3 – ഗുജറാത്ത് മുസ്ലീങ്ങളുടെ സാമ്പത്തികസ്ഥിതി : ചില പ്രധാന വസ്തുതകള്‍

1 2 3 6

മോഡിയ്ക്കെതിരായി ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്നാണ് ഗുജറാത്തില്‍ മുസ്ലീങ്ങള്‍ സാമ്പത്തികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്നത്. രാഷ്ട്രീയ സാഹചര്യങ്ങളും ഗവണ്‍മെന്‍റ് തീരുമാനങ്ങളും മുസ്ലീങ്ങള്‍ക്ക് എതിരെയാണ് എന്നാണ് പരക്കെയുള്ള വിശ്വാസം. സഫര്‍ സരേഷ് വാല വൈവിധ്യമാര്‍ന്ന ഒരു വ്യവസായസമൂഹത്തിലെ അംഗമാണ്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കാം.

നിങ്ങള്‍ക്കു നോക്കിയാല്‍ത്തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു കാര്യം എന്താണെന്ന് വച്ചാല്‍ ഇന്ന് ഗുജറാത്തിലെ മുസ്ലീങ്ങള്‍ വളരെ നല്ല നിലയിലാണ്. ഇതിന് മുന്‍പ് അവര്‍ക്ക് ഒരിയ്ക്കലും ഇത്രയും നല്ല അവസ്ഥയില്‍ എത്താന്‍ സാധിച്ചിരുന്നില്ല.

മുസ്ലീമിന്റെ സാമ്പത്തികസ്ഥിതി അളക്കാന്‍ ഏറ്റവും പറ്റിയ വഴി സക്കാത്ത് നോക്കുകയെന്നതാണ്. ഒരുവന്‍ അവന്റെ സാമ്പത്തികനിലയനുസരിച്ച് സക്കാത്ത് നല്കും. പാവപ്പെട്ടവനായ ഒരു ആവശ്യക്കാരനാണ് സക്കാത്ത് നല്കുക. ഈ വര്‍ഷം ഞാന്‍ 2500 രൂപ സക്കാത്ത് കൊടുത്താല്‍ എനിക്കു ഒരു ലക്ഷം രൂപയുടെ സാമ്പത്തികം ഉണ്ടെന്നാണ് അര്‍ത്ഥം. അടുത്ത വര്‍ഷം ഞാന്‍ 5000 കൊടുത്താല്‍ എന്‍റെ സാമ്പത്തികം 2 ലക്ഷമായി എന്നു മനസ്സിലാക്കാം. ഗുജറാത്തില്‍ ഓരോ വര്‍ഷവും സക്കാത്ത് ത്തുക വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. യഥാര്‍ഥത്തില്‍ രാജ്യത്തെ മദ്രസകളില്‍ കിട്ടുന്ന സക്കാത്ത് തുകയുടെ 50 ശതമാനവും ഗുജറാത്തില്‍ നിന്നുമാണ്. ബാക്കിയാണ് ഇന്ത്യ മുഴുവനായുള്ള മുസ്ലീങ്ങള്‍ നല്‍കുന്നത്. മോഡി മുസ്ലീങ്ങളെ നശിപ്പിച്ചിരുന്നെങ്കില്‍ ഈ ത്തുക ഉണ്ടാവുമായിരുന്നില്ല. പക്ഷേ കഴിഞ്ഞ 10 വര്‍ഷമായി മുസ്ലീങ്ങളുടെ സാമ്പത്തികനില ഉയര്‍ച്ചയില്‍ തന്നെയാണ്.

ഞാന്‍ മറ്റൊരു ഉദാഹരണം പറയാം. ഞാന്‍ ബി‌എം‌ഡബ്ല്യു കാറുകളാണ് വില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞത് 30 ലക്ഷം വേണം ഒരെണ്ണം സ്വന്തമാക്കാന്‍. കൂടിയതിന്‍റെ വില 1.5കോടി ആകും. ഞങ്ങള്‍ ഈ ഡീലര്‍ഷിപ് തുടങ്ങിയപ്പോള്‍ മുസ്ലീങ്ങള്‍ക്ക് ഇതില്‍ ഒരു 5 കാര്‍ പോലും വില്‍ക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയതല്ല. പക്ഷേ 2011ഇല്‍ മാത്രം ഞങ്ങളുടെ വില്‍പനയുടെ 11 ശതമാനം മുസ്ലീങ്ങള്‍ക്കായിരുന്നു. ഗുജറാത്തിലെ മുസ്ലീം ജനസംഖ്യ 9 ശതമാനം മാത്രമാണ്. 2012ഇല്‍ ഇതുവരെ ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് മാത്രം 59 കാറുകള്‍ വിറ്റു. എവിടുന്നാണ് ഇവര്‍ക്ക് ഈ പണം കിട്ടുന്നത് ? ജൂഹപുരയിലായാലും അഹമ്മദാബാദിലായാലും ഭറൂച്ചിലായാലും മുസ്ലീം കൂടുതലുള്ള പ്രദേശത്ത് ഇന്ന് വേഗത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടന്നു വരികയാണ്. ഇതിനെയൊക്കെയാണ് നിങ്ങള്‍ ചേരിവല്‍ക്കരണം എന്നു വിളിക്കുന്നത്. ഒരു ചേരിയില്‍ ഒരു വീടുണ്ടാക്കണമെങ്കില്‍പ്പോലും നിങ്ങള്‍ക്ക് പണം വേണം.

മുസ്ലീം പ്രദേശത്തെ ഭൂമിവില തന്നെ കുതിച്ചുയര്‍ന്നിരിക്കുന്നു. ഇന്ന് ചതുരശ്രവാരയ്ക്ക് 50000 രൂപയില്‍ക്കുറഞ്ഞു ഭൂമി കിട്ടില്ല. ഞങ്ങള്‍ താമസിക്കുന്ന പല്‍ഡി ഏരിയയില്‍ 5 കോടിയില്‍ കുറഞ്ഞ മതിപ്പുള്ള ബംഗ്ലാവ് ഒന്നും തന്നെയില്ല. ഹിന്ദുപ്രദേശങ്ങളെക്കാള്‍ വളരെ അധികമാണ് ഈ വില. ഈ ബംഗ്ലാവുകള്‍ എല്ലാം വാങ്ങുന്നത് മുസ്ലീങ്ങളാണ്. എവിടുന്നാണ് ഈ പണം ?

മോഡിയെ പിന്തുണയ്ക്കുന്ന മുസ്ലീങ്ങള്‍ എല്ലാവരും പണക്കാര്‍ മാത്രമാണെന്നാണ് മറ്റൊരു ആരോപണം. എന്‍റെ ബിസിനസ് കൊണ്ട് ജീവിക്കുന്നവര്‍ 250 പേരാണ്. അതില്‍ 230 പേരും മുസ്ലീം. അതുപോലെ മറ്റൊരു ആരോപണമാണ് മോഡി ടാറ്റയോട് വളരെ താല്‍പര്യം കാട്ടുന്നു എന്നത്. 10000 പേര്‍ക്കാണ് ആ ടാറ്റ പ്ലാന്‍റ് ഉള്ളതുകൊണ്ട് നേരിട്ടു ജോലി ലഭിച്ചത്. അതല്ലാതെ പരോക്ഷമായി എത്രയോ തൊഴിലവസരം ഉണ്ട്. ടാറ്റ എന്താ ഹിന്ദുക്കള്‍ക്ക് മാത്രമേ ജോലി കൊടുക്കാറുള്ളൂ ? ഈ വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റ് പുതിയ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതാണ്. ഇപ്പോഴുള്ളതിനെക്കാള്‍ നിരവധി ഗുജറാത്തികള്‍ക്ക് ഈ നിക്ഷേപങ്ങള്‍ വരുന്നതോടുകൂടി അവസരങ്ങള്‍ ഉണ്ടാകുമെന്നു ഞാന്‍ കരുതുന്നു.

ആത്മാര്‍ഥതയുള്ള ഒരു ഗവണ്‍മെന്റിന് മാത്രമേ തുല്യ അവസരങ്ങള്‍ തരുവാന്‍ സാധിക്കുകയുള്ളൂ. വ്യവസായത്തെ സംബന്ധിച്ചേടത്തോളം മോദിക്ക് ലളിതമായ ഒരു നയം മാത്രമേയുള്ളൂ. നിങ്ങള്‍ ആരുതന്നെയായാലും നിങ്ങള്‍ എത്ര തുക നിക്ഷേപിക്കുന്നു, എത്ര തൊഴിലവസരം സൃഷ്ടിക്കുന്നു എന്നതാണ് അത്. എല്ലാം ആ നയത്തെ ആശ്രയിച്ചിരിക്കുന്നു. വ്യവസായങ്ങള്‍ക്കായുള്ള ഏകജാലകം വമ്പന്‍മാരെക്കാള്‍ ചെറുകിട വ്യവസായികളെയാണ് കൂടുതല്‍ സഹായിച്ചിട്ടുള്ളത്. വമ്പന്‍മാര്‍ എപ്പോഴും തീരുമാനങ്ങള്‍ കൈക്കൂലി നല്‍കിയും അഴിമതി നടത്തിയും അവര്‍ക്ക് അനുകൂലമാക്കിയെടുക്കുമ്പോള്‍ ചെറുകിടക്കാര്‍ നിവൃത്തിയില്ലാതെ നശിക്കുന്നു. ഇന്ത്യ മുഴുവനുള്ള ചെറുകിടക്കാര്‍ നഷ്ടത്തിലാകുന്നത് ഇങ്ങനെയാണ്. എന്നാല്‍ ഗുജറാത്തില്‍ ചെറുകിടക്കാര്‍ക്ക് രക്ഷയുണ്ട്. അവിടെ അവര്‍ നന്നായി വ്യവസായം നടത്തുന്നു. ലൈസന്‍സ് രാജ് നിലവിലിരിക്കെ പച്ചപിടിച്ച അംബാനിയുടെ റിലയന്‍സും വലിയ അളവിലെ ബിസിനസ് നടത്തി ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്ന ടാറ്റയും പോലെയുള്ള വന്‍കിടക്കാര്‍ മാത്രമല്ല, ചെറുകിട, മൈക്രോ വ്യവസായികളും ഗുജറാത്തില്‍ അഭിവൃദ്ധിപ്പെടുന്നു.

മുസ്ലീം ബിസിനസുകാരാണ് ചെറുകിട വ്യവസായികളില്‍ ഏറിയപങ്കും. ജനസംഖ്യയില്‍ 9% മാത്രമേയുള്ളൂ എങ്കിലും ചെറുകിട വ്യവസായത്തിന്റെ 22% പങ്ക് മുസ്ലീങ്ങള്‍ക്കാണ്. ഗുജറാത്തി മുസ്ലീങ്ങള്‍ക്ക് ഇന്ന് ബിസിനസ് നടത്തുന്നതിന് ഗുജറാത്ത് ഗവണ്‍മെന്റില്‍ നിന്നു യാതൊരുവിധ തടസ്സങ്ങളോ വേര്‍തിരിവോ നേരിടേണ്ടി വരുന്നില്ല. അങ്ങനെ അല്ലായിരുന്നെങ്കില്‍ ഇന്ന് ഗുജറാത്തി മുസ്ലീങ്ങള്‍ അഭിവൃദ്ധിപ്പെടുമായിരുന്നില്ല. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന മോഡിയുടെ നയമാണ് ഇതിന് കാരണം. പൌരന് അവന്റെ പൂര്‍ണ്ണഅവകാശങ്ങളും ഉപയോഗിക്കാന്‍ സാധിയ്ക്കുന്നു. അത് ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ ആനുകൂല്യത്തില്‍ കിട്ടുന്നതല്ല താനും.

നാഷണല്‍ സെക്യൂരിറ്റി കൌണ്‍സിലിന് മുന്നില്‍ മെഹ്ബൂബാ മുഫ്തി പരാമര്‍ശിച്ച ‘അന്യസംസ്ഥാനങ്ങളിലെ മുസ്ലീങ്ങള്‍ പോലും ഗുജറാത്ത് നിക്ഷേപസൌഹൃദസംസ്ഥാനമായി കാണുന്നു” എന്നത് ഇത്തരുണത്തില്‍ എനിക്കു ഓര്‍മ വന്നു. അതിനാധാരമായി അവര്‍ ചൂണ്ടിക്കാണിച്ചത് ഗുജറാത്തില്‍ ബിസിനസ് സാദ്ധ്യത കണ്ടെത്തി സന്തോഷത്തോടെ തിരിച്ചു വന്ന ഹൈദരാബാദി മുസ്ലീമിനെയാണ്. പക്ഷേ ആ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നയുടന്‍ മൌലാന മദനിയെപ്പോലെ അവരും കോണ്‍ഗ്രസ് അടക്കമുള്ള സെക്കുലര്‍ പാര്‍ട്ടികളുടെ ആക്രമണം ഭയന്ന് പ്രസ്താവന പിന്‍വലിച്ചു.

1 2 3 6