്പെട്ടു.

കലാപത്തിന്റെ ആദ്യ ദിവസങ്ങളില്‍ മോഡി എടുത്ത നടപടികളുടെ ഒരു സംക്ഷിപ്തമാണ് മുകളില്‍ നല്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *