മോഡിനാമ ആമുഖം

topimg_14192_madhu_kishwar_300x400
മധു കിഷ്വര്‍

മോഡിനാമ എന്ന ഈ ലേഖനം ശ്രീമതി മധു പൂര്‍ണ്ണിമ കിഷ്വര്‍ എഴുതി മാനുഷി മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ്. ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രീ നരേന്ദ്രമോഡിയെ അതിശക്തമായി വിമര്‍ശിച്ചിരുന്ന മധു കിഷ്വര്‍ ഇങ്ങനെ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് പലരെയും അമ്പരപ്പിച്ച ഒന്നാണ്. ലേഖനത്തെക്കുറിച്ച് പറയുന്നതിന് മുന്‍പ് ലേഖികയെ ഒന്ന് പരിചയപ്പെടുത്തുന്നു.

മധു കിഷ്വര്‍ ഒരു വിദ്യാഭ്യാസ വിചക്ഷണയാണ്, കൂടാതെ എഴുത്തുകാരിയും. ഡല്‍ഹിയിലുള്ള Center for the Study of Developing Societies (CSDS)ലെ സീനിയര്‍ ഫെല്ലോ ആണ്. CSDSന്‍റെ ഇന്‍ഡിക് സ്റ്റഡീസ് പ്രോജക്റ്റിന്‍റെ ഡയറക്ടറുമാണ്. മിറാന്‍ഡ ഹൗസിലും ജെഎന്‍യുവിലുമായി വിദ്യാഭ്യാസം കഴിഞ്ഞു. മോഡിനാമ 2013ലാണ് രചിക്കുന്നത്. സ്ത്രീപക്ഷ മാഗസിനായ മാനുഷിയുടെ ഫൗണ്ടര്‍ എഡിറ്റര്‍ മധുവാണ്. മാനുഷി സംഘടന്‍ എന്ന സംഘടനയുടെ ഫൗണ്ടര്‍ പ്രസിഡന്റും കൂടിയാണ്. മാനുഷി സമൂഹത്തിന്‍റെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. അവരുടെ വീക്ഷണങ്ങളില്‍ അതൃപ്തരായ സാമൂഹികവിരുദ്ധര്‍ അവരെ പലതവണ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഈ ലേഖനത്തിന് ഒരു മലയാളപരിഭാഷ നല്‍കുന്നത് മധു കിഷ്വര്‍ കണ്ടെത്തിയ വസ്തുതകള്‍ പൊതുജനസമക്ഷം എത്തിക്കുന്നതിനു വേണ്ടി മാത്രമാണ്. ലേഖനത്തിലെ വസ്തുതകള്‍ എല്ലാം തന്നെ ലേഖിക ഗുജറാത്തി മുസ്ലീം സമൂഹത്തിലെ പ്രമുഖവ്യക്തികള്‍, സാംസ്കാരികരംഗത്തെ പ്രശസ്തര്‍, ഗുജറാത്ത്‌ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍, കലാപത്തിന്‍റെ ഇരകള്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ , രാഷ്ട്രീയക്കാര്‍ മുതലായവരോട് നടത്തിയ വിവിധ അഭിമുഖങ്ങളുടെ സംക്ഷിപ്തം മാത്രമാണ്. ഗുജറാത്ത്‌ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്‍റെ റിപ്പോര്‍ട്ടുകളും, വിവിധ കോടതിയുത്തരവുകളും വിധിപ്പകര്‍പ്പുകളും പരിശോധിച്ച ശേഷമാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇടതുപക്ഷ സഹയാത്രികയും ദല്‍ഹിയിലെ സിഖ്‌ വംശഹത്യ മുതലുള്ള കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു പരിചയമുള്ളയാളുമായതുകൊണ്ട് തന്നെ, മധു കിഷ്വര്‍ മോഡിനാമ എഴുതിയത് ഒരുപാട് അമ്പരപ്പുളവാക്കിയ കാര്യമാണ്.

ഗുജറാത്ത്‌ കലാപം ആ സംസ്ഥാനത്തെ എങ്ങനെ മാറ്റിമറിച്ചു, മുഖ്യമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോഡിക്കുള്ള പങ്ക് എന്ത്, കലാപത്തിന്‍റെ ഇരകള്‍ക്ക് നീതി ലഭ്യമായോ, ഇന്നത്തെ ഗുജറാത്തും അവിടത്തെ സെക്കുലറിസവും, ഗുജറാത്തിലെ നീതിന്യായ വ്യവസ്ഥയുടെ ശുഷ്കാന്തി മുതലായവയാണ് പ്രതിപാദ്യവിഷയങ്ങള്‍. വിവിധവ്യക്തികള്‍ നല്‍കിയ വിവരണങ്ങളിലൂടെയും, അവര്‍ പങ്കുവച്ച അനുഭവങ്ങളിലൂടെയും ലേഖനം മുന്നോട്ടു സഞ്ചരിക്കുന്നു. മോഡിനാമയിലേക്ക്. …

മോഡിനാമ – മധു കിഷ്വര്‍

  ഉള്ളടക്കം

  • നരേന്ദ്ര മോഡി – ഗുജറാത്തി ന്യൂനപക്ഷത്തിന്‍റെ കണ്ണിലൂടെ
  • ഗോധ്ര ട്രെയിനിലെ കൂട്ടക്കൊലയെത്തുടര്‍ന്ന് മോഡി കൈക്കൊണ്ട നടപടികള്‍
  • ഗുജറാത്ത്‌ മുസ്ലീങ്ങളുടെ സാമ്പത്തിക നില : ചില പ്രധാന വസ്തുതകള്‍
  • മുസ്ലീങ്ങള്‍ മോഡി നയിച്ച ബിജെപിക്ക് വോട്ട് ചെയ്തത് ഭയന്നിട്ടോ ?
  • മോഡിയുടെ സദ്ഭാവന യാത്രയും മിയാ മുഷറഫും മുസ്ലീം തൊപ്പിയും