3 – ഗുജറാത്ത് മുസ്ലീങ്ങളുടെ സാമ്പത്തികസ്ഥിതി : ചില പ്രധാന വസ്തുതകള്‍

മോഡിയുടെ സല്‍ഭരണത്തിന്‍റെ ഗുണഫലം അനുഭവിക്കുന്നത് മുഴുവന്‍ പാവപ്പെട്ടവരാണ്. സത്യത്തില്‍ ഇന്ന് ഒരു വലിയവിഭാഗം പാവപ്പെട്ടവര്‍ ഇടത്തരക്കാരായി മാറിയിരിക്കുന്നു. അവര്‍ക്ക് വിദ്യാഭ്യാസത്തിനു ധാരാളം അവസരമുണ്ട്. കേന്ദ്രം മുസ്ലീങ്ങള്‍ക്കായി അനുവദിക്കുന്ന സ്കോളര്‍ഷിപ് ഗ്രാന്‍റ് ഉപയോഗിക്കാത്തതിന് മോഡിക്കെതിരായി ആരോപണങ്ങള്‍ ഉണ്ട്. അദ്ദേഹത്തെ അവര്‍ അതിന്റെ പേരില്‍ കോടതി കയറ്റുക പോലുമുണ്ടായി. മോഡി ഡെല്‍ഹിയിലെ ശ്രീരാം കോളേജ് ഓഫ് കൊമേഴ്സില്‍ പറഞ്ഞതിനെ ഞാന്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്നു. 2001ഇല്‍ ഇവിടെ ഉണ്ടായിരുന്നത് 11 സര്‍വ്വകലാശാലകളാണ്. ഇന്നത് 42 ആയി മാറി. ഞങ്ങള്‍ക്കുവേണ്ടി [മുസ്ലീം] വൊക്കേഷണല്‍ ഗൈഡന്‍സ് ബ്യൂറോ ഉണ്ട്, കഴിഞ്ഞ 30 വര്‍ഷമായി അതൊന്നും ചെയ്യുന്നില്ല. എന്നാല്‍ മോഡി തൊഴിലധിഷ്ടിത പഠനത്തിലും ഉന്നതവിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഫലം 2001-2002 ഇല്‍ 2500-3000 എന്‍ജിനിയറിങ് സീറ്റുകള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് 55000 സീറ്റുകള്‍ ഉണ്ട്.

ഈയിടെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുമുള്ള ഒരു മുസ്ലീം പയ്യനെ ഞാന്‍ കണ്ടു. അവന്‍ ഐ‌ഐ‌എം ഇല്‍ പി‌എച്ച്‌ഡി ചെയ്യുകയാണ്. അവന്‍ പറഞ്ഞത് “മോഡി സാഹിബ് വന്ന ശേഷം ഗുജറാത്തികള്‍ക്ക് പഠനത്തിന് ധാരാളം അവസരമുണ്ടായി. ഒരു കാലത്ത് അഹമ്മദാബാദിലുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കേണ്ട ഗതികേടുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അഹമ്മദാബാദില്‍ മാത്രം 10 എന്‍ജിനിയറിങ് കോളേജുകള്‍ ഉണ്ട്. അതുകൊണ്ടു എനിക്കു അഹമ്മദാബാദില്‍ തന്നെ അഡ്മിഷന്‍ കിട്ടി.”

രാജസ്ഥാനിലേയും ഗുജറാത്തിലെയും എന്‍ജിനിയറിങ് ഫീസ് തമ്മില്‍ താരതമ്യം ചെയ്താല്‍ ഗുജറാത്തിലെ ഫീസിന്റെ 4 ഇരട്ടിയാണ് രാജസ്ഥാനിലെ ഫീസ് എന്നു കാണാം. ഗുജറാത്തില്‍ ഗവണ്‍മെന്‍റ് എന്‍ജിനിയറിങ് കോളേജുകളിലെ ഫീസ് 15000 ആണെന്നിരിക്കെ രാജസ്ഥാനില്‍ അത് 50000വും 55000വും ഒക്കെയാണ്.

കോളേജുകളില്‍ ആവശ്യത്തിന് സീറ്റ് ലഭ്യമാക്കിയതോടെ റിസര്‍വേഷന്റെ കഥ കഴിഞ്ഞു. ഇപ്പോള്‍ ആവശ്യത്തിലധികം സീറ്റുകള്‍ പ്രഫഷണല്‍ കോളേജുകളിലുണ്ട്. കഴിഞ്ഞ വര്‍ഷം 55000 സീറ്റില്‍ 5000 എണ്ണത്തിന് ആള്‍ക്കാര്‍ ഉണ്ടായതുപോലുമില്ല. ഇന്ന് സംവരണമില്ലാതെ തന്നെ ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസം കിട്ടുന്നുണ്ട്. സീറ്റ് ലഭ്യത ഇല്ലാതാക്കി സമുദായങ്ങളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്ന കുരുട്ടുബുദ്ധി മോദിക്ക് ഇല്ല. അദ്ദേഹം ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കുന്നു, അതിലൂടെ സമുദായികസ്പര്‍ദ്ധ ഇല്ലാതാക്കുന്നു.

മുന്‍പ് അന്യസംസ്ഥാനങ്ങളില്‍ പോയി പഠനത്തിനായി ലക്ഷക്കണക്കിന്നു രൂപ ചെലവാക്കിയിരുന്ന കുട്ടികള്‍ ഇന്ന് അവരുടെ വീട്ടിലിരുന്നു തന്നെ ഉന്നതവിദ്യാഭ്യാസം നേടുന്നു. ഗുജറാത്തില്‍ ഹിന്ദുമുസ്ലീം വ്യത്യാസമില്ലാതെ ഒരു രക്ഷിതാവും താല്‍പര്യപ്പെടാത്ത ഒന്നുണ്ട്, പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ അയക്കുക എന്നത്. നഗരത്തില്‍ത്തന്നെ ഒരു അഡ്മിഷന്‍ കിട്ടിയാല്‍ നല്ലത്, അല്ലാതെ അന്യസംസ്ഥാനത്ത് പഠനത്തിനായി അയക്കുന്ന പ്രശ്നമില്ല എന്നാണ് എല്ലാവരും പറയുന്നത്. ഇപ്പോള്‍ ലോക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടുന്നതുകൊണ്ടു ധാരാളം മുസ്ലീം പെണ്‍കുട്ടികള്‍ മെഡിക്കല്‍/ എന്‍ജിനിയറിങ് കോഴ്സുകള്‍ക്ക് ചേരുന്നു. ഇന്ന് പാവപ്പെട്ടവരും ഇടത്തരക്കാരുമായ മുസ്ലീങ്ങളുടെ മക്കള്‍ പോലും പ്രഫഷണല്‍ വിദ്യാഭ്യാസം നേടുന്നു.

ഒരു തെരുവുകച്ചവടക്കാരനായ പാവപ്പെട്ട മുസ്ലീമിന് പോലും കലാപരഹിതമായ ഇന്നതെ ഗുജറാത്ത് പ്രയോജനപ്പെടുന്നു. പണക്കാര്‍ വോട്ട് ചെയ്യാന്‍ പോലും പോകാറില്ല, പാവപ്പെട്ടവരാണ് വോട്ട് ചെയ്യുക. മോദിക്ക് വോട്ട് ചെയ്ത മുസ്ലീങ്ങളില്‍ 31% പാവപ്പെട്ടവരാണ്. പണക്കാരായ മുസ്ലീങ്ങള്‍ ഇപ്പൊഴും ബിജെപിക്ക് വോട്ട് ചെയ്യാന്‍ വിമുഖരാണ്.
ഈയിടെ ഞാന്‍ സൌരാഷ്ട്രയില്‍ പോയിരുന്നു. ഞാനും കുടുംബവും റോഡ് മാര്‍ഗ്ഗം ഗിര്‍ വരെ പോയി. ഇടയ്ക്കു രാജ്കോട്ടിലും ജാംനഗറിലും നിര്‍ത്തി. കേശുഭായി പട്ടേലിന്റെ മണ്ഡലമായ വിസവാദറിന്റെ ഹൃദയമായ ജുനഗഢില്‍പ്പോലും മോഡി തരംഗം കണ്ടു ഞാന്‍ അതിശയിച്ചുപോയി. മുസ്ലീങ്ങള്‍ ഒരു രാഷ്ട്രീയക്കാരനെ ഹീറോ ആയി തെരഞ്ഞെടുക്കണമെങ്കില്‍ അയാള്‍ അമിതാഭ് ബച്ചനോ സല്‍മാന്‍ ഖാനോ ആയിട്ട് കാര്യമില്ല, പാവങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നവനാകണം, അവരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്നവനാകണം. അല്ലാതെ ഒരു ഗ്ലാമറസ് മാച്ചോ മാന്‍ ആയിട്ട് കാര്യമില്ല.

ഏകദേശം ജുനഗഢ് വരെ ഭംഗിയുള്ള 6 ലേന്‍ റോഡുകള്‍ കണ്ടിട്ടു എന്റെ ഭാര്യ എന്നോടു ചോദിച്ചു “ഇവിടെ ചെളി കൊണ്ടുണ്ടാക്കിയ വീടുകള്‍ ഇല്ലേ ? ” ജുനഗഢ് പോലെ ഒരു കൊച്ചുസ്ഥലത്തിന്റെ വികസനം എന്നെ സന്തോഷിപ്പിച്ചു. അവിടത്തെ വീടുകളൊക്കെ വളരെ നല്ലതായി മാറിയിരിക്കുന്നു!

sakar-bag-zoo-full

Sakkarbagh Zoo

പഴയ ജുനഗഢ് നവാബിന്റെ കാലത്ത് തുറന്ന സക്കര്‍ബാഗ് മൃഗശാല ഒരു സമയത്ത് വളരെ പ്രശസ്തമായിരുന്നു. പക്ഷേ പിന്നീട് അതിന്റെ പ്രശസ്തി കെട്ടു. 2011ഇല്‍ അതിന്റെ 150ആം വാര്‍ഷികമായിരുന്നു. കേവലം 10 വര്‍ഷം കൊണ്ട് ആ മൃഗശാല അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോയിരിക്കുന്നു. അവിടെ പോയി കാണുമ്പോഴേ നിങ്ങള്‍ക്ക് മനസ്സിലാകൂ. ലണ്ടനിലേയും മുംബൈയിലെയും മൃഗശാല കണ്ട എന്റെ കുട്ടികള്‍ക്ക് ആദ്യം അവിടെ കയറാന്‍ യാതൊരു താല്പര്യവുമില്ലായിരുന്നു. പക്ഷേ കണ്ടുകഴിഞ്ഞപ്പോള്‍ എന്റെ മകള്‍ എന്നോടു പറഞ്ഞത് ഇത് കണ്ടില്ലായിരുന്നുവെങ്കില്‍ ഇത്രയും മനോഹരമായ ഒരു മൃഗശാല എന്നോടൊപ്പം കാണാതെ പോയതില്‍ പശ്ചാത്തപ്പിക്കേണ്ടി വന്നേനെ എന്നാണ്. അത്രയ്ക്കും വൃത്തിയായും ഭംഗിയായുമാണ് അവര്‍ ആ മൃഗശാലയും അതിലെ ജീവികളെയും സംരക്ഷിക്കുന്നത്.

ഭരിക്കുന്നത് ആരോ അവനെപ്പോലെ തന്നെയിരിക്കും അവന്റെ ഭരണത്തിന്‍ കീഴിലുള്ള ആള്‍ക്കാരും. യഥാരാജാ തഥാപ്രജ എന്നാണല്ലോ. അഡ്മിനിസ്ട്രേഷനില്‍ മികവുള്ള ഒരാള്‍ ഭരിക്കുമ്പോള്‍ അതിന്റെ മാറ്റം അവിടെ കാണാനുണ്ടായിരുന്നു. ഗൈഡ് ആയി വന്നയാള്‍ ഒരു ട്രെയിന്‍ഡ് സുവോളജിസ്റ്റ് ആയിരുന്നു. അന്തരീക്ഷത്തില്‍ ദുര്‍ഗന്ധമില്ല. മൃഗങ്ങള്‍ എല്ലാം നല്ല വൃത്തിയായും ആരോഗ്യത്തോടെയും ഇരിക്കുന്നു. എന്തിനേറെ, ആ മൃഗശാല മാനേജ് ചെയ്യുന്ന ആള്‍ക്കാരെ പോലും ശ്രദ്ധാപൂര്‍വ്വമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.