Marichjhapi Massacre

marichjhapi

‘മരിച്ഝാപി’ കൂട്ടക്കൊല

വൈരുദ്ധ്യാത്മക മാനവികത
*************************
സി.പി.എം എന്ന സംഘടന സ്വയം വിശേഷിപ്പിക്കുന്നത് സാധാരണക്കാരുടേയും, പീഡിതരുടേയും കൂടെ നില്‍ക്കുന്നവരാണ് തങ്ങള്‍ എന്നാണു.പലസ്തീനില്‍ പടക്കം പൊട്ടുമ്പോഴും, ഇറാഖില്‍ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായ സദ്ദാം വധിക്കപ്പെട്ടപ്പോളും, പാലസ്തീനും സദ്ദാമിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തങ്ങള്‍ അങ്ങനെയുള്ളവര്‍ ആണ് എന്നു സ്വയം വിശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നതും കണ്ടുവരാറുണ്ട്..
എന്നാല്‍ സിപിഎംന്റെ 34 വര്‍ഷത്തെ(1977-2011) പശ്ചിമബംഗാള്‍ ഭരണം സൂക്ഷ്മമായി പരിശോദിച്ചാല്‍ സി.പി.എം എന്ന സംഘടന പറയുന്ന മാനവികതയുടെ പൊള്ളത്തരങ്ങള്‍ വ്യക്തമാകും.മരിച്ഝാപി കൂട്ടക്കൊല(1979)ബിജോണ്‍ സേതു(1980), നാനൂര്‍(2000)നന്ദിഗ്രാം,സിംഗൂര്‍(2007)നേതായ്(2011) എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര കൂട്ടക്കൊലകളും,നരനായാട്ടും നടന്നത്  പശ്ചിമബംഗാളില്‍ സി.പി.എംന്റെ ഭരണകാലയളവില്‍ ആണ്.1970ല്‍ അജോയ് മുഖര്‍ജിയുടെ കൂട്ടുകക്ഷി മന്ത്രിസഭയില്‍ ജ്യോതിബസു ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ നടന്ന സെയിന്‍ബാരി കൂട്ടക്കൊല മുതല്‍ തന്നെ സിപിഎം പ്രവര്‍ത്തകരും ഭരണകൂടവും ചേര്‍ന്നുള്ള നരനായാട്ടിനു തുടക്കമിട്ടിരുന്നു.രാഷ്ട്രീയ എതിരാളികളെയും  തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിഘാതമാകുന്നവരേയും അവര്‍ കൊന്നൊടുക്കി.

പശ്ചിമബംഗാളില്‍ സിപിഎംന്‍റെ ഭരണകാലത്ത്‌ 1977 മുതല്‍ 2009 വരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പഠനം നടത്തിയ ഡി. ബന്ദോപാധ്യായയുടെ റിപ്പോര്‍ട്ട് പ്രകാരം 55,408 കൊലകളാണ് ഈ കാലയളവില്‍ മാത്രം നടന്നത്.1997ല്‍ ബുദ്ധദേവ് ഭട്ടാചാര്യ 1977-1996 വരെയുള്ള രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചുള്ള ഒരു അസംബ്ലി ചോദ്യത്തിനു മറുപടിയായി ഈ കാലയളവില്‍ 28000 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി ഉത്തരം കൊടുത്തിട്ടുണ്ട്.

ഈ നരഹത്യകളില്‍ ഏറ്റവും കുപ്രസിദ്ധി ആര്‍ജ്ജിച്ചത് 1979 ല്‍ കമ്മ്യൂണിസ്റ്റ്‌ താത്വികാചാര്യന്‍ ആയ ജ്യോതിബസുവിന്റെ ഭരണകാലത്ത് നടന്ന മരിച്ഝാപി (Marichjhapi) കൂട്ടക്കൊലയാണ് .. സ്വതന്ത്ര ഇന്ത്യയിലെ ജാലിയന്‍ വാലാബാഗ് എന്നാണു പ്രസ്തുത സംഭവം അറിയപ്പെടുന്നത്.
ക്രൂരതയുടെ അളവുകോലില്‍ ജനറല്‍ ഡയര്‍ ജ്യോതിബസുവിന്റെ ഏഴയലത്ത്‌ എത്തില്ല എന്ന് ഈ സംഭവം ലോകത്തിനു കാട്ടിക്കൊടുത്തു .കലാപം, വംശഹത്യ എന്നൊക്കെ പറയുമ്പോള്‍ തന്നെ ഇടതുപക്ഷക്കാര്‍ വാചാലരാകുക കലാപങ്ങൾക്ക് കുപ്രസിദ്ധി നേടിയ ഗുജറാത്തിൽ 2002ല്‍ ഗോദ്ര സംഭവത്തോടെ  പൊട്ടി പുറപ്പെട്ട 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തെ കുറിച്ചാണ്..എന്നാല്‍ നമ്മള്‍ കൊന്നാല്‍ വിപ്ലവം എന്ന് ധരിച്ചു വശായ കമ്മ്യൂണിസ്റ്റുകാര്‍ മനപ്പൂര്‍വ്വമോ അല്ലെങ്കില്‍ അറിവില്ലായ്മ കൊണ്ടോ ഒരിക്കലും പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത സംഭവമാണ്  മരിച്ഝാപിയിൽ നടന്ന ദളിത്‌ വംശഹത്യ.

പശ്ചാത്തലം

പാകിസ്ഥാനിലെ ന്യൂനപക്ഷ ധ്വംസനങ്ങള്‍
************************************

2012 സെപ്റ്റംബര്‍ ആദ്യവാരത്തില്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തിയ പാക്കിസ്ഥാനി ഹിന്ദുക്കള്‍ അവരുടെ വിസാകാലാവധി അവസാനിച്ചുവെങ്കിലും പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ വിസമ്മതിച്ചിരുന്നു.. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകുന്നതിലും ഭേദം ഇന്ത്യയില്‍ക്കിടന്നുള്ള മരണമാണെന്നായിരുന്നു ഇവരുടെ പക്ഷം. ഇവിടെ വെച്ച് മരണപ്പെടുകയാണെങ്കില്‍  തങ്ങളുടെ ശവസംസ്കാര ചടങ്ങുകളെങ്കിലും ഹിന്ദു ആചാര വിധിപ്രകാരം നടത്താന്‍ കഴിയുമെന്ന് അവര്‍ ആശ്വസിക്കുന്നു..പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ വെളിച്ചം വീശുന്നതായിരുന്നു ഇവരുടെ വാക്കുകള്‍..വിഭജനം നടന്നതിനു ശേഷം പാകിസ്ഥാനില്‍ ഉണ്ടായിരുന്ന 20% ഹിന്ദുക്കള്‍ക്ക് ഇന്ന് ഒരു ശതമാനത്തില്‍ ഒതുങ്ങിയത് പെട്ടെന്നൊരു ദിവസം ചുഴലി അടിച്ചപ്പോള്‍ അല്ല.. ഘട്ടം ഘട്ടമായി നടപ്പിലാക്കിയ ഹൈന്ദവ വംശ ഉന്മൂലന പ്രക്രിയയിലൂടെ ആണ്.. പാകിസ്ഥാന്‍ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ വന്നാലും രാഷ്ട്രീയ സമരങ്ങള്‍ നടന്നാലും ഹൈന്ദവ,ക്രൈസ്തവ, സിഖ് നരബലി ഒഴിവാക്കാന്‍ പറ്റാത്ത ഒരു ചടങ്ങ് പോലെ കാലങ്ങളായി നടന്നു വരുന്നതാണ്.. തങ്ങളുടെതല്ലാത്ത കാരണത്താല്‍ ക്രൂരമായി ഒരു ജനത അവിടെ പീഡിപ്പിക്കപ്പെടുന്നു..!!..
..അഭയാര്‍ഥികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും
*****************************************
1971-India-East-Pakistan-Border-Refugees-at-Food-Center-Wire-Photo1ഈ പീഡനങ്ങളും അഭയാര്‍ത്ഥി പ്രശ്നങ്ങളും യഥാര്‍ത്ഥത്തില്‍ 1946ല്‍ത്തന്നെ തുടങ്ങിയിരുന്നു.മുഹമ്മദ്‌ അലി ജിന്നയുടെ ‘ഡയറക്റ്റ്‌ ആക്ഷന്‍ ഡേ’ പ്രഖ്യാപനത്തേത്തുടര്‍ന്ന്‌ അന്നത്തെ കിഴക്കന്‍ ബംഗാളിലെ നവഖാലി തിപ്പെറ ജില്ലകളില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തപ്പോള്‍ അവര്‍ക്ക്‌ സര്‍വ്വതും വിട്ട് അഭയാര്‍ത്ഥികളായി പശ്ചിമ ബംഗാളിലേക്ക്‌ പോകേണ്ടി വന്നു.1947ലെ ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കൈമാറ്റം നടന്നപ്പോഴും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ എത്തുകയുണ്ടായി.ആദ്യം സര്‍ക്കാര്‍ അവരെ പുനരധിവസിപ്പിക്കാന്‍ തയ്യാറായില്ല.പിന്നീട്  അവര്‍ക്ക്‌ ചില താത്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും അവരെ നിരുത്സാഹപ്പെടുത്തി മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്.1948ല്‍ ഹൈദരാബാദിലെ പോലീസ്‌ ആക്ഷനെത്തുടര്‍ന്നും കിഴക്കന്‍ ബംഗാളില്‍ കലാപങ്ങള്‍ ഉണ്ടായി.ഇതിനെത്തുടര്‍ന്നും വന്‍തോതില്‍ അഭയാര്‍ത്ഥികള്‍ ഒഴുകി. 1949  അവസാനം വീണ്ടും ഹിന്ദു കൂട്ടക്കൊലകള്‍ ആരംഭിച്ചു.കാല്‍ഷിറ,നാഖോള്‍,ധാക്ക,ഖുല്‍ന,ബരിസാല്‍,ചിറ്റഗോംഗ്,നവഖാലി,സിലറ്റ്,രാജ്ഷാഹി,മൈമന്‍സിംഗ്,ജെസ്സോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍  കൊള്ളയും കൂട്ടക്കൊലകളും മാസങ്ങളോളം തുടര്‍ന്നു.ഇതിനെ തുടര്‍ന്ന് വീണ്ടും വന്‍തോതില്‍ ഹിന്ദു അഭയാര്‍ത്ഥികളുടെ ഒഴുക്കുണ്ടായി.അപ്പോഴേക്കും സര്‍ക്കാര്‍ അഭയാര്‍ത്ഥിത്വം തടയാന്‍ കഴിയില്ല എന്ന സത്യം ഉള്‍ക്കൊണ്ടിരുന്നു.അതുകൊണ്ട് 1952 വരെ അതിര്‍ത്തി ഇവര്‍ക്കായി തുറന്നു വെച്ചു.പിന്നീട് കുടിയേറ്റം നിയന്ത്രിക്കാൻ പാസ്സ്പൊർട്ട്,മൈഗ്രേഷൻ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നിബന്ധനകള്‍ വെച്ചു.1958-64 വരെയുള്ള കാലഘട്ടത്തില്‍ വന്നവരെ അഭയാര്‍ത്ഥികളായി അംഗീകരിക്കില്ലെന്നുംഅതുകൊണ്ട് അവര്‍ക്ക്‌  യാതൊരു വിധ സഹായങ്ങള്‍ക്കോ പുനരധിവാസത്തിനോ അവകാശമില്ല എന്നു ഭയപ്പെടുത്തി മടക്കി അയക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്‌.1964ല്‍ ഹസ്രത്ത് ബാല്‍ സംഭവത്തെത്തുടര്‍ന്ന് കിഴക്കന്‍ ബംഗാളില്‍ വീണ്ടും കലാപങ്ങള്‍ അരങ്ങേറിയപ്പോള്‍ സര്‍ക്കാര്‍ മുന്‍തീരുമാനത്തില്‍ നിന്ന് പിന്മാറുകയും വീടും സ്വത്തുക്കളും വിട്ടു ഓടിവന്നവർക്ക് അഭയം നല്കാൻ തീരുമാനിക്കുകയും ചെയ്തു ..
അഭയാര്‍ത്ഥികളെ ആദ്യമൊക്കെ നിരുല്‍സാഹപ്പെടുത്തിയ ഭാരത സര്‍ക്കാര്‍ അവര്‍ക്കായി പെര്‍മനന്റ്‌ ലയബിലിറ്റി ക്യാമ്പുകളും വിമന്‍സ്‌ ക്യാമ്പുകളും ആരംഭിച്ചു..
1961ല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന  ശ്രീ ബി.സി റോയി ഇനിയാരെയും പശ്ചിമബംഗാളില്‍ ഉള്‍ക്കൊള്ളാന്‍ പറ്റില്ല എന്നും അഭയാര്‍ത്ഥികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപെട്ടു.. അതെത്തുടര്‍ന്ന് അവരെ ഒറീസ്സ,മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്‌ അയക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.. എന്നാല്‍ അഭയാര്‍ത്ഥികള്‍ക്ക് ബംഗാള്‍ വിട്ടുപോകാന്‍ മനസ്സുണ്ടായിരുന്നില്ല.. അതേത്തുടര്‍ന്ന് ക്യാമ്പുകളില്‍ നിരാഹാര സത്യാഗ്രഹങ്ങള്‍ തുടങ്ങി..അഭയാര്‍ത്ഥികളെ ബംഗാളില്‍ത്തന്നെ പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ട് 1961 ജൂലായില്‍ ശ്രീ ജ്യോതി ബസു,അഭയാര്‍ത്ഥി പുനരധിവാസത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി പി.സി സെന്നിനും കിഴക്കന്‍ പാകിസ്താന്‍ അഭയാര്‍ത്ഥി സംഘടനയുടെ ജനറല്‍സെക്രട്ടറി കൂടിയായിരുന്ന ശ്രീ.സമര്‍ മുഖര്‍ജി പ്രധാനമന്ത്രി ശ്രീ .ജവഹര്‍ലാല്‍ നെഹ്‌റുവിനും കത്തയക്കുകയുണ്ടായി..എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ചും സര്‍ക്കാര്‍ അഭയാര്‍ത്ഥികളെ മറ്റു സംസ്ഥാനങ്ങളിലെ വിവിധ ക്യാമ്പുകളില്‍ പുനരധിവസിപ്പിച്ചു..ദണ്ഡകാരണ്യത്തിലെ മനാ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ പുനരധിവസിപ്പിച്ചത്.. ഫലഭൂയിഷ്ടമായ നദീതീരത്ത് കൃഷിയും മത്സ്യബന്ധനവും നടത്തി ജീവിച്ചവര്‍ക്ക്‌ ദണ്ഡകാരണ്യത്തിലെ വരണ്ട സ്ഥലങ്ങളില്‍ അതിജീവനം ദുഷ്കരമായിരുന്നു..അവര്‍ ബംഗാളിലേക്ക്‌ മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചിരുന്നു.എന്നാല്‍ അവര്‍ മടങ്ങിപ്പോകാതിരിക്കാന്‍ സര്‍ക്കാര്‍ വര്‍ഷങ്ങളോളം അവര്‍ക്ക്‌ കാവല്‍ ഏര്‍പ്പെടുത്തി.
1974ല്‍  ശ്രീ.സമര്‍ മുഖര്‍ജി ,കേന്ദ്ര പുനരധിവാസ വകുപ്പ്‌ മന്ത്രി ശ്രീ.ഖാദില്ക്കറിനയച്ച കത്തില്‍ അഭയാര്‍ത്ഥികള്‍ സുന്ദര്‍ബന്‍ ദ്വീപുകളില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നു എന്നറിയിച്ചു.1975ല്‍ നടന്ന ഒരു പൊതുയോഗത്തില്‍ വെച്ച് ശ്രീ.ജ്യോതി ബസു സി.പിഎംഅധികാരത്തില്‍ വരുമ്പോള്‍ ദണ്ഡകാരണ്യത്തിലെ അഭയാര്‍ത്ഥികളെ  സുന്ദര്‍ബന്‍ ദ്വീപുകളില്‍ പുനരധിവസിപ്പിക്കുമെന്ന് അവരുടെ പ്രതിനിധികള്‍ക്ക് ഉറപ്പ്‌ നല്‍കി.പിന്നീട് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്രീ.രാം ചാറ്റര്‍ജി അടക്കമുള്ള ഇടതു നേതാക്കള്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച്  അഭയാര്‍ത്ഥികളോട്  ബംഗാളിലേക്ക്‌ മടങ്ങി വരാന്‍ ആവശ്യപ്പെട്ടു..
“അഞ്ചുകോടി ബംഗാളികള്‍ തങ്ങളുടെ പത്ത്കോടി കരങ്ങള്‍ ഉയര്‍ത്തി നിങ്ങളെ തിരികെവിളിക്കുന്നു” എന്ന് വിവിധ ക്യാമ്പുകളില്‍ പോയി പ്രചരണം നടത്തി… പച്ചയായ പ്രാദേശിക വാദം..!!1978ന്‍റെ തുടക്കം മുതല്‍ ദണ്ഡകാരണ്യത്തിലെ  വിവിധ ക്യാമ്പുകളില്‍ നിന്നുള്ള ദളിത്‌ കുടുംബങ്ങള്‍(നാമശൂദ്രര്‍) തങ്ങളുടെ എല്ലാം വിറ്റ് പെറുക്കി ജീവിക്കാന്‍ സുരക്ഷിതമായൊരു ഇടം തേടി പശ്ചിമബംഗാളിലേക്ക് വീണ്ടും അഭയാര്‍ത്ഥികളായി ഒഴുകാന്‍ തുടങ്ങി.വിവിധ സ്ഥലങ്ങള്‍ പിന്നിട്ട് അവര്‍ ഹസാനാബാദ്‌ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു..എന്നാല്‍ അഭയാര്‍ത്ഥികളുടെ എണ്ണം ലക്ഷം കവിഞ്ഞപ്പോള്‍ സിപിഎം നേതാക്കള്‍ അവരെ മടക്കി അയക്കാന്‍ ശ്രമം തുടങ്ങി.ഭൂരിഭാഗംപേരെയും  ലാത്തിച്ചാർജ് നടത്തി അവിടെ നിന്നും ആട്ടിപ്പായിച്ച്ചു.ദണ്ഡകാരണ്യത്തിലെ അഭയാര്‍ത്ഥികളെ സുന്ദര്‍ബന്‍ ദ്വീപുകളില്‍ താമസിപ്പിക്കാം എന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും മാറിയ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല എന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ എടുത്തത്‌.
അഭയാര്‍ഥികള്‍ മരിച്ഝാപി ദ്വീപിൽ താമസമാകുന്നു
*************************************************
16
Pc00203003
എന്നാല്‍ 1978 ഏപ്രില്‍ മാസത്തോടെ എതിര്‍പ്പുകളെ തരണം ചെയ്തും മുപ്പതിനായിരത്തിലധികം ആളുകള്‍ കുമിര്‍മാരിക്കടുത്തുള്ള മരിച് ഝാപി ദ്വീപില്‍ എത്തിച്ചേര്‍ന്നു.. സമീപവാസികളുടെയൊക്കെ സഹായത്താല്‍ അവര്‍ അവിടെ കുടിലുകള്‍ കെട്ടി ജീവിതം തുടങ്ങി.സര്‍ക്കാര്‍ തങ്ങള്‍ക്ക് സഹായങ്ങളും ആനുകൂല്യങ്ങളും തന്നില്ലെങ്കിലും ജീവിക്കാന്‍ അനുവദിച്ചാല്‍ മതി എന്ന അഭ്യര്‍ത്ഥനയാണ് അവര്‍ നടത്തിയത്..  അധ്വാനശീലരായ ആ ജനത ആ ദ്വീപ്‌ കൃഷിക്ക്‌ അനുയോജ്യമാക്കി.അവിടെ മല്‍സ്യ ബന്ധനവും പ്രധാന ഉപജീവനമാര്‍ഗ്ഗമായി.ഉപ്പളങ്ങള്‍,തടിപ്പണികള്‍ ,നെയ്ത്തു ശാലകള്‍,ബീഡി നിര്‍മ്മാണ ശാലകള്‍,സ്കൂള്‍,,ചെറിയ ഹെല്‍ത്ത്‌ സെന്റര്‍,ബേക്കറികള്‍,ഒക്കെ തുടങ്ങാന്‍ അവര്‍ക്ക്‌ സാധിച്ചു..ആ ഗ്രാമത്തിന് നേതാജി നഗര്‍ എന്ന് നാമകരണവും ചെയ്തു.
അഭയാര്‍ഥികളെ കുടിയൊഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍
**************************************************

എന്നാല്‍ 1978 ജൂലായില്‍ ചേര്‍ന്ന സിപിഎം സ്റ്റേറ്റ്‌ കമ്മിറ്റി എല്ലാ അഭയാര്‍ഥികളെയും  ബലമായോ അല്ലാതെയോ മടക്കി അയക്കാന്‍ തീരുമാനമെടുത്തു.കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ മരിച്ഝാപി റിസര്‍വ്‌ ഫോറസ്റ്റിന്റെ ഭാഗമാണ് എന്നും താമസക്കാര്‍ ബംഗാള്‍ കടുവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നു അതുകൊണ്ട്   അഭയാര്‍ഥികള്‍ അവിടം ഒഴിയണം എന്നാവശ്യപ്പെട്ടു. എന്നാല്‍ മരിച്ഝാപി റിസര്‍വ്‌  ഫോറസ്റ്റിന്റെ ഭാഗമായിരുന്നില്ല.1978 ആഗസ്ത് 20നു വൈകുന്നേരം 30 പോലീസ്‌ ബോട്ടുകള്‍ മരിച്ഝാപി ദ്വീപിനെ വലയം ചെയ്തു.അഭയാര്‍ത്ഥികളെ മടക്കിഅയക്കാനുള്ള തയ്യാറെടുപ്പോടെയാണ് അവര്‍ വന്നത്. എന്നാല്‍ ആരും പോകാന്‍ തയ്യാറായില്ല.അതോടെ പോലീസ്‌ രാത്രിവരെ അവരെ ഭക്ഷണവും വെള്ളവും തേടി അയല്‍ഗ്രാമങ്ങളില്‍ പോകാന്‍ അനുവദിക്കാതെ ഉപരോധിച്ചു.പിന്നീട് പോലീസ്‌ ബോട്ടുകള്‍ ഉപയോഗിച്ച്  ദ്വീപുവാസികളുടെ വള്ളങ്ങള്‍ ഓരോന്നായി തകര്‍ക്കാന്‍ തുടങ്ങി.വെടിവെയ്പില്‍ 2 യുവാക്കള്‍ കൊല്ലപ്പെട്ടു.ദിവസങ്ങളോളം ഇത്തരം അതിക്രമങ്ങള്‍ തുടര്‍ന്നു.

1979 ജനുവരി 26നു സര്‍ക്കാര്‍ മരിച്ഝാപി ദ്വീപിലെ ഉപരോധം ശക്തിപ്പെടുത്തി.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.അഭയാര്‍ഥികളെ കുടിയോഴിപ്പിക്കുന്നതിന്റെ ഭാഗമായി നെറികെട്ട മാര്‍ഗ്ഗങ്ങള്‍ ആയിരുന്നു കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചത്..ഇതിന്റെ ആദ്യ ഭാഗം എന്ന നിലയില്‍ അഭയാര്‍ഥി ക്യാമ്പിലേക്കുള്ള ആഹാരം, വെള്ളം എന്നിവ കൊണ്ട് വരുന്നത് സി.പി.എം പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് തടഞ്ഞു..ഭക്ഷണത്തിനു വേണ്ടി പോയവരുടെ വള്ളങ്ങള്‍ എല്ലാം തകര്‍ക്കപ്പെട്ടു.ഒരു തരത്തിലും ദ്വീപിനു പുറത്തേക്ക്‌ ആര്‍ക്കും പോകാന്‍ കഴിയാത്ത വിധം ബോട്ടുകളില്‍ തോക്കുമായി പോലീസുകാര്‍ റോന്ത്‌ ചുറ്റിക്കൊണ്ടിരുന്നു.

ആറു ദിവസത്തെ ഉപരോധം കഴിഞ്ഞപ്പോള്‍ ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു വീണു.രണ്ടും കല്‍പ്പിച്ച് കുറെ യുവാക്കള്‍ ഭക്ഷണവും വെള്ളവും തേടി ജനുവരി 31നു വൈകിട്ട്  സമീപത്തുള്ള കുമിര്‍മാരി ദ്വീപിലെത്തി.
പോലീസ്‌ ഈ അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.അവര്‍ അവരെ പിന്തുടര്‍ന്നെത്തി ആദ്യം അവര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു .ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാക്കള്‍ക്കു നേരെ നിറയൊഴിച്ചു.36 അഭയാര്‍ഥി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു.ബാക്കിയുള്ളവരെ അറസ്റ്റ്‌ചെയ്‌തു.പോലീസ്‌ വെടിവെയ്പില്‍സമീപവാസികളായ രണ്ട് ആദിവാസി സ്ത്രീകളും കൊല്ലപ്പെട്ടു.പോലീസ്‌   മൃതദേഹങ്ങള്‍  ലോഞ്ചുകളില്‍ കയറ്റി കൊണ്ടു പോയി.ഗത്യന്തരമില്ലാതെ ആളുകള്‍ മരത്തിന്റെ ഇലകളും പുല്ലും തിന്നു വിശപ്പടക്കിയും മലിനജലം കുടിച്ചും കഴിഞ്ഞുകൂടി. തന്മൂലം അതിസാരം ബാധിച്ചു  വീണ്ടും ഒരുപാട് കുട്ടികള്‍ മരിച്ചു വീണു.ഭക്ഷണം തടയല്‍ പത്തു ദിവസം കഴിഞ്ഞു..വിശന്നു വലഞ്ഞ അഭയാര്‍ഥികള്‍ എന്ന വിശ്വാസത്തില്‍ കുമിര്‍മാരിയിലേക്ക്‌   16 സ്ത്രീകളെ ആഹാരത്തിനായി  ഒരു വള്ളത്തില്‍ പറഞ്ഞയച്ചു. പോലീസ്‌  എന്നാല്‍ പോലീസ്‌ അവര്‍ സഞ്ചരിച്ചിരുന്ന വള്ളം തകര്‍ത്തു.. 14 പേരെ ദ്വീപിലുള്ളവര്‍ രക്ഷപെടുത്തി.. മറ്റു രണ്ടു സ്ത്രീകളെ ബലാല്‍സംഗം  ചെയ്യപ്പെട്ട നിലയില്‍  ബാഗ്നാന്‍ ഫോറസ്റ്റ്‌ ഓഫീസില്‍ കണ്ടെത്തി..
പിന്നീട് പത്രങ്ങളില്‍ മരിച്ഝാപിയിലെ അഭയാര്‍ത്ഥികളെക്കുറിച്ചും ആ ചതുപ്പ് പ്രദേശത്തെ അവരുടെ അതിജീവനത്തിന്‍റെയും അവിടെ നടന്ന പോലീസ്‌ അതിക്രമവും വാര്‍ത്തയായി.എന്നാല്‍ സര്‍ക്കാര്‍ അതെല്ലാം നിഷേധിച്ചു.അതോടെ പ്രദേശത്തേക്ക് മാദ്ധ്യമങ്ങള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തി.1979 ഫെബ്രുവരി 7നു കൊല്‍ക്കത്ത ഹൈക്കോടതി   ഈ ഉപരോധം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.എന്നാല്‍ സര്‍ക്കാര്‍ ഇങ്ങനെയൊരു സംഭവമേ ഇല്ല എന്ന നിലപാടാണ് എടുത്തത്‌. ഉപരോധം താത്കാലികമായിപിന്‍വലിക്കപ്പെട്ടു.പിന്നീട് അവിടം സന്ദര്ശിച്ച  മൂന്നംഗ സമിതിയിലെ എംപിമാരോട് ഉപരോധ സമയത്ത്‌  മാത്രം  ആയിരത്തിലധികം ആളുകള്  കൊല്ലപ്പെട്ടതായി അവശേഷിച്ച അഭയാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു.എംപിമാര്‍ പ്രധാന മന്ത്രി മൊറാര്‍ജി ദേശായിക്ക്  റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാന്‍ സിപിഎം അനുവാദിച്ചില്ല.അവരുടെ കൂടെ പിന്തുണയില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന മൊറാര്‍ജി ദേശായിക്ക് വഴങ്ങുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു.
കുറച്ചുപേര്‍  ഇതോടെ ദ്വീപില്‍ നിന്നും രക്ഷപെടാന്‍ തുടങ്ങി.എന്നാല്‍ തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം വിറ്റ് വന്നവരായ ഭൂരിഭാഗത്തിനും മടങ്ങിപ്പോകാന്‍ കഴിയുമായിരുന്നില്ല.ഒരുപാട് മരണങ്ങളും,പട്ടിണിയും,രോഗങ്ങളും തുടങ്ങിയ അഗ്നിപരീക്ഷകള്‍ അവര്‍ നേരിട്ട് കൊണ്ടിരുന്നു.. എങ്കിലും അവര്‍ ആ സ്ഥലം വിട്ടു പോകാന്‍ കൂട്ടാക്കിയില്ല.. എന്നാല്‍ പിന്നീട് അതിനവര്‍ കനത്ത വില നല്‍കേണ്ടി വന്നു..
ഉപരോധവും കൂട്ടക്കൊലകളും ഫലിക്കാതെ വന്നതോടെ മുഖ്യമന്ത്രി ജ്യോതിബസു, മന്ത്രി ദേവബ്രത ബന്ദോപാധ്യായയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തെ സ്ഥിതിഗതികള്‍ അറിയാനും ജനങ്ങളെ മടങ്ങിപ്പോകാന്‍ പ്രേരിപ്പിക്കാനുമായി മരിച്ഝാപി ദ്വീപിലേക്ക് അയച്ചു.
എന്നാല്‍ അതും പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി,അഭയാര്‍ത്ഥികളെ നേരത്തെ ക്യാമ്പുകളില്‍ പോയി ആനയിച്ച മന്ത്രി രാം ചാറ്റര്‍ജിയെ ദ്വീപിലേക്ക് അയച്ചു.എന്നാല്‍ ദ്വീപ്‌ സന്ദര്‍ശിച്ച ആദ്ദേഹം തന്‍റെ മുന്‍ വാഗ്ദാനങ്ങള്‍ എല്ലാം നിഷേധിച്ചതിനു ശേഷം അവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ മടങ്ങിപ്പോയി.
1979 മേയ്  6നു സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള അന്തിമ നടപടികള്‍ക്ക്‌ തുടക്കമിട്ടു.സമീപ വാസികളായ മുക്കുവരെയും വഞ്ചിതുഴയുന്നവരെയും നിര്‍ബന്ധിച്ച് പോലീസ്‌ ബോട്ടുകളില്‍ പണിയെടുപ്പിച്ച്ചു.അവരെ ഉപയോഗിച്ച്  രണ്ടു ദിവസം കൊണ്ട് അഭയാര്‍ത്ഥികളുടെ വള്ളങ്ങള്‍ മുഴുവന്‍ പിടിച്ചെടുക്കുകയോ മുക്കിക്കളയുകയോ ചെയ്തു.
മെയ്‌ 13നു സിപിഎംന്റെയും പോലീസിന്റെയും  കൂലിക്കെടുത്ത മുസ്ലീം ഗുണ്ടകളുടെയും സംയുക്ത സൈന്യം ദ്വീപില്‍ ഇരച്ചു കയറി.മുസ്ലീം ഗുണ്ടകള്‍ക്ക് ഹിന്ദു അഭയാര്‍ഥികളോട് സഹാനുഭൂതി കുറവായിരിക്കും എന്നതുകൊണ്ടാണ് പോലീസ്‌ അവരെ ഉപയോഗിച്ചത്.അവര്‍ അഭയാര്‍ഥികള്‍കളെ ആക്രമിക്കുകയും അവര്‍ക്ക്‌ നേരെ വെടി ഉതിര്‍ക്കുകയും ചെയ്തു.സ്ത്രീകളെ മാനഭംഗപ്പെടുത്തി.കുടിലുകള്‍ മുഴുവന്‍ അഗ്നിക്കിരയാക്കി.ആ രാത്രി മരിച്ഝാപി ദ്വീപ് ഒരു ശവപ്പറമ്പായി മാറി.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലീസ്‌ ബോട്ടുകളില്‍ കയറ്റി കടുവാ സങ്കേതത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ തള്ളി.അതിനു ശേഷം തെളിവുകള്‍ അവശേഷിപ്പിക്കാതെ മരിച്ഝാപി ദ്വീപ് മുഴുവൻ ഉഴുതുമറിച്ചു.മെയ്‌ 17നു മരിച്ഝാപിയിലെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയായതായി അന്നത്തെ വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ പ്രഖ്യാപിച്ചു.

ഇതേക്കുറിച്ച് വിശദമായ പഠനം നടത്തിയ നീലാഞ്ജന ചാറ്റര്‍ജിയുടെ റിപ്പോര്‍ട്ട് പ്രകാരം 10,260 കുടുംബങ്ങള്‍ തങ്ങളുടെ പഴയ ക്യാമ്പുകളിലേക്ക് മടങ്ങിപ്പോയി.4128 കുടുംബങ്ങളെങ്കിലും പട്ടിണി മൂലവും,കഠിനമായ യാത്രയുടെ ക്ഷീണം താങ്ങാന്‍ കഴിയാതെയും കുമിര്‍മാരി,കാഷിപൂര്‍,മരിച്ഝാപി എന്നിവടങ്ങളില്‍ നടന്ന വെടിവയ്പിലും കൊല്ലപ്പെട്ടിട്ടുണ്ട്.

ഡോക്ടർ ചാറ്റർജി പറയുന്നു,

“1979-ഇൽ കുടിയൊഴിപ്പിക്കലിനു മുന്നേ തന്നെ ഏകദേശം മൂവായിരത്തോളം അഭയാര്‍ഥികള്‍ രഹസ്യമായി മരിച്ഝാപി വിട്ടു .അവര്‍ പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലായി താമസിക്കുന്നു. ദണ്ഡകാരണ്യത്തിലെ ക്യാമ്പുകളില്‍ നിന്നും സ്വമേധയാ പോയ 15000 കുടുംബങ്ങളിൽ , ഏതാണ്ട് 5000 കുടുംബങ്ങൾ (ഇരുപതിനായിരത്തോളം ആളുകൾ ) തിരികെ എത്തിയിട്ടില്ലെന്ന് ദണ്ഡകാരണ്യ വികസന അതോറിറ്റിയുടെ ഒരു വക്താവ്  1979 ജൂലായില്‍ അറിയിച്ചു.അത്തരം ആളുകള്ക്ക് അവിടെ വീണ്ടും രജിസ്റ്റര്‍  ചെയ്യാനുള്ള അവസാന തീയ്യതി 31 August 1979 വരെ നീട്ടുകയും പിന്നീട് ആ വിഷയം ഔദ്യോഗികമായി ക്ലോസ് ചെയ്യുകയും ചെയ്തു.”
പരിസ്ഥിതി സ്നേഹത്താലോ കടുവകളോടുള്ള സ്നേഹത്താലോ ആല്ല സിപിഎം ഈ ക്രൂരകൃത്യം നടത്തിയത്‌.മരിച്ഝാപിയുടെ സമീപപ്രദേശങ്ങള്‍ പലതും സിപിഎമ്മിന്റെ സഖ്യകക്ഷിയായിരുന്ന ആര്‍.എസ്.പി.യുടെ ശക്തികേന്ദ്രങ്ങള്‍ ആയിരുന്നു.ആ ഗ്രാമക്കാര്‍ മരിച്ഝാപിയിലെ അഭയാര്‍ത്ഥികള്‍ക്ക്‌ സഹായങ്ങള്‍ നല്‍കുന്നത് കൊണ്ട്.ആ ഗ്രാമവും ആര്‍.എസ്.പി.യുടെ ശക്തികേന്ദ്രമാകുമോ എന്ന ഭയമാണ് ഈ ക്രൂരത ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്.അഭയാര്‍ത്ഥികളെ ഒഴിപ്പിച്ചതിനു ശേഷം അവിടെ തങ്ങളുടെ അനുയായികളെ  താമസിപ്പിക്കാനും സിപിഎംകാര്‍ മറന്നില്ല.
ഈ ദളിത്‌  വംശഹത്യയെ കുറിച്ച് ഒരു അന്വേഷണമോ വിശദീകരണമോ പോലും സി.പി.എം ന്റെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല.. ഫാസ്സിസ്റ്റ് രീതിയില്‍ ഉള്ള സി.പി.എം ഭരണം അവസാനിച്ചു വേറൊരു പാര്‍ട്ടി അധികാരത്തില്‍ എത്തി 2011ല്‍ ആണ് ആദ്യമായി ഈ വംശഹത്യയെ കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവായത്..ഈ കൊലപാതക പരമ്പരകള്‍ സി.എമ്മിന്റെ യഥാര്ത്ഥ മുഖം ലോകത്തിന് മുന്പാകെ തുറന്ന് കാട്ടാന്‍ ഉതകുന്നതാണ്..
പശ്ചിമ ബംഗാളില്‍ കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത് നടന്ന സ്ഥിതിഗതികള് ഇത്ര വഷളാവാന് കാരണം സി.പി.എം അനുവര്ത്തിച്ച ഫാസിസ്റ്റ്  സ്റ്റാലിനിസ്റ്റ് മാതൃകയിലുള്ള സമീപനം മൂലമാണ്.
സി.പി.എം ജാനാധിപത്യ സമ്പ്രദായം അംഗീകരിക്കുന്ന ഒരു പാര്ട്ടിയല്ല.. തങ്ങളുടെ വിപ്ലവം വിജയിപ്പിച്ച് ഇന്ത്യയില് തങ്ങളുടെ നേതൃത്വത്തില് ഒരു ഏകകക്ഷി ഭരണം നടപ്പിലാക്കുക
എന്ന പാര്ട്ടി പരിപാടി അനുസരിച്ച് തന്നെയാണ് അവര് അന്നും ഇന്നും പ്രവര്‍ത്തിച്ചു വരുന്നത്..
പാര്‍ട്ടി അജണ്ടകള്‍ക്ക് മുന്നില്‍ മനുഷ്യജീവനുള്ള വില തൃണ സമാനമാണ്…
കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് പിന്നീട് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *