3 – ഗുജറാത്ത് മുസ്ലീങ്ങളുടെ സാമ്പത്തികസ്ഥിതി : ചില പ്രധാന വസ്തുതകള്‍

സഫറിലൂടെ വീണ്ടും

ഗുജറാത്തിലെ ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ ഒരു ദശകത്തില്‍ 75% ത്തിലേറെയാണ്. ഇതിന്റെ കാരണം വന്‍കിട വ്യവസായങ്ങളെ ചുറ്റിപ്പറ്റിയാണ് ചെറുകിട വ്യവസായം വളരുന്നത് എന്നതാണ്. ടാറ്റ നാനോ കാര്‍ കൊണ്ടുവന്നപ്പോള്‍ അതിന്റെ പാര്‍ട്സ് ഉണ്ടാക്കുന്ന നിരവധി ചെറുകിട കമ്പനികള്‍ രൂപംകൊണ്ടു. കാര്‍ കമ്പനി ഒരു അസംബ്ലിങ് യൂണിറ്റ് മാത്രമാണ്. അവര്‍ക്ക് ബ്രേക്ക് പാഡ് നല്‍കുന്നത് ഒരു കമ്പനിയും വൈപ്പര്‍ സപ്ലൈ ചെയ്യുന്നത് മറ്റൊരു കമ്പനിയും ആകും. അത്തരത്തില്‍ നൂറുകണക്ക് ചെറുകിട കമ്പനികള്‍.

ഉല്‍പാദനം ആധാരമാക്കിയുള്ള വ്യവസായം ഐ‌ടി വ്യവസായത്തേക്കാള്‍ മികച്ചതാണ്. എന്തെന്നാല്‍, ഐ‌ടിയില്‍ 10 ലക്ഷം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കിട്ടുന്ന 30-40 ലക്ഷം രൂപ ശമ്പളം നേരെ പോകുന്നത് ബാങ്കുകളിലേക്കാണ്. അതുകൊണ്ടു പ്രയോജനം ലഭിക്കുന്നത് ഒരു ചെറുവിഭാഗത്തിന് മാത്രവും. സമൂഹത്തിന്റെ താഴെക്കിടയിലുള്ള ആള്‍ക്കാര്‍ക്ക് അതുകൊണ്ടു പ്രയോജനം ഒന്നുമില്ല. എന്നാല്‍ മറ്റ് വ്യവസായങ്ങളില്‍ ഓരോ ജോലിയും 10 പേര്‍ക്ക് അധികമായി തൊഴിലവസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഏറ്റവും താഴെക്കിടയില്‍പ്പോലും ആ പണം കടന്നു ചെല്ലുന്നു. മോഡി കുത്തകകളെ ക്ഷണിച്ചപ്പോള്‍ അതിനെറ്റ് ഉപവ്യവസായങ്ങള്‍ ധാരാളം ഇവിടെ വളര്‍ന്നു. അവയെ ചുറ്റിപ്പറ്റി നിരവധി ചെറുകിട, ഇടത്തരം വ്യവസായങ്ങളും സ്ഥാപിതമായി. ഗുജറാത്ത് പണ്ടുമുതലെ വ്യവസായസൌഹൃദസംസ്ഥാനമാണ്. മോഡി അതിന്റെ പകിട്ടു കൂട്ടി.

hazira-essar

CCGT Power Plant at Hazira

ഇന്ത്യയിലെ മിക്കവാറും വികസിതനഗരങ്ങളില്‍ എല്ലാം തന്നെ വ്യവസായമേഖലയ്ക്കു ചുറ്റും ചേരി സാധാരണമാണ്. ഡെല്‍ഹിയില്‍പ്പോലും ഓഖ്ലയും വസ്സേര്‍പൂറും ഒക്കെ കണ്ടാല്‍ വെറുത്തുപോകും. മാത്രമല്ല ചുറ്റിനും ചേരികളും. ഗുജറാത്തിലെ വികസനം ഏതായാലും ചേരികളെ സൃഷ്ടിക്കുന്നില്ല.

ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് സെന്‍റര്‍ അവയെ ഇന്‍ഡസ്ട്രിയല്‍ ക്ലസ്ടര്‍ എന്നാണ് വിളിക്കുന്നത്. മോഡിയുടെ ഭരണത്തിന്‍കീഴില്‍ പുതുതായി വന്ന ഓട്ടോമൊബൈല്‍ പാര്‍ക് പോലെയുള്ളവ ലോകോത്തരമാണ്. നിങ്ങള്‍ അവിടെയൊക്കെ ചെന്നുകാണൂ. എന്‍റെ കുടുംബം ചെറുകിട, ഇടത്തരം വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കുടുംബമാണ്. മറ്റ് സുന്നി ബോറകളെപ്പോലെ ഞങ്ങളും വാല്‍വ് ഉല്‍പാദനത്തിലാണ് ശ്രദ്ധിക്കുന്നത്. ഇവിടെ വിദ്യുച്ഛക്തി കമ്മിയില്ല, ജല ദൌര്‍ലഭ്യമില്ല, നല്ല റോഡുകളും നിക്ഷേപസൌഹൃദഅന്തരീക്ഷവും ധാരാളമുണ്ട് താനും. എന്തിനേറെപ്പറയുന്നു, സാനിറ്റേഷന്‍ പോലും ഈ ഭാഗത്ത് വളരെ നല്ല രീതിയിലാണ്. മോഡി അവിടെയും ഇവിടെയും വേണ്ടതല്ല, ഇന്ത്യക്കു മൊത്തത്തില്‍ വേണ്ടതാണ് ചെയ്യുന്നത്.

മോഡി ഭിന്നിച്ചുഭരിക്കാത്തത് കൊണ്ടു തന്നെ മിക്കവാറും മുസ്ലീങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. മുസ്ലീങ്ങള്‍ക്കായി പ്രത്യേകം പറയേണ്ട കാര്യമൊന്നുമില്ല. അമേരിക്കന്‍ പ്രസിഡന്‍റ് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അവിടെയുള്ള ഓരോ ജനവിഭാഗത്തെയും പ്രത്യേകം പരാമര്‍ശിക്കാറുണ്ടോ ? മുഴുവന്‍ അമേരിക്കക്കാര്‍ക്കുമായി മാത്രമല്ലേ സംസാരിക്കാറുള്ളൂ ? മോഡിയും അതുപോലെ മുഴുവന്‍ ഗുജറാത്തികള്‍ക്ക് വേണ്ടിമാത്രമേ സംസാരിക്കാറുള്ളൂ. എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്ന അവസരങ്ങളില്‍ നിന്നും അര്‍ഹതപ്പെട്ടത് മുസ്ലീങ്ങള്‍ ഇവിടെ നേടുന്നുണ്ട്. ഞങ്ങള്‍ രണ്ടേ രണ്ടു കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളൂ. ഗവണ്‍മെന്റിനെക്കൊണ്ടു ചെയ്യാന്‍ സാധിക്കുന്ന ചരക്കുനീക്കസഹായവും അനവസരത്തില്‍ ഉള്ള ഇടപെടലുകള്‍ ഒഴിവാക്കുന്നതിലേക്കുള്ള സഹായവും മാത്രമേ ഞങ്ങള്‍ ആവശ്യപ്പെട്ടുള്ളൂ. അത് അക്ഷരാര്‍ത്ഥത്തില്‍ സാധിച്ചുതന്നിട്ടുമുണ്ട്.

ഇന്നത്തെ ഗുജറാത്ത് സമ്മിറ്റില്‍ ചെറുകിട ഇടത്തരം വ്യവസായങ്ങളെ പരിപോഷിപ്പിക്കേണ്ടതിനെക്കുറിച്ച് മോഡി പറഞ്ഞത് നിങ്ങളും കേട്ടുവല്ലോ. ആ പറഞ്ഞ വിഭാഗം മുസ്ലീങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുന്ന വിഭാഗമാണ്. ഓരോ സുന്നി ബോറയ്ക്കും ഒരു എസ് എം ഇ ഉണ്ട്. മോഡി അതിന്റെ എണ്ണം കൂട്ടാനായി ശ്രമിക്കുന്നുമുണ്ട്. മാത്രമല്ല ഐടിഐകളുടെ വികസനവും അദ്ദേഹം ലക്ഷ്യമിടുന്നു. വേറേത് മുഖ്യമന്ത്രി ഇതൊക്കെ ചെയ്യുന്നുണ്ട് ? അവര്‍ക്കൊക്കെ ഐ‌ഐ‌ടിയും ഐ‌ഐ‌എംഉം മതി. ഐ‌ടി‌ഐ ട്രെയിനിംഗ് കിട്ടുന്നതാര്‍ക്കാണ് ? കൂലിപ്പണിക്കാരായ മുസ്ലീങ്ങളുടെ മക്കള്‍ക്ക് ! മുസ്ലീങ്ങള്‍ക്ക് മാത്രമായി പ്രത്യേകം ഒന്നും ചെയ്യരുതെന്ന് ഞങ്ങള്‍ മോഡിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എല്ലാവര്‍ക്കുമായി ചെയ്യട്ടെ. അതില്‍ ഞങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഞങ്ങളുടെ അവകാശം നേടാന്‍ സാധിക്കുന്നുവെന്നും മാത്രം ഞങ്ങള്‍ക്ക് അറിഞ്ഞാല്‍ മതി. ബസില്‍ കയറിയാലേ ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കൂ എന്നു ഞാന്‍ സമുദായത്തോട് പറയാറുണ്ട്. ബസില്‍ കയറാതെ നിങ്ങള്‍ എങ്ങനെയാണ് ലക്ഷ്യത്തില്‍ എത്താന്‍ പോകുന്നത് ?

നിങ്ങള്‍ നിങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ചെടുത്താല്‍, അവയെ നന്‍മയോടെ വിനിയോഗം ചെയ്താല്‍ തന്നെ അശോക് സിംഗളിന് പോലും നിങ്ങളെ ആവശ്യമായി വരുമെന്നു ഞാന്‍ മുസ്ലീങ്ങളോട് പറയാറുണ്ട്. ഉദാഹരണത്തിന് അശോക് സിംഗാള്‍ സാഹിബിന് ഒരു ഹെലികോപ്റ്റര്‍ ആവശ്യം വന്നെന്നിരിക്കട്ടെ. ആകെ ലഭ്യമായ രണ്ടു ഹെലിക്കോപ്റ്ററില്‍ ഒന്നു പറത്തുന്നത് 500 മണിക്കൂര്‍ പരിചയമുള്ള കശ്മീരിയായ മുഹമ്മദ് ഖാനും മറ്റൊന്നു പറത്തുന്നത് 50 മണിക്കൂര്‍ തികച്ചു പരിശീലനമില്ലാത്ത യുപിക്കാരന്‍ ഗംഗാറാമും. അശോക് സിംഗാള്‍ ഏത് ഹെലിക്കോപ്റ്റര്‍ തെരഞ്ഞെടുക്കും ?

ഗുജറാത്തിലെ തീപാറുന്ന അന്തരീക്ഷത്തില്‍ ഞങ്ങള്‍ ബി‌എം‌ഡബ്ല്യു ഡീലര്‍ഷിപ് തുടങ്ങിയപ്പോള്‍ ഉയര്‍ന്നജാതിക്കാരായ ധനികഹിന്ദുക്കളാകും ഇതൊക്കെ വാങ്ങുക എന്നു തെറ്റിദ്ധരിച്ചു. താടി നീട്ടിവളര്‍ത്തി ‘ഞാന്‍ മുസ്ലീമാണ്’ എന്നു വിളിച്ചുപറയുന്ന മുഖത്തോടെ ഇരിക്കുന്ന ഞങ്ങള്‍ മൂന്നു സഹോദരന്മാരുടെ അടുക്കല്‍ നിന്നും അവര്‍ ഇടപാട് നടത്തുമോ എന്നു ഞാന്‍ അതിശയിച്ചു. പക്ഷേ ഞങ്ങള്‍ മുല്ലാജിയുടെ കടയില്‍ നിന്നെ വാങ്ങൂ എന്നു പറഞ്ഞു അവര്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഞങ്ങള്‍ ഒരു ബ്രാന്‍ഡ് ആയി മാറിയിരിക്കുന്നു.

ഒരുസമയത്ത് അസമയങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്ന ഒരു ഹിന്ദു കുടുംബം ഹിന്ദു ടാക്സി ഡ്രൈവര്‍മാരെക്കാള്‍ ഏറെ വിശ്വസിച്ചിരുന്നത് ഗുജറാത്തിലെ പാലന്‍പൂരി ഭാഷ സംസാരിക്കുന്ന ചെലിയ മുസ്ലീങ്ങളെയാണ്. അവരുടെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടാത്തതായിരുന്നു. അബു മുതല്‍ മുംബൈ വരെയുള്ള റോഡ്സൈഡ് ഭക്ഷണശാലകള്‍ മുഴുവന്‍ ചെലിയകളുടെയാണ്. ജനം നിങ്ങള്‍ക്കുവേണ്ടി സംസാരിക്കണമെങ്കില്‍ അവരെപ്പോലെ പേര് സമ്പാദിക്കാന്‍ ഞാന്‍ മറ്റ് മുസ്ലീങ്ങളോട് പറയാറുണ്ട്.